
പണം കായ്ക്കുന്ന മരങ്ങൾ തേടി പോകുന്നവർ ഉള്ള പണം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. പണം ഇരട്ടിപ്പിക്കുന്ന വാഗ്ദാനവുമായി സൈബർ തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴുന്ന മലയാളികളുടെ എണ്ണം പെരുകുന്നതായാണ് സമീപകാലത്തെ കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ബുദ്ധിയും പ്രബുദ്ധതയുമുണ്ടെന്ന് മേനി നടിക്കുന്ന മലയാളികൾ പല സംഭവങ്ങൾ ദിനം പ്രതി അരങ്ങേറുമ്പോഴും വീണ്ടും തട്ടിപ്പു സംഘങ്ങളുടെ കെണിയിൽ വീഴുകയാണ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ ഇരുപത് ലക്ഷം എന്നതുപോലെ വാഗ്ദാനത്തിൽ കുടുങ്ങി ജീവിതം തകർന്ന ലക്ഷാധിപതികൾ കുറവല്ല. അടുത്തിടെ, പത്തനംതിട്ട സൈബർ പൊലീസിന് ലഭിച്ച ഒരു പരാതി അതിശയിപ്പിക്കുന്നതാണ്.
ജില്ലയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥ പാർട്ട് ടൈം ജോലി ചെയ്യാനായി ഒരു സൈറ്റിൽ കയറിയതാണ്. ആധാറും പാൻകാർഡും ബാങ്ക് അക്കൗണ്ട് നമ്പറുമെല്ലാം നൽകി. ചെറിയ തുക നിക്ഷേപിച്ചാൽ അതിന്റെ ഇരട്ടി ലാഭം. ആദ്യം രണ്ട് ലക്ഷം രൂപ നൽകി. അതിന് ഇരട്ടിയായി തിരികെ കിട്ടി. വീണ്ടും രണ്ട് തവണ ഇത് ആവർത്തിച്ചതോടെ കൂടുതൽ തുക നൽകി. അങ്ങനെ അതുവരെ ലഭിച്ച തുകയടക്കം മൂന്ന് കോടി രൂപ നിക്ഷേപിച്ചു. പിന്നെ സൈറ്റ് ബ്ലോക്കായി. ബന്ധപ്പെടാനുള്ള നമ്പറടക്കം എല്ലാം ബ്ലോക്ക്. അമളി പറ്റിയെന്ന് മനസിലായ ഇവർ സൈബർ സെല്ലിൽ പരാതി നൽകി. നമ്പറെല്ലാം അന്യ സംസ്ഥാനക്കാരുടേതെന്ന് കണ്ടെത്തിയെങ്കിലും പണം തിരികെ കിട്ടിയില്ല.
യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ നഷ്ടമായതും ജില്ലയിലാണ്. മുംബയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതിൽ നിന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്നും കാണിച്ച് വെർച്വൽ അറസ്റ്റ് നടത്തിയാണ് അദ്ദേഹത്തെ കുരുക്കിയത്. ഡോക്ടറും അഭിഭാഷകരും അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമെല്ലാം തട്ടിപ്പിൽപ്പെടുന്നു. പരാതിപ്പെടാത്ത എത്രയോ കേസുകളുണ്ട്. നഷ്ടപ്പെട്ട പണമെല്ലാം തിരികെ ലഭിച്ച ചരിത്രമില്ല.
ഇര തേടുന്നത്
സോഷ്യൽ മീഡിയകളിൽ
പണമുള്ളവർ നിക്ഷേപം നടത്തി ചതിക്കപ്പെടുമ്പോൾ പാവപ്പെട്ടവരെ കുടുക്കുന്നത് ഓൺലൈൻ ലോണുകളാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. പണത്തിന് ആവശ്യമുള്ളവർ ഇതിൽ വീഴും. ലോണിനായി പാൻ കാർഡും അക്കൗണ്ട് നമ്പറും ആധാർ കാർഡുമാണ് ചോദിക്കുക. ശേഷം ഫോണിൽ അയച്ച് തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. എല്ലാ ആപ്ലിക്കേഷനും പോലെ തന്നെ ഫോണിലെ മുഴുവൻ വിവരങ്ങളും ആ ലിങ്കിൽ കൂടി തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കും. ലോൺ എടുത്ത തുക മുഴുവൻ അടച്ചാലും അവർ വീണ്ടും പണം അടയ്ക്കാൻ ആവശ്യപ്പെടും. നൽകിയില്ലെങ്കിൽ ഭീഷണിയാകും. ഫോണിലെ ചിത്രങ്ങൾ അശ്ളീല ചിത്രങ്ങളായി മോർഫ് ചെയ്യും. ഇത് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. നിവൃത്തിയില്ലാതെ അഭിമാനം ഭയന്ന് പലരും കടം വാങ്ങിയും വസ്തു വിറ്റും ലക്ഷങ്ങൾ നൽകും.
സൈബർ കേസുകൾ പൊലീസിന് അഴിയാക്കുരുക്കാണ്. പ്രതികളെ കണ്ടെത്താൻ കഴിയില്ലെന്നതാണ് പ്രധാന പ്രശ്നം. തട്ടിപ്പ് സംഘങ്ങളെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അയൽ രാജ്യങ്ങളിലും ഉള്ളവരാകും.
വിളിക്കുന്ന നമ്പരും അഡ്രസുമടക്കം എല്ലാം വ്യാജം. ജില്ലയിലെ പരാതികളിലെ കൂടുതൽ കേസുകളിലും പ്രതികൾ യു.പി, ബീഹാർ, ബംഗാൾ, മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ളവരാണ്. അവിടെ പോയി അന്വേഷിച്ചാൽ കേരള പൊലീസിന് ഒരു തുമ്പും ലഭിക്കില്ല. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ചെന്നാൽ ഉത്തരേന്ത്യൻ പൊലീസ് സഹകരിക്കുന്നതും കുറവാണ്. സൈബർ കേസുകളിൽ നഷ്ടമാകുന്ന പണമെല്ലാം വിവിധ അക്കൗണ്ടുകളിലേക്കാണ് പോകുക. അക്കൗണ്ട് ഉടമയെ തപ്പി ചെന്നാൽ ഇങ്ങനെ ഒരു അക്കൗണ്ടുള്ള കാര്യംപോലും അറിയാത്തവരെയാകും കണ്ടുമുട്ടുക. അങ്ങനെ കേസിൽ ഒരു പുരോഗതിയും കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ട്.
വേണ്ടത് അന്വേഷണത്തിലെ
ഏകോപനം
പല സംസ്ഥാനങ്ങളിലെ പൊലീസുകാർക്കും ഇത്തരം തട്ടിപ്പു സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അവിടെ അന്വേഷണത്തിന് പോയ കേരള പൊലീസിലുള്ളവർ പറയുന്നത്. ജില്ലയിൽ രണ്ടായിരത്തി ഇരുപത്തി മൂന്നിൽ ഇരുന്നൂറിലേറെ സൈബർ തട്ടിപ്പു കേസുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടു പേരെയാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം ഇരുന്നൂറ്റിയൻപതോളംമെത്തി. പിടികൂടപ്പെട്ടവർ മുപ്പതോളം മാത്രം. ജില്ലയിൽ നിന്ന് കഴിഞ്ഞ വർഷം പതിനാറ് കോടിയോളം രൂപയാണ് സൈബർ തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കിയത്. തട്ടിപ്പ് നടന്ന് നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പരാതിപ്പെടുന്ന കേസുകളിൽ പണം കൈമാറ്റം നടന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിയുമെന്നാണ് സൈബർ പൊലീസ് അധികൃതർ പറയുന്നത്.
ഇന്റർനെറ്റും സോഷ്യൽ മീഡിയയും വഴിയുള്ള തട്ടിപ്പുകൾ തടയാനും കുറ്റവാളികളെ കണ്ടെത്താനും ഇന്ത്യൻ നിയമ വ്യവസ്ത കരുത്തുറ്റതല്ലെന്ന് ആക്ഷേപമുണ്ട്. ആഗോള തലത്തിൽ സൈബർ പണം തട്ടിപ്പു സംഘങ്ങളെ കണ്ടെത്താൻ രാജ്യങ്ങളുടെ നിയമങ്ങൾ പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇന്ത്യയിൽ നിന്ന് പണം തട്ടുന്നവർ വിദേശത്തുണ്ടെന്നു തിരിച്ചറിഞ്ഞാൽ അത്തരം കുറ്റവാളികളെ കൈമാൻ അവിടുത്തെ നിയമം അനുശാസിക്കുന്നുണ്ടാവില്ല. സൈബർ ഭീകര സംഘങ്ങളുടെ വേരറുക്കാൻ രാജ്യങ്ങളുടെ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മൊബൈൽ ഫോണുകൾ വഴിയുള്ള തട്ടിപ്പുകൾ വേഗത്തിൽ കണ്ടെത്താൻ കഴിയുമെങ്കിലും മൊബൈൽ സേവനദാതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കാല താമസം നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിലും ഇനിയും പരിഷ്കരണങ്ങൾ ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |