SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

കൗമാര കലാമേളയ്ക്ക് വിജയാശംസകൾ

school

അറുപത്തിമൂന്നാമത് സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ തിരിതെളിയുമ്പോൾ സംസ്ഥാനത്തെ പതിനാലു ജില്ലകളിൽ നിന്നുള്ള പതിനാലായിരത്തിൽപ്പരം കുട്ടികളുടെ മിന്നുന്ന പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആസ്വാദകർ. കേരള സംസ്ഥാനം രൂപംകൊണ്ടതിന്റെ തൊട്ടടുത്ത വർഷം 1957-ൽ തുടക്കമിട്ട സംസ്ഥാന സ്‌കൂൾ കലോത്സവം അനവധി മാറ്റങ്ങളുമായി ഓരോ വർഷവും കൂടുതൽ വൈവിദ്ധ്യമാർന്നതും ആസ്വാദ്യവുമായ വിരുന്നൊരുക്കി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ സംസ്ഥാന സ്‌കൂൾ മേളയിൽ ഇരുപത്തിരണ്ട് ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നതെങ്കിൽ ഇപ്പോൾ 249 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ ജില്ലാതല മത്സരങ്ങളിൽ വിജയികളായ പതിനാലായിരത്തിൽപ്പരം മിടുക്കന്മാരും മിടുക്കികളുമാണ് എത്തുന്നത്.

തലസ്ഥാനത്തിന് കണ്ണിനും കാതിനും വിരുന്നേകാൻ ഇനിയുള്ള അഞ്ചു രാപകലുകൾ കുട്ടികൾ തങ്ങളുടെ കലാപരമായ കഴിവുകൾ പരമാവധി പുറത്തെടുക്കും. കലാമേളയെ വെറും മത്സരമായി കാണരുതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടികളെ ഓർമ്മിപ്പിക്കുന്നത്. മത്സരത്തിനു പകരം മേളയെ ഉത്സവമായി കണ്ട് പങ്കാളിത്തംകൊണ്ട് മേളയെ സജീവമാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന മന്ത്രിയുടെ ഉപദേശത്തിന് ഏറെ പ്രസക്തിയുണ്ട്. കാരണം ഓരോ വർഷം കഴിയുന്തോറും മത്സരങ്ങൾ കൂടുതൽ കടുക്കുകയാണ്. വേദികൾക്കു പിന്നിൽ രക്ഷകർത്താക്കൾ പരസ്പരം നടത്തുന്ന കഴുത്തറുപ്പൻ മത്സരച്ചൂട് കണ്ടില്ലെന്നു നടിക്കാനാവില്ല. മത്സരങ്ങളിൽ ഒന്നാമതെത്താനുള്ള ആവേശത്തിൽ മേളയുടെ ലക്ഷ്യവും അന്തസത്തയും മറന്നുപോകുന്ന സ്ഥിതിയും ചിലപ്പോൾ ഉണ്ടാകാറുണ്ട്.

അഞ്ചുദിവസത്തെ കലാമാമാങ്കം പരാതികൾക്ക് ഇടനൽകാത്ത വിധം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആസ്വാദകർക്കും ഒരുപോലെ ആനന്ദകരമായിത്തീരട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കൗമാര കലാമേളയെന്ന പെരുമയുള്ള സ്‌കൂൾ കലോത്സവ നടത്തിപ്പ് സർക്കാരിനും സംഘാടകർക്കും ഒരുപോലെ വലിയ വെല്ലുവിളിയാണ്. അതിവിപുലമായ ഒരുക്കങ്ങൾ ഏർപ്പാടാക്കിയാലും അങ്ങിങ്ങ് പരാതികളും വിമർശനങ്ങളും ഉയാരാതിരിക്കില്ല. ഇത്തരം വിപുലമായ മേളകളോടനുബന്ധിച്ച് ഇതൊക്കെ പതിവാണുതാനും. മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ജർമ്മൻ പന്തലിൽ പതിനായിരത്തോളം പേർക്ക് പരിപാടികൾ വീക്ഷിക്കാം. മേളയുടെ പ്രധാന വേദിയും ഇതുതന്നെ. മേളയുടെ ഊട്ടുപുര പുത്തരിക്കണ്ടം മൈതാനത്തെ കൂറ്റൻ പന്തലിലാണ്. കുട്ടികൾക്കായി താമസ സൗകര്യവും ഗതാഗത സൗകര്യവും വിപുലമായിത്തന്നെ ഒരുക്കിയിട്ടുണ്ട്.

സമയ പരിമിതിയാണ് സംഘാടകർ നേരിടുന്ന വലിയ പ്രശ്നം. നിശ്ചയിച്ചുറപ്പിച്ച സമയത്ത് മത്സരങ്ങൾ ഒരിക്കലും തീർന്ന ചരിത്രമില്ല. കോടതി വിധികളിലൂടെ അപ്പീലുമായി എത്തുന്നവരെക്കൂടി ഉൾപ്പെടുത്തേണ്ടി വരുമ്പോൾ മത്സര സമയം നീണ്ടുനീണ്ടുപോകും. കാണികളെ ഏറെ ആകർഷിക്കുന്ന നൃത്ത ഇനങ്ങളിലാണ് ഇത് ഏറെ ഉണ്ടാകാറുള്ളത്. നൃത്ത ഇനങ്ങളിലെ ആടയാഭരണങ്ങളുടെ ധാരാളിത്തം കുട്ടികൾക്കിടയിൽ വേർതിരിവു സൃഷ്ടിക്കാറുണ്ടെന്നത് പരക്കെയുള്ള ആക്ഷേപമാണ്. വലിയതോതിൽ പണം മുടക്കാൻ ശേഷിയുള്ളവർക്കേ നൃത്ത ഇനങ്ങളിൽ പങ്കെടുക്കാനാവൂ എന്നതിൽ വാസ്തവം ഇല്ലാതില്ല താനും. തലസ്ഥാനത്ത് സ്‌കൂൾ കലാമേള എത്തുന്നത് ഒൻപതു വർഷത്തിനു ശേഷമാണ്. ഏതു മേളയെയും ഹൃദയപൂർവം സ്വീകരിക്കുന്ന വലിയ മനസുള്ളവരാണ് തലസ്ഥാനവാസികൾ. ഈ കൗമാര കലാമേള തലസ്ഥാനത്തിന് മറക്കാനാകാത്ത അനുഭവമായി മാറാതിരിക്കില്ല. ഒരിക്കൽക്കൂടി മേളയ്ക്ക് എല്ലാ വിജയങ്ങളും നേരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOTHSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION