
പത്തനംതിട്ട ജില്ലയിലെ ഒരു പെൺകുട്ടിയെ അറുപത്തിനാല് പേർ പീഡിപ്പിച്ചെന്ന അപൂർവ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല. സ്കൂൾ കായിക താരമായിരുന്ന പെൺകുട്ടിയെ പതിമൂന്നാം വയസുമുതൽ പതിനെട്ട് വയസുവരെ പീഡിപ്പിച്ചുവെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ജില്ലാ പൊലീസ് ചീഫിനു നൽകിയ റിപ്പോർട്ട്. തുടർന്ന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. കേസിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് ഇതിനകം നാൽപ്പത്തഞ്ചിലേറെ പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളും വലയിലായിട്ടുണ്ട്. പെൺകുട്ടി ദളിത് വിഭാഗത്തിൽപ്പെട്ടതും പോക്സോ വകുപ്പും കൂടി ഉൾപ്പെടുന്നതിനാൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കനത്ത ശിക്ഷ കിട്ടാനാണ് സാദ്ധ്യത. പ്രതികളുടെ എണ്ണക്കൂടുതൽ കൊണ്ട് ഇതുവരെ ശ്രദ്ധിക്കപ്പെട്ടത് സൂര്യനെല്ലി പീഡനക്കേസാണ്. നാൽപ്പത്തിരണ്ടോളം പ്രതികളാണ് ആ കേസിൽ ഉൾപ്പെട്ടിരുന്നത്.
ഞെട്ടലിൽ നിന്ന്
മുക്തമാകാതെ ജില്ല
തന്നെ അറുപത്തിനാല് പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പൊലീസ് അന്വേണത്തിൽ അറുപത്തിരണ്ടു പേർ പെൺകുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. അതിൽ തന്നെ നാല് പേർ പ്രതികളാകാൻ സാദ്ധ്യതയില്ലെന്നും പൊലീസ് പറയുന്നു. അങ്ങനെയെങ്കിൽ ആകെ അറസ്റ്റ് ചെയ്യപ്പെടേണ്ടവർ അൻപത്തിയെട്ടു പേരാണ്.
പഠിക്കുന്ന സ്ഥാപനത്തിൽ കൗൺസിലിംഗിന് എത്തിയവരോടും ചൈൽഡ് വെൽഫയർ കമ്മിറ്റിയോടും പൊലീസിനോടും പെൺകുട്ടി പറഞ്ഞതനുസരിച്ച് മണിചെയിൻ ശൃംഖല പോലെയാണ് പീഡനം നടന്നിരിക്കുന്നത്. ആദ്യം പെൺകുട്ടിയുടെ കാമുകൻ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. അയാൾ തന്റെ സുഹൃത്തുക്കളെ അതു കാണിച്ചു. കാമുകൻ മുഖേന സുഹൃത്തുക്കളും പെൺകുട്ടിയുമായി സൗഹൃദത്തിലായി പീഡനത്തിനിരയാക്കി. അങ്ങനെ സുഹൃത്തുക്കളിൽ നിന്ന് സുഹൃത്തുക്കളിലേക്ക് പെൺകുട്ടി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
പെൺകുട്ടി പഠിച്ച കോളേജിൽ നടന്ന ബോധവത്ക്കരണ ക്ലാസിന്റെ അവസാനമാണ് അറുപത്തിനാല് പേർ പ്രതികളായ പോക്സോ കേസിന്റെ തുടക്കം. സംസാരിച്ച കൗൺസിലർമാരെപ്പോലും ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു വിദ്യാർത്ഥിനിയുടേത്. സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു കുട്ടിയുടെ തുറന്നു പറച്ചിൽ. പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടത്തിയ ബോധവത്ക്കരണ ക്ലാസിൽ പീഡനത്തിനിരയായ പെൺകുട്ടിയും പങ്കെടുത്തിരുന്നു. ക്ലാസിനു ശേഷം ക്ലാസ് നയിച്ച കമ്മ്യൂണിറ്റി കൗൺസിലറിനോട് സംസാരിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയായിരുന്നു. വീഡിയോയും ദൃശ്യങ്ങളും പ്രചരിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കൂടുതൽ പ്രതികളുള്ളതായി കുട്ടി പറയുന്നത്. കോളേജിലും ക്ലാസിലും വീഡിയോ പ്രചരിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദം പെൺകുട്ടി നേരിട്ടിരുന്നു. ഇത്രയധികം പേരുകൾ പറഞ്ഞതോടെ പറയുന്നത് സത്യമാണോ അതോ മറ്റെന്തെങ്കിലും പ്രശ്നമാണോയെന്ന് കൗൺസിലർ പോലും പകച്ചു പോയി. അതോടെ കമ്മ്യൂണിറ്റി കൗൺസിലർ കുടുംബശ്രീ പന്തളം സ്‌നേഹിത ജൻഡർ ഹെല്പ് ഡെസ്‌കിലേക്ക് വിവരം കൈമാറി. ശേഷം സ്നേഹിതയിലെ സൈക്കോളജിസ്റ്റ് കൗൺസിലറിനോടും കുട്ടി നടന്ന കാര്യങ്ങൾ അതേപടി ആവർത്തിച്ച് പറഞ്ഞതോടെ സി.ഡബ്ല്യു.സിയ്ക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ചൈൽഡ് വെൽഫയർ കമ്മറ്റിക്കും ജില്ലാ പൊലീസ് ചീഫിനും റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് അതാത് സ്റ്റേഷനുകളിലേക്ക് കേസെടുക്കാൻ എസ്.പി നിർദേശം നൽകുകയും പ്രതികളെ പിടികൂടി വരികയുമാണ്. ഈ കേസിൽ പെൺകുട്ടിയോ രക്ഷിതാക്കളോ നേരിട്ട് പരാതി നൽകിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. പീഡനശ്രമങ്ങളെ ഒരിക്കൽ പോലും ചെറുത്തിരുന്നില്ലെന്ന് പൊലീസിനാേടും പറഞ്ഞു.
അഞ്ച് വർഷം പീഡനം നടന്നിട്ടും ഒരിക്കലെങ്കിലും സ്വന്തം രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ പെൺകുട്ടി കാര്യങ്ങൾ തുറന്നു പറയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയർന്നിട്ടുണ്ട്. പീഡിപ്പിച്ചവരുമായി പെൺകുട്ടി പിതാവിന്റെ ഫോണിൽ ചാറ്റു ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പതിമൂന്നാം വയസിൽ പീഡിപ്പിക്കപ്പെട്ടത് അറിവില്ലായ്മ കൊണ്ടു സംഭവിച്ചാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കുട്ടിക്ക് തുടർന്നും അറിവു ലഭിച്ചില്ലെങ്കിൽ ഉത്തരവാദി അധികൃതർ തന്നെയാണ്.
ചൂഷണം തടയണം
സ്കൂൾ കുട്ടികളുടെ സ്വഭാവ മാറ്റങ്ങൾ കണ്ടറിയാനും തിരുത്താനും ഒട്ടേറെ സംവിധാനങ്ങളുണ്ട്. സ്കൂൾ പരിസരങ്ങളിൽ സംശയാസ്പദ നിലയിൽ തമ്പടിക്കുന്നവരെ കണ്ടെത്താൻ ഇക്കാലത്ത് പ്രയാസങ്ങളൊന്നുമില്ല. കൗമാരപ്രായത്തിലെ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനാണ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൗമാരത്തിലെ സ്വഭാവങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, പതിനെട്ട് വയസിന് മുമ്പ് സംഭവിക്കുന്ന ഗർഭധാരണം അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ, ലൈംഗിക ചൂഷണം, വൈറസ് രോഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വിദ്യാർത്ഥികൾക്ക് പറഞ്ഞ് കൊടുക്കുന്ന ക്ലാസുകളാണുള്ളത്.
ഇതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികളുണ്ട്. സ്കൂളകളിലും പരിസരങ്ങളിലും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും പരിഹാരം നിർദേശിക്കാനും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികൾക്ക് അധികാരമുണ്ട്. ഇത്തരം ഇടപെടലുകൾ ശരിയായ രീതിയിൽ നടക്കാറില്ല. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചും നമ്മുടെ കുട്ടികൾക്ക് പൊതു ധാരണയില്ല. വാർത്താമാദ്ധ്യമങ്ങളിൽ നിന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അകലം പാലിക്കുന്നത് പൊതുബോധം ഇല്ലാതാകാൻ കാരണമാകുന്നു. വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ അഭിരമിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികൾ ഏഴു വയസുമുതൽ മാതാപിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വന്തമായി ഉപയോഗിച്ചു തുടങ്ങും. കാണുന്ന വർണപ്രപഞ്ചവും പാട്ടും താളമേളങ്ങളും കുട്ടികളെ സാമൂഹിക മാദ്ധ്യമങ്ങളുടെ അടിമകളാക്കുന്നു. ഇതിലൂടെ പരിചയമാകുന്നവരുടെ ചതിക്കുഴികളിലേക്ക് പെൺകുട്ടികൾ വേഗത്തിൽ വഴുതി വീഴുന്നു. പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ചുള്ള ബോധവത്ക്കരണം കുടുംബങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങേണ്ടതാണ്. കുടുംബാന്തരീക്ഷം മോശമായ കുട്ടികളെ പ്രത്യേക പരിഗണന നൽകി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണകൂടങ്ങൾ ഉണർന്നു പ്രവർത്തിച്ച് കുട്ടികളുടെ പ്രശ്നങ്ങൾക്ക് തുടക്കത്തിലേ പരിഹാരം കണ്ടു പോകണം. ഇല്ലെങ്കിൽ പെൺകുട്ടികളുടെ വെളിപ്പെടുത്തലുകൾ കേട്ട് സാംസ്കാരിക കേരളത്തിന് തല കുനിക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |