
രാഷ്ട്രീയത്തിൽ ആർക്കും ആരും സ്ഥിരം ശത്രുക്കളല്ല, മിത്രങ്ങളുമല്ല. സാഹചര്യത്തിനും സന്ദർഭത്തിനും അനുസരണമായി, അധികാരലബ്ധിയുടെ സാദ്ധ്യതയുടെ കൂടി പശ്ചാത്തലത്തിൽ രൂപപ്പെടുന്നതാണ് മിക്ക കൂട്ടായ്മകളും. മറ്റൊരവസരത്തിൽ ഈ കൂട്ടായ്മ പൊളിയുകയും മറ്റൊരു കൂട്ടായ്മ രൂപപ്പെടുകയും ചെയ്യും. ഇതിനെല്ലാ സാദ്ധ്യമാവുന്ന 'ഫ്ളെക്സിബിലിറ്റി' യാണ് രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടത്. (നേതാക്കൾക്ക് മതി, അവർ കാട്ടുന്ന തൂപ്പിന് പിന്നാലെ തുപ്പലിറക്കി പോകുന്ന പ്രവർത്തക കുഞ്ഞാടുകൾക്ക് ഫ്ളെക്സിബിലിറ്റി തത്കാലം വേണ്ട. അശോകന് അല്പം ക്ഷീണമായിക്കോട്ടെ). ഈ മെയ്വഴക്കത്തിന്റെ കാര്യത്തിൽ ചെറുതെങ്കിലും നമ്മുടെ കേരളത്തിലെ നേതാക്കളുടെ അത്ര വഴുവഴുപ്പ് മറ്റെവിടെയും കാണാനുമാവില്ല. മുഖ്യധാരയിൽ നക്ഷത്ര തിളക്കത്തോടെ നിൽക്കുന്ന നമ്മുടെ നേതാക്കളുടെ (എല്ലാ പാർട്ടിയിലെയും) മുൻകാല ചരിത്രം പരിശോധിച്ചാൽ പ്രത്യക്ഷത്തിലോ, പരോക്ഷമായോ അവർ കാട്ടിയ മെയ്വഴക്കം നമുക്ക് ബോദ്ധ്യമാവും.
കാലഹരണപ്പെടാത്ത ഈ വർഗത്തിലേക്ക് ചേക്കേറുന്ന ഏറ്റവും ഒടുവിലത്തെ നേതാവാണ് പി.വി. അൻവർ. അദ്ദേഹത്തിന് പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുണ്ട്. സ്വാർത്ഥ താത്പര്യങ്ങൾ തീരെ ഇല്ലാത്ത വ്യക്തിയാണ്. ജനങ്ങളുടെ ദുരിതങ്ങൾ കണ്ടാൽ നെഞ്ചുപിടയുന്ന മനുഷ്യസ്നേഹിയാണ്. സൗത്താഫ്രിക്കയിൽ വരെ പോയി കഷ്ടപ്പെട്ട് മല ഇടിച്ച് വെയിലും പൊടിയുമൊക്കെ ഏറ്റാണ് അദ്ദേഹം ഒരുവിധം ജീവിച്ചുപോകുന്നത്.
അൻവറിന്റെ
പാതിരാ അറസ്റ്റ്
ആനയുടെ ചവിട്ടേറ്റ് ഒരു സാധുമനുഷ്യ ജീവൻ പൊലിഞ്ഞപ്പോഴുണ്ടായ ആത്മരോഷത്തിലാണ് അദ്ദേഹം കുറച്ച് അനുയായികളുമായി പോയി നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. സമരം തുടങ്ങിവച്ച് അൻവർ മടങ്ങിയ ശേഷമാണ് അനുയായികൾ യഥാർത്ഥ ആവേശം പ്രകടിപ്പിച്ചത്. 'ഏതു മന്ത്രവാദി വന്നാലും തല പോകുന്നത് കോഴിക്കാണെ'ന്നൊരു ചൊല്ലുണ്ടല്ലോ. അൻവറിന്റെ കാര്യത്തിലും ഇതുസംഭവിച്ചു. ഓഫീസ് തല്ലിത്തകർത്തത് അനുയായികളാണെങ്കിലും അനുഭവിക്കേണ്ടി വന്നത് അൻവറാണ്. പിതൃതുല്യമായ സ്നേഹ ബഹുമാനങ്ങളോടെ അൻവർ കരുതിയിരുന്ന പിണറായി ദൈവത്തിന് പക്ഷെ പുത്രനോട് അത്ര വാത്സല്യം ഇപ്പോഴില്ല. ട്യൂൺ ചെയ്യുന്ന ഭാഗത്തേക്ക് മാത്രം ചരിക്കുന്ന പിണറായി പൊലീസ് അർദ്ധരാത്രി തന്നെ നിയമം പാലിച്ച് അൻവറെ തൂക്കിക്കൊണ്ടുപോയി. ഇതെല്ലാം നമ്മൾ കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിൽ കണ്ട കാഴ്ചകൾ. ഇനി കാര്യത്തിലേക്ക് വരാം.
അൻവർ അറസ്റ്രിലായതിന് പിന്നാലെ കോൺഗ്രസിലെ ചില നേതാക്കളും യു.ഡി.എഫിലെ ചില ഘടകകക്ഷി നേതാക്കളും പ്രകടമാക്കിയ അഭിപ്രായങ്ങളും അതിനെച്ചൊല്ലി അൻവറിന്റേതായി വന്ന പ്രതികരണവുമാണ് ഇവിടുത്തെ ചിന്താവിഷയം. പല അവസരങ്ങളിലായി യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പാളയത്തിൽ അന്തിയുറങ്ങിയിട്ടുള്ള ആളാണ് അൻവർ. കെ.എസ്.യു വഴി ആദ്യം കോൺഗ്രസിലായിരുന്നു. ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.കെ.സി രൂപീകരിച്ചപ്പോൾ അവിടേക്ക് ഒന്നു ഷിഫ്റ്റ് ചെയ്തു. തന്റെ മനോഗതിക്കനുസരണമായി കാര്യങ്ങൾ പോകുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ വീണ്ടും ഷിഫ്റ്റിംഗ്. നേരേ ഇടതു പാളയത്തിലേക്ക്. സി.പി.എമ്മിന്റെ ഓരം ചേർന്നായി പിന്നീടുള്ള യാത്ര. അത് ഗുണം ചെയ്തു. രണ്ടുതവണ നിയമസഭയിലെത്തി.
രാഷ്ട്രീയത്തിലെ ഈ മാറ്റങ്ങൾക്ക് സമാന്തരമായി അൻവറിന്റെ വ്യവസായ സാമ്രാജ്യവും വിപുലപ്പെട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രി മഹാരാജിന്റെ വിനീതവിശ്വസ്തനുമായി. മുഖ്യമന്ത്രിയെ നിയമസഭയിലും പുറത്തും ഏത് രാഷ്ട്രീയ പ്രതിയോഗി ആക്രമിച്ചാലും അൻവർ വാളുംപരിചയുമായി പാഞ്ഞടുക്കും.
ഇരുഭാഗത്തേക്കുമുള്ള
മൂർച്ചയേറിയ ആരോപണങ്ങൾ
അങ്ങനെ ചാവേറായി നിലകൊള്ളുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചില പ്രസംഗങ്ങളും പ്രയോഗങ്ങളും അൻവറിനെ ചൊടിപ്പിച്ചത്. ഒട്ടും വൈകിയില്ല, നിയമസഭയിൽ വന്നു ഒരു മുട്ടൻ കോഴ ആരോപണം.
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ അട്ടിമറിക്കാൻ ബംഗളുരുവിലെയും ഹൈദരബാദിലെയും ഐ.ടി ലോബിയിൽ നിന്ന് മൂടിക്കെട്ടിയ മീൻവണ്ടിയിൽ കോടികൾ ചാവക്കാട്ട് എത്തിച്ചെന്നായിരുന്നു അൻവറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഈ പണം സതീശന് വേണ്ടിയായിരുന്നുവെന്നും അങ്ങ് തട്ടിവിട്ടപ്പോൾ ഞെട്ടിയവർക്ക് അനങ്ങാൻ പോലും വയ്യാതായി. മലപോലെ വന്നത് എലിപോലെ പോയി എന്ന അവസ്ഥയായി ആരോപണത്തിന്. ഉന്നയിച്ചത് അൻവറായതുകൊണ്ടോ എന്തോ, ഭരണ പ്രതിപക്ഷ കക്ഷി അംഗങ്ങൾ ആരോപണം ഏറ്റുപിടിക്കാൻ വേണ്ടത്ര ഉത്സാഹം കാട്ടിയില്ല. അങ്ങനെ മുഖ്യമന്ത്രിക്ക് വേണ്ടി അങ്കംവെട്ടിയ അൻവർ അധികം വൈകാതെ എ.ഡി.ജി.പി അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്നിവർ വഴി മുഖ്യന്റെ തന്നെ ശത്രുവായി മാറുന്ന കാഴ്ചയാണ് കണ്ടത്. മുട്ടിനും മുഴത്തിനും യോഗങ്ങൾ സംഘടിപ്പിച്ച് പിണറായിക്കും സർക്കാരിനും അജിത് കുമാറിനുമെതിരെ പറയാവുന്നതെല്ലാം പറഞ്ഞു. ഇതിലൂടെ ചില കൂടാരങ്ങളിൽ കയറിപ്പറ്റാമെന്ന് അൻവർ പ്രതീക്ഷിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് സമയമായതിനാൽ ഉദ്ദിഷ്ടകാര്യത്തിന് വേണ്ടത്ര അനുകൂല പ്രതികരണം ലഭിച്ചില്ല. അങ്ങനെ സർവ്വത്ര നിരാശനായിരിക്കെയാണ് പാതിരാ അറസ്റ്റും പൊലീസ് കസ്റ്റഡിയുമൊക്കെ വരുന്നത്.
അൻവർ മോശം, അൻവറിന്റെ പ്രവൃത്തികൾ മോശം, പക്ഷെ ജനപ്രതിനിധിയെ പാതിരാത്രിയിൽ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തതിലെ അധാർമ്മികത നിരവധി പേരുടെ നെഞ്ച്പൊള്ളിച്ചു. ചെന്നിത്തല ഗാന്ധിയും കളരി ഗുരുക്കൾ കെ. സുധാകരനും ചട്ടപ്പടി സതീശനുമെല്ലാം അപലപിച്ച് പ്രസ്താവനകളിറക്കി. അതോടെ അൻവറിനും പുതുശ്വാസം കിട്ടിയ പ്രതീതിയായി. അവിടെ തുടങ്ങി ഒരു ചോദ്യം, എപ്പോഴാ യു.ഡി.എഫിലേക്ക് വരുന്നത്? അപലപിക്കൽ പ്രസ്താവനയിറക്കിയവർ മുക്കിയും മൂളിയും മറുപടി പറഞ്ഞു. ഒന്നും സമ്മതിച്ചില്ല, നിഷേധിച്ചുമില്ല. യു.ഡി.എഫ് ഘടകക്ഷിയായ സി.എം.പി , അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മട്ടിൽ എന്തോ അഭിപ്രായം പറഞ്ഞു. ലീഗ് അനങ്ങാപ്പാറയായി മാറി. ആർ.എസ്.പി മാത്രം കടുപ്പിച്ച് പറഞ്ഞു, അൻവറിനെ കൂട്ടാൻ താത്പര്യമില്ലെന്ന്. യു.ഡി.എഫ് കൺവീനറും ആർക്കും ഒന്നും മനസിലാവാത്ത വിധം പിറുപിറുത്തു. ഇതെല്ലാമായതോടെ അൻവർ വച്ചു പിടിച്ചു, നേരേ പാണക്കാട്ടേക്ക്. അവിടാവട്ടെ 'വേണ്ടണം'എന്ന മട്ടിലായി പ്രതികരണം. ഇനിയുള്ള ദിവസങ്ങളിലെ നീക്കങ്ങളാണ് പ്രധാനം, കാരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്. കാലമിനിയുമുരുളം വിഷുവരും വർഷം വരും തിരുവോണം വരും... എൻ.എൻ.കക്കാടിനെയും സഫലീയാത്രയും ഓർക്കാം.
ഇതുകൂടി കേൾക്കണേ
രാഷ്ട്രീയമെന്നത് വലിയ കാര്യമാണ്, ചിലർക്ക് ചുറ്റിക്കളിയും. ചിലർ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കും മറ്റുചിലർ തനിക്ക് വേണ്ടി മാത്രം രാഷ്ട്രീയം കളിക്കും. എപ്പോഴും കളിപ്പിക്കപ്പെടാൻ ജനങ്ങളുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |