SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

സമവായ പാതയിലേക്ക് ലീഗും സമസ്തയും

samastha

സമസ്തയുമായുള്ള ഭിന്നത തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പൂർണ്ണമായും പരിഹരിക്കുകയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. രണ്ട് തവണ അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുന്നത് പാർട്ടിയിൽ സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്തുവില കൊടുത്തും യു.ഡി.എഫിനെ അധികാരത്തിലേക്ക് എത്തിക്കാനുള്ള കരുനീക്കങ്ങളിലാണ് മുസ്‌ലിം ലീഗ്. സ്വന്തം നില ഭദ്രമാക്കുക എന്നതാണ് ഇതിന്റെ ആദ്യപടിയെന്ന വിലയിരുത്തലിൽ ആണ് വോട്ടുബാങ്കായ സമയ്തയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ലീഗ് നേതൃത്വം ഇപ്പോൾ മുന്നിട്ടിറങ്ങിയത്. സമസ്ത - ലീഗ് തർക്കത്തിൽ പ്രതീക്ഷയേകുന്ന ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയതിൽ ലീഗ് നേതൃത്വം ആശ്വാസത്തിലാണ്. ലീഗ് വിരുദ്ധരുടെ നീക്കങ്ങൾക്ക് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പച്ചക്കൊടി വീശുന്നുണ്ടെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇതു ശരിയല്ലെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ. ലീഗും സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ച് പോവേണ്ടതാണെന്നും ഭിന്നതയിലേക്ക് നയിക്കുന്ന കാര്യങ്ങൾ ആരിൽ നിന്നും ഉണ്ടാവരുതെന്നുമുള്ള ശക്തമായ സന്ദേശം ഇതിനകം തന്നെ ലീഗ് വിരുദ്ധർക്ക് ജിഫ്രി മുത്തുക്കോയ തങ്ങൾ നൽകിയിട്ടുണ്ട്. ലീഗ് വിരുദ്ധരെ പാണക്കാട് എത്തിച്ച് സമവായ ചർച്ച നടത്തുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. ലീഗ് നേതൃത്വത്തിന് ഇത് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നീക്കമായി. സമസ്ത അദ്ധ്യക്ഷനും മുസ്‌ലിം ലീഗും ഐക്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇത് അത്രത്തോളം ദഹിക്കാത്ത കൂട്ടർ ഇരുസംഘടനകളിലും ഉണ്ടെന്നത് നഗ്നമായ സത്യമാണ്. ഐക്യത്തിനായുള്ള ശ്രമങ്ങൾക്കിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നതാണ്.

ആരോടും മാപ്പ് പറയില്ല

സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പരസ്യമായി രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. പിന്നാലെ,​ സാമൂഹിക സൗഹാർദ്ദത്തിന് വിലങ്ങിടുന്ന പ്രസ്താവന നടത്തിയ ഹമീദ് ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂലികളായ 25 നേതാക്കൾ ഒപ്പിട്ട കത്ത് ജിഫ്രി തങ്ങൾക്ക് കൈമാറി. ഇതോടെ ലീഗ് വിരുദ്ധ ചേരിയെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ പൂർണ്ണമായും കൈവിട്ടു. സാദിഖലി തങ്ങളുമായി ചർച്ച നടത്തി തെറ്റിദ്ധാരണ തിരുത്താൻ ആവശ്യപ്പെട്ടു. ഒരുമിച്ച് പോവണമെന്ന കൃത്യമായ സന്ദേശവുമേകി.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദ്ദേശപ്രകാരം ലീഗ് വിരുദ്ധ ചേരിയിൽ നിന്നുള്ള അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം,​ മുസ്തഫ മുണ്ടുപാറ,​ സത്താർ പന്തല്ലൂർ അടക്കം എട്ടുപേർ തിങ്കളാഴ്ച പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും സമവായ ചർച്ച നടത്തി. വിവിധ വിഷയങ്ങളിൽ സമവായത്തിലെത്തിയതായി ലീഗ് വിരുദ്ധർ പ്രഖ്യാപിച്ചു.
സാദിഖലി തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ചർച്ചയ്ക്കുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില പ്രതികരണങ്ങൾ സാദിഖലി തങ്ങൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ആശയവിനിമയത്തിലുള്ള അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണം. കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചപ്പോൾ അതിന്റെ നിജസ്ഥിതി സാദിഖലി തങ്ങൾക്ക് ബോദ്ധ്യപ്പെടുകയും പലതും ധാരണപ്പിശകുകളാണെന്ന് മനസിലാക്കിയെന്നും ഹമീദ് ഫൈസി പറഞ്ഞു. ക്രിസ്മസ് കേക്ക് മുറി വിവാദം മാദ്ധ്യമസൃഷ്ടിയാണ്. തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരുപ്രസ്താവന ഉണ്ടായിട്ടില്ല. വർഗീയത വളർത്തുന്ന ആളായി തന്നെ ചിത്രീകരിച്ചെന്നും ഹമീദ് ഫൈസി അവകാശപ്പെട്ടു. ഖാസിയുടെ യോഗ്യത ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു ലീഗിന്റെ ആവശ്യം. വാർത്താസമ്മേളനത്തിൽ ഇത് ഉണ്ടായില്ല എന്നതിലെ അനിഷ്ടം പാണക്കാട് സാദിഖലി തങ്ങൾ തന്നെ പരസ്യമായി പ്രകടിപ്പിച്ചു. പിന്നാലെ വിവാദങ്ങളിൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന വാദവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം രംഗത്തെത്തി. ദൈവത്തോട് മാത്രമാണ് മാപ്പ് പറയുക. സമസ്ത - ലീഗ് തർക്കത്തിൻ ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്‌തെങ്കിലും പൂർണമായി പരിഹരിച്ചിട്ടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ഒടുവിൽ കീഴ‌ടങ്ങൾ

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഇടപെടലിന് പിന്നാലെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വിവാദ പരാമർശനങ്ങളിൽ സമസ്തയിലെ ലീഗ് വിരുദ്ധർ ഖേദം പ്രകടിപ്പിച്ചു. സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതിനെതിരെയുള്ള പ്രസ്താവനയിൽ ഹമീദ് ഫൈസിയും, ഖാസിയാവാൻ യോഗ്യതയില്ലെന്ന പരാമർശത്തിൽ ഉമർ ഫൈസി മുക്കവും പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ ചർച്ചയിൽ ധാരണയായെങ്കിലും ഇത് പാലിച്ചിരുന്നില്ല. ഇതോടെ തുടർചർച്ചയിൽ നിന്ന് ലീഗ് നേതൃത്വം പിന്മാറുകയും പ്രതിഷേധം ജിഫ്രി തങ്ങളെ അറിയിച്ചിരുന്നു. ലീഗ് വിരുദ്ധർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും മുസ്‌ലിം ലീഗ് നിലപാടെടുത്തു.

ഇരുസംഘടനകളും തമ്മിലെ പ്രശ്നങ്ങൾ വീണ്ടും കടുക്കുമെന്ന സ്ഥിതി വന്നതോടെ ഖേദം പ്രകടിപ്പിക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഐക്യം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്നും നിലപാടെടുത്തു. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തിനും യോജിച്ച മുന്നോട്ടുപോക്കിനും എന്തു വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ലീഗ് വിരുദ്ധരായി അറിയപ്പെടുന്ന നേതാക്കൾ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. ചില പ്രസംഗങ്ങളിലെ പരാമർശങ്ങൾ സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെയാണെന്നത് മാദ്ധ്യമ സൃഷ്ടിയാണ്. സാദിഖലി തങ്ങൾക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നു. ഐക്യത്തിനായി ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. പ്രസ്താവനയിലൂടെ രക്തസാക്ഷി പരിവേഷത്തിനാണ് ലീഗ് വിരുദ്ധർ ശ്രമിച്ചതെന്ന ചില ലീഗ് നേതാക്കളുടെ ഒളിയമ്പുകൾ ഇരുസംഘടനകൾക്കുമിടയിലെ പ്രശ്നപരിഹാരം അത്ര എളുപ്പമല്ലെന്ന സൂചനയേകുന്നതാണ്. ഐക്യത്തിനായി ജിഫ്രി മുത്തുക്കോയ തങ്ങൾ ശക്തമായ നിലപാടുകളുമായി ഉറച്ചുനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് തന്നെ ഭിന്നത പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ് ഉന്നത നേതൃത്വം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION