
പി.എസ്. വെണ്മണിയെ മലയാള സാഹിത്യമോ രാഷ്ട്രീയ ലോകമോ അറിയുമോ? വെൺമണിക്കൊപ്പമുള്ള പി.എസ് എന്ന ചുരുക്കെഴുത്തിനൊപ്പം ശ്രീധരൻപിള്ള എന്നുകൂടി ചേർത്താലോ! അറിയാത്തവരായി ആരുമില്ല. മലയാള സാഹിത്യത്തിന്റെ, രാഷ്ട്രീയത്തിന്റെ, സാംസ്‌കാരിക സമ്പന്നതയുടെ സ്‌നേഹാക്ഷരമെന്ന് രാഷ്ട്രീയഭേദമെന്യേ എല്ലാവരും പറയും. കേരളത്തിൽ കൃത്യമായ രാഷ്ട്രീയ ഐഡന്റിറ്റി ഉണ്ടായിട്ടും ഒരു രാഷ്ട്രീയ നേതാവും തള്ളിപ്പറയാത്ത പേരുണ്ടങ്കിൽ അതിന് ഉടമ ശ്രീധരൻപിള്ളയാണ്. ഇപ്പോഴത്തെ ഗോവ ഗവർണർ. ഒരു ഗവർണർ എന്താവണമെന്നും, എന്തായിക്കൂടെന്നും അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ഒരുപക്ഷേ ശ്രീധരൻപിള്ള ആർജ്ജിച്ചെടുത്ത ആ സ്‌നേഹസമ്പന്നതയുടെ ബലത്തിൽ നിന്നാവാം ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവി അലങ്കരിക്കുമ്പോഴും, അമ്പതു വർഷത്തിനിടെ 250 പുസ്തകങ്ങളെന്ന വലിയ സംഖ്യയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അതിൽ കഥയുണ്ട്, കവിതയുണ്ട്, ലേഖനങ്ങളുണ്ട്, യാത്രാവിവരണങ്ങളുണ്ട്, ഇന്ത്യയെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ സംഭവവികാസങ്ങളും അടിയന്തരാവസ്ഥാക്കാലത്തെ കൊടിയ പീഡനകാലവുമുണ്ട്; ഒപ്പം നിരവധിയായ ജീവിതങ്ങളും. നാളെ കോഴിക്കോട് സാഹിത്യനഗരം ശ്രീധരൻപിള്ളയെ ആദരിക്കുമ്പോൾ ഈ നഗരത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തിനു കൂടിയുള്ള ആദരവാകുകയാണ് അത്. നാളെ രണ്ടു പുസ്തകങ്ങൾകൂടി പ്രകാശനം ചെയ്യുന്നതോടെ, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണം 250 എന്ന വലിയ സംഖ്യയിലേക്ക് ഉയരും!
തൂലികാനാമത്തിലെ
ഒളിവു ജീവിതം
സജീവ രാഷ്ട്രീയ പ്രവർത്തകൻ, തിരക്കേറിയ അഭിഭാഷകൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് , അഖിലേന്ത്യാ ഭാരവാഹിത്വം... ഒടുക്കം മിസോറാമിലും ഇപ്പോൾ ഗോവയുടേയും ഗവർണർ. 1975-ലെ അടിയന്തരാവസ്ഥയ്ക്കും മുമ്പ് ആരംഭിച്ചതാണ് ശ്രീധരൻപിള്ളയുടെ സർഗാത്മകജീവിതം. അക്കാലത്ത് കോഴിക്കോട് ലാ കോളജിലെ മാഗസിൻ എഡിറ്ററ്റും തിരഞ്ഞെടുക്കപ്പെട്ട വൈസ് ചെയർമാനും കൂടിയായിരുന്ന ശ്രീധരൻപിള്ള. അടിയന്തരാവസ്ഥാ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാകയാൽ അദ്ദേഹത്തിന്റെ സുരക്ഷ ഭയന്ന വീട്ടുകാർ, ശ്രീധരൻപിള്ളയുടെ എഴുത്തുകളെല്ലാം നശിപ്പിച്ചു കളഞ്ഞു. അക്കാലത്താണ് പി.എസ്. വെണ്മണി എന്ന തൂലികാനാമം പരീക്ഷിച്ചത്!
തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അടിയന്തരാവസ്ഥക്കാലത്ത് കുടുംബത്തിന് നശിപ്പിക്കേണ്ടിവന്ന രചനകളെന്ന് ശ്രീധരൻപിള്ള ഓർക്കുന്നു. ഒരു നല്ല രാഷ്ട്രീയപ്രവർത്തകൻ എപ്പോഴും വായിച്ചുകൊണ്ടിരിക്കണം. വായനയും എഴുത്തുമുണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തിലും തലയുയർത്തി നടക്കാം. എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായി ഒരു പേരുണ്ടാക്കാൻ തനിക്കായത് അതുകൊണ്ടാണെന്നും ശ്രീധരൻ പിള്ള പറയുന്നു. 2019-ൽ മിസോറം ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പുതന്നെ ശ്രീധരൻപിള്ള 125 പുസ്തകങ്ങൾ പൂർത്തിയാക്കിയിരുന്നു.
അമൂല്യ സമ്പാദ്യം,
ആ വാക്കുകൾ
ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ശ്രീധരൻ പിള്ളയുടെ കൃതികൾ ഹിന്ദി, ബംഗാളി, കന്നട, തെലുങ്ക്, കൊങ്കണി, ഒറിയ, ആസാമി ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എം.ടിയും ടി. പത്മനാഭനും സുകുമാർ അഴീക്കോടും സി. രാധാകൃഷ്ണനും എം.ജി.എസും ചന്ദ്രശേഖര കമ്പാറും പ്രതിഭാ റായിയും ദാമോദർ മൗസോയുമെല്ലാം തന്റെ എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞ നല്ലവാക്കുകളാണ്ജീവിതത്തിലെ പ്രധാന സമ്പാദ്യമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞുവയ്ക്കുന്നു. ശ്രീധരൻപിള്ളയുടെ വ്യക്തിത്വ സവിശേഷതകളെ അദ്ദേഹത്തിന്റെ സർഗാത്മകലോകം അടയാളപ്പെടുത്തുന്നുണ്ട്. മനുഷ്യരോടും മറ്റ് ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള സ്‌നേഹവും പ്രതിബദ്ധതയും ആ സർഗസൃഷ്ടികളുടെ ആധാരശിലയായി വർത്തിക്കുന്നതു കാണാം.
എഴുത്തിലെ പരിസ്ഥിതിസ്‌നേഹവും ദർശനവും വ്യക്തിജീവിതത്തിലും ഭരണതലത്തിലുമെല്ലാം പ്രാവർത്തികമാക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. സർഗ സംഭാവനകളെ പരിഗണിച്ച് രാജസ്ഥാനിലെ ജെ.ജെ.ടി യൂനിവേഴ്‌സിറ്റി, ഒഡിഷ ഭുവനേശ്വർ യൂണിവേഴ്‌സിറ്റി, ബംഗളൂരുവിലെ അലയൻസ് യൂണിവേഴ്‌സിറ്റി എന്നിവ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരൻപിള്ള കോഴിക്കോട്ടാണ് സ്ഥിരതാമസം. കോഴിക്കോട് സ്വദേശിനി അഡ്വ. കെ റീതയാണ് ഭാര്യ. മക്കൾ അഡ്വ. അർജുൻ ശ്രീധർ, ഡോ. ആര്യ. മരുമക്കൾ അഡ്വ. അരുൺ കൃഷ്ണധൻ, ഡോ. ജിപ്‌സ അരുൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |