
മഹാകുംഭമേളയുടെ വിശാല ഭൂമികയിൽ സൂര്യൻ ഉദിക്കുമ്പോഴാണ് മേളയുടെ വ്യാപ്തി ശ്രദ്ധയിൽപ്പെടുക. മനുഷ്യരുടെ ഒരു കടൽ സങ്കൽപ്പിച്ചു നോക്കൂ, അവിടെ ഓരോ വ്യക്തിയും വിശ്വാസത്തിന്റെയും ഭക്തിയുടെയും ഊർജ്ജസ്വലമായ സമന്വയത്തിലേക്ക് സംഭാവന ചെയ്യുന്നു. ഈ വിസ്മയകരമായ കാഴ്ചയ്ക്കു പിന്നിൽ, മനുഷ്യ മഹാകോടികളുടെ സംഗമഭൂമിയെ അക്ഷരാർത്ഥത്തിൽ പവിത്രമായി സൂക്ഷിക്കുന്നതിനു പിന്നിൽ ഒരു നിശബ്ദ നായകനുണ്ട്- അത്, തിരശ്ശീലയ്ക്കു പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്ന നൂതന മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകളാണ്! മഹത്തായൊരു സിംഫണിയിൽ, അറിയപ്പെടാതെ പോകുന്ന സംഗീതസംവിധായകനെപ്പോലെ ഈ നൂതനാശയങ്ങൾ ശുചിത്വത്തിന്റെയും വൃത്തിയുടെയും ഓരോ സ്വരവും തികച്ചും ഇണങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു.
പ്രകൃതിദത്തമായി ശുദ്ധീകരിക്കപ്പെടുന്ന കുളങ്ങൾ മുതൽ ഹൈടെക് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വരെ ഓരോ ഘടകവും പരിസ്ഥിതിയുടെ പവിത്രത നിലനിറുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ഈ സംയോജനം മഹാ കുംഭമേളയുടെ ആത്മീയസത്ത സംരക്ഷിക്കുക മാത്രമല്ല, ലോകമെമ്പാടുമായി ഭാവിയിലെ വലിയ ഒത്തുചേരലുകൾക്ക് ഒരു മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്യുന്നു.
ദശലക്ഷക്കണക്കിനു പേർ ഒത്തുകൂടുന്ന, ഒറ്റരാത്രികൊണ്ട് ഉയർന്നുവരുന്ന ഒരു തിരക്കേറിയ നഗരം സങ്കൽപ്പിച്ചു നോക്കൂ. ഏകദേശം 40 കോടി സന്ദർശകരെത്തുമെന്ന് കരുതുന്ന, 45 ദിവസത്തെ ആത്മീയ പരിപാടി. ഓരോ ദിവസവും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി വളരെ വലുതാണ്. പക്ഷേ, അധികൃതർ ഭയപ്പെടുന്നില്ല. ഈ ഭഗീരഥ പ്രയത്നം കൈകാര്യം ചെയ്യാൻ അവർ ഇന്ത്യയിലെ മുൻനിര ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും ഭാഭാ ആറ്റോമിക് ഗവേഷണ കേന്ദ്രത്തിന്റെയും (BARC) സഹായം തേടി. മഹാ കുംഭമേളയിലെ മാലിന്യ ഉത്പാദന തോത് ഭീമമാണ്- പ്രതിദിനം ഏകദേശം 16 ദശലക്ഷം ലിറ്റർ വിസർജന മാലിന്യവും 240 ദശലക്ഷം ലിറ്റർ മറ്റു തരത്തിൽ മലിനമാക്കപ്പെട്ട ജലവും, ദശലക്ഷക്കണക്കിന് തീർത്ഥാടകരിൽ നിന്നുള്ള ഖരമാലിന്യവും! ഇവ കൈകാര്യം ചെയ്യുന്നതിന് അത്യാധുനിക പ്രതിവിധികൾ ആവശ്യമാണ്. അവിടെയാണ് നൂതന സാങ്കേതികവിദ്യകൾ പ്രസക്തമാകുന്നത്.
മലിനജലത്തിനും
'വാഷിംഗ് മെഷീൻ!"
ഐ.എസ്.ആർ.ഒ, ബാർക്ക് സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടർ (hgSBR) ആണ് ഇതിലൊന്ന്. ഇത് ഒരു ഹൈടെക് വാഷിംഗ് മെഷീനു സമാനമാണ്. വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനു പകരം ഇത് മലിനജലം സംസ്‌കരിക്കുന്നു. മൂന്ന് പ്രീഫാബ്രിക്കേറ്റഡ് വിസർജ്ജ്യ പ്ലാന്റുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് മനുഷ്യ മാലിന്യങ്ങൾ കാര്യക്ഷമമായി സംസ്‌കരിക്കുകയും, പരിസ്ഥിതി ശുദ്ധവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. മറ്റൊരു നൂതന സാങ്കേതിക വിദ്യയാണ് ജിയോട്യൂബ്. വലിയ അളവിൽ ദ്രവ മാലിന്യങ്ങൾ സൂക്ഷിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ഭീമൻ ടീ ബാഗായി ഇതിനെ കരുതാം. മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ശുദ്ധജലം മാത്രം പരിസ്ഥിതിയിലേക്ക് തിരികെ വിടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
മഹാ കുംഭമേളയിൽ ഉപയോഗിക്കുന്ന മറ്റൊരു ആകർഷകമായ സാങ്കേതികവിദ്യയാണ് ബയോ റെമഡിയേഷൻ. ഗുണകരമായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് മാലിന്യങ്ങളെ വിഘടിപ്പിച്ച് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. 75 വലിയ കുളങ്ങളിൽ ശേഖരിക്കുന്ന മലിന ജലത്തിൽ, പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഈ രീതി പ്രയോഗിക്കും. ഇത് ജലം ഫലപ്രദമായും സുരക്ഷിതമായും സംസ്‌കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.
മഹാമേളകൾക്ക്
ശുചിത്വ മാതൃക
പ്രയാഗ്‌രാജിലെ മഹാകുഭമേളയിലെ മാലിന്യ സംസ്കരണത്തിന് ഉത്തർപ്രദേശ് സർക്കാർ ഗണ്യമായ പ്രതിബദ്ധത പുലർത്തുന്നു. മഹാ കുംഭമേളയ്ക്ക് 7000 കോടി രൂപയാണ് ആകെ ബഡ്ജറ്റ്. ഇതിൽ മാലിന്യ, ജല പരിപാലനത്തിനായി 1600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ വെളിയിട വിസർജ്ജന രഹിത അടിസ്ഥാനസൗകര്യങ്ങൾക്കായി 316 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. നിർണായകമായ നിരവധി പാരിസ്ഥിതിക ആശങ്കകൾ ലഘൂകരിക്കുക എന്നതാണ് ഇവിടെ പ്രായോഗികമാക്കിയിരിക്കുന്ന സാങ്കേതികവിദ്യകളുടെ ലക്ഷ്യം. അവ നദീജല മലിനീകരണം തടയുന്നു. മാലിന്യങ്ങളിൽ നിന്നും മലിനജലത്തിൽ നിന്നുമുള്ള ആരോഗ്യ അപകടസാദ്ധ്യതകൾ കുറയ്ക്കുന്നു, വൻതോതിലുള്ള മാലിന്യ നിക്ഷേപത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നു.
മാലിന്യ സംസ്‌കരണത്തിനുള്ള പ്രവർത്തന തന്ത്രത്തിൽ, മനുഷ്യ ഇടപെടൽ പരമാവധി കുറയ്ക്കുക, നൂതന സാങ്കേതിക ഇടപെടലുകൾ ഉപയോഗിച്ച് ഉറവിട തലത്തിലുള്ള മാലിന്യ വേർതിരിക്കലിന് ഊന്നൽ നൽകുക, തന്ത്രപരമായ നിർമാർജന സംവിധാനങ്ങൾ നടപ്പിലാക്കുക എന്നിവ ഉൾപ്പെടുന്നു. 1.45 ലക്ഷം പോർട്ടബിൾ ശുചിമുറികൾ സ്ഥാപിക്കൽ, തുടർച്ചയായ ശുചീകരണത്തിനായി നിരവധി തൊഴിലാളികളെ വിന്യസിക്കൽ, മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, സമഗ്രമായ മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവ കുംഭമേളയ്ക്കായി അധികമായി നടപ്പാക്കി.
പാരിസ്ഥിതിക സുസ്ഥിര മാലിന്യ സംസ്‌കരണം, ആരോഗ്യ അപകടസാദ്ധ്യതകൾ കുറയ്ക്കൽ, പാരിസ്ഥിതിക തടസങ്ങൾ കുറയ്ക്കൽ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. വലിയ ഒത്തുചേരലുകൾ സൃഷ്ടിക്കുന്ന സങ്കീർണമായ ലോജിസ്റ്റിക്കൽ, പാരിസ്ഥിതിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന് ഈ മഹാ കുംഭമേള ഒരു തെളിവാണ്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ഭാവി സൃഷ്ടിക്കാൻ സാങ്കേതികവിദ്യയും പരമ്പരാഗത രീതികളും എങ്ങനെ ഇണക്കിച്ചേർക്കാമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഇത് മാറുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |