SignIn
Kerala Kaumudi Online
Friday, 23 October 2026 11.15 AM IST

നിതാന്ത നന്മകളുടെ നീരൊഴുക്ക്

trivikraman

എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു സി.വി. ത്രിവിക്രമൻ. നിറഞ്ഞ സഹൃദയത്വം, സ്നേഹ വിശാലത, ആരെ സഹായിക്കാനും എപ്പോഴും മുന്നിൽ. ആ നിറവ് അനുഭവപ്പെട്ട ഒട്ടേറെ സന്ദർഭങ്ങൾ മുന്നിലുണ്ട്. സി.വി. ത്രിവിക്രമനെ പരിചയപ്പെടും മുൻപ് പ്രിയ സഹോദരി സരസ്വതി അമ്മയാണ് എന്റെ സ്നേഹം കവർന്നത്. തിരുവനന്തപുരത്തേക്ക് എന്നെ വിളിച്ചടുപ്പിച്ച മുഖ്യ ആകർഷണ കേന്ദ്രമായിരുന്നു, ഓൾ ഇന്ത്യ റേഡിയോ. വിദ്യാർത്ഥി ജീവിതകാലത്തു തന്നെ എ.ഐ.ആറിൽ കഥകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അക്കാലത്ത് അറിയപ്പെടുന്ന വലിയ എഴുത്തുകാരുടെ ലോകം. പക്ഷേ മുഖശ്രീയുള്ള ഒരമ്മ നിറപുഞ്ചിരിയോടെ സ്വാഗതം ചെയ്തു. 'മഹിളാലോകം ചേച്ചി"എന്ന് അറിയപ്പെട്ട സരസ്വതി അമ്മ.

ആ ചേച്ചിയമ്മയുടെ പ്രിയ സഹോദരൻ എന്ന നിലയ്ക്കാണ് സി.വി. ത്രിവിക്രമനെ പരിചയപ്പെടുന്നത്. തലസ്ഥാന നഗരിയിൽ മുന്നേ വേരുറപ്പിച്ച എന്റെ നാട്ടുകാരൻ ചാർലി ജോൺ ഞങ്ങളുടെ സൗഹൃദം വിളക്കിച്ചേർത്ത സുവർണ കണ്ണിയായി. ജോൺ എബ്രഹാമിനെ സംവിധായക വേഷം കെട്ടിച്ച് 'അഗ്രഹാരത്തിലെ കഴുത"യുടെ നിർമ്മാതാവ്. എന്റെ 'ഉൾക്കടൽ" സിനിമയുടെ ഇൻഡോർ ചിത്രീകരണങ്ങൾ ഏറെയും ചാർലിയുടെ വീട്ടിൽ വച്ചായിരുന്നുവെന്നതും ഓർമ്മകൾക്ക് നിറം പകരുന്നു.

ചാർലിയുടെ അടുത്ത സുഹൃത്തായിരുന്നു സി.വി. ത്രിവിക്രമൻ: ചലച്ചിത്ര മേഖലയുമായി ഹൃദയബന്ധവും. ആ സഹൃദയ സാന്നിദ്ധ്യം പലപ്പോഴും അനുഭവവേദ്യമായി. സാഹിത്യ, സിനിമാ മേഖലകളിലെ പ്രഗത്ഭരായ പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. പ്രത്യേകിച്ചും, 'മലയാളനാട്" പത്രാധിപർ എസ്.കെ. നായരുമായി പുലർത്തിയിരുന്ന ആഭിമുഖ്യം. സാഹിത്യ, സിനിമാരംഗങ്ങളിൽ എനിക്ക് ഗുരുതുല്യരായ ശ്രേഷ്ഠ വ്യക്തിത്വങ്ങളുമായി സി.വി. ത്രിവിക്രമൻ സൗഹൃദത്തിലായിരുന്നതുകൊണ്ട് ഒട്ടേറെ വേദികളിൽ ഞങ്ങൾക്ക് ഒരുമിക്കാൻ ഭാഗ്യമുണ്ടായി. ഒ.എൻ.വി. കുറുപ്പ്, മലയാറ്റൂർ രാമകൃഷ്ണൻ, തോപ്പിൽ ഭാസി, വയലാർ രാമവർമ്മ എന്നിവരൊക്കെ സ്നേഹ സ്മരണീയരാണ്.

ഇവിടെ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയകവി വയലാറിനെ പ്രത്യേകം ഓർമ്മിക്കുന്നു. 1975 ഒക്ടോബർ 27-നാണ് ആ വിപ്ളവനാദം നിലച്ചത്- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്. അതിന് ഏതാനും ദിവസം മുൻപാണ് രോഗാതുരനായ കവിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ആ സമയം മുതൽ വയലാറിന്റെ അന്ത്യനിമിഷംവരെ സി.വി. ത്രിവിക്രമൻ സേവനോത്സുകനായി ഉണ്ടായിരുന്നു എന്നത് ദീപ്തമായ ഓർമ്മ. ഒടുവിൽ മരണം സംഭവിക്കുന്ന ദുഃഖനിമിഷത്തിൽ ആശുപത്രിയിൽ സന്നിഹിതരായിരുന്നവരിൽ ഒ.എൻ.വി, മലയാറ്റൂർ, ചാർലി ജോൺ എന്നിവർക്കൊപ്പം ശരത്തിന്റെ കൈപിടിച്ച് സി.വി. ത്രിവിക്രമനുമുണ്ടായിരുന്നുവെന്ന് വ്യക്തമായി ഓർമ്മിക്കുന്നു.

വയലാറിന്റെ വേർപാട് സമാനഹൃദയരിൽ സൃഷ്ടിച്ച മുറിവ് ആഴമേറിയതായിരുന്നു. വയലാറിന് രാഘവപ്പറമ്പിൽ സ്മാരകം നിർമ്മിക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ നിർവഹിക്കുക എന്നതോടൊപ്പം സമുചിതമായ പുരസ്കാരം ഏർപ്പെടുത്തി കവിസ്മരണ ശാശ്വതീകരിക്കുന്നതിനുള്ള പരിശ്രമവും ഊർജ്ജസ്വലമായി. അന്നത്തെ മുഖ്യമന്ത്രി സി. അച്ചുതമേനോൻ പ്രത്യേക താത്പര്യമെടുത്ത് രൂപീകരിച്ച വയലാർ ട്രസ്റ്റിന്റെ മുഖ്യ ആസൂത്രണം മലയാറ്റൂർ രാമകൃഷ്ണനിൽ അർപ്പിതമായി. സി.വി. ത്രിവിക്രമൻ കർമ്മോത്സുകനായി സദാ ഒപ്പമുണ്ടായിരുന്നു.

മഹാകവി കുമാരനാശാന്റെ പത്‌നി, ഭാനുമതിയമ്മയുടെ പുനർവിവാഹത്തിൽപ്പിറന്ന ഡോക്ടർ ലളിത സി.വി. ത്രിവിക്രമന്റെ സഹധർമ്മിണി, ഏവർക്കും പ്രിയങ്കരിയായ പ്രശസ്ത ഗൈനക്കോളജിസ്റ്റ്. പ്രതിഭാശാലികളായ രണ്ടു മക്കൾ- ലക്ഷ്മിയും മാലാ പാർവതിയും. ത്യാഗസമ്പന്നനായ ഒരു സ്നേഹശീലന്റെ സൗമ്യവും ആകർഷകവുമായ രൂപം മനസിൽ നിന്ന് മാഞ്ഞിട്ടില്ല. മായുകയുമില്ല. സി.വി.ത്രിവിക്രമൻ, 'ഗുരുവായൂരപ്പാ" എന്നു വിളിക്കുന്നത് ഇപ്പോഴും എന്റെ കാതിൽ, ഹൃദയത്തിൽ മാറ്റൊലിക്കൊള്ളുന്നു. വയലാറിന്റെയും മലയാറ്റൂരിന്റെയും സി. അച്ചുതമേനോന്റെയും ഒ.എൻ.വിയുടെയും സ്നേഹദീപ്തമായ ഓർമ്മച്ചിത്രങ്ങൾക്കൊപ്പം സി.വി. ത്രിവിക്രമന്റെ ഛായാപടവും ഞാൻ മനസിൽ സൂക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CV TRIVIKRAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION