SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ഹർഷീന ചോദിക്കുന്നു; എവിടെ നീതി?​

a

മെഡിക്കൽ നെഗ്ലിജൻസ് എന്ന കൊടിയ പാതകത്തിന്റെ ദുരിതം പേറി 2017-ൽ തുടങ്ങിയ സഹനത്തിന്റെയും പോരാട്ടങ്ങളുടെയും ഏഴാംവർഷത്തിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷീന. സമരവും തുടർചികിത്സകളും മുടങ്ങാത്ത സർജറികളുമൊക്കെയായി അവസാനമില്ലാത്ത കാത്തിരിപ്പ് തുടരുമ്പോൾ,​ കരുണയുടെ തരിമ്പുമില്ലാതെ സർക്കാരും ആരോഗ്യവകുപ്പും. ഔദാര്യംപോലെ നീട്ടിയ രണ്ടുലക്ഷം രൂപ ഒന്നിനും തികയില്ലെന്ന ബോദ്ധ്യത്തോടെയാണ് ആ നഷ്ടപരിഹാരം വേണ്ടെന്നുവച്ചത്. ഇനി ഏതു വാതിലിൽ മുട്ടണമെന്നറിയാതെ മൂന്നു കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് കണ്ണീർ തൂകുകയാണ് ഹർഷീന.

സ്ത്രീകളുടെ നീതിക്കായി നിലകൊള്ളേണ്ട വനിതാ കമ്മിഷൻ ആകട്ടെ,​ സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കാതെ തുടരുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് കഴിഞ്ഞ ദിവസം വിലയിരുത്തിയത് നിർദ്ധനയും നിരാലംബയുമായ ഈ യുവതിയുടെ പോരാട്ടങ്ങളോടുള്ള കണ്ണടയ്ക്കലാണ്. കേരളം മറന്നിരിക്കില്ല,​ ഹർഷീനയെ. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30-ന് പ്രസവ ശസ്ത്രക്രിയാനന്തരം ഹർഷീനയുടെ വയറ് തുന്നിക്കെട്ടിയപ്പോൾ അതിലൊരു കത്രിക കൂടി ഉണ്ടായിരുന്നു (ആർട്ടറി ഫോർസെപ്‌സ്). അതുമായി അവർ ജീവിച്ചത് അഞ്ചുവർഷം. ഒടുവിൽ,​ ആ അപരാധം പൊലീസ് അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ഡോക്ടർമാരും നഴ്‌സുമാരുമടക്കം പ്രതികളായി പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. എന്നിട്ടും ഹർഷീനയ്ക്ക് ഇനിയും ഒരു സഹായവും ലഭിച്ചിട്ടില്ല.

2017-ൽ നടന്ന ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡോ. സി.കെ. രമേശൻ,​ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം നൽകിയത്. ഹർഷീനയുടെ നിയമപോരാട്ടങ്ങൾ ശരിയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിച്ചതെന്ന് മെഡി. കോളജ് അസി. കമ്മിഷണർ എ.സി.കെ.സുദർശൻ പറയുന്നു.


വയറ്റിൽ കത്രികയുമായി നാലുവർഷവും ഒമ്പതുമാസവും 19 ദിവസവും അനുഭവിച്ച യാതനകൾക്കു ശേഷമാണ് നീതിക്കും നഷ്ടപരിഹാരത്തിനുമായി ഹർഷീന പോരാട്ടം തുടങ്ങിയത്. രാഷ്ട്രീയ ഭേദമെന്യേ നാടു മുഴുവൻ കൂടെ നിന്നു. എന്നിട്ടും സർക്കാർ മാത്രം കനിഞ്ഞില്ല. മെഡിക്കൽ കോളജിനു മുന്നിൽ ആദ്യസമരം അഞ്ചുദിവസം പിന്നിട്ടപ്പോൾ ആരോഗ്യമന്ത്രി നേരിട്ടെത്തി ആശ്വാസ വാക്കുകൾകൊണ്ട് പൊതിഞ്ഞു. രണ്ടുലക്ഷം രൂപ പ്രഖാപിച്ചു. ഇതിനിടെ ചികിത്സയ്ക്കുമാത്രം ചെലവായത് പല ലക്ഷങ്ങൾ. ജോലിക്കുപോലും പോകാനാവാതെ രോഗാതുരമായി നാളുകൾ തള്ളിനീക്കിയ ഹർഷീന ആ നഷ്ടപരിഹാരം സ്വീകരിച്ചില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും 104 ദിവസം തുടർച്ചയായി മെഡിക്കൽകോളേജിന് മുമ്പിൽ സമരമിരുന്നു; രണ്ടുതവണ സെക്രട്ടേറിയറ്റിനു മുന്നിലും.

സർക്കാർ തിരിഞ്ഞുനോക്കിയില്ലെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും അടങ്ങുന്നവർ അറസ്റ്റിലായി. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ സർക്കാരിൽ നിന്ന് അനുമതിയായി. അതേസമയം,​ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹർഷീന പോരാട്ടം അവസാനിപ്പിച്ചില്ല. നേരത്തേ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്ന ഹർഷീന,​ ഇപ്പോൾ ഒരുകോടി രൂപ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

''സർക്കാർ വച്ചുനീട്ടിയ രണ്ടുലക്ഷം വേണ്ടെന്നു പറഞ്ഞത് ആ പണത്തിന് ആവശ്യമില്ലാഞ്ഞിട്ടല്ല. രണ്ടുലക്ഷം പോയിട്ട് രണ്ടുരൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. കടത്തിനുമേൽ കടംകയറി വീടുപോലും പണയത്തിലായി. എന്റെ ആരോഗ്യാവസ്ഥ കാരണം ഭർത്താവിനും ജോലി ഉപേക്ഷിക്കേണ്ടിവന്നു. ആശുപത്രിയും വീടുമായി ജീവിതം തള്ളിനീക്കുന്നു. സമരസമിതി പ്രവർത്തകർ കൂടെയുണ്ട് എന്നതു മാത്രമാണ് ഇപ്പോഴത്തെ ആശ്വാസം.""- ഹർഷീന പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARSHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION