
മലയാളിയുടെ മാറുന്ന ആഘോഷശീലങ്ങളുടെ നേർക്കാഴ്ചയുടെ പ്രതിഫലനമായിരുന്നു സംസ്ഥാനമൊട്ടാകെ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ. പല നഗരങ്ങളും രാവ് പുലരുവോളം ഉത്സവപ്രതീതിയിലായിരുന്നു, ആഘോഷമേത് തന്നെയായാലും ജനത്തിരക്കും ഇപ്പോൾ സർവ്വസാധാരണമാണ്. ജീവിതത്തിരക്കുകളിൽ നിന്ന് മാറി കുറച്ച് നേരമെങ്കിലും പൂർണ്ണ അർത്ഥത്തിൽ ആഘോഷിക്കണമെന്ന തിരിച്ചറിവാണ് ആളുകളെ രാപ്പകൽ വ്യത്യാസമില്ലാതെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആഘോഷരാവുകളെ ആശങ്കയുടെ രാവുകൾ കൂടിയാക്കി മാറ്റുകയാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും മതിയായ സുരക്ഷയൊരുക്കുക എന്നതും പ്രധാനമാണ്.
വീടുകളിൽ നിന്ന്
നഗരങ്ങളിലേക്ക്
വീടുകളിലെ ആഘോഷങ്ങൾ കുറഞ്ഞുവരികയും കുടുംബത്തോടൊപ്പം നഗരത്തിലെ ആഘോഷ കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഇന്ന് സർവ്വ സാധാരണമാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ പ്രധാനമായും ചെറുപ്പക്കാരുടെ ആഘോഷത്തിന്റെയും, ആഹ്ലാദങ്ങളുടെയും ഭാഗമായിരുന്നു പുതുവർഷരാത്രികൾ. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. പുതുവർഷപ്പുലരിയിലെ ആഘോഷങ്ങൾക്കായി കുടുംബത്തോടൊപ്പം നഗരത്തിലേക്കെത്തുന്നവരുടെ എണ്ണവും വർഷംതോറും വർദ്ധിക്കുകയാണ്. ആവേശവും സന്തോഷവും നിറഞ്ഞുനിൽക്കുമ്പോഴും അതിലേറെ ആശങ്കകളും പങ്കുവയ്ക്കുന്നതുമാണ് വർദ്ധിച്ചു വരുന്ന ജനത്തിരക്കും. പുതുവത്സര ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കൽ. ടെക്കികളും വിദ്യാർത്ഥികളുമടക്കം എറണാകുളത്തുള്ള ഭൂരിഭാഗം ആളുകളും ഇവിടെയെത്തുന്നതും പതിവാണ്. നഗരത്തിലെത്തുന്ന ലക്ഷക്കണക്കിന് ജനങ്ങളെ സുരക്ഷിതരായി നിറുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി മാറുകയാണ്.
സംസ്ഥാനത്തുടനീളം പുതുവർഷ ആഘോഷ പരിപാടികളിൽ നടത്തുകയും നിരവധി ആളുകളും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടെ സ്ഥിതിയും വ്യത്യസ്തമല്ല. കൊവിഡിന് ശേഷമാണ് നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ആഘോഷപരിപാടികളിൽ ജനത്തിരക്ക് ഇത്രത്തോളം വർദ്ധിച്ചത്. മിച്ചമുള്ള ജീവിതം സന്തോഷത്തോടെ ആഘോഷമായി ജീവിക്കാൻ ജനം തീരുമാനിച്ചത് നല്ല കാഴ്ചയായി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പുതുവത്സര ആഘോഷ പരിപാടികളിൽ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നും, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നും സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ആളും ആരവവും ആവേശവുമായി എല്ലാവരും പുലരുവോളം നഗരത്തിലെ 'വൈബിനൊപ്പം' തുടർന്നു.
നഗരത്തിരക്കിൽ
കോഴിക്കോട്
ക്രിസ്മസ് അവധി ആരംഭിച്ചതു മുതൽ വലിയ തിരക്കാണ് നഗരത്തിലുടനീളം അനുഭവപ്പെട്ടത്. മാനാഞ്ചിറയിൽ കോർപ്പറേഷൻ ഒരുക്കിയ ലെെറ്റ് ഷോ കാണാൻ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. മാനാഞ്ചിറ നിറങ്ങളിൽ മുങ്ങിയ കാഴ്ച കണ്ണുകൾക്കും കുളിർമയേകി. കോഴിക്കോട് നഗരത്തിൽ മാത്രമല്ല, കാപ്പാട്, ബേപ്പൂർ, വടകര സാന്റ് ബാങ്ക്സ്, തുടങ്ങി ബീച്ചുകളിലും, തുഷാരഗിരി, വയലട, കരിയാത്തുംപാറ തുടങ്ങിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി ആളുകളാണ് എത്തിയത്.
ആഘോഷങ്ങളിൽ ഇത്തവണ പലരും കുടുംബത്തോടൊപ്പം എത്തിയത് നഗത്തിലെ ടൂറിസം മേഖലയ്ക്കും ഉണർവായി. വീടുകളിലെ ആഘോഷങ്ങളിൽ നിന്ന് മാറിയത് പുതിയ അനുഭവമായ ഏറെപ്പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യാതൊരു പരിപാടികളും സംസ്ഥാനത്തൊരിടത്തും ഉണ്ടായിരുന്നില്ല. എന്നാവും ആട്ടവും, പാട്ടും, മധുരം കഴിച്ചും, പടക്കം പൊട്ടിച്ചും ആഹ്ലാദവുമായി പുലരും വരെ നാട് ഉണർന്നിരുന്നു.
നഗരകേന്ദ്രങ്ങളിൽ മാത്രമല്ല, റസിഡൻസ് അസോസിയേഷൻ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിലെല്ലാം നിരവധി ആഘോഷ പരിപാടികൾ നാടൊട്ടാകെ നടന്നു. പൊലീസിന്റെ കർശന നിയന്ത്രണം എല്ലായിടത്തുമുണ്ടായിരുന്നു. ഗതാഗത നിയന്ത്രണവും, ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണ പരിപാടികളും, ശബ്ദം, പടക്കം, എന്നിവയിലെ നിയന്ത്രണം തുടങ്ങി രാത്രിയിലെ നഗരത്തെ സുരക്ഷിതമാക്കാൻ പോലീസിന് കഴിഞ്ഞു. രാത്രിയിൽ ജനത്തിരക്കിനിടയിലുണ്ടായ എല്ലാ വിധ മാലിന്യങ്ങളെയും സർവ സന്നാഹങ്ങളും ഉപയോഗിച്ച് പുലരും മുൻപ് തന്നെ നീക്കം ചെയ്ത് കോഴിക്കോട് കോർപ്പറേഷൻ കെെയടി നേടി.
വേണം,
പഴുതടച്ച സുരക്ഷ
ജനങ്ങൾ ഒരുമിച്ച് നിരത്തുകളിലേക്കിറങ്ങുമ്പോൾ കൃത്യമായ സുരക്ഷയൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. 2023 ൽ കൊച്ചി കുസാറ്ര് സർവകലാശാല ക്യാമ്പസിൽ സംഗീത പരിപാടി നടക്കുന്നതിനിടെ തിരക്കിൽ പെട്ട് ശ്വാസം കിട്ടാതെ മരിച്ച നാല് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവം അത്രപെട്ടെന്ന് മലയാളിക്ക് മറക്കാനാകുന്നതല്ല. അപ്രതീക്ഷിതമായെത്തിയ മവയെത്തുടർന്ന് പരിപാടി നടക്കുന്ന ഹാളിലേക്ക് ആളുകൾ കയറിയതാണ് അപകടത്തിനു കാരണമായത്. ഇത്തരം ആൾക്കൂട്ട അപകടങ്ങളും അതുണ്ടാക്കുന്ന ദുരന്തങ്ങളും ഒരുപാട് കണ്ടതുമാണ്.
ജനത്തിരക്ക് കാരണമുണ്ടാകാനിടയുള്ള അപകടങ്ങളും പ്രതിസന്ധികളും ശാസ്ത്രീയമായ പരിഷ്കരണങ്ങൾ ഉണ്ടാകണം. ഒരേസമയം എത്തുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തി അത് കൃത്യമായി പാലിക്കണം. ആഘോഷ സമയങ്ങളിൽ തുറസ്സായ പ്രദേശങ്ങളിലുൾപ്പെടെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ഇത്തര ആഘോഷ രാവുകളിൽ തന്നെ വാഹനാപകടങ്ങൾക്കും, ലഹരി ഉപയോഗങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾക്കും സാദ്ധ്യതയുള്ളതിനാൽ കൂടുതൽ പൊലീസ് നിരീക്ഷണവും, നിയന്ത്രണവും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |