
ഉടുപ്പഴിച്ചു കൊണ്ടേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനിടെ നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം സമാപിക്കുമ്പോൾ ഏറ്റവും സജീവ ചർച്ചാവിഷയമായി മാറുന്നതും ഇക്കാര്യമാണ്. സ്വാമിയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിർത്തും സമൂഹത്തിലെ വിവിധ തുറയിലുള്ളവർ രംഗത്തെത്തിയതോടെ വിഷയത്തിൽ കൂടുതൽ ചർച്ചകളും തിരുത്തലുകളും വരും നാളുകളിൽ ഉണ്ടാകാനും സാദ്ധ്യതയേറെയാണ്. സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം വലിയ സാമൂഹിക ഇടപെടലാണെന്ന് അതേ വേദിയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചതും ശ്രദ്ധേയമായി. എന്നാൽ ആചാരങ്ങൾ മാറ്റാൻ ആർക്കും അധികാരമില്ലെന്ന് പറഞ്ഞ് വിമർശിച്ചു കൊണ്ടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇതിനോട് പ്രതികരിച്ചത്.
ഉടുപ്പഴിക്കണമെന്ന നിർബന്ധം ചില ശ്രീനാരായണീയ ക്ഷേത്രങ്ങളിലുണ്ടെന്നും ഇത് തിരുത്തിയേ മതിയാകൂ എന്നും ഗുരുദേവൻ ക്ഷേത്ര സംസ്കാരത്തെ പരിഷ്ക്കരിച്ച ആളാണെന്നുമാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞത്. ഈ അന്ധവിശ്വാസം ശ്രീനാരായണ സമൂഹത്തിലുള്ളവരും മുറുകെപിടിക്കുന്നു. അവരിൽ ശ്രീനാരായണ പാരമ്പര്യം പിന്തുടരുന്ന ചില വൈദികരും ഉണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശമാണ് സ്വാമി സച്ചിദാനന്ദയിൽ നിന്നുണ്ടായതെന്നും ഇത് വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാൻ സാദ്ധ്യതയുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നാണ്. വ്യാഖ്യാനങ്ങൾ ഹിന്ദുവിന്റെ പുറത്താണ്, ഇവിടെ ക്രൈസ്തവരും മുസ്ലിങ്ങളുമുണ്ട്. ഇന്നത്തെ കാലത്തിന് പറ്റാത്ത ആചാരങ്ങൾ അവർക്കുമുണ്ട്. അതിനെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ എന്ന സുകുമാരൻ നായരുടെ ചോദ്യം സംഘപരിവാർ ശക്തികൾക്ക് ഉത്തേജനം പകരുന്നതായി. സുകുമാരൻ നായരുടെ ഈ അഭിപ്രായത്തിന് പിറ്റേദിവസം തന്നെ ശിവഗിരിയിൽ സ്വാമി സച്ചിദാനന്ദ മറുപടി നൽകി. പഴയ മാമൂലുകളെ മുറുകെപിടിച്ച് മുന്നോട്ട് പോയാൽ മതിയെന്ന സുകുമാരൻ നായരുടെ അഭിപ്രായം രാജ്യത്തെ 100 വർഷം പിന്നിലേക്ക് കൊണ്ടുപോകുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ചില നായർ സമുദായ നേതാക്കൾ ഹിന്ദുമതത്തിന്റെ വളർച്ചക്ക് തടസമായി നിൽക്കുന്നുവെന്ന് മന്നത്ത് പദ്മനാഭന്റെ ആത്മകഥയിൽ പറയുന്നുണ്ട്. സുകുമാരൻ നായരും ആ പാതയാണോ പിന്തുടരുന്നതെന്ന് സന്ദേഹമുണ്ടെന്നും സ്വാമി സച്ചിദാനന്ദ തുറന്നടിച്ചു.
'ഇന്നലെ ചെയ്തോരബദ്ധം...'
'ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാകാം....'
ഒരുകാലത്ത് കേരളത്തിൽ നിലനിന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ മഹാകവി കുമാരനാശാൻ എഴുതിയ വരികളാണിത്. ശ്രീനാരായണ സമൂഹത്തിലുള്ളവരും ഇന്നും പല അന്ധവിശ്വാസങ്ങളെയും മുറുകെ പിടിക്കുന്നുണ്ട്. അവരിൽ ശ്രീനാരായണ പാരമ്പര്യം പിന്തുടരുന്ന വൈദികർ പോലുമുണ്ട്. അവരാണ് ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്ന പുരുഷന്മാർ ഉടുപ്പ് ധരിക്കരുതെന്ന് നിർദ്ദേശിക്കുന്നത്.
സനാതന ധർമ്മം എന്നു വിവക്ഷിക്കുന്ന ധർമ്മത്തിലെ വർണാശ്രമത്തെ ശ്രീനാരായണ ഗുരു എതിർത്താണ് കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. ഗുരുവിനെ നവോത്ഥാന നായകനും സാമൂഹ്യപരിഷ്ക്കർത്താവെന്നും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഗുരു അതിനൊക്കെ അപ്പുറം അവതാരപുരുഷനായും ദൈവമായും ആരാധിക്കുന്നവരാണേറെയും. ക്ഷേത്രാചാരങ്ങളും ആരാധനാക്രമങ്ങളും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പുരുഷന് മേൽമുണ്ടോ ഉടുപ്പോ ഇല്ലാത്ത കാലത്തിന് മുമ്പേ ഉള്ള ആചാരങ്ങളാണ് ഇന്നും കേരളത്തിൽ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും നിലനിൽക്കുന്നത്. പുരുഷന് പിന്നീട് മേൽമുണ്ടും ഉടുപ്പും വന്നെങ്കിലും ക്ഷേത്രത്തിൽ കയറുമ്പോൾ ഉടുപ്പൂരിയില്ലെങ്കിൽ ചുറ്റമ്പലത്തിന് പുറത്തു തന്നെ നിൽക്കേണ്ടി വരും. ഗുരുവായൂർ പോലെയുള്ള മഹാക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് പ്രവേശനം സാദ്ധ്യമല്ലെങ്കിലും മേൽമുണ്ട് ദേഹത്ത് ചുറ്റി പ്രവേശിക്കാം. ഉടുപ്പാണ് വില്ലൻ. എന്നാൽ ശബരിമല, ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് പ്രവേശിക്കുന്നതിന് വിലക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് കയറാമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത് അടുത്തിടെയാണ്. ദേവപ്രശ്നം വച്ച് ദേവഹിതം എതിരല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അതിന് അനുമതി നൽകിയത്. കേരളത്തിനു പുറത്തു നിന്നെത്തുന്ന ഭക്തരായ സ്ത്രീകൾ സെറ്റ്മുണ്ടും സാരിയും ധരിച്ചു വരുന്നവരല്ല. അവരിൽ ഏറിയപങ്കും ചുരിദാറും പൈജാമയുമൊക്കെ ധരിച്ചു വരുന്നവരാണ്. അത്തരക്കാരെ വസ്ത്രത്തിന്റെ പേരിൽ വിലക്കിയാൽ ക്ഷേത്രവരുമാനം കുറയുമെന്ന് കണ്ടാണ് മാറ്റം വരുത്താൻ ദേവസ്വം ബോർഡ് തയാറായത്. എന്നാൽ പുരുഷന്മാരുടെ കാര്യം എത്തുമ്പോൾ തന്ത്രിമാർ ആചാരത്തിൽ പിടിച്ചു തൂങ്ങുകയും ചെയ്യും.
ആദ്യം പറഞ്ഞത്
സ്വാമി ചിദാനന്ദപുരി
അടുത്തിടെ തൃശൂരിൽ നടന്ന സന്യാസിമാരുടെ സംഗമത്തിൽ ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശിക്കാൻ പുരുഷന്മാരെ അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവെങ്കിലും അന്നതിനെ ആരും വിവാദമാക്കിയില്ല. ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശിക്കാൻ എല്ലാവരും അനുവദിച്ചാൽ ഹിന്ദുക്കളിലെ ഭൂരിഭാഗം യുവജനങ്ങളും ക്ഷേത്രദർശനം നടത്തുമെന്ന് സന്യാസി സംഗമത്തിൽ അഭിപ്രായപ്പെട്ടത് സ്വാമി ചിദാനന്ദപുരിയാണ്. ആചാരങ്ങൾക്കപ്പുറം പ്രായോഗികതലങ്ങൾ കൂടി പരിഗണിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നത്തെ ആൺകുട്ടികളും യുവാക്കളും തങ്ങളുടെ ശരീരം പെൺകുട്ടികൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഇഷ്ടപ്പെടുന്നവരല്ലെന്നും മിക്ക യുവാക്കളും ഇന്ന് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാത്തതിനു കാരണം ഉടുപ്പ് അഴിക്കണമെന്ന നിബന്ധനയാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞത് യാഥാർത്ഥ്യമാണ്. യുവാക്കളെ ഉടുപ്പിന്റെ പേരിൽ ക്ഷേത്രത്തിന് പുറത്ത് നിറുത്തിയാൽ അവരെ മാടിവിളിക്കാൻ നൂറുകണക്കിന് സ്ഥാപനങ്ങൾ വേറെയുണ്ടെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായ വസ്തുതയാണ്. ക്ഷേത്രാചാരങ്ങൾ പലതും നിശ്ചയിക്കുന്ന തന്ത്രിമാരിൽ ഭൂരിഭാഗവും അനാചാരങ്ങളുടെ വക്താക്കളാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിൽ മിക്കതിലും ഉടുപ്പ് ധരിച്ച് കയറുന്നതിന് വിലക്കില്ല. ഹിമവൽ താഴ്വരയിലെ ക്ഷേത്രങ്ങളിൽ കമ്പിളിയുടുപ്പും ധരിച്ചാണ് പൂജാരിമാർ ശ്രീകോവിലിൽ കയറുന്നത്.
യോഗം നേരത്തെ
തീരുമാനിച്ചതെന്ന് വെള്ളാപ്പള്ളി
ഉടുപ്പ് ധരിച്ചുള്ള ക്ഷേത്രപ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം വർഷങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിനു കീഴിലുള്ള 90 ശതമാനം ക്ഷേത്രങ്ങളിലും ഇത് നിറുത്തലാക്കിയതാണ്. അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് ഇത് നടക്കാത്തത്. അനാചാരങ്ങളെയെല്ലാം പിഴുതെറിഞ്ഞയാളാണ് ശ്രീനാരായണ ഗുരു. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയാൻ മുഖ്യമന്ത്രിക്കും ശിവഗിരി ധർമ്മസംഘം അദ്ധ്യക്ഷനും എൻ.എസ്.എസിനും ഉൾപ്പെടെ എല്ലാവർക്കും അവകാശമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ ഇടതു മന്ത്രിസഭയിലെ അംഗമായ കെ.ബി ഗണേശ് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിന് വിരുദ്ധമായാണ് അഭിപ്രായപ്രകടനം നടത്തിയത്. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം കൂടിയായ ഗണേശ്കുമാർ, ഉടുപ്പ് പോലുള്ള അനാചാരങ്ങൾ ആചാരങ്ങളായി നിലനിൽക്കുന്നത് മാറേണ്ട കാലമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി സംസാരിക്കുന്നത് എൻ.എസ്.എസിനെ സന്തോഷിപ്പിക്കാനാകണം. മാറുമറയ്ക്കാനുള്ള അവകാശപോരാട്ടവും ക്ഷേത്ര പ്രവേശന വിളംബരവുമൊക്കെ നടന്ന കേരള മണ്ണിൽ ഇന്നല്ലെങ്കിൽ നാളെ ഈ ദുരാചാരവും മാറുമെന്നതിൽ തർക്കമില്ല. മഹാഗുരുവിന്റെ ചൈതന്യം നിറയുന്ന ശിവഗിരിയിൽ, ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ തന്നെ 'മാറ്റുവിൻ ചട്ടങ്ങളേ' എന്ന് പറഞ്ഞ സച്ചിദാനന്ദ സ്വാമിയുടെ വാക്കുകൾ മാറ്റത്തിന്റെ കാഹളത്തിന് നാന്ദിയാകാം. ക്ഷേത്രങ്ങളിലെ പൂജകളുടെയും താന്ത്രികവിധികളുടെയും അവസാന വാക്കുകളായ തന്ത്രിമാരുടെ അനാചാര സംസ്ക്കാരം മാറ്റാൻ സന്യാസി സംഗമത്തിന് ശേഷം സച്ചിദാനന്ദ സ്വാമിയുടെ വാക്കുകൾ പ്രചോദനമാകുമെന്ന് കരുതാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |