
'തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു കൊള്ളരുതെന്നതു കേട്ടിട്ടില്ലേ..." എന്ന കുഞ്ചൻനമ്പ്യാരുടെ വരികൾ പോലെയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. കൂത്താട്ടുകുളത്ത് നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം വനിതാകൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവമായിരുന്നു അടിയന്തര പ്രമേയത്തിന് ആധാരം. കാലുമാറൽ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അഭിപ്രായവ്യത്യാസമുള്ളവർ രാജിവച്ചു പോവുകയാണ് വേണ്ടതെന്നും പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി, ജനാധിപത്യത്തിനു നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കണോ എന്ന് പ്രതിപക്ഷത്തോട് ചോദ്യവും ഉന്നയിച്ചു.
കലാരാജു എന്ന മഹതി നൽകിയ പരാതിയിൽ, തെറ്രുചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം മുഖ്യൻ പറഞ്ഞപ്പോൾത്തന്നെ വ്യക്തമായി, അടിയന്തര പ്രമേയത്തിന് നടപ്പുവശമില്ലെന്ന്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ വിലയേ ഉള്ളൂവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചത്. വ്യവസായ മന്ത്രിയുടെ നാട്ടിലെ കരുമാലൂർ ഗ്രാമപഞ്ചായത്തിൽ രാവിലെ തങ്ങളുടെ പക്ഷത്തു നിന്ന് കാലുമാറിയ ആളിനെ ഉച്ചകഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റാക്കിയ കഥ സതീശൻ ഉടൻ ഉരചെയ്യുമെന്ന് മുഖ്യനും പ്രതീക്ഷിച്ചില്ല. പക്ഷെ, അപ്പോഴേക്കും സഭയിലെ പിണറായി ഫാൻസുകാർ പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിന് എഴുന്നേറ്റു നിന്ന് തടയിട്ടു.
ഭരണപക്ഷ അംഗങ്ങളുടെ തടസപ്പെടുത്തലിനെപ്പറ്റി സ്പീക്കറോട് പരാതിപ്പെട്ടപ്പോൾ, സ്വയം ശപിക്കും മട്ടിൽ, ട്രഷറി ബെഞ്ചിലേക്കു നോക്കാതെ ഷംസീറിന്റെ നിസഹായ മറുപടി,' എനിക്ക് എന്തുചെയ്യാൻ പറ്റും; പറഞ്ഞിട്ട് ആരും കേൾക്കുന്നില്ല." ബഹളം കൂട്ടിയ ഭരണപക്ഷ അംഗങ്ങളെ അഭിനവ ദുശ്ശാസനന്മാരെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ്,കുറേ നാൾ മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ളയാളെ മാലയിട്ട് പാർട്ടിയിലേക്കു സ്വീകരിച്ച ആരോഗ്യമന്ത്രിക്കും കൊടുത്തു, സൈഡിലൂടെ ഒരു കിക്ക്. പക്ഷെ ഇവിടെയാണ് അനുഭവ സമ്പന്നനായ പി.കെ. കുഞ്ഞാലിക്കുട്ടി ന്യായമായ ഒരു സംശയം ഉയർത്തിയത്. കാലുമാറ്റം തടയാൻ വകുപ്പുണ്ടെങ്കിലും ചുമന്നുകൊണ്ടു പോകാൻ വകുപ്പുണ്ടോ എന്ന്!
കഞ്ചിക്കോട്ട് മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകി നികുതി വകുപ്പ് ഇറക്കിയ ഉത്തരവിലെ വാചകങ്ങൾ ആരുടേതെന്ന കാര്യത്തിൽ പരിണതപ്രജ്ഞനായ തിരുവഞ്ചൂർ രാധാകൃഷ്ണന് തെല്ലുമില്ല സംശയം. ഒയാസിസ് കമ്പനിയുടെ എം.ഡിക്കും ഡയറക്ടർക്കുമല്ലാതെ മറ്റാർക്കെങ്കിലും ഇത്രയും ലക്ഷണമൊത്ത ഒരു ഉത്തരവ് എഴുതാനാവില്ലെന്നും നന്ദിപ്രമേയ ചർച്ചയിൽ അദ്ദേഹം സമർത്ഥിച്ചു. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ 'കാണിക്കവഞ്ചിയിൽ പണം ഇടുംപോലെ"യാണെന്നും, തിരിച്ചെടുക്കാനാവില്ലെന്നും പരിഹസിച്ചു. പഴയ ഗവർണറെ എതിർത്തിട്ട്, പുതിയ ഗവർണറുമായി അനുനയത്തിൽ പോകുന്ന സമീപനത്തെ തിരുവഞ്ചൂർ കളിയാക്കിയത്, 'കാതുകുത്തിയവനെ എതിർക്കാൻ പോയി, കടുക്കനിട്ടവൻ ഇവിടുണ്ട്" എന്നു പറഞ്ഞായിരുന്നു. ചതിയന്മാരുടെ കൂടാരമായി കോൺഗ്രസ് മാറിയതിനെക്കുറിച്ച് ടി.സിദ്ദിഖ് ആലോചിക്കണമെന്ന ഉപദേശമാണ് സാത്വികനായ കെ.ടി.ജലീൽ നൽകിയത്.
'ഇടതുപക്ഷത്തെ പിന്തുണച്ചാൽ സ്വർഗീയം, അവർക്ക് പിന്തുണ കിട്ടിയില്ലെങ്കിൽ വർഗീയം." ലീഗ് അംഗം എൻ. ഷംസുദ്ദീന്റേതാണ് ഈ കണ്ടുപിടിത്തം. എ.സി. മൊയ്തീന്റെ പരിഹാസത്തിനാണ് ഷംസുദ്ദീൻ മറുപടി നൽകിയത്. ജനം വീർപ്പുമുട്ടുമ്പോൾ മുഖ്യനെ പുകഴ്‌ത്തുന്നതും അദ്ദേഹം അതു കേട്ടിരിക്കുന്നതുമാണ് ഷംസുദ്ദീന്റെ നീരസത്തിന് കാരണം. കാരണഭൂതന്റെ രണ്ടാം എപ്പിസോഡാണ് കാവലാളെന്നും അദ്ദേഹം പരിഹസിച്ചു.
രണ്ടുംകൽപ്പിച്ച മട്ടിലായിരുന്നു ഇന്നലെ സി.പി.എമ്മിലെ പി.പി ചിത്തരഞ്ജന്റെ പ്രകടനം. പ്രതിപക്ഷ നേതാവിന്റെ മികവ് ടി.സിദ്ദിഖ് ബോദ്ധ്യപ്പെടുത്തേണ്ടത് കെ. സുധാകരനെയോ രമേശ് ചെന്നിത്തലയെയോ ആവണമെന്നും ചിത്തൻ ഉപദേശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് യു.ഡി.എഫ് ആയിരിക്കുമെന്നതിൽ ചിത്തന് ലവലേശം സംശയമില്ല. പ്രതിപക്ഷ നേതാവ് ആകുന്നത് ലീഗോ കോൺഗ്രസോ എന്നതിൽ മാത്രമേ സംശയമുള്ളൂ. വയനാട്ടിൽ ഡി.സി.സി ട്രഷററുടെ ആത്മഹത്യയും, സുൽത്താൻബത്തേരിയിൽ സഹകരണ സംഘത്തിലേക്ക് പരീക്ഷ എഴുതാത്തവരെ ജയിപ്പിച്ചതുമൊക്കെ പരാമർശിച്ച ചിത്തന്റെ സംശയം, 'വയനാട് എന്താ പ്രത്യേക റിപ്പബ്ളിക്കാണോ" എന്ന്!
കോൺഗ്രസിന് പണമെത്തിക്കുന്ന കർണാടകയിലെ ഡിസ്റ്റിലറി ഉടമകളുടെ പേര് താൻ പറയണോ എന്ന് ചോദ്യമുയർത്തിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ കേട്ട ഭാവം നടിച്ചില്ല. 'അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം" എന്ന നമ്പ്യാർ ഫലിതം ഉദ്ധരിച്ചാണ് എൻ.എ. നെല്ലിക്കുന്ന് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ വിവരിച്ചത്. ഒട്ടും നയമില്ലാത്തതാണ് ഇത്തവണത്തെ നയപ്രഖ്യാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോടുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുമെന്നൊക്കെയുള്ള സർക്കാർ പ്രഖ്യാപനം കേട്ടാൽ 'ഫെവികോളി"ന്റെ പരസ്യം പോലെയാണ് നെല്ലിക്കുന്നിന് തോന്നുക. ആരോഗ്യ വകുപ്പ് ഐ.സി.യുവിലാണ്. ജനങ്ങൾ കാഴ്ചക്കാരല്ല, കാവലാളാണെന്ന് പറയുന്നു; പക്ഷെ റോഡിലെ കുഴികൾക്ക് ജനം കാവൽ നിൽക്കുന്ന സ്ഥിതിയാണെന്നും നെല്ലിക്കുന്നിന്റെ കളിയാക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |