SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

കരാറുകാരെ കൈവിടരുതേ...

a

സംസ്ഥാനത്തെ സർക്കാർ കരാറുകാർ വലിയ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വന്തം പണം മുടക്കിയും വായ്പയെടുത്തും നടത്തിയവർ കടക്കെണിയിലായി. രണ്ടുവർഷം മുൻപ് വരെ നടത്തിയ നിർമ്മാണങ്ങളുടെ തുക വാട്ടർ അതോറിറ്റിയിൽ നിന്ന് കിട്ടാനുണ്ട്. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ ഒരു വർഷം വരെ കുടിശിക വരുത്തി. പണം കയ്യിലില്ലാത്തതുകൊണ്ട് പുതിയ വർക്കുകൾ ഏറ്റെടുക്കാൻ കഴിയാത്തതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നത്. ഒരു കാലം വരെ ഗവൺമെന്റ് കരാറുകാർ എന്നു കേട്ടാൽ പ്രദേശത്തെ പണച്ചാക്കുകളെന്നാണ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ പാർട്ടികളും ക്ളബുകളുമൊക്കെ വൻതുകയുടെ പിരിവ് നടത്തിയിരുന്നത് കരാറുകാരിൽ നിന്നായിരുന്നു. ചോദിച്ചാൽ കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് കരാറുകാരുടെ വീട്ടിലേക്ക് ഓടിയിരുന്നത്. കരാറുകളും പണം ഇടപാടുകളും ഓൺലൈൻ ആയതോടെ എല്ലാം ഒരു പരിധിവരെ സുതാര്യമായെന്നു പറയാം. സർക്കാർ വൻതുക കുടിശിക വരുത്തിതയുകൊണ്ട് നിർമാണങ്ങൾക്ക് മുൻകൂർ പണം ചെലവാക്കാൻ കരാറുകാരുടെ കയ്യിൽ ഒന്നുമില്ലാതായി. സർക്കാർ പദ്ധതികൾ ഏറ്റെടുക്കാൻ വൻകിട കമ്പനികൾ രംഗത്തുവന്നു. വ്യക്തിഗത കരാറുകൾ കുറഞ്ഞു. ഇതിനൊപ്പം വൻതുക കുടിശിക കൂടി ആയതോടെ ഈ രംഗത്തു കരാറുകാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെയായി. നിർമ്മാണ സാമഗ്രികളുടെ വിലയും കുതിച്ചുയർന്നു. പക്ഷെ, ആറുവർഷം മുൻപുണ്ടായിരുന്ന വിലയെ അടിസ്ഥാനമാക്കിയാണ് സർക്കാർ ഇപ്പോഴും കരാറുകൾ നൽകുന്നത്. നിലവിലെ വിലവിവരം അനുസരിച്ച് തുക പുതുക്കണമെന്ന കരാറുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. കരാറുകാർ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ വൈമനസ്യം കാട്ടുന്നു. പക്ഷെ, പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. കരാറുകാർ ഇല്ലെങ്കിൽ കൺസ്ട്രക്ഷൻ കമ്പനികളെക്കൊണ്ട് പദ്ധതികൾ ഏറ്റെടുപ്പിക്കാമെന്നാണ് സർക്കാർ നിലപാട്. അങ്ങനെയാണ് ഊരാളുങ്കൽ പോലുള്ള സൊസൈറ്റികൾക്ക് കരാറുകൾ ലഭിച്ചത്.

എഴുന്നൂറ്റിയൻപത് കോടിയുടെ വയനാട് പാക്കേജ് ഊരാളുങ്കൽ സംഘത്തിന് നൽകി. പത്തനംതിട്ടയിൽ ജില്ലാ സ്റ്റേഡിയവും കോമളം പാലവും നിർമ്മിക്കുന്നത് ഊരാളുങ്കലാണ്. ഇത് സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേരളാ ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു. ആയിരം ചതുരശ്രയടി തറവിസ്തീർണമുള്ള ഒറ്റനില വീടുകൾ പോലും രൂപകൽപ്പന ചെയ്യാനോ നിർമ്മാണ മേൽനോട്ടം വഹിക്കാനോ ആയിരക്കണതിന് എൻജനീയർന്മാരും മറ്റ് സാങ്കേതിക ജീവനക്കാരും ഗവേഷണ സ്ഥാപനങ്ങളുമുള്ള പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയവകൾക്ക് ശേഷിയില്ലെന്നാണെങ്കിൽ അവ പിരിച്ചു വിടുകയാണ് വേണ്ടതെന്ന് കരാറുകാർ പറയുന്നു.

കുടിശികയാണ് പ്രശ്നം


ജീവൽപ്രശ്‌നമായ കുടിവെള്ള പദ്ധതിയിൽ നാലായിരത്തിലധികം കോടി രൂപ കരാറുകാർക്ക് കുടിശ്ശികയാണ്. ജൽജീവൻ മിഷൻ പദ്ധതി കാലാവധി കഴിഞ്ഞവർഷം അവസാനിച്ചു. ഒരു വർഷം കൂടി നീട്ടി ലഭിച്ചിട്ടുണ്ട്. എന്നിട്ടും പദ്ധതി നാലിലൊന്നു പോലും പൂർത്തികരിച്ചിട്ടില്ല. പദ്ധതി പുരോഗതിയിൽ ഇന്ത്യയിൽ മുപ്പത്തിയൊന്നാം സ്ഥാനത്താണ് കേരളം. കേന്ദ്രവും കേരളവും അയ്യായിരം കോടി രൂപ വീതമേ ഇതുവരെ കരാറുകാർക്ക് നൽകിയിട്ടുള്ളൂ. പല പ്ലാന്റുകളുടെയും ടാങ്കുകളുടെയും പണി മുടങ്ങിക്കിടക്കുന്നു. പൈപ്പുകളിട്ട പല റോഡുകളും നന്നാക്കിയിട്ടില്ല. ഈ പണികളൊന്നും ഊരാളുങ്കൽ എടുക്കില്ല. അവർക്ക് സർക്കാർ നേരിട്ട് നൽകുകയുമില്ല. രൊക്കം പണം കൊടുക്കാൻ കഴിയുന്നതു മാത്രം കമ്പനികൾക്കും മറ്റുള്ളതൊക്കെ കരാറുകാർക്കും നൽകുകയെന്നതാണ് സർക്കാർ നയമെന്ന് ആക്ഷേപമുണ്ട്. വയനാട്ടിൽ നാലുകോടിയുടെ സ്‌കൂൾ കെട്ടിടം ബിൽഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യമായി പുനർ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. കുടിശ്ശിക തീർക്കാൻ ട്രെഡ്‌സ്‌ നടപ്പാക്കുക, കടക്കെണിയിൽപ്പെട്ട കരാറുകാർക്കുവേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക, ജി.എസ്‌.ടി പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് കരാറുകാരുടെ ആവശ്യങ്ങളെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിർമാണ സാമഗ്രികൾക്ക് 2018ലെ വില സർക്കാർ മാനദണ്ഡമാക്കുന്നതും കരാറുകാരെ കഷ്ടത്തിലാക്കുന്നു. നിർമ്മാണ സാമഗ്രികളുടെ വില ആറ് വർഷമായി കുതിച്ചുയരുകയാണ്. വില പുതുക്കാമെന്ന സർക്കാരിന്റെ വാക്ക് വിശ്വാസിച്ചാണ് പലരും മേഖലയിൽ തുടരുന്നത്. ഇനി പുതുക്കിയാൽ തന്നെ ഈ വർഷത്തെ വില മാനദണ്ഡമാക്കുമെന്ന് ഉറപ്പില്ല. സർക്കാർ നിശ്ചയിച്ച കരാർ തുകയ്ക്കുള്ളിൽ പണി തീർത്തുകഴിഞ്ഞാലും ഗുണനിലവാര പരിശോധനയും വിജിലൻസ് പരിശോധനയും നടത്തി പീഡിപ്പിക്കുന്നുവെന്നാണ് കരാറുകാരുടെ ആക്ഷേപം.

സർക്കാരിന്റെ ചെറുകി‌ട പദ്ധതികളിൽ നിർമ്മാണ കമ്പനികൾക്ക് കണ്ണില്ല. സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും ഇടത്തരം കെട്ടിടങ്ങളും അംഗീകൃത കരാറുകാരാണ് നിർമ്മിക്കുന്നത്. ഇവർ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നാൽ ചെറുകിട പദ്ധതികൾ പ്രതിസന്ധിയലാകും. സംസ്ഥാനത്ത് രണ്ടായിരത്തിലധികം സർക്കാർ അംഗീകൃത കരാറുകാരുണ്ട്. പത്തുവർഷം മുൻപ് വരെ ഇതിന്റെ പല മടങ്ങായിരുന്നു കരാറുകാരുടെ എണ്ണം. ജില്ലയിൽ എട്ടുവർഷം മുൻപ് ആയിരത്തി അറുനൂറോളം കരാറുകാരുണ്ടായിരുന്നു. ഇപ്പോൾ അത് ഇരുന്നൂറിൽ താഴെയായി. യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. നാലു പതിറ്റാണ്ടിലേറെ കരാർ മേഖലയിൽ നിലനിൽക്കുന്നവരുണ്ട്. അവർക്കു മറ്റു വഴികളില്ലാത്തതുകൊണ്ട് നിർമ്മാണ മേഖലയിൽ പിടിച്ചു നിൽക്കുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതുകൊണ്ടാണ് കരാറുകാർക്ക് പണം നൽകാൻ താമസിക്കുന്നത് എന്നാണ് സർക്കാർ വാദം. രണ്ടു വർഷം വരെയുള്ള കുടിശിക തവണകളായി കൊടുത്തു തീർക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONTRACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION