
കമ്മ്യൂണിസ്റ്റ് പാളയത്തിലെ വർഗീയതയും കുത്തിത്തിരിപ്പും സഹിക്കാനാവാതെ പുറത്തുചാടിയ പി.വി. അൻവറിക്ക തൃണമൂൽ കോൺഗ്രസ് നേതാവായി കരുത്തുതെളിയിക്കാനുള്ള പുറപ്പാടിലാണ്. കേരളത്തിൽ പൊറോട്ടയടിക്കാരടക്കം ധാരാളം ബംഗാളികളുള്ളതിനാൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ല. പാർട്ടിചിഹ്നം പൊറോട്ടയാകാനാണ് സാദ്ധ്യത. പ്രധാന ശത്രു സി.പി.എം ആയതിനാൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനാണ് മൂപ്പരുടെ തീരുമാനം. അഞ്ചുകൊല്ലം കഴിഞ്ഞ് തൃണമൂൽ വളർന്നുപന്തലിക്കുന്നതോടെ ചില അദ്ഭുതങ്ങൾ കേരളത്തിലും ബംഗാളിലും സംഭവിക്കും. മമതയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിലമ്പൂരുകാരുടെ പൊന്നിക്ക.
കമ്മ്യൂണിസ്റ്റുകാരുടെ ദാനമായിരുന്ന എം.എൽ.എ സ്ഥാനം വലിച്ചെറിഞ്ഞ അൻവറിന്റെ നീക്കങ്ങൾക്കു മുന്നിൽ സംഘികളും സഖാക്കളും പകച്ചുനിൽക്കുകയാണ്. കോൺഗ്രസും തൃണമൂലും ഡൽഹിയിൽ അത്ര ലോഹ്യത്തിലല്ലെങ്കിലും കേരളത്തിൽ ലൈൻ മാറ്റിപ്പിടിക്കാനാണ് തീരുമാനം. ഏതായാലും ഇക്ക യു.ഡി.എഫുകാരുടെ 'സ്നേഹത്തിന്റെ കട"യുടെ പടിക്കലെത്തി. സ്നേഹിക്കാൻ വീർപ്പുമുട്ടി കെ.പി.സി.സി പ്രസിഡന്റ് സുധാകർജിയും കൂട്ടരും കാത്തുനിൽക്കുകയാണ്. എല്ലാവരും നിർബന്ധിച്ചാൽ നല്ലൊരു മുഹൂർത്തംനോക്കി ഇക്ക അകത്തുകയറും. രാഹുൽജിയുടെ ഇഷ്ടവിഭവമായ തട്ടുകട സ്പെഷ്യൽ ഉണ്ടമ്പൊരി നൽകി സുധാകർജി സ്വീകരിക്കും. അൻവറിക്കയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് കുടുംബക്കാർ. ഘടകകക്ഷികളുടെ നേതൃത്വത്തിലാവും ഓരോ ദിവസത്തെയും വിരുന്ന്. പവറും പണവും നോക്കുമ്പോൾ ലീഗിനാണ് ആദ്യ ഊഴം. ഇക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി ലീഗ്ഹൗസിൽ നിന്നെത്തും. പോത്തുബിരിയാണി, കുട്ടൻബിരിയാണി, മുട്ടൻ ബിരിയാണി, കല്ലുമ്മേക്കായ ബിരിയാണി, മന്തി ബിരിയാണി എന്നിങ്ങനെ വെറൈറ്റിതാരങ്ങൾ ചെമ്പിൽനിന്ന് ചാടിയിറങ്ങും. ഓരോ ദിവസവും ഉഷാറാക്കാൻ മലപ്പുറത്തെ സ്പെഷ്യൽ പാചകക്കാർ ചെമ്പും ചട്ടുകവും തേച്ചുമിനുക്കുന്ന തിരക്കിലാണ്. അതുകൊണ്ടുതന്നെ കോൺഗ്രസുകാർ പെരുത്തു സന്തോഷത്തിലാണ്. രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് വർഷങ്ങളായി. പട്ടിണിയെല്ലാം മാറി പഴയ പ്രതാപകാലം വരുന്നതിന്റെ സൂചനയാണ് ഇക്കയുടെ വരവ്.
കേരളകോൺഗ്രസുകാർ തൊടുപുഴയിലെ സ്പെഷ്യൽ പിടിയും കോഴിയും കൊണ്ടുവരും. ഇതിനൊന്നും പാങ്ങില്ലാത്ത പാവങ്ങളും യു.ഡി.എഫിലുണ്ടെങ്കിലും കൊഴുക്കട്ട, സുഖിയൻ, ചക്കപ്പുഴുക്ക് എന്നിങ്ങനെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങളുണ്ട്. നല്ല തിരുതക്കണമ്പ് എത്തിച്ചിരുന്നവർ ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്തതിനാൽ എന്തുചെയ്യുമെന്നൊരു വിഷമം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻജിക്കുണ്ട്. 'തിരുതയില്ലെങ്കിൽ തിലോപ്പിയയിൽ അഡ്ജസ്റ്റ് ചെയ്യാം" എന്ന് എറണാകുളം ഡി.സി.സി നേതാക്കൾ ആശ്വസിപ്പിക്കുന്നു. തൃണമൂൽ കോൺഗ്രസിലൂടെ കോൺഗ്രസിലേക്ക് പാലമിടുന്നതു പോലെ സൗകര്യംപോലെ പാലം വലിക്കുന്നതിലും ഇക്ക ഉസ്താദാണെന്ന ഭയം ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. പലരും പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും മൂളിയും ഞരങ്ങിയും മനസ് തുറക്കുന്നുണ്ട്.
ഞെട്ടിക്കുന്ന
സത്യങ്ങൾ
കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് അൻവറിക്ക വെളിപ്പെടുത്തിയത്. മൂത്ത സഖാക്കളടക്കം സന്ധ്യകഴിഞ്ഞാൽ കാവിക്കളസമിട്ട് സംഘികളായി രൂപാന്തരം പ്രാപിക്കുമെന്ന വിവരമറിഞ്ഞ് ശുദ്ധഹൃദയന്മാരായ പല കോൺഗ്രസുകാർക്കും മോഹാലസ്യമുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ഒരുമിച്ചായിരുന്നപ്പോൾ സംഘികളും സഖാക്കളും കമ്പനികൂടി തയ്യാറാക്കിയ പ്ലാനും പദ്ധതികളുമാണ് നടപ്പാക്കുന്നത്. വനനിയമഭേദഗതി ഇതിന്റെ ഭാഗമാണ്. വന്യജീവികളെ നാട്ടിലേക്ക് ആകർഷിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള അതിഭീകരമായ പദ്ധതിയുടെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. സംഘികളും സഖാക്കളുമല്ലാത്തവരെ വന്യമൃഗങ്ങൾ മണത്തുകണ്ടുപിടിക്കുമോ എന്ന് ശുദ്ധന്മാർ ചിന്തിച്ചേക്കാം. കുടിയേറ്റക്കാരായ സാധാരണക്കാരാണ് കാടിന് സമീപം താമസിക്കുന്നത്. ഇവരാരും സംഘികളുമല്ല, സഖാക്കളുമല്ല. കർഷകരായ ഈ സാധുക്കളെ കശ്മലൻമാരായ കടുവയും പുലിയും ശാപ്പിട്ടാൽ ആർക്കാണ് നേട്ടമെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാവും. ഉന്മൂലന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ.
വീടിന്റെ മുറ്റത്തോ പറമ്പിലോ പുല്ലുവളർന്നാൽ അതു വനമാണെന്ന് വരുത്തി പിടിച്ചെടുക്കാൻ ഈ നിയമഭേദഗതി കാരണമാകുമെന്ന് എത്രപേർക്കറിയാം. പുഴകളെ വനത്തിന്റെ ഭാഗമാക്കി പിടിച്ചെടുക്കാനും നീക്കമുണ്ട്. കുടിവെള്ളം കിട്ടാതെ നരകിച്ച് നാടുവിടേണ്ടിവരും. എതിർക്കുന്നവരോട്, എങ്കിൽ പാക്കിസ്ഥാനിൽ പൊയ്ക്കോ എന്നു പറയുന്ന സംഘി ലൈനാണിത്.
പാണക്കാട്ട തറവാട്ടിലെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിപ്പോഴാണ് ഇക്കയ്ക്ക് ഒരുകാര്യം മനസിലായത്. മുസ്ലിംലീഗ് വളരെ നന്മയുള്ള പാർട്ടിയാണ്. അടുത്തറിയാതെ മനുഷ്യരെയും കഴിച്ചുനോക്കാതെ ബിരിയാണിയെയും കുറ്റം പറയരുതെന്നാണ് പ്രമാണം. മലയോര ജനതയുടെ ദുരിതത്തിന് പരിഹാരം കാണാൻ സാദിഖലി തങ്ങൾക്കു മാത്രമേ കഴിയൂ എന്ന് അൻവറിക്ക പ്രഖ്യാപിച്ചത് ആവേശത്തോടെയാണ് ലീഗുകാർ കേട്ടത്. കോൺഗ്രസുകാർ ഇല്ലെങ്കിലും ലീഗുകാർ കൂടെയുണ്ടാവും എന്ന കാര്യത്തിൽ അൻവറിക്കയ്ക്ക് ഉറപ്പുണ്ട്.
ലോഡുകണക്കിന് സ്വർണം
ഈന്തപ്പഴത്തിൽ
ഈന്തപ്പഴം കീറി കുരുകളഞ്ഞ് ആ ഗ്യാപ്പിൽ സ്വർണം ഫിറ്റ് ചെയ്ത് പശവച്ച് ഒട്ടിച്ച് ക്ലീനാക്കി ഗൾഫിൽനിന്ന് ലോഡുകണക്കിന് കടത്തിയാണ് കമ്മ്യൂണിസ്റ്റുകാർ കാശുണ്ടാക്കിയത് എന്ന സത്യവും അൻവറിക്ക വെളിപ്പെടുത്തിക്കഴിഞ്ഞു. ബിരിയാണി ചെമ്പിലും പായയിലും കുറേ കടത്തി. ഇതിനെല്ലാം സത്യമായിട്ടും അൻവറിക്ക ദൃക്സാക്ഷിയാണ്.
താൻ കൂടെയുണ്ടെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പത്തുസീറ്റിലേക്ക് ചുരുക്കാനാവുമെന്ന് അൻവറിക്ക യു.ഡി.എഫിനും പ്രത്യേകിച്ച് ലീഗിനും ഉറപ്പുനൽകിയിട്ടുണ്ട്. മതനിരപേക്ഷ മുന്നണി കേരളഭരണം ഏറ്റെടുക്കുന്ന 2026ൽ ഇക്കയ്ക്ക് എന്തുവേണമെന്ന് ലീഗുകാരും കോൺഗ്രസുകാരും ചോദിച്ചപ്പോൾ, 'ഒന്നും വേണ്ട, ഒരു കട്ടൻചായ കുടിച്ച് ആ മൂലയ്ക്കിരുന്നോളാം" എന്നാണ് പറഞ്ഞത്. ഇത്രയും എളിമയുള്ളവർ കോൺഗ്രസിൽ പോലുമില്ല. പരമസാത്വികനാണെങ്കിലും ഒരുകാര്യം തീരുമാനിച്ചാൽ നടത്തിയിരിക്കും. കൊടുവാളും ഇന്നോവയുമായി നടക്കുന്ന സഖാക്കളെ പേടിയില്ലാതെ നെഞ്ചുംവിരിച്ചു നടക്കുന്ന യഥാർത്ഥ വിപ്ലവകാരിയാണ്. എൽ.ഡി.എഫിൽനിന്ന് ഇറങ്ങിയിട്ടും അഭയംതേടി എവിടെയും ചെന്നില്ല. സ്വന്തം നിലയ്ക്ക് ഡി.എം.കെ എന്നൊരു പാർട്ടിയുണ്ടാക്കി. ഈ ചങ്കൂറ്റത്തിനുമുന്നിൽ നമിച്ചുപോയ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ സ്റ്റാലിൻ, സ്വന്തം പാർട്ടിയിൽ ലയിക്കാൻ അൻവർ സഖാവിന്റെ കാലുപിടിച്ചെങ്കിലും കൂട്ടാക്കിയില്ല. ഇക്ക വന്നാൽ ഞങ്ങളുടെ കഞ്ഞികുടി മുട്ടുമെന്നു പറഞ്ഞ് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവനടക്കം സങ്കടം പറഞ്ഞപ്പോൾ ഇക്ക പിൻവാങ്ങുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.
ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ വെറുതെവിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ അടുപ്പക്കാരോട് പറഞ്ഞത്രേ. യു.ഡി.എഫ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കാവുന്നതാണ്. അറ്റകൈയ്ക്ക് മുഖ്യമന്ത്രി ആക്കിയാലും കുഴപ്പമില്ല. ചെന്നിത്തലയോ വി.ഡി. സതീശനോ മുഖ്യമന്ത്രിയാകുന്നതിലും എന്തുകൊണ്ടും നല്ലതാണെന്ന അഭിപ്രായവും മൂപ്പർക്കുണ്ടെന്നാണ് സൂചന. സുധാകർജി നിർബന്ധിച്ചാൽ, യു.ഡി.എഫിന്റെ നന്മയാഗ്രഹിക്കുന്ന ലീഗ് എന്തായാലും സമ്മതിക്കും. എല്ലാവരുടെയും സന്തോഷമാണ് ലീഗിന്റെ സംതൃപ്തി.
സ്വപ്നങ്ങളേ
വീണുറങ്ങൂ...
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരോരുത്തരായി വന്നു ചാടുന്നതിൽ യു.ഡി.എഫിലെ ഏകാംഗ പാർട്ടികളുടെ നേതാക്കൾക്ക് ആശങ്കയുണ്ടെങ്കിലും അടക്കിവയ്ക്കുകയാണെന്ന് അടുപ്പക്കാർ പറയുന്നു. ആവേശം കയറി വല്ലതും പറഞ്ഞുപോയാൽ പുലിവാലായാലോ എന്നാണ് പേടി. ജോസ് മോന്റെ കേരളകോൺഗ്രസ് യു.ഡി.എഫിൽ മടങ്ങിയെത്തിയാൽ തീർന്നു. എല്ലാവർക്കും പങ്കിട്ടുകഴിയുമ്പോൾ പൊട്ടും പൊടിയും കിട്ടിയെങ്കിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |