
ആർ. ബിന്ദു
സാമൂഹ്യനീതി വകുപ്പു മന്ത്രി
കൂട്ടുകുടുംബങ്ങൾ, സ്നേഹം നിറഞ്ഞ അയൽപ്പക്കങ്ങൾ, കരുതലിന്റെ കരം വിരിച്ച മക്കൾ... വാർദ്ധക്യം ആഘോഷിച്ചിരുന്നവരുടെ നാടായിരുന്നു ഒരുകാലത്ത് കേരളം. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി, അയൽപ്പക്കങ്ങൾക്കിടയിൽ മതിലുകളുയർന്നു, ജോലിത്തിരക്കിലും സമ്മർദ്ദങ്ങളിലും സ്വാർത്ഥചിന്തകളിലും കുടുങ്ങിപ്പോയ മക്കൾ പറന്നകന്നു. അരക്ഷിതമായ വയോജനജീവിതം സാമൂഹ്യപ്രശ്നമായി നിൽക്കെ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഒറ്റപ്പെടുന്ന വയോജനങ്ങളുടെ എണ്ണം കേരളത്തിലും വർദ്ധിക്കുകയാണല്ലോ? പിന്തുണ ഉറപ്പാക്കാൻ ഇടപെടലുകൾ...
'യൂസ് ആൻഡ് ത്രോ" സംസ്കാരത്തിന്റെ കാലമാണിത്. കുടുംബവ്യവസ്ഥയ്ക്ക് ലാഭമുണ്ടാക്കുന്ന അവസ്ഥയിൽ അവരെ വേണം, അതുകഴിഞ്ഞാൽ നിരുപാധികം ഉപേക്ഷിക്കുന്നു. അപ്പോൾ സാമൂഹ്യ കേന്ദ്രീകൃതമായ പദ്ധതികളിലൂടെ പിന്തുണയും പരിരക്ഷയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
? മെയിന്റനൻസ് ട്രിബ്യൂണൽ വയോജനങ്ങൾക്ക് പ്രാപ്യമാകുന്നുണ്ടോ.
27 റവന്യു ഡിവിഷനിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. ആർ.ഡി.ഒമാരാണ് അദ്ധ്യക്ഷന്മാർ. ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് നൽകുന്നത് സാമൂഹ്യനീതി വകുപ്പാണ്. മക്കൾക്ക് വയോജനങ്ങളെ പരിപാലിക്കേണ്ട നിയമപരമായ ബാദ്ധ്യതയുണ്ട്. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ പിഴയും ജയിൽശിക്ഷയും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരും. എല്ലാ വയോജനങ്ങൾക്കും മെയിന്റനൻസ് ട്രിബ്യൂണലിന്റെ സേവനം പ്രാപ്യമാകുന്നില്ലെന്ന അപര്യാപ്തതയുണ്ട്. അതുകൊണ്ടാണ് വയോജന കമ്മിഷൻ രൂപീകരിക്കുന്നത്. ഓർഡിനൻസ് ഇറങ്ങിക്കഴിഞ്ഞു.
? വയോജന കമ്മിഷന്റെ പ്രവർത്തനങ്ങൾ.
വയോജനങ്ങൾക്കു വേണ്ട പുതിയ പദ്ധതികൾ നിർദ്ദേശിക്കാനും അവർക്കെതിരെ അതിക്രമങ്ങളുണ്ടാകുമ്പോൾ ഇടപെടാനും പിന്തുണ ഉറപ്പാക്കാനുമാണ് കമ്മിഷൻ രൂപീകരിക്കുന്നത്. നിലവിലെ വയോജനനയം പരിഷ്കരിച്ച് ഉടനെ പ്രസിദ്ധീകരിക്കും.
? പല വൃദ്ധസദനങ്ങളിലും അവർക്ക് കൃത്യമായ പരിചരണമോ സാന്ത്വനമോ കിട്ടുന്നില്ലെന്ന പരാതിയുണ്ടല്ലോ.
വകുപ്പിനു കീഴിൽ കിടപ്പുരോഗികളായ വയോജനങ്ങൾക്കടക്കം 17 ഹോമുകളുണ്ട്. അവയെല്ലാം നല്ലനിലയിലാണ്. മറ്റുള്ളവ കൃത്യമായി മോണിറ്റർ ചെയ്യാനുള്ള മനുഷ്യവിഭവ ശേഷി വകുപ്പിനില്ല. എങ്കിലും ഇടയ്ക്കൊക്കെ മിന്നൽപ്പരിശോധനകൾ നടത്തുന്നുണ്ട്. ഓരോ വ്യക്തിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കത്തക്ക വിധത്തിലുള്ള സ്റ്റാഫ് നമുക്കില്ലെന്നതാണ് പോരായ്മ.
? ഹോംനഴ്സിംഗ് സ്ഥാപനങ്ങൾ രോഗീപരിചരണത്തിൽ യോഗ്യതയില്ലാത്തവരെ നിയോഗിക്കുന്നതായി പരാതിയുണ്ടല്ലോ.
വീട്ടുകാരുടെ ഔദ്യോഗിക തിരക്കുകളും മറ്റും കാരണം കിടപ്പുരോഗികളും ഓർമ്മത്തകരാർ സംഭവിച്ചവരുമായ വയോജനങ്ങളുടെ പരിചരണം ഹോംനഴ്സിംഗ് സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നുണ്ട്. എന്നാൽ ഹോംനഴ്സുകാരിൽ പലർക്കും ഈ അവസ്ഥയിലുള്ള വയോജനങ്ങളെ പരിപാലിക്കാനുള്ള കൃത്യമായ അറിവില്ല. ഈ സാഹചര്യത്തിൽ സാമൂഹ്യനീതി - ആരോഗ്യവകുപ്പുകൾ ചേർന്ന് ഹോംനഴ്സുമാർക്ക് പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. ഏജൻസികളെ നിയന്ത്രിക്കുന്നതിനും ഗൈഡ്ലൈൻ നൽകുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.
? തങ്ങൾക്കുള്ള പദ്ധതികളെക്കുറിച്ച് പല വയോജനങ്ങൾക്കും അറിവില്ലാത്ത അവസ്ഥയുണ്ട്.
ഒറ്റപ്പെട്ട വയോജനങ്ങൾക്ക് മെഡിക്കൽ അസിസ്റ്റൻസ്, ആംബുലൻസ് സേവനം, മരുന്ന്, ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം, കൗൺസലിംഗ് തുടങ്ങിയവ ഉറപ്പാക്കാനുള്ള പദ്ധതിയാണ് 'വയോരക്ഷ." മരുന്നും ആരോഗ്യസുരക്ഷാ സംവിധാനങ്ങളും വീട്ടുപടിക്കൽ ഉറപ്പാക്കുന്ന 'വയോമിത്രം" പദ്ധതിയുമുണ്ട്. നഗരപ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ബ്ളോക്ക് പഞ്ചായത്തുകളിലും ഈ സേവനം ലഭിക്കും.
മാനസികോല്ലാസത്തിനുള്ള വയോജനക്ളബുകളും 'വയോമിത്ര"ത്തിന്റെ ആഭിമുഖ്യത്തിലുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ 'സുനീതി" പോർട്ടലിൽ പദ്ധതികളെക്കുറിച്ച് ഉണ്ടെങ്കിലും വയോജനങ്ങളിൽ പലർക്കും അതറിയില്ല. ഇത് മറികടക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി നൽകാൻ പദ്ധതി പുരോഗമിക്കുന്നുണ്ട്.
? പാവപ്പെട്ട വയോജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ...
'വയോപോഷണം" എന്നൊരു പദ്ധതി കൊവിഡ് കാലത്ത് ആരംഭിച്ചിരുന്നു. ഇപ്പോഴില്ല. പോഷകാഹാരത്തിന്റെ പ്രശ്നം അന്നത്തെപ്പോലെ നിലനിൽക്കുന്നില്ല. കിടപ്പുരോഗികളായ വയോജനങ്ങൾക്ക് വീട്ടിൽ പ്രത്യേക കരുതലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി നെറ്റ്വർക്കും രൂപീകരിക്കുന്നുണ്ട്. പോഷകാഹാരം ആവശ്യമായവർക്ക് അവരിലൂടെ എത്തിക്കും. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയുടെ ഭാഗമായും പാവപ്പെട്ട വയോജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
? വയോജനങ്ങളുടെ മാനസികാരോഗ്യവും ഉല്ലാസവും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ.
വയോജന ക്ലബുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'വയോമിത്ര"ത്തിന്റെ ഭാഗമായ ഒത്തുചേരലുകൾ വയോജനങ്ങൾക്ക് ആശ്വാസമാണ്. അവരുടെ മാനസികോല്ലാസത്തിനായി കൂടുതൽ പരിപാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണം. വയോജനങ്ങളെ സന്ദർശിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകൾ രൂപീകരിക്കണം.
ഓരോ തദ്ദേശസ്ഥാപനവും ഒരു പകൽവീടെങ്കിലും കൃത്യമായി പ്രവർത്തിപ്പിച്ചാൽ വയോജനങ്ങൾക്ക് ആശ്വാസമാണ്. ഈ ചുമതല തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
? പ്രാപ്തിയുള്ള വയോജനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ പിന്തുണ നൽകാവുന്നതാണല്ലോ.
വയോജനങ്ങളുടെ അനുഭവസമ്പത്തും നൈപുണ്യവും പിൻതലമുറയ്ക്ക് പ്രയോജനപ്പെടത്തക്ക വിധത്തിൽ വയോജനങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാവുന്ന ഒരു പോർട്ടൽ സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്നുണ്ട്. അവർക്ക് സംരംഭകരാകാൻ കഴിയാവുന്ന മേഖലകളിൽ പങ്കാളികളാകാൻ പ്രോത്സാഹനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |