
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം, സംസ്ഥാനത്തിന് അവകാശപ്പെട്ട കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചതാണെന്ന് സംസ്ഥാന മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങൾക്കു മേൽ കേന്ദ്രം 'നെറ്റ് ബോറോയിംഗ് സീലിംഗ്" (പരമാവധി വായ്പയെടുക്കൽ നിയന്ത്രിക്കൽ) ഏർപ്പെടുത്തിയത് ഏതു സാഹചര്യത്തിലാണ്? സംസ്ഥാന താത്പര്യങ്ങൾ പരിഗണിക്കാതെ ഇത്തരം നിയന്ത്രണം അടിച്ചേല്പിക്കുന്നത് ശരിയോ? ഇത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളുമായുള്ള പരസ്പര ബഹുമാനം ഉറപ്പാക്കുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ലേ? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് ഈ കുറിപ്പിൽ.
2018-ലും തൊട്ടടുത്ത വർഷവുമുണ്ടായ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളും കൊവിഡും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും, കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്തു.
2018 മാർച്ചിലെ ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്മെന്റ് (എഫ്.ആർ.ബി.എം) ആക്ട് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും മൊത്തം കടം, സാമ്പത്തിക വർഷാവസാനത്തോടെ 2024- 25 കാലയളവിൽ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അറുപത് ശതമാനത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് ബാദ്ധ്യതയുണ്ട്.
2023 മാർച്ച് 27-ലെ ലെറ്റർ നമ്പർ 40 (1)/PF-S/2023-24-ലൂടെ, നിയമപ്രകാരം സംസ്ഥാനത്തിന് കഴിയുന്ന പരമാവധി വായ്പയെടുക്കൽ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കേരള സംസ്ഥാനത്തിനു മേൽ 'നെറ്റ് ബോറോയിംഗ് സീലിംഗ്' (NBC) ഏർപ്പെടുത്തി. 2023- 24 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) മൂന്നു ശതമാനമാണ് ഈ പരിധി. ഓപ്പൺ മാർക്കറ്റ് വായ്പകൾ, ധനകാര്യ സ്ഥാപന വായ്പകൾ, സംസ്ഥാനത്തിന്റെ പൊതു അക്കൗണ്ടിന്മേലുള്ള ബാദ്ധ്യതകൾ എന്നിവ ഉൾപ്പെടെ എല്ലാ കടമെടുക്കൽ മാർഗങ്ങളും എൻ.ബി.സി ഇപ്പോൾ ഉൾക്കൊള്ളുന്നു. കൂടാതെ, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴി വായ്പയെടുക്കുന്ന പരിധി മറികടക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങളെ തടയുന്നതിനായി ഈ സ്ഥാപനങ്ങളുടെ ചില വായ്പകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഈ വിഷയത്തിലെ
ആദ്യ കേസ്
ഇത്തരത്തിൽ ഒരു 'നെറ്റ് ബോറോയിംഗ് സീലിംഗ്' ഏർപ്പെടുത്തിയത് സംസ്ഥാനത്തിന്റെ നിക്ഷേപ പ്രവർത്തനങ്ങൾക്കും മറ്റ് വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കും തടസം സൃഷ്ടിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഇന്ത്യൻ യൂണിയനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അനുച്ഛേദം 293 വ്യാഖ്യാനത്തിനായി വരുന്ന ആദ്യ കേസാണിത്. ഈ അനുച്ഛേദം അനുസരിച്ച് കൺസോളിഡേറ്റഡ് ഫണ്ടിന്റെ സെക്യൂരിറ്റിയിലും ഗ്യാരണ്ടിയിലും വായ്പയെടുക്കാൻ സംസ്ഥാനത്തിനു നൽകിയിട്ടുള്ള എക്സിക്യുട്ടീവ് അധികാരത്തിൽ കടന്നുകയറ്റം നടത്തുന്നതായി കേരളം ഇതിൽ ആരോപിക്കുന്നു.
അനുച്ഛേദം 293 സംസ്ഥാനങ്ങളുടെ കടമെടുക്കൽ അധികാരങ്ങൾ ഇനി പറയും വിധം പ്രതിപാദിക്കുന്നു:
(1) ഈ അനുച്ഛേദത്തിലെ വ്യവസ്ഥകൾക്കു വിധേയമായി, ഒരു സംസ്ഥാനത്തിന്റെ നിയമനിർമ്മാണ പരിധിയിൽ നിന്നുകൊണ്ട് കാലാകാലങ്ങളിൽ നിയമപ്രകാരം നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയുടെ സെക്യൂരിറ്റിക്കു മേൽ രാജ്യത്തിനകത്ത് കടം വാങ്ങുന്നതിനും അങ്ങനെ നിശ്ചയിക്കാവുന്ന പരിധിക്കുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഗ്യാരണ്ടികൾ നൽകുന്നതിനും സംസ്ഥാനത്തിന്റെ നിർവാഹക അധികാരം വ്യാപിച്ചുകിടക്കുന്നു.
(2) പാർലമെന്റ് നിർമ്മിക്കുന്ന ഏതെങ്കിലും നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി ഏതെങ്കിലും സംസ്ഥാനത്തിന് വായ്പ നൽകുകയോ 292-ാം അനുച്ഛേദം നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പരിധികൾ ലംഘിക്കാത്തിടത്തോളം കാലം ഏതെങ്കിലും സംസ്ഥാനം ഉയർത്തുന്ന വായ്പകൾക്ക് ഗ്യാരണ്ടികൾ നൽകുകയോ ചെയ്യാം. അത്തരം വായ്പകൾ നൽകുന്നതിന് ആവശ്യമായ ഏതെങ്കിലും തുകകൾ ഇന്ത്യയുടെ സഞ്ചിതനിധിയിൽ നിന്ന് ഈടാക്കേണ്ടതുമാണ്.
(3) ഇന്ത്യാ ഗവൺമെന്റോ മുൻഗാമിയായ ഗവൺമെന്റോ സംസ്ഥാനത്തിനു നൽകിയിട്ടുള്ളതോ ഗ്യാരണ്ടി നൽകിയിട്ടുള്ളതോ ആയ വായ്പയുടെ ഏതെങ്കിലും ഭാഗം കുടിശ്ശികയുണ്ടെങ്കിൽ ഒരു സംസ്ഥാനത്തിനും ഇന്ത്യാ ഗവൺമെന്റിന്റെ സമ്മതമില്ലാതെ വായ്പയെടുക്കാൻ കഴിയില്ല.
(4) ഇന്ത്യൻ സർക്കാർ ചുമത്താൻ ഉചിതമെന്നു കരുതുന്ന വ്യവസ്ഥകളുണ്ടെങ്കിൽ അവയ്ക്കു വിധേയമായി ക്ലോസ് (3) പ്രകാരം ഒരു സമ്മതം നൽകാം: 'ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293 (4) പ്രകാരം അനുവദിച്ചിരിക്കുന്ന വിശാലമായ വിവേചനാധികാരം, സംസ്ഥാനങ്ങളുടെ കടമെടുപ്പിന് വ്യവസ്ഥകൾ ചുമത്താൻ കേന്ദ്ര ഗവൺമെന്റിനെ അനുവദിക്കുന്നു. വായ്പയെടുക്കുന്ന കാര്യത്തിൽ കേന്ദ്രം സ്വയം നിയന്ത്രിക്കുകയും എഫ്.ആർ.ബി. എം നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള പരിധിയിൽ സംസ്ഥാനത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഏകീകരണം നിലനിറുത്തുന്നതിന് അത്യാവശ്യമാണ്.
ഫെഡറലിസം
സുപ്രധാനം
അതേസമയം, ശരിയായ മാർഗനിർദ്ദേശങ്ങളുടെ അസാന്നിദ്ധ്യത്തിൽ, ഇത്തരം അധികാര വിനിയോഗം ധനക്കമ്മി പരിഹരിക്കാനും വികസന നയങ്ങൾ നടപ്പിലാക്കാനുമുള്ള സംസ്ഥാനങ്ങളുടെ കഴിവ് പരിമിതപ്പെടുത്തുന്നതിലൂടെ ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക വെല്ലുവിളികൾ കൂടുതൽ വഷളാക്കും- പ്രത്യേകിച്ച്, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ വിശാലമായ അധികാരം സംസ്ഥാനത്തിന്റെ അഭിപ്രായങ്ങളും അവസ്ഥകളും കണക്കിലെടുക്കാതെ ഉപയോഗിക്കുമ്പോൾ അത് രാജ്യത്തെ ഫെഡറൽ വ്യവസ്ഥിതിയെയും പ്രതികൂലമായി ബാധിക്കും. ഈ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ കേഷമത്തിനും പുരോഗതിക്കും വേണ്ടി വായ്പാ ആവശ്യം കേന്ദ്രം നിരസിക്കുകയോ, അതിൽ കാലതാമസം വരുത്തുകയോ വ്യവസ്ഥകൾ ഏർപ്പെടുത്തുകയോ ചെയ്യരുത്.
കേരളം സുപ്രീംകോടതിയിൽ നൽകിയ കേസിൽ, ധനപരമായ വികേന്ദ്രീകരണം ഇന്ത്യൻ ഫെഡറലിസത്തിന്റെ ഒരു വശമാണോ, എങ്കിൽ, രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം നിലനിറുത്തുന്നതിനായി കേന്ദ്രം സ്വീകരിച്ച കുറ്റകരമായ നടപടികൾ ഫെഡറലിസത്തിന്റെ അത്തരം തത്വങ്ങൾ ലംഘിക്കുന്നണ്ടോ, പ്രകടമായ ഏകപക്ഷീയതയുടെ അടിസ്ഥാനത്തിലാണോ അതോ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പതിക്കാരനോടുള്ള വ്യത്യസ്തമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണോ ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ ലംഘനം... തുടങ്ങി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫെഡറൽ ഭരണ സംവിധാനത്തെ ബാധിക്കുന്ന സുപ്രധാനമായ വിവിധ ചോദ്യങ്ങൾ പരിഗണനയ്ക്കു വരുന്നതിനാൽ കേസ് അഞ്ച് ജഡ്ജിമാർ അടങ്ങുന്ന വിശാലബെഞ്ചിന്റെ വിധിക്കായി റഫർ ചെയ്തിരിക്കുകയാണ്.
വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുകയും, സാമ്പത്തിക സഹായം നൽകുകയും, ധനപരമായ ഫെഡറലിസം നിലനിറുത്തുകയും ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരുകളെ പിന്തുണയ്ക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ട്. ദേശീയ വികസനത്തിനായുള്ള ഏകോപനവും സഹകരണവും സുഗമമാക്കുകയും, അടിയന്തര സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോൾ അത് സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെ മാനിച്ചുകൊണ്ടു വേണം.
സന്തുലിതമാകണം
കേന്ദ്ര സമീപനം
സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ വെളിച്ചത്തിൽ ഭരണഘടനയുടെ അനുഛേദം 293-ന്റെ വ്യക്തമായ വ്യാഖ്യാനം ഈ ഘട്ടത്തിൽ അനിവാര്യമാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സമ്മതത്തോടെ വായ്പയെടുക്കാൻ ഈ വ്യവസ്ഥ അനുവദിക്കുമ്പോൾ ചുമത്തുന്ന വ്യവസ്ഥകൾ പലപ്പോഴും അവരുടെ സാമ്പത്തിക സ്വയംഭരണത്തെ പരിമിതപ്പെടുത്തുകയും, വികസന ശ്രമങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്ക് അമിതമായ കേന്ദ്ര നിയന്ത്രണങ്ങളില്ലാതെ സംസ്ഥാന താത്പര്യങ്ങൾ പരിഗണിച്ച് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കാനാവുമെന്ന് ഉറപ്പാക്കുന്നതിന് സമതുലിതമായ സമീപനം ആവശ്യമാണ്, അതുവഴി തുല്യവും ഫലപ്രദവുമായ സഹകരണ ഫെഡറലിസം ശക്തിപ്പെടുത്താനും സാധിക്കും.
(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസിലെ അസിസ്റ്റന്റ് പ്രൊഫസർമാരാണ് ലേഖികമാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |