SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

ഉന്നത വിദ്യാഭ്യാസം, കാലം മാറിയത് കേരളം തിരിച്ചറിയണം

a

രാജ്യത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന വിദേശ വിദ്യാഭ്യാസ താല്പര്യം, തൊഴിലില്ലായ്മ, ഉയർന്ന ഫീസ് നിരക്ക് മുതലായവ പ്രതിസന്ധികൾ സൃഷ്ടിച്ചു വരുന്നു. പരമ്പരാഗത കോഴ്സുകളോടുള്ള താത്പര്യക്കുറവും വിദ്യാർത്ഥികളിൽ പ്രകടമാണ്. പ്രതിവർഷം 10 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് വിദേശ ക്യാമ്പസുകളിലെത്തുന്നത്. കേരളത്തിൽ നിന്ന് പ്രതിവർഷം വിദേശത്ത് ഉപരിപഠനത്തിനെത്തുന്നവരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ 70 ശതമാനത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്വാശ്രയ കോളേജുകളിൽ ഏറെ പ്രതിസന്ധികൾ നിലനിൽക്കുന്നു.

വൻതുക മുടക്കി മികച്ച സൗകര്യമൊരുക്കിയിട്ടും ആവശ്യത്തിന് വിദ്യാർത്ഥികളെ ലഭിക്കുന്നില്ല എന്നതാണ് സ്വകാര്യ സ്വാശ്രയ കോളേജുകൾ നേരിടുന്ന വലിയ പ്രതിസന്ധി. ഇത് വരുമാനം കുറയ്ക്കുന്നതോടൊപ്പം കോളേജുകളെ തീർത്തും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. പുത്തൻ തൊഴിൽ പ്രവണതകൾ ലക്ഷ്യമിട്ടുള്ള വിദ്യാർത്ഥികളുടെ പ്രയാണം അക്ഷരാർത്ഥത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രകടമാണ്. സർക്കാർ, എയിഡഡ് കോളേജുകളിൽ പോലും ചില കോഴ്സുകൾക്ക് ചേരാൻ വിദ്യാർത്ഥികളില്ല. ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കേരളത്തിലെ നാലു സർവകലാശാലകളിൽ നാലിലൊന്നോളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്!

കുട്ടികളില്ലാതെ

സ്വാശ്രയം!

ഇക്കഴിഞ്ഞ ദിവസമാണ്, സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ കേരളത്തിലെ ഒരു സ്വാശ്രയ കോളേജ് ഉടമ ജീവിതം തന്നെ അവസാനിപ്പിച്ചത്. എൻജിനിയറിംഗ്, പോളിടെക്നിക് അടക്കമുള്ള പ്രൊഫഷണൽ കോളേജുകളിലും പ്രതിസന്ധി ദൃശ്യമാണ്. രാജ്യത്ത് വില്പനയ്ക്കു വച്ച കോളേജുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതിൽ യഥേഷ്ടം ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകളുമുണ്ട്. കേരളത്തിലും വില്പനയ്ക്കു തയ്യാറായ കോളേജുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു.

150- ലധികം സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളുള്ള കേരളത്തിൽ പ്രവർത്തിക്കുന്നവ നൂറിൽ താഴെ മാത്രം! ഇവയിൽ ലാഭകരമായി പ്രവർത്തിക്കുന്നവ 20 ശതമാനത്തിൽ താഴെ മാത്രമാണ്. മാത്രമല്ല, 40 ശതമാനത്തോളം എൻജിയറിംഗ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിനോടുള്ള താത്പര്യം മൂലം മറ്റ് കോർ ബ്രാഞ്ചുകളിൽ ആയിരക്കണക്കിന് സീറ്റുകളിൽ ചേരാൻ വിദ്യാർഥികൾ താത്പര്യപ്പെടുന്നില്ല. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സയൻസ്, സോഷ്യൽ സയൻസ് ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുകളെറെയാണ്. അയൽ സംസ്ഥാനങ്ങളിലെ ഡീംഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാളികൾ കൂട്ടത്തോടെ എത്തുന്നതും പതിവു കാഴ്ച മാത്രം.

നല്ല കോഴ്സുകൾ

നാടിനു പുറത്ത്

2024 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട നാലു സർവകലാശാലകളിൽ 85,552 ബിരുദ സീറ്റുകളും, 13,047 ബിരുദാനന്തര സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാൽ വിദേശപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാവുകയും ചെയ്യുന്നു. കാലങ്ങളായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ നയരൂപീകരണത്തിന് പ്രാധാന്യം നൽകാത്തതും, ശുഷ്‌കിച്ചുവരുന്ന ഫണ്ട് വകയിരുത്തലുമാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. രാജ്യത്ത് നിലവിലില്ലാത്ത പുത്തൻ കോഴ്സുകൾ തേടി വിദ്യാർത്ഥികൾ വിദേശ ക്യാമ്പസുകളിലെത്തുന്നത് സ്വാഭാവികം മാത്രം. നമ്മുടെ സർവകലാശാലകളിലെ, ജോലിസാദ്ധ്യത കുറഞ്ഞ കോഴ്സുകൾ ഒഴിവാക്കാൻ അക്കാഡമിക് സമൂഹം തയ്യാറാകുന്നില്ല. അദ്ധ്യാപക തസ്തികകൾ നിലനിറുത്തേണ്ടതുകൊണ്ട് പരമ്പരാഗത കോഴ്സുകൾ വേണ്ടെന്നുവയ്ക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല!

നാലുവർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാം തുടങ്ങിയെങ്കിലും വിദേശത്തേക്കുള്ള ഒഴുക്ക് കുറയുന്നില്ലെന്നു മാത്രമല്ല, ഈ പ്രോഗ്രാമുകളുടെ നടത്തിപ്പിൽ അവ്യക്തത നിലനിൽക്കുകയും ചെയ്യുന്നു. ലോക സർവകലാശാലകളുടെ റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകൾ ഏറെ പിറകിലാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിദ്യാർത്ഥി സൗഹൃദ പദ്ധതികൾ നടപ്പിലാക്കാൻ മിക്ക സംസ്ഥാനങ്ങളും തയ്യാറാകുന്നുമില്ല. മാത്രമല്ല, തൊഴിലില്ലായ്മയും അനുദിനം വർദ്ധിച്ചുവരുന്നു.

എന്തുകൊണ്ട്

വിദേശപഠനം?​

വിദേശ സർവകലാശാലകളിൽ ബിരുദപഠനത്തിന് വൈവിദ്ധ്യമാർന്ന വിഷയങ്ങളുണ്ട്. പ്രധാന വിഷയം അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ച് തുടർപഠന കാലയളവിൽ തിരഞ്ഞെടുക്കാം. വിദേശപഠനം വ്യക്തിത്വ വികസനത്തിനും, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും, ലൈഫ് സ്‌കില്ലുകൾ കൈവരിക്കുവാനും ഉപകരിക്കുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും കരുതുന്നു. മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം, വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുവാനുള്ള ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനൊപ്പം, മികച്ച അദ്ധ്യാപകരെയും ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണമേഖലകൾ കണ്ടെത്തുവാനും വിദേശപഠനം സഹായിച്ചുവരുന്നു.

കാലത്തിനൊത്ത കോഴ്സുകളും, അനുകൂലമായ ഗവേഷണ, തൊഴിൽ അവസരങ്ങളും നമ്മുടെ നാട്ടിൽ സൃഷ്ടിച്ചാൽ വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാൻ സാധിക്കും. വിദേശത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്‌കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകളോ സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്സിറ്റി സ്‌കോളർഷിപ്പുകൾ, മെറിറ്റ് ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സർക്കാർ/ സ്വകാര്യ സ്‌കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.

മനസുണ്ടോ?​

മാർഗമുണ്ട്

നയരൂപീകരണരംഗത്ത് പ്രവർത്തിക്കുന്നവരും, വിദ്യാഭ്യാസ ഉപദേശകരും മേൽപ്പറഞ്ഞ വസ്തുതകൾ മനസിലാക്കണം. കോളേജുകൾ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസന കേന്ദ്രങ്ങളാകണം. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം ഊർജിതപ്പെടുത്തണം. തൊഴിലിന് ഇണങ്ങിയ സ്‌കില്ലുകൾ വിദ്യാർത്ഥികൾ സ്വായത്തമാക്കണം. പുതിയ കോഴ്സുകൾ തുടങ്ങുമ്പോൾ തൊഴിൽ ദാതാക്കളുടെ താത്പര്യങ്ങൾ കൂടി വിലയിരുത്തണം. സേവനമേഖലയിൽ 68 ശതമാനത്തോളം തൊഴിലവസരങ്ങളാണ് രൂപപ്പെട്ടുവരുന്നത്. മാറുന്ന ടെക്‌നോളജി വിലയിരുത്താൻ ശ്രമിക്കണം. എല്ലാ എൻജിനിയറിംഗ് ബ്രാഞ്ചുകളിലും സിലബസിൽ എ.ഐ ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

എൻജിനിയറിംഗ് ബിരുദധാരികളിൽ 83 ശതമാനം പേരും എൻജിനിയറിംഗ് സേവന മേഖലയിലാണ് പ്രവർത്തിക്കുന്നത്. തൊഴിൽ മേഖലയിൽ ആവശ്യമായ നൈപുണ്യവും നിലവിലുള്ളതുമായ അന്തരം മനസിലാക്കിയുള്ള സ്‌കിൽ ഗ്യാപ് വിലയിരുത്തി സിലബസിൽ മാറ്റം വരുത്തണം. സർവകലാശാലകളിൽ കുറഞ്ഞത് 25,000 വിദ്യാർത്ഥികൾ വേണം. ചെറുകിട സർവകലാശാലകൾ ആരംഭിക്കുന്ന രീതി ഒഴിവാക്കണം. ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകണം. അദ്ധ്യാപകർക്ക് മാറുന്ന തൊഴിൽ പ്രവണത, സ്‌കിൽ വികസനം, ട്വിനിംഗ് എന്നിവയിൽ ആവശ്യമായ പരിശീലനം നൽകണം.

വിദ്യാർത്ഥികൾക്ക് മികച്ച പ്ളേസ്‌മെന്റ് ലഭിക്കാനുള്ള ചാലകശക്തിയായി അദ്ധ്യാപകർ മാറണം. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രായോഗിക നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം. വിദേശ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന അക്കാഡമിക്, ഗവേഷണ, സ്‌കിൽ മികവ് രാജ്യത്തെ കോളേജുകളിലും ലഭ്യമാക്കണം. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ താത്പര്യം, അഭിരുചി, പഠിക്കാനുള്ള കഴിവ്, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി എന്നിവ വിലയിരുത്തി വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിപൂർവം തീരുമാനമെടുക്കണം.

(ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് & ടെക്‌നോളജിയിൽ പ്രൊഫസറാണ് ലേഖകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION