SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

വിദേശവിപണിയി​ൽ വേരുറപ്പി​യ്ക്കാൻ ആയുർവേദം

ayurvedham

രാജ്യത്തെ ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്ക് പ്രതീക്ഷാനി​ർഭരമായ വർഷമാണി​ത്. ഡെറാഡൂണി​ൽ കഴി​ഞ്ഞമാസം നടന്ന ലോക ആയുർവേദ കോൺഗ്രസിൽ 150 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 1,275 കോടി രൂപ) വിപണന സാദ്ധ്യതയ്ക്ക് ഉതകുന്ന ചർച്ചകൾ നടന്നുവെന്നാണ് റി​പ്പോർട്ട്. അലോപ്പതി ഡോക്ടർമാരടക്കം അമ്പത്തിയെട്ട് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ബിസിനസ് ഡീൽ ആയുർവേദ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായിരുന്നു. ആയുർവേദ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളും തെളിവധിഷ്ഠിത പഠനവും നടത്തി വിദേശനാണ്യം എത്തിക്കാനുളള തീവ്രയത്‌നത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ മുന്നോടിയായാണ് ആയുഷ് വകുപ്പ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചത്. വിദേശരാജ്യങ്ങളിലെ പ്രമുഖ കമ്പനികൾക്ക് ആയുർവേദ കോൺഗ്രസിന് ശേഷം അനുകൂല സമീപനമാണെന്ന് പറയുന്നു. ബിസിനസ് ടു ബിസിനസ് മീറ്റാണ് ലോക ആയുർവേദ കോൺഗ്രസിൽ നിർണായകമായത്. ഔഷധസസ്യങ്ങളുടെ അന്താരാഷ്ട്ര സെമിനാർ, മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കുമായുള്ള ആയുർവേദ ചികിത്സ എന്നിവയും സജീവ ചർച്ചയായി.

ആധുനിക സാങ്കേതികവിദ്യയെ ആയുർവേദ ഗവേഷണങ്ങളിലും മരുന്ന് നിർമ്മാണത്തിലും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും ആയുർവേദ കോൺഗ്രസ് വേദിയായി. ആധുനിക ചികിത്സാരീതിയിലെ പുത്തൻ ഗവേഷണരീതികളും പ്രയോജനപ്പെടുത്തും. ഇതിന് വിദേശരാജ്യങ്ങളുടെ സഹായവും തേടിയേക്കും. ആയുഷിലെ മറ്റ് ശാഖകളായ ഹോമിയോ, സിദ്ധ, യുനാനി, യോഗ, നാച്ച്വറോപതി എന്നിവയുടെ പുരോഗതിക്കും വഴിയൊരുങ്ങുമെന്ന പ്രതീക്ഷയി​ലാണ് ആയുർവേദസമൂഹം.

സമഗ്രവും സുസ്ഥിരവുമായ ആരോഗ്യസംരക്ഷണവ്യവസ്ഥയ്ക്ക് ആയുർവേദത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധർ ചർച്ച ചെയ്തിരുന്നെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറയുന്നു. പത്താം ആയുർവേദ കോൺഗ്രസിന്റെ ഭാഗമായി​ പ്രമുഖ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ച വേദിയിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ ആരോഗ്യ എക്‌സ്‌പോയുമുണ്ടായിരുന്നു ലോക ആയുർവേദ കോൺഗ്രസിലെ നിർണായക തീരുമാനങ്ങളെ തുടർന്ന് കേന്ദ്രസർക്കാരിന്റെ തുടർ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് ആയുർവേദ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.എസ്. സുനിൽകുമാർ വ്യക്തമാക്കുന്നു.

കേരളത്തി​ന് ഗുണകരം

ആയുർവേദമരുന്നുകൾ ലോകത്ത് കൂടുതൽ സ്വീകാര്യമാകുമ്പോൾ കേരളത്തി​നും അത് വലി​യ നേട്ടമാകും. ആയുർവേദത്തി​ന്റെ ഈറ്റി​ല്ലമായ കേരളത്തി​ൽ നി​രവധി​ ആയുർവേദമരുന്നുനി​ർമ്മാണ സ്ഥാപനങ്ങളുണ്ട്. ​ ആയുർവേദമെഡി​ക്കൽ കോളേജുകളുമേറെയുണ്ട്. കേരളത്തി​ന്റെ ആയുർവേദചികി​ത്സയ്ക്കും മരുന്നുകൾക്കും നൂറ്റാണ്ടുകൾക്കു മുൻപേ പേരും പെരുമയുമുണ്ട്. ജീവിതശൈലീ രോഗങ്ങളെന്നത് ആവർത്തി​ച്ച് പഴകിയ പ്രയോഗമാണെങ്കിലും അത് കൊവിഡ് പോലുളള മഹാമാരിയേക്കാൾ ഭീകരമാണ്. കൊവിഡാനന്തര ലോകത്തെ വെല്ലുവിളിയും ജീവിതശൈലി രോഗങ്ങൾ തന്നെ. പുതി​യ വൈറസുകൾ ആശങ്ക വീണ്ടും പരത്തുമ്പോൾ, പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളുമെല്ലാമുള്ളവർക്ക് അതിനെ പ്രതിരോധിക്കൽ എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വൈറസുകളുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭൂമിയുള്ളിടത്തോളം ഈ കുഞ്ഞുഭീകരൻമാർ താണ്ഡവമാടിക്കൊണ്ടിരിക്കുമെന്നും ശാസ്ത്രലോകത്തിന് അറിയാം. അതുകൊണ്ടു തന്നെ പ്രതിരോധം മാത്രമാണ് നമ്മുടെ കൈയിലുളള ആയുധം. ശരീരത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് ശക്തിയും ആർജ്ജവവും പകരാൻ യോഗയും ആയുർവേദവും പരമ്പരാഗത ഭക്ഷണരീതികളും പ്രകൃതിചികിത്സാ മാർഗങ്ങളുമെല്ലാം നൽകുന്ന സംഭാവനകൾ ഏറെ ചർച്ചയാകുന്ന കാലം കൂടിയാണിത്.

കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ നടത്താൻ ആദ്യം നമ്മൾ ഏറെ മടിച്ചു. പക്ഷേ, ഒടുവിൽ നമ്മൾ ആയുർവേദത്തെ ചേർത്തുപിടിച്ചു. അതുകൊണ്ടുണ്ടായ നേട്ടത്തിന് ഏറെ ആഴവും പരപ്പുമുണ്ട്. കേരളത്തിൽ ആയുർവേദചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രൻ്റി​യേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്.

ഗവേഷണങ്ങൾ കൂട്ടണം

ശാസ്ത്രീയ അടിത്തറകളും തെളിവുകളും പഠനഗവേഷണങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആയുർവേദത്തെ എക്കാലവും പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. പാരമ്പര്യമായ അറിവുമാത്രമാണെന്നും ലോകരാജ്യങ്ങളിൽ അംഗീകാരം കുറവാണെന്നും ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ വാദിച്ചു. പരിമിതികളെ ഊതിവീർപ്പിച്ചു. ഏതൊരു ചികിത്സാരീതിയും പൂർണമല്ല എന്ന സത്യം പലരും മറച്ചുവെച്ചു. ലോകത്ത് കോടാനുകോടി മരുന്നുകൾ വിറ്റഴിയ്ക്കുന്ന അലോപ്പതി മരുന്ന് ലോബിയാണ് മറ്റൊരു ശാസ്ത്രശാഖ വളർന്നുവരുന്നതിനെ എതിർക്കുന്നതെന്ന ആക്ഷേപവും അന്നും ഇന്നും ശക്തമാണ്. അടിയന്തര ചികിത്സാഘട്ടങ്ങളിലും മറ്റും ആയുർവേദത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടു തന്നെ അതിന്റെ ഗുണഫലങ്ങളെ സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ദൗത്യം കേരളത്തിൽ വിജയം കണ്ടതോടെ എതിർപ്പ് ഉയർത്തിയവർക്ക് മിണ്ടാനായില്ല. എല്ലാ ശാസ്ത്രവും മനുഷ്യരാശിയ്ക്കു വേണ്ടിയാണെന്ന സത്യമാണ് ഇവിടെ വിജയിച്ചത്. ആയുർവേദചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി അതിന്റെ ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു. ഇനി​യും തെളി​വധി​ഷ്ഠി​ത പഠനങ്ങളും ഗവേഷണങ്ങളും കൂടുതൽ നടക്കുകയും ഔഷധസസ്യങ്ങൾ ധാരാളം ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലും മി​കച്ച രീതി​യി​ൽ ലോകം സ്വീകരി​ക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ ഔഷധസസ്യങ്ങൾക്കു വേണ്ടി​ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാവരുത്. കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ കേരളം പോലെ മറ്റൊരു നാടില്ല. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും അതി​നെയെല്ലാം അതി​ജീവി​ക്കാൻ കേരളത്തി​ന്റെ മണ്ണി​ന് കഴി​യും. അതാണ് വലി​യ പ്രതീക്ഷയും പ്രത്യാശയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYURVEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION