SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

നിയമത്തോടു കളിച്ചാൽ...

a

സർക്കാരിന്റെ ഉത്തരവുകൾ അറിഞ്ഞും അറിയാതെയും ലംഘിക്കുന്നവരുണ്ട്. പൊലീസ് നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപിക്കുന്നവരുമുണ്ട്. എന്നാൽ കോടതി ഉത്തരവുകളാണെങ്കിൽ അനുസരിക്കാനുള്ള പ്രവണതയാണ് ഇക്കാലമത്രയും കണ്ടിട്ടുള്ളുത്. നിയമത്തോടും ഭരണഘടനയോടും പൗരന്മാർക്കുള്ള ഭയഭക്തിബഹുമാനങ്ങളാണ് കാരണം. എന്നാൽ അസഹിഷ്ണുത നടമാടുന്ന ഇക്കാലത്ത് നീതിപീഠങ്ങളേയും അനുസരിക്കാതിരിക്കുന്നത് ഒരു ഫാഷനായി മാറുകയാണോ? സംസ്ഥാനത്തെ ഉന്നത ന്യായാലയമായ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പോലും അവഗണിക്കുന്ന പല സംഭവങ്ങളും അടുത്തകാലത്തുണ്ടായി. അതിൽ കോടതിയിൽ നിന്ന് കർശന നടപടികളും പരാമർശങ്ങളുമുണ്ടായി.

ചെമ്മണൂരിന്റെ

ചെപ്പടിവിദ്യ

നടി ഹണി റോസിനെതിരായ ലൈംഗികാതിക്രമക്കേസിൽ അകത്തായ വ്യവസായി ബോബി ചെമ്മണൂരിന് 6-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. എന്നാൽ ആദ്യദിനങ്ങളിൽ ജാമ്യത്തിന് തിടുക്കംകാട്ടിയ ബോച്ചെ, ഉത്തരവ് ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലിൽ തുടർന്നു. ഇതിൽ ചെറിയ പ്രതിഷേധത്തിന്റെ ലാഞ്ചനയുണ്ടായിരുന്നു.

ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാത്ത റിമാൻഡ് തടവുകാർക്ക് സഹായമെത്തിക്കാനാണ് താൻ ജയിലിൽ തുടർന്നെന്നാണ് ബോബി വിശദീകരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജാമ്യ ഉത്തരവ് ഇറങ്ങിയിട്ടും ബുധനാഴ്ച രാവിലെ വരെ ബോചെ ജയിലിൽ തുടർന്നു. ഇത് ഹൈക്കോടതിയെ ചൊടിപ്പിച്ചു. ജാമ്യം റദ്ദാക്കുന്നതടക്കം പരിഗണിക്കാൻ സ്വമേധയാ കേസെടുക്കുന്നതായി അറിയിച്ചു. കോടതിയുടെ രോഷം ഭയന്ന് ഇതിന് തൊട്ടുമുമ്പ് ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എവിടേയും ആളെക്കൂട്ടുന്ന ഇദ്ദേഹം തന്റെ അറസ്റ്റും ജാമ്യവുമെല്ലാം മാർക്കറ്റിംഗ് തന്ത്രത്തിന് പ്രയോജനപ്പെടുമെന്ന് കരുതിയിട്ടുണ്ടാകാം. ജാമ്യ ഉത്തരവ് ലഭിച്ച സമയത്ത് ദൃശ്യമാദ്ധ്യമങ്ങളിൽ മകരവിളക്ക് തത്സമയ സംപ്രേഷണം നടക്കുകയായിരുന്നു. അതിനാൽ തന്റെ ജയിൽ മോചനത്തിന് വേണ്ടത്ര കവറേജ് കിട്ടില്ലെന്ന് കരുതിയാകണം ബോചെ ജയിലിൽ തുടർന്നതെന്ന് ദോഷൈകദൃക്കുകൾ പറയുന്നു.

എന്നാൽ ജയിലിലെ ബോചെ ഷോ സംബന്ധിച്ച് കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഇത് നിയമത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എന്തും വിലയ്ക്കു വാങ്ങാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ് നൽകി. ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യിക്കണോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ ബോബി കുഞ്ഞാടായി. നിരുപാധികം മാപ്പപേക്ഷിച്ച് തുടർനടപടികളിൽ നിന്ന് തലയൂരുകയും ചെയ്തു.

പൊന്നാടയ്ക്കും പണി

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആനകളുടേയും ആൾക്കൂട്ടത്തിന്റേയും ദൂരപരിധി സംബന്ധിച്ച് നേരത്തേ ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരം ക്ഷേത്രസമിതി നിശ്ചയിച്ച ആനകളുടെ എണ്ണം ഗണ്യമായി കുറയ്ക്കേണ്ടതുണ്ടായിരുന്നു. എന്നാൽ തൃക്കേട്ട പുറപ്പാട് ദിവസം ദൂരപരിധിയൊന്നും പാലിക്കാതെ പരമാവധി ആനകളെ അണിനിരത്തി. ഇതാണ് കോടതിയലക്ഷ്യക്കേസിലേക്ക് നയിച്ചത്. രഘുരാമൻ എന്ന ദേവസ്വം ഓഫീസറാണ് നടപടി നേരിടുന്നത്. ഭക്തരുടെ എതിർപ്പുകാരണമാണ് ആനകളുടെ എണ്ണം കുറയ്ക്കാതിരുന്നതെന്നും അപ്രതീക്ഷിതമായി മഴ പെയ്തപ്പോഴാണ് ആനകളെ ഒരുമിച്ച് നിറുത്തിയതെന്നും രഘുരാമൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയലക്ഷ്യ നടപിയിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ കോടതിയെ വെല്ലുവിളിക്കുന്ന രീതിയിൽ രഘുരാമനെ

പൊന്നാടയണിയിച്ച് സ്വീകരണമൊരുക്കുകയാണ് ഒരു സംഘമാളുകൾ ചെയ്തത്.

കോടതിനടപടികളെ കോമഡിയായാണോ കാണുന്നതെന്നു ചോദിച്ച കോടതി ജനങ്ങളുടെ ജീവൻവച്ചാണ് ഈ കളിയെന്നും പറഞ്ഞു. പത്തുപേർ കൂടിനിന്ന് കൈയടിച്ചു എന്നതിന്റെ പേരിൽ ഹീറോ ആകാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ആരെല്ലാമാണ് പൊന്നാടയണിയിച്ചതെന്ന് അറിയിക്കാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

പൊതുറോഡിലെ പരിപാടി

റോഡിൽ പന്തൽകെട്ടി പരിപാടി നടത്തിയതിന് നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമാണ് കോടതിയലക്ഷ്യത്തിൽ കുടുങ്ങിയത്. വഞ്ചിയൂരിലെ സി.പി.എം. സമ്മേളനം, സെക്രട്ടേറിയറ്റ് നടയിലെ ജോയിന്റ് കൗൺസിൽ ധർണ, ബാലരാമപുരത്തെ ജ്വാല വനിതാ ജംഗ്ഷൻ പരിപാടി, കൊച്ചി കോർപറേഷന് മുന്നിലെ കോൺഗ്രസ് ധ‌ർണ എന്നിവയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് വിധേയമായത്. കേസിൽ നേതാക്കളായ എം.വി.ഗോവിന്ദനും ബിനോയ് വിശ്വവുമടക്കം 17 പേർ ഫെബ്രുവരി 10ന് നേരിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. കോടതിയുടേയും സർക്കാരിന്റേയും ഉത്തരവുകൾ ലംഘിച്ചാണ് സംഘാടകർ ഗതാഗതം തടഞ്ഞ് യോഗം നടത്തിയത്. കോടതിയലക്ഷ്യ നടപടിയലേക്ക് നീങ്ങുമ്പോഴും അതിന് വഴങ്ങില്ലെന്ന സൂചനയാണ് ഭരണകക്ഷിയായ സി.പി.എമ്മിന്റെ നേതാക്കൾ പറയുന്നത്. ഹൈക്കോടതിയുടെ നീക്കത്തെ നിയപരമായി നേരിടുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിൽ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ചേരുന്നതാണു ഭരണസംവിധാനമെന്ന ഓർമ്മപ്പെടുത്തലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ജുഡീഷ്യറിയുമായി ഒരു ഏറ്റുമുട്ടലിന് ഒരുക്കമാണെന്ന സൂചനയാണ് ഇതിലുള്ളത്. ശേഷമെന്തെന്ന് അടുത്ത 10ന് വ്യക്തമാകും.

അന്തമില്ലാതെ ഫ്ലക്സുകൾ

പൊതു ഇടങ്ങളിലെ അനധികൃത ബോർഡുകൾ സംബന്ധിച്ച് ഹൈക്കോടതി ഒട്ടേറെ ഉത്തരവുകൾ പുറത്തിറക്കിയിരുന്നു. എന്നിട്ടും ഫ്ലക്സ് ബോർഡുകളടക്കം വന്നും പോയുമിരുന്നു. തുടർന്ന് കോടതി കർശന നിലപാടെടുത്തു. ഫ്ലക്സുകൾ തുടർന്നാൽ അതത് സെക്രട്ടറിമാർ സ്വന്തം പോക്കറ്റിൽ നിന്ന് പിഴ നൽകേണ്ടിവരുമെന്നും ഉത്തരവിട്ടു. ഇതോടെ പ്രധാന നഗരങ്ങളിലെങ്കിലും ഊർജിത നടപടികളുണ്ടായി. എന്നാൽ പ്രശ്നത്തിന് തീർത്തും ഒരു അറുതിയായില്ല. കഴിഞ്ഞദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്‌സ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ കട്ടൗട്ട് സഹിതം. സംഭവം വാർത്തയായതോടെ തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ ബോ‌ർഡ് നീക്കി. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി, ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടിയെടുക്കണെമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു. തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിൽ എന്തു നടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേയെന്നു വാക്കാൽ ചോദിച്ചു.

ബോർഡ് മാറ്റിയതിന് എന്ത് ചെലവു വന്നു, പിഴ ഈടാക്കിയോ എന്നതിലടക്കം വിശദീകരണവും ചോദിച്ചിട്ടുണ്ട്. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ, സംഘടനയുടെ പങ്ക് എന്താണെന്നും അന്വേഷണം നടക്കുന്നുണ്ടോയെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണത പൗരന്മാർക്ക് ചേർന്നതല്ല. നിയമലംഘനത്തിന് കോടതികൾ നടപടിയെടുക്കുമ്പോൾ അതിനെ പുച്ഛിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ വലിയ വില നൽകേണ്ടിയും വരും. ഈ കേസുകൾ തന്നെ സാക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION