SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

ഇന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഇരുനൂറാം ജയന്തി, നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി

arattupuzha-velayudha-pan

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ജാതിവിവേചനം വർണനാതീതമാണ്. വിവരിക്കാനാവാത്തവിധം പരാധീനതകൾ സഹിച്ച് മൃഗതുല്യരായും അസംഘടിതരായും കഴിഞ്ഞിരുന്ന അവർണ സമുദായങ്ങളായിരുന്നു കേരളത്തിൽ ഭൂരിപക്ഷവും. സവർണ സമുദായങ്ങളിലെ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയ ഏറ്റവും ഇരുണ്ട ഈ കാലഘട്ടത്തിൽ, അന്നു നിലവിലിരുന്ന ജാതിജന്യമായ വിവേചനങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി രക്തസാക്ഷിയായ ധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ.

വേലായുധപ്പണിക്കർ തന്റെ സാമൂഹ്യവിപ്ളവത്തിന് തുടക്കം കുറിച്ചത്,​ ആറാട്ടുപുഴ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിച്ചുകൊണ്ടായിരുന്നു (1854)​. അവർണർക്ക് ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള വഴിയിലൂടെപ്പോലും നടക്കുന്നതിന് വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇതിനൊരു മാറ്റം ലക്ഷ്യമിട്ടായിരുന്നു വേലായുധപ്പണിക്കർ ശിവക്ഷേത്രം നിർമ്മിച്ച്, അബ്രാഹ്മണനായ മാവേലിക്കര, കണ്ടിയൂർമറ്റം വിശ്വനാഥ ഗുരുക്കളെക്കൊണ്ട് പ്രതിഷ്ഠ നടത്തിച്ചും എല്ലാ ജാതിക്കാർക്കും പ്രവേശനം നൽകിയതും.

1859- ൽ കായംകുളം കമ്പോളത്തിൽ മാറുമറച്ചെത്തിയ ഈഴവ യുവതിയെ അപമാനിച്ച്,​ മാറിൽക്കിടന്ന തുണി വലിച്ചുകീറി, മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച സവർണ മേധാവികൾക്കെതിരെ ആഞ്ഞടിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരും അനുയായികളും അന്ന് കമ്പോളത്തിലുണ്ടായിരുന്ന എല്ലാ അവർണ സ്ത്രീകൾക്കും മാറുമറയ്ക്കാൻ മേൽമുണ്ടുകൾ വാങ്ങി വിതരണം ചെയ്തു. അതു ധരിച്ചു നടക്കാൻ ആജ്ഞാപിച്ചു. ഈ സംഭവത്തിനുശേഷം മാറുമറച്ചുവരുന്ന അവർണ സ്‌ത്രീകളെ അപമാനിക്കാൻ ആരും മുതിർന്നില്ല! അതേവർഷം,​ പന്തളത്ത് സ്വർണ മൂക്കുത്തി ധരിച്ചുനടന്ന ഒരു അവർണ സ്‌ത്രീയുടെ മൂക്കുത്തി സവർണർ പറിച്ചെടുത്ത് ചവിട്ടിത്തേച്ചതിന് പ്രതികാരമായി,​ ഒരു കിഴി നിറയെ മൂക്കുത്തിയുമായി എത്തിയ വേലായുധപ്പണിക്കരും സംഘവും എല്ലാ സ്‌ത്രീകൾക്കും മൂക്കുത്തി വിതരണം ചെയ്തു. അവർ അതു ധരിച്ച് വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിയ മൂക്കുത്തി സമരത്തിനു ശേഷം, അവരെ അപമാനിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

കഥകളി സവർണരുടെ കുത്തകയായിരുന്ന അക്കാലത്ത് 1861-ൽ മംഗലം ക്ഷേത്രത്തിൽ അദ്ദേഹം ഒരു കഥകളിയോഗം സ്ഥാപിച്ച്, പ്രശസ്തരായ ആശാന്മാരെ വരുത്തി യുവാക്കളെ പരിശീലിപ്പിച്ച് അരങ്ങേറ്റം നടത്തി. ഇതു തടയാൻ സവർണർ അയച്ച പരാതികൾ, ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടശേഷം ദിവാൻ സർ ടി. മാധവറാവു ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

സഞ്ചാര സ്വാതന്ത്ര്യ‌ത്തിനു തടസമായി 'ഹോയ്" വിളികൾ മുഴക്കി അവർണരെ നിരത്തുകളിൽ നിന്ന് തീണ്ടാപ്പാട് അകലെ നിറുത്തിയിരുന്ന അക്കാലത്ത്,​ വേലായുധപ്പണിക്കർ ഇതിനെതിരെ പടപൊരുതി. നാട്ടുവഴിയിലൂടെ 'ഹോയ്" വിളിച്ചെത്തിയ ഇടപ്പള്ളി രാജാവിന്റെ മകൻ രാമൻ മേനോനും പരിവാരങ്ങൾക്കുമെതിരെ, തിരിച്ച് 'ഹോയ്" വിളിച്ച് അവരെ എതിരിട്ടു. തുടർന്നുനടന്ന യുദ്ധത്തിൽ മേനോനെയും സംഘത്തെയും വഴിയോരത്തെ കൈതക്കാട്ടിൽ തള്ളി, വേലായുധപ്പണിക്കരും അനുയായികളും മുന്നോട്ടു കുതിച്ചു. പൊലീസ് കേസിൽ വേലായുധപ്പണിക്കരെ ജയിലിലടച്ച് ശിക്ഷിച്ചെങ്കിലും ആ പ്രദേശത്ത് പിന്നീട് 'ഹോയ്" വിളികൾ മുഴങ്ങിയില്ല!

പത്തിയൂരിൽ കണങ്കാൽ വരെ മുണ്ട് നീട്ടിയുടുത്തു നടന്നതിന്, സവർണജന്മിമാർ ഒരു ഈഴവ സ്‌ത്രീയെ മുണ്ട് ഉരിഞ്ഞുകളയാൻ ശ്രമിച്ച് അപമാനിക്കുകയും, മുണ്ടിൽ മുറുക്കി തുപ്പുകയും ചെയ്തു. സംഭവമറിഞ്ഞ വേലായുധപ്പണിക്കർ ഇതിൽ പ്രതിഷേധിക്കാൻ, എല്ലാ തൊഴിലാളികളോടും ജന്മിമാരുടെ കൃഷിപ്പണികൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ബഹിഷ്കരണം മാസങ്ങളോളംതുടർന്നപ്പോൾ ജന്മിമാരുടെ കൃഷി അവതാളത്തിലായി. അവർ ചെയ്ത തെറ്റിന് പരസ്യമായി മാപ്പു പറഞ്ഞതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. 1866-ൽ നടന്ന കേരളത്തിലെ ആദ്യത്തെ ഈ കർഷകത്തൊഴിലാളി സമരം 'അച്ചിപ്പുടവ സമരം" എന്നും അറിയപ്പെടുന്നു.

1869-ൽ മുറജപത്തിനായി തിരുവനന്തപുരത്തേക്ക് വള്ളത്തിൽ യാത്ര ചെയ്ത തന്ത്രിമുഖ്യനായ തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ പൂജാവിഗ്രഹമായ സാളഗ്രാമം കായംകുളം കായലിൽ വച്ച് അക്രമികൾ തട്ടിയെടുത്തു. ഈ സാളഗ്രാമം വീണ്ടെടുക്കാൻ പൊലീസിനും ഉദ്യോഗസ്ഥർക്കും കഴിയാതെ വന്നപ്പോൾ, ആയില്യം തിരുനാൾ മഹാരാജാവ് ആ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അക്രമികളെ പിടിച്ചുകെട്ടി സാളഗ്രാമവുമായി വേലായുധപ്പണിക്കർ മഹാരാജാവിന്റെ സന്നിധിയിലെത്തി. ഈ ധീരകൃത്യത്തിന് വേലായുധപ്പണിക്കരെ വീരശൃംഖല അണിയിച്ചാണ് മഹാരാജാവ് അഭിനന്ദിച്ചത്.

പണിക്കരുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം എതിരാളികളുടെ സ്പർദ്ധയും വർദ്ധിച്ചുകൊണ്ടിരുന്നു. ഒരു കേസിന്റെ ആവശ്യത്തിനായി രാവിലെ കൊല്ലത്ത് എത്തുന്നതിനുവേണ്ടി, രാത്രിയിൽ തണ്ടുവച്ച ബോട്ടിൽ ആറാട്ടുപുഴ നിന്നു തിരിച്ചതായിരുന്നു വേലായുധപ്പണിക്കർ. കായംകുളം കായലിൽ എത്തിയപ്പോൾ അർദ്ധരാത്രിയായി. പണിക്കർ ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. ഒരു കേവുവള്ളത്തിലെത്തിയ ഏതാനും പേർ പണിക്കരെ ഒരു അടിയന്തര കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞ് ബോട്ട് നിർത്തിച്ചു. ഏതാനും പേർ ബോട്ടിൽ കയറി. അതിൽ കിട്ടൻ എന്ന കുലദ്രോഹി, പണിക്കർ ഉറങ്ങുന്ന അറയിൽ കയറി,​ ഉറങ്ങുന്ന ആ സിംഹത്തിന്റെ മാറിൽ കഠാര കുത്തിയിറക്കി. ബഹളത്തിനിടെ കൊലയാളികൾ,​ വന്ന വള്ളത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ,​ 1874 ജനുവരി ഏഴിന് 49-ാം വയസിൽ ആ ധീരനായകൻ അന്ത്യശ്വാസം വലിച്ചു.

കേരള നവോത്ഥാനത്തിന് അടിസ്ഥാനശില പാകിയ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രകാരന്മാർ അവഗണിച്ചെങ്കിലും, അനീതികൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ധീരസാഹസിക കഥകൾ ഇന്നും മദ്ധ്യതിരുവിതാംകൂറിന്റെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കുന്നു. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ, ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിൽ 1825 ജനുവരി അഞ്ചിനാണ് വേലായുധപ്പണിക്കരു‌ടെ ജനനം. അദ്ദേഹത്തിന്റെ ജനനത്തീയതിയും രക്തസാക്ഷിത്വം വരിച്ച ദിനവും മാത്രമല്ല, അദ്ദേഹം നടത്തിയ പോരാട്ടങ്ങളൊന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടില്ല.

(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ആണ് ലേഖകൻ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സമ്പൂർണ ജീവചരിത്രം,​ ലഭ്യമായ വിവരങ്ങളുടെയും ചരിത്ര ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഫൗണ്ടേഷൻ ഇന്ന് പ്രസിദ്ധീകരിക്കുകയാണ്. 'ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പാദമുദ്ര‌കൾ" എന്ന ഈ ജീവചരിത്രഗ്രന്ഥം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നു വൈകിട്ട് 3.30-ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ലേഖകന്റെ ഫോൺ: 94470 94516)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARATTUPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION