
കുസാറ്റ് ദുരന്ത വാർഷികത്തിന് തൊട്ടുപിന്നാലെയാണ് നാടിന് നടുക്കമായി കൊച്ചിയിൽ ഉമ തോമസ് എം.എൽ.എയുടെ അപകടമുണ്ടായത്. കുസാറ്റ് ദുരന്തം ക്യാമ്പസ് ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കാരണമായി. ജനക്കൂട്ടമെത്തുന്ന പരിപാടികൾക്ക് മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ ഉമ വാർത്ത രക്തവും നിദാനമാകുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം ഇത്തരം സാഹചര്യങ്ങളിൽ അധികൃതരും സംഘാടകരും സമൂഹവും കണ്ണുതുറക്കുകയും വേണം#
വിനോദ പരിപാടികളിലെ അപകടങ്ങൾ കൊച്ചിയെ സംബന്ധിച്ച് ഒരു വർഷക്കാലയളവിൽ രണ്ടാമത്തേതാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2023 അവസാനം നടന്ന ടെക്ഫെസ്റ്റിനിടെ നാലുപേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതാണ് ആദ്യത്തേത്. കഴിഞ്ഞദിവസം കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ നൃത്ത പരിപാടിക്ക് അതിഥിയായെത്തിയ ഉമ തോമസ് എം.എൽ.എ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരപരിക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന സംഭവം രണ്ടാമത്തേതും. രണ്ടു സംഭവങ്ങൾക്കു ശേഷവും അവകാശവാദങ്ങളും കൈമലർത്തലുകളുമുണ്ടായി. സുരക്ഷാവീഴ്ച നേരത്തേ ശ്രദ്ധയിൽപ്പെട്ടന്ന് ചിലർ പറഞ്ഞു. ഇത്രയും കരുതിയിരുന്നില്ലെന്ന് മറ്റ് ചിലരും. കുസാറ്റിലെ പരിപാടിക്ക് യാതൊരു സുരക്ഷാ മുൻകരുതലുകളുമുണ്ടായില്ല. സംഘാടനച്ചുമതല വിദ്യാർത്ഥികളെ ഏൽപിച്ച് അധികൃതർ മാറിനിന്നു. പൊലീസ് സേവനത്തിനായി ഒരു കത്തയയ്ക്കുക മാത്രമായിരുന്നു സർവകലാശാലയുടെ കർത്തവ്യം. അതേസമയം കലൂർ സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണി നയിച്ച ഗിന്നസ് നൃത്തപരിപാടിയുടെ സാഹചര്യം വ്യത്യസ്തമായിരുന്നു. സാംസ്കാരിക മന്ത്രിയും എ.ഡി.ജി.പിയും കമ്മിഷണറുമടക്കം വേദിയിലുണ്ടായിരുന്നു. അപകടവാർത്ത പരന്നതോടെ ഇവിടേയും വിഴുപ്പലക്കലുകളുണ്ടായി. സ്റ്റേജിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും ചില്ലറ അസൗകര്യങ്ങൾ മാത്രമാണുണ്ടായതെന്നുമാണ് മന്ത്രി സജി ചെറിയാൻ ആദ്യം പറഞ്ഞത്. സി.പി.എം അനുഭാവികളായ സംഘാടകരെ മന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുകയും ചെയ്തു. പൊലീസിന്റേയും ഫയർഫോഴ്സിന്റേയും സേവനം ഉറപ്പാക്കിയിരുന്നുവെന്നും ഡോകടർമാരെയടക്കം വിന്യസിച്ചിരുന്നുവെന്നും സംഘാടകരായ മൃദംഗ വിഷൻ വാദിച്ചു. ഉമ തോമസ് വീഴുന്ന വീഡിയോ ദൃശ്യങ്ങൾ അഞ്ചാം ദിവസമാണ് പുറത്തുവന്നത്. ഇതോടെ നിലപാട് മാറ്റിയ മന്ത്രി സജി, സ്റ്രേജ് കെട്ടിയതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും സംഘാടകർക്കാണ് ഉത്തരവാദിത്തമെന്നും പ്രസ്താവിച്ചു. മര്യാദയില്ലാത്ത സംഘാടനമാണ് നടന്നതെന്നും കോർപ്പറേഷനിൽ നിന്ന് ഒരു അനുമതിക്കും അപേക്ഷിച്ചിരുന്നില്ലെന്നും മന്ത്രിയുടെ സ്വന്തം പാർട്ടിക്കാരനായ മേയർ എം. അനിൽകുമാർ തുറന്നടിച്ചു. പരിപാടിക്കായി മൂന്നരക്കോടിയിലധികം രൂപ പിരിച്ചെടുത്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും വിനോദ നികുതി ഈടാക്കുമെന്നും മേയർ വ്യക്തമാക്കി. ഉമ തോമസിന്റെ വീഴ്ച രാഷ്ട്രീയ വിവാദമായതോടെ പൊലീസ് പിടിമുറുക്കി. പരിപാടി സംഘടിപ്പിച്ചതിലെ വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരികയും ചെയ്തു.
പരാതിപ്പെരുമഴ
വലിയ പരിപാടികൾ, പ്രത്യേകിച്ച് മെട്രോ നഗരത്തിൽ നടത്തുമ്പോൾ ഒരു കൂട്ടം അനുമതികൾ മുൻകൂർ വാങ്ങേണ്ടതുണ്ട്. പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത്, കോർപ്പറേഷൻ, എൻജിനീയറിംഗ്, ഹെൽത്ത്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്... അങ്ങനെ നീളുന്ന അനുമതികൾ. 12,000 നർത്തകരും അതിലേറെ കാണികളുമുണ്ടായിരുന്ന കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകർ ഇതിൽ പകുതി അനുമതികൾക്ക് പോലും അപേക്ഷിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതർ അന്വേഷിച്ചതുമില്ല. മന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങിന്റെ സ്റ്റേജിൽ പാസേജിന്റെ വീതി കഷ്ടിച്ച് രണ്ടടി മാത്രമായിരുന്നു
ക്യൂ മാനേജർ എന്നറിയപ്പെടുന്ന നിലത്തുറപ്പിക്കാത്ത സ്റ്റാൻഡിൽ റിബൺ കെട്ടിയാണ് അതിരുതിരിച്ചിരുന്നത്. കസേര മാറിയിരിക്കാൻ സംഘാടകർ നിർദ്ദേശിച്ചതിനെ തുടർന്ന് അവിടേയ്ക്ക് നീങ്ങുമ്പോൾ കാലിടറിയ എം.എൽ.എ റിബണിൽ പിടിച്ചതോടെ താഴേയ്ക്ക് പതിച്ചത്. 15 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ വേദിയുടെ കാലുകൾ ഉറപ്പിച്ചത് നാല് സമിന്റ് കട്ടയ്ക്ക് മുകളിലാണെന്നും പരിശോധനയിൽ കണ്ടെത്തി.
സംഘാടകർക്കെതിരേ കേസെടുത്ത പൊലീസ് ആദ്യം അശ്രദ്ധ സംഭവിച്ചതിനുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ജാമ്യം കിട്ടാവുന്ന സ്ഥിതിയിലാണ്. എന്നാൽ വിഷയം രാഷ്ട്രീയമായതോടെ മുകളിൽ നിന്ന് സമ്മർദ്ദമുണ്ടായി. നരഹത്യാശ്രമത്തിനുള്ള ബി.എൻ.എസ്. 110-ാം വകുപ്പ് കൂടി ചേർത്തു. അറസ്റ്റിലായ സംഘാടകരെ റിമാൻഡിൽ ജയിലിലേക്ക് വിട്ടു. ഒളിവിലായിരുന്നവർ കീഴടങ്ങുകയും ചെയ്തു. 390 രൂപയ്ക്ക് വാങ്ങിയ സാരിക്കാണ് 1600 രൂപവരെ ഈടാക്കിയതെന്ന് തുടർന്ന് വെളിപ്പെട്ടു. ഗിന്നസ് സർട്ടിഫിക്കറ്റിന്റെ പേരിൽ നടത്തിയ പണപ്പിരിവ് അൽപം കടുപ്പമായിരുന്നുവെന്നും. ഇതിന്റെ പേരിൽ പൊലീസ് മറ്റൊരു കേസുമെടുത്തു. അശ്രദ്ധയാണെങ്കിലും ലാഭേച്ഛയാണെങ്കിലും അനുഭവിച്ചത് ഉമ തോമസ് മാത്രമാണ്. അവരിൽ നിന്ന് പല സഹായങ്ങളുമെത്തേണ്ട മണ്ഡലത്തിലെ ജനതയും... ഡിസംബർ 29ന് അപകടത്തിൽ അബോധാവസ്ഥയിലായ എം.എൽ.എ കൺതുറന്നത് പുതുവർഷത്തിലാണ്. ഇനിയും ചികിത്സ നീളുകയും ചെയ്യും.
കണ്ണുതുറക്കണം എല്ലാവരും
ക്രിസ്മസ് അവധിയാഘോഷത്തിൽ കൊച്ചി അമരുന്ന വേളയിലാണ് കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്തപരിപാടി നടന്നത്. അന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് വലഞ്ഞവരും അനവധിയാണ്. ഈ സാഹചര്യത്തിൽ ഇത്തരം വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നവരും ബന്ധപ്പെട്ട അധികൃതരും അതിനൊപ്പം സമൂഹവും വീണ്ടുവിചാരം നടത്തണം. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവർക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുക്കണം. ലാഭം മാത്രം എണ്ണിക്കൂട്ടാതെ, ഇത്തരം കാര്യങ്ങളിൽക്കൂടി വേണ്ടത്ര ആസൂത്രണം ഉണ്ടാകണം. സമൂഹം ഇതിനോട് സഹകരിക്കണം. പിഴവുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. കുസാറ്റ് അപകടത്തിന് പിന്നാലെ ഹൈക്കോടതിയുടെ ഇടപെടലുകളെ തുടർന്ന് ക്യാമ്പസ് പരിപാടികൾക്ക് സർക്കാർ മാർഗരേഖയിറക്കിയിരുന്നു. എതിർപ്പുകളുണ്ടെങ്കിലും കോളേജ് അധികൃതർ അത് കർശനമായി പാലിക്കുന്നുണ്ട്. വൻ ജനപങ്കാളിത്തമുള്ള പൊതുസ്വകാര്യ പരിപാടികളിലും കായിക ഇനങ്ങളിലുമെല്ലാം സുരക്ഷ ഉറപ്പാക്കാനും അസൗകര്യങ്ങൾ ഒഴിവാക്കാനും സർക്കാർ തലത്തിൽ തന്നെ മാർഗനിർദ്ദേശങ്ങൾ ഉണ്ടാകേണ്ടതാണ്. ഉമയുടെ ശിരസ്സിൽ നിന്നു വാർന്ന രക്തം അതിന് നിദാനമാകട്ടേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |