SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

റബറാണ്, ആഞ്ഞുവലിക്കരുത്!

a

എത്രയൊക്കെ വലിയുന്ന സാധനമായാലും, ആഞ്ഞുവലിച്ചാൽ പൊട്ടിപ്പോകുമെന്ന് റബർബാൻഡ് വലിച്ചുനോക്കിയവർക്കറിയാം. വലിച്ചാൽ വലിയുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന സംഗതിയാണെങ്കിലും എപ്പോഴും അങ്ങനെയാവണമെന്നില്ല. വലിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. പരാക്രമം പാടില്ല. എല്ലാവരുംകൂടി വലിച്ച് ചെറുകഷ്ണങ്ങളായി പൊട്ടിപ്പോയ കേരളകോൺഗ്രസ് എന്ന റബർപാർട്ടിയുടെ വലിയ കഷ്ണമായ ജോസ്‌മോന്റെ പ്രസ്ഥാനത്തിൽ ചിലർ വലി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മൂന്നാംതവണ എൽ.ഡി.എഫ് അധികാരത്തിൽ വരില്ലെന്ന് രാഷ്ട്രീയ ജ്യോത്സ്യൻമാർ പ്രവചനം നടത്തിയ സ്ഥിതിക്ക് യു.ഡി.എഫിലേക്ക് വലിഞ്ഞാലോ എന്നാണ് ചിന്ത. പോരുന്നെങ്കിൽ പോരെ എന്ന മട്ടിൽ യു.ഡി.എഫ് വാതിൽ തുറന്നിട്ടുണ്ടുതാനും. ഓഫറുകളുടെ കാര്യത്തിലൊരു ധാരണയിലെത്തിയാൽ ചാടാനാണ് നീക്കമെന്ന് പാർട്ടിയിലെ ചില കുത്തിത്തിരിപ്പുകാർ പറയുന്നു. സംഭാവനകൾ കൂമ്പാരമായാൽ പരിപാടി ഗംഭീരമാകുമെന്നാണല്ലോ പ്രമാണം!
റബർകറയിൽ അധിഷ്ഠിതമായ പ്രസ്ഥാനമാണെങ്കിലും ആദർശത്തിൽ കറപുരളാത്ത പാർട്ടിയാണ് ജോസ്‌മോന്റെ കേരളകോൺഗ്രസ്. അധികാരത്തിൽ ലവലേശം താത്പര്യമില്ല. ആദർശമാണ് പ്രധാനം. പക്ഷേ, അണികൾക്ക് എന്തെങ്കിലും തട്ടുകേട് സംഭവിക്കുകയോ തിരുസഭയ്ക്കു സങ്കടംവരികയോ ചെയ്താൽ സഹിക്കില്ല. എത്രവലിയ ആദർശമായാലും വേദനയോടെ വലിച്ചെറിയും. അത് അധികാരത്തിനുവേണ്ടിയല്ല. കറയുള്ളിടത്തേ കാശുവരൂ എന്നു തിരിച്ചറിഞ്ഞാൽ എത്രവലിയ ഹൃദയവേദനയും മാറുമെന്ന് ആചാര്യന്മാർ പഠിപ്പിച്ചിട്ടുണ്ട്.
മതനിരപേക്ഷ പാർട്ടിയായ മുസ്ലിംലീഗ് എൽ.ഡി.എഫിലേക്കു വരുമ്പോൾ ആ കുറവ് പരിഹരിക്കാൻ മറ്റൊരു മതനിരപേക്ഷ പാർട്ടിയായ കേരളകോൺഗ്രസിന് യു.ഡി.എഫിലേക്ക് പോകാമെന്നായിരുന്നു കണക്കുകൂട്ടൽ. കാര്യങ്ങൾ ആവഴിക്ക് വന്നതാണെങ്കിലും പൊളിഞ്ഞു. തൃശൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘികളും സഖാക്കളും തമ്മിൽ അന്തർധാരയുണ്ടായിരുന്നെന്ന ആരോപണം ഉയർന്നതോടെ ലീഗുകാർ തീരുമാനം മാറ്റി. വല്ലാത്തൊരു ചതിയായിപ്പോയി. യു.ഡി.എഫിൽ ഇടിച്ചുകയറിച്ചെന്നാൽ കിട്ടുന്നത് കുറയും. പോയില്ലെങ്കിൽ, വരാനിരിക്കുന്ന വർഷങ്ങളിൽ കണ്ടകശനി പിടികൂടും. 'പ്രതിപക്ഷത്തിരുന്നാൽ എന്നാ കിട്ടാനാടാവ്വേ" എന്ന് കടുത്തുരുത്തിയിലെ ചില ഛോട്ടാ നേതാക്കന്മാർ പരസ്യമായി ചോദിച്ചുതുടങ്ങി.
ഈ പോക്കുപോയാൽ കറ വറ്റിയ റബർമരം പോലെയാകും പാർട്ടിയെന്ന് കോട്ടയംജില്ലയിലെ പ്രമുഖ നേതാക്കളും പള്ളിക്കാരും ഓർമ്മിപ്പിക്കുന്നു. അറിഞ്ഞുകൊണ്ടല്ലെങ്കിലും തങ്ങൾ കാരണം കേരളകോൺഗ്രസിനുണ്ടായ ഗതികേട് മാറ്റാൻ ലീഗുകാർ തന്നെ രംഗത്തിറങ്ങിയെന്നാണ് പുതിയ വിവരം. 'ബേജാറാവേണ്ട ജോസൂട്ടാ, ധൈര്യമായി പോന്നോ, ഉള്ളതുകൊണ്ട് മ്മക്ക് ഉഷാറാക്കാം" എന്ന് ലീഗിലെ ഒരു പ്രമുഖൻ ഓഫർ നൽകിയിട്ടുണ്ടത്രേ. പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നുമാത്രം. പാർട്ടിക്ക് വേരോട്ടമുള്ള കടുത്തുരുത്തിയും പാലായും കൈവിട്ടുപോയി. അവിടങ്ങളിൽ, യു.ഡി.എഫിനൊപ്പമുള്ള പി.ജെ. ജോസഫാണ് പ്രമാണി. പാലായിൽ മാണി സി. കാപ്പൻ താരമായി. യു.ഡി.എഫിൽ മടങ്ങിയെത്തി ആ സീറ്റുകൾ വേണമെന്നു പറഞ്ഞാൽ പ്രശ്‌നമാകും. പ്രത്യക്ഷത്തിൽ തലകുലുക്കിയാലും മാറിനിന്ന് ലവന്മാർ ആഞ്ഞുപണിയും. ഈ പ്രശ്‌നത്തിനും ലീഗ് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ജോസ് മോൻ വന്നാൽ ലീഗിന്റെ ഏതെങ്കിലും സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയത്രേ. ഗുണമുള്ള ഏതുകാര്യത്തിനും ജോസ് മോൻ തയ്യാറാണെങ്കിലും സഭയുടെയും പട്ടക്കാരുടെയും തീരുമാനമാണ് പ്രധാനം.
മുനമ്പം ഭൂപ്രശ്‌നവും വനനിയമഭേദഗതി ബില്ലുമാണ് സഭയെ പ്രകോപിപ്പിച്ചത്. ഒട്ടും വിഷമിക്കേണ്ട, ഒക്കെ ശരിയാക്കാം എന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ജോസ്‌മോൻ ആകെ ആശയക്കുഴപ്പത്തിലാണെന്നാണു വിവരം. ഇടതുമുന്നണിയിൽ ചെന്നിട്ടും കാര്യമായ ഗുണംലഭിക്കാതെ പോയ ഏക നേതാവാണ് ജോസ്‌മോൻ. പാർട്ടിയിലെ രണ്ടാമന്മാർക്ക് ലോട്ടറിയടിക്കുകയും ചെയ്തു. യു.ഡി.എഫിൽ മടങ്ങിയെത്തിയാൽ ഉറപ്പായും മാറ്റമുണ്ടാകുമെന്ന് ഏതോ പ്രമുഖ ജ്യോത്സ്യൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

കാത്തിരിക്കുന്നു, അപ്പൻ

ഇരിക്കാത്ത ആ കസേര

പ്രബല സമുദായങ്ങളുടെ നേതാക്കളും യു.ഡി.എഫിനോട് പരസ്യമായ ചായ്‌വ് പുലർത്തുന്ന സാഹചര്യത്തിൽ യു.ഡി.എഫ് കുടുംബത്തിൽ മടങ്ങിയെത്തുന്നതാണ് നല്ലതെന്ന് പലരും ജോസ്‌മോനെ ഉപദേശിക്കുന്നു. പക്ഷേ, എൽ.ഡി.എഫിൽ എത്തിയതോടെ ശുക്രദശ തെളിഞ്ഞ മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ. ജയരാജിനും ഇതിനോട് താത്പര്യമില്ലെന്നാണ് വിവരം. ജോസ്‌മോന്റെ പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുമെന്ന് ഇവർ പറഞ്ഞിട്ടുണ്ട്. പക്ഷേ, പാറയായതാണ് പ്രശ്‌നം. നിർണായകഘട്ടത്തിൽ അനങ്ങുമോയെന്ന് ഉറപ്പില്ല. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളകോൺഗ്രസ് എന്ന് ദീർഘദർശിയായ മാണി സാർ പറഞ്ഞിട്ടുള്ളതുകൊണ്ട് ആശങ്കവേണ്ട. കേരള കോൺഗ്രസിന്റെ സകല കഷണങ്ങളും ലയിച്ച് പഴയ പ്രതാപം വീണ്ടെടുക്കണമെന്നാണ് മറ്റു ചിലരുടെ ഉപദേശം. ആളെണ്ണം കൂടിയാൽ സ്ഥാനമോഹികളുടെ എണ്ണം ഉയരുമെന്നതാണ് പ്രശ്‌നം. പല ദേശീയ കക്ഷികളേക്കാൾ കരുത്തുണ്ടെങ്കിലും കേരളകോൺഗ്രസിനെ വെറും പ്രാദേശിക പാർട്ടിയായാണ് കോൺഗ്രസുകാർ കാണുന്നത്. 'റബർകാടൊരു കാടല്ല, റബർ പാലൊരു പാലല്ല" എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. പാലിന്റെയും കറയുടെയും ഖദറിന്റെയും വിലനിലവാരം നോക്കിയാൽ, ആർക്കാണ് പവറെന്നാണ് ഇതിനൊക്കെയുള്ള മറുപടി.
ജോസ് മോനെ ആനയും അമ്പാരിയുമായി സ്വീകരിക്കാൻ പരിവാറുകാർ കാത്തുനിൽക്കുകയാണ്. വേണമെങ്കിൽ രഥവുമായും വരും. മനസുവച്ചാൽ, ജോസ്‌മോന് മുഖ്യമന്ത്രിയാകാമെന്നാണത്രേ ഓഫർ. പരിവാറുകാരുടെ കൂടെക്കൂടി പവറുവയ്ക്കുമ്പോൾ, പ്രതീക്ഷിക്കാത്ത പലരും ചാഞ്ചാടിയെത്തുമെന്നും അവർ പറയുന്നു. വേണമെങ്കിൽ കേന്ദ്രമന്ത്രിയുമാവാം. ഇനി, ഗവർണറാകണോ, അതും റെഡി. എത് സംസ്ഥാനത്തുവേണമെന്ന് ജോസ്‌മോന് ഇന്ത്യയുടെ മാപ്പ്നോക്കി തീരുമാനിക്കാം.
മുഖ്യമന്ത്രിയായി അപ്പനിരിക്കേണ്ട സ്ഥലത്ത് മകൻ ഇരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. മാണിസാറിനെ സഖാക്കൾ ഇരുത്താൻ തുടങ്ങിയപ്പോഴാണ് കോൺഗ്രസുകാർ കള്ളക്കഥകളുണ്ടാക്കി എല്ലാം തുലച്ചത്. ഇതിൽ മനംനൊന്ത് സഖാക്കളുടെ മുന്നണിയിൽ മകൻ ചേർന്നപ്പോൾ, അപ്പനെതിരെ അപ്പിസമരം നടത്തിയവരുടെ കൂടെയാണ് പൊറുതി എന്നു പറഞ്ഞുപരത്തി. രണ്ടുകൂട്ടരെയും വിശ്വസിക്കേണ്ട, ഇങ്ങോട്ടുപോരൂ എന്നാണ് പരിവാറുകാരുടെ ക്ഷണം. രാജാവായി വിലസാം.

ഇടത്, വലത് മുന്നണികളുടെ ഓഫറുകളുടെ എണ്ണവും തൂക്കവും നോക്കി തീരുമാനമെടുക്കും. മുട്ടിപ്പായി പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION