SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

വല്ലാത്ത കുട്ടിക്കളിയും ഒരു അരങ്ങേറ്റവും

virudhar

പിള്ളേരല്ലേ, പിണ്ണാക്കല്ലേ. കണ്ടാലൊത്തിരി തിന്നില്ലേ!.... കുട്ടികളുടെ കുറുമ്പിനുള്ള ചില അമ്മാവന്മാരുടെ ന്യായീകരണത്തിന് വാത്സല്യത്തിന്റെ മേമ്പൊടിയുമുണ്ട്. തനി നാട്ടിൻപുറത്തുകാരന്റെ ശൈലിയിലാണ് മന്ത്രി സജി ചെറിയാന്റെ സംസാരം. കൊളോണിയലിസത്തിനെതിരായ,​ കടിച്ചാൽ പൊട്ടാത്ത സോഷ്യലിസ്റ്റ് ചിന്താസരണികളോ, പ്രതിക്രിയാ 'വാതകങ്ങളോ" ഇല്ല. പറയേണ്ടത് വെട്ടിത്തുറന്നു പറയും. ബെല്ലും, ബ്രേക്കും കാണില്ലെന്നു മാത്രം! വഹിക്കുന്ന സ്ഥാനം പോലും ഓർക്കില്ല. അത് പലപ്പോഴും പുലിവാലായിട്ടുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ കുന്തവും കൊടച്ചക്രവും തപ്പി ഒരു തവണ മന്ത്രിസ്ഥാനം പോലും പോയി. എന്നിട്ടും മൈക്കിന് മുന്നിലെത്തുമ്പോൾ നാവിന്റെ ബാലൻസ് തെറ്റും. കുട്ടികളുടെ പുകവലിയെക്കുറിച്ച് നടത്തിയ കമന്റും അത്തരത്തിലാണ്.

'കുട്ടികളായാൽ കമ്പനി കൂടും. കൂട്ടൂകാർ കൂടിയിരുന്ന് ഒരു പുകവലിക്കും, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. പക്ഷേ, മഹാപരാധമെന്നു പറയുന്നത് ശരിയല്ല." കായംകുളത്തെ സി.പി.എം എം.എൽ.എ യു. പ്രതിഭയുടെ മകൻ എക്സൈസ് കേസിൽപ്പെട്ടതാണ് വിഷയം. ജയിലിൽക്കിടന്നപ്പോൾ താനും പുകവലിച്ചിട്ടുണ്ടെന്നും എം.ടി. വാസുദേവൻ നായർ കെട്ടുകണക്കിന് ബീഡി വലിച്ചിട്ടുണ്ടെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. പറഞ്ഞത് നിഷ്കളങ്കമായിട്ടാവാം. പക്ഷേ, താൻ സംസ്ഥാനത്തെ സാംസ്കാരിക മന്ത്രിയാണെന്ന കാര്യം ഓർത്തില്ല. അതും,​ കുട്ടികളിലെ ലഹരി ഉപയോഗം വൻ ഭീഷണിയാവുകയും, സ്കൂളുകളിലെ ലഹരി ലഭ്യതയ്ക്കും ഉപയോഗത്തിനുമെതിരെ സർക്കാർ പ്രതിരോധവും ബോധവത്ക്കരണവും നടത്തുകയും ചെയ്യുമ്പോൾ!

കുട്ടികളിലെ പുകവലിയെയും ലഹരി ഉപയോഗത്തെയും മന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്നായി പ്രതിപക്ഷം. മന്ത്രിക്കെതിരെ ഗവർണർക്കും ഹൈക്കോടതിയിലും വരെ പരാതിയെത്തി. വിവാദമായതോടെ പുകവലിയെയും കഞ്ചാവ് ഉപയോഗത്തെയും ന്യായീകരിക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നായി മന്ത്രി. കഞ്ചാവ് വലിച്ചതിനുള്ള വകുപ്പ് ചുമത്തിയാണ് പ്രതിഭ എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഒമ്പത് കുട്ടികൾക്കെതിരെ എക്സൈസ് കേസെടുത്തത്. അതിന്റെ പേരിൽ, സർവീസിൽ നിന്ന് വിരമിക്കാൻ ആറു മാസം മാത്രമുള്ള ആലപ്പുഴയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ മലപ്പുറത്തേക്ക് സർക്കാർ തട്ടിയത് വേറെ കാര്യം. പക്ഷേ, പയ്യൻ പുകവലിക്കുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രി സജി ചെറിയാന്റെ വാദം.

അതിന് എക്സൈസ് എന്തിനാണ് കേസെടുത്തത്? കുട്ടികളെ പറഞ്ഞ് വിലക്കുകയും, ഉപദേശിച്ച് നന്നാക്കുകയും ചെയ്താൽ പോരായിരുന്നോ? പ്രതിഭയുടെ മകൻ മോശപ്പെട്ട എന്തെങ്കിലും ചെയ്തതായി കേസില്ല. പുകവലിച്ചതിന് ജാമ്യമില്ലാത്ത കേസെടുക്കുന്നത് എന്തിന്?കഞ്ചാവ് കേസിനു പിന്നിൽ ഗൂഢാലോചനയാണെന്ന നിഗമനത്തിലാണ് അദ്ദേഹം! തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കായംകുളത്ത് കളംപിടിക്കാൻ ചിലർ നടത്തുന്ന ശ്രമമായും ചില മാദ്ധ്യമങ്ങളുടെ വേട്ടയാടലായും അദ്ദേഹം ഇതിനെ കാണുന്നു. അതേസമയം,​ ആലപ്പുഴയിലെ സി.പി.എം ഗ്രൂപ്പിസത്തിൽ പാർട്ടിയിലെ ചിലർ തന്നെ പ്രതിഭയെ കുടുക്കിയതാണെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടുപിടിത്തം. കുളം കലക്കി മീൻ പിടിക്കാനെന്നോണം, ഇതിനിടെ എം.എൽ.എയ്ക്കും മകനും പിന്തുണയുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. അവരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാനും മറന്നില്ല.



പിടിച്ചതിലും വലുത് മാളത്തിലോ?സംസ്ഥാനത്തെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ ഉദ്ദേശിച്ചാണ് ചിലരുടെ ചോദ്യം. സ്ഥാനമൊഴിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ തുടക്കത്തിൽ 'മച്ചാൻ-മച്ചാൻ" ബന്ധമായിരുന്നുവെന്നാണ് കേട്ടിരുന്നത്. പക്ഷേ, ആ മധുവിധു കാലം അധികം നീണ്ടില്ല. നിയമസഭ പാസാക്കി വിടുന്ന ബില്ലുകളിൽ ഒപ്പിടുന്നതിലും, സർവകലാശാലാ വി.സി നിയമനങ്ങളിലും ആരിഫ് ഖാൻ കൈകടത്തിയതോടെ സർക്കാരുമായി പലതവണ കൊമ്പുകോർത്തു. പോര് സുപ്രീംകോടതി വരെ നീണ്ടു. മുഖ്യമന്ത്രിയും ആരിഫ് ഖാനും പരസ്പരം കണ്ടുമുട്ടിയപ്പോഴെല്ലാം കുട്ടികളെപ്പോലെ 'കെറുവിച്ച്" മുഖം തിരിച്ചു. വാക്ശരങ്ങൾ വേറെ. തന്നെ വഴിതടഞ്ഞ എസ്.എഫ്.ഐക്കാരെ ക്രിമിനലുകളെന്നു വരെ ഗവർണർ വിളിച്ചു.

കഴിഞ്ഞ സെപ്തംബറിൽ അഞ്ചുവർഷ കാലാവധി കഴിഞ്ഞിട്ടും ഗവർണറെ മോദി സർക്കാർ തിരിച്ചു വിളിക്കാത്തതിലായി പിന്നീട് പിണറായി സർക്കാരിന്റെയും സി.പി.എമ്മിന്റെയും ആധി. കാത്തിരിപ്പിനൊടുവിൽ ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക് വണ്ടികയറി. പകരം, ബീഹാർ ഗവർണർ ആർലേക്കർ കേരളത്തിലേക്ക്. ജനതാ പാർട്ടിയിലും കോൺഗ്രസിലും ബി.എസ്.പിയിലുമൊക്കെ പയറ്റിത്തെളിഞ്ഞ് ബി.ജെ.പിയിലെത്തിയ ഖാനെ അര ബി.ജെ.പിക്കാരൻ പോലുമല്ലെന്നാണ് ചിലരെങ്കിലും പറയുന്നത്. താൻ ആർ.എസ്.എസുകാരനാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുകയും , അവരുടെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നത് ശരി. പക്ഷേ, ഉപ്പോളം വരില്ല ഉപ്പു മാങ്ങ.

ഗോവയിൽ കുട്ടിക്കാലം മുതൽ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ആർലേക്കർ അവിടെ ബി.ജെ.പി മന്ത്രിയും സ്പീക്കറുമായ ശേഷമാണ് ഗവർണറുടെ കുപ്പായമണിഞ്ഞത്. ബീഹാറിൽ ബി.ജെ.പിയുടെ സഖ്യ കക്ഷിയായിരുന്നിട്ടും, നീതീഷ് കുമാർ സർക്കാരിനെ വെള്ളം കുടിപ്പിച്ച കിടിലമായിരുന്നുവെന്നാണ് ശ്രുതി. കേരള സർക്കാരുമായി താൻ ഏറ്റുമുട്ടലിനില്ലെന്നാണ് ആർലേക്കർ ബീഹാറിൽ വച്ചുതന്നെ പറഞ്ഞത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം തികഞ്ഞ സൗഹൃദവും വിനയവും പുലർത്തി.

ഇങ്ങേര് ആള് പച്ചപ്പാവമാണെന്ന്, അതു കണ്ട ചില സഖാക്കൾ പിറുപിറുത്തു. പക്ഷേ, 'അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ." രാജ്ഭവനിൽ ചുമതലയേറ്റു കഴിഞ്ഞാണ് അർലേക്കർ ആ 'കളി" അറിയുന്നത്. ആരിഫ് ഖാന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരെ സർക്കാർ മാറ്റി. പകരം, താത്പര്യമുള്ള മറ്റു ചിലരെ നിയമിച്ചു. വേല വേലായുധനോടോ? ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഉടനെ വിളിയെത്തി. മിനിട്ടുകൾക്കകം അദ്ദേഹം രാജ്ഭവനിൽ ഹാജർ. സർക്കാർ നീക്കിയ പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും ഗവർണറുടെ സുരക്ഷാ സംഘത്തിൽ! ഇത് ടെസ്റ്റ് ഡോസാണെന്ന് ബി.ജെ.പിക്കാർ. കാത്തിരുന്നു കാണാം. വരാനുള്ളത് വഴിയിൽ തങ്ങില്ല.

നുറുങ്ങ്:

 സനാതന ധർമ്മത്തെപ്പറ്റി അറിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായം പറയരുതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ.

○ വി. മുരളീധരന് സനാതന ധർമ്മത്തിൽ ഡോക്ടറേറ്റ് ലഭിച്ച വിവരം അറിഞ്ഞില്ലെന്ന് സി.പി.എം ട്രോളന്മാർ.

(വിദുരരുടെ ഫോൺ: 99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRUDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION