
അഞ്ചേകാൽ വർഷം സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (70) സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, കരുതലോടെയാണ് സർക്കാരിന്റെ നീക്കം. ഏറ്റുമുട്ടലല്ല, സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ കണ്ടശേഷമായിരുന്നു പ്രതികരണം. എന്നാൽ വിവാദങ്ങളുടെ തോഴനും ഇടതിന്റെ വിമർശകനുമാണ് ആർലേക്കർ എന്നതാണ് സർക്കാരിനെ വിഷമിപ്പിക്കുന്നത്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും എട്ട് മന്ത്രിമാരും പങ്കെടുത്തു. സന്തോഷത്തോടെയാണ് മുഖ്യമന്ത്രിയെ ഗവർണർ സ്വീകരിച്ചതും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി വേദി പങ്കിടുമ്പോഴും മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാറില്ലായിരുന്നു. ആ കാലത്തിന് അവസാനമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിറഞ്ഞ സന്തോഷത്തോടെയാണ് ഗവർണർക്ക് മുഖ്യമന്ത്രി ഹസ്തദാനം നൽകിയത്.
ബീഹാറിലും ഹിമാചലിലും ജനങ്ങൾക്കായി രാജ്ഭവന്റെ വാതിലുകൾ തുറന്നിടുകയും കോളനികളിലടക്കം സന്ദർശനം നടത്തുകയും ചെയ്ത് ജനകീയനെന്ന് പേരെടുത്തയാളാണ്. എന്നാൽ വിവാദങ്ങൾ വിളിച്ചുവരുത്തുന്നതിൽ തത്പരനും. സത്യഗ്രഹത്തെ പേടിച്ചല്ല, ജനങ്ങൾ ആയുധമെടുത്തതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യവിട്ടതെന്ന പ്രസംഗമാണ് ഒടുവിലത്തെ വിവാദം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി നേതൃത്വവുമായും ബന്ധമുള്ള, കറകളഞ്ഞ ആർ.എസ്.എസുകാരനായ ആർലേക്കറെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നരവർഷം ശേഷിക്കവേ കേരളത്തിലേക്കയയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ്. ഗോവയിൽ നിന്നുള്ള നേതാവായ ആർലേക്കർ ക്രൈസ്തവ സഭകളുമായുള്ള പാലമായി മാറുമെന്നതാണ് ലക്ഷ്യങ്ങളിലൊന്ന്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാക്കളിൽ പ്രമുഖനാണ്. ഗോവയിൽ മന്ത്രിയായും സ്പീക്കറായും രണ്ടിടത്ത് ഗവർണറായും പയറ്റിത്തെളിഞ്ഞ ആർലേക്കറെ മെരുക്കുക സർക്കാരിന് വെല്ലുവിളിയായിരിക്കും.
സർവകലാശാലാ വി.സി നിയമനങ്ങളിലടക്കം ആരിഫ് ഖാന്റെ നയങ്ങൾ ആർലേക്കറും തുടരാനാണിട. ബീഹാർ രാജ്ഭവനിൽ വച്ച് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും ഗോവ രാജ്ഭവനിൽ മലയാളിയായ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായും ആർലേക്കർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചുമതലയേൽക്കും മുൻപ് കേരളത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമാണ് കൂടിക്കാഴ്ചയെന്നാണ് ആർലേക്കർ പറഞ്ഞത്. കേരളത്തിലെ സർവകലാശാലകളിലെ തർക്കങ്ങളും വൈസ്ചാൻസലർ നിയമനങ്ങളുമടക്കം ആർലേക്കറുമായി ഒരു മണിക്കൂറിലേറെ ആരിഫ് ഖാൻ ചർച്ച നടത്തിയിരുന്നു. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരുമായി അഞ്ചേകാൽ വർഷം ഏറ്റുമുട്ടിയ ശേഷമാണ് ഖാൻ ബീഹാറിൽ ഗവർണറാവുന്നത്. കേരളത്തിൽ സ്വീകരിക്കേണ്ട നയസമീപനമടക്കം ആർലേക്കർ-ഖാൻ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് അറിയുന്നത്.
ഖാനേക്കാൾ കടുപ്പക്കാരനോ ?
ആരിഫ് ഖാനേക്കാൾ ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനാണ് ആർലേക്കർ. ഇടതുപക്ഷ ചരിത്രകാരന്മാർ ചരിത്രത്തെ വളച്ചൊടിക്കുന്നെന്നും ഇടതുപക്ഷക്കാർക്ക് രാജ്യത്തോട് കൂറില്ലെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ പക്ഷം. ബീഹാറിൽ ഗവർണറായിരിക്കെ, സർക്കാർ നൽകിയ വൈസ്ചാൻസലർ നിയമനശുപാർശ തിരിച്ചയച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കൊമ്പുകോർത്തു. ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിനെതിരായ പരാമർശവും വിവാദമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് കരുതി കനയ്യയ്ക്ക് എന്തും പറയാനാവില്ലെന്നായിരുന്നു ആർലേക്കറുടെ പരാമർശം.
പയറ്റിത്തെളിഞ്ഞ നേതാവ്
1980മുതൽ ആർ.എസ്.എസിലും ബി.ജെ.പിയിലും സജീവമാണ് ആർലേക്കർ. 2002ൽ ഗോവയിൽ നിയമസഭാംഗമായി. 2003ൽ ബിജെപി ഗോവ പ്രസിഡന്റായി. 2006ൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായി. 2010ൽ ബിജെപി ഗോവയിലെ വക്താവായി. 2021ൽ ഗോവയിൽ സ്പീക്കറായി. 2015ൽ ഗോവ പഞ്ചായത്ത്, വനം മന്ത്രിയായി. 2021ൽ ഹിമാചൽപ്രദേശ് ഗവർണറായി. 2023ൽ ബീഹാർ ഗവർണറായി. അതിനു ശേഷമാണ് കേരളത്തിലേക്കുള്ള വരവ്. ശാസ്ത്രീയ സംഗീതവും മറാഠി ലളിതഗാനങ്ങളുമാണ് ആർലേക്കറിന് ഏറെയിഷ്ടം. നാടകങ്ങളും ആസ്വദിക്കും. ബികോം ബിരുദധാരിയാണ്. ഭാര്യ-അനഘ. മക്കൾ അതിഥി, അമോഗ്
ബീഹാറുമായി സഹകരണം
ബീഹാറിലെ മെഡിക്കൽ, എൻജിനിയറിംഗ് പഠനമേഖലയിൽ കേരളത്തിലെ വിദഗ്ദ്ധരുടെ സഹായം തേടുമെന്ന് ആരിഫ് മുഹമ്മദ്ഖാൻ അറിയിച്ചു. അവിടത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് ഫാക്വൽറ്റിയായി കേരളത്തിലെ മുതിർന്ന അദ്ധ്യാപകരെ ക്ഷണിക്കുമെന്ന് വൈസ്ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖാൻ വ്യക്തമാക്കി. വി.സിമാരെ ബീഹാറിലേക്ക് അദ്ദേഹം ക്ഷണിച്ചു. മെഡിക്കൽ, നഴ്സിംഗ് പഠനമേഖലയിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ഇന്നലെ ബീഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |