SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

പുതുവർഷത്തിലും ചോരക്കറമായതെ കണ്ണൂരിലെ നിരത്തുകൾ

a

പുതുവർഷം തുടങ്ങി 23 ദിവസം പിന്നിടുമ്പോഴേക്കും കണ്ണൂരിൽ നടന്ന വാഹനാപകട മരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ജനുവരിയിൽ മാത്രം ജില്ലയിലുണ്ടായ വിവിധ വാഹനാപകടത്തിൽ 11 ജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച കെ.എസ്.ടി.പി റോഡ് പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് സമീപം ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരിണാവ് സ്വദേശിനികളായ രണ്ട് സ്ത്രീകളും മരിക്കുകയും ഒരു കുട്ടിയടക്കം നാലുപേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇതിന് ഒരു ദിവസം മുമ്പാണ് മട്ടന്നൂർ-തലശ്ശേരി റോഡിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും കാറിലും ആംബുലൻസിലും ഇടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റത്. വാഹനപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനക്കിറങ്ങിയിട്ടും അപകടങ്ങളിൽ കുറവില്ല. ജില്ലയിൽ ഈ മാസം നടന്ന ഭൂരിഭാഗം അപകടങ്ങൾക്ക് പിന്നിലും അമിത വേഗതയോ റോഡിലെ സാഹസികതയോ അല്ലെന്നതും മറ്റൊരു വസ്തുതയാണ്.

കൂത്തുപറമ്പിൽ അടുത്തിടെയുണ്ടായ അപകടത്തിൽ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) മരിച്ചതാണ് മറ്റൊരു സംഭവം. മട്ടന്നൂർ ഉളിയിൽ കാറും ബസും കൂട്ടിയിയിച്ച് രണ്ടുപേരും മരിച്ചു. വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാറിൽ സ്വകാര്യ ബസിടിച്ച് പ്രതിശ്രുത വരന്റെ അമ്മയും ബന്ധുവുമാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ പത്തിന് കണ്ണൂർ ടൗണിൽ തളാപ്പിൽ ഡിവൈഡറിൽ ഇടിച്ചു മറി‍ഞ്ഞ് ബൈക്കിൽ നിന്നും തെറിച്ചുവീണ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചതാണ് മറ്റൊരു സംഭവം. തലശ്ശേരിയിൽ 11ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറി മരിച്ചിരുന്നു. മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതും രണ്ടാഴ്ചയ്ക്കിടയിലാണ്. പെരളശ്ശേരി കമാനം സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിനു പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എട്ടു പേർക്ക് പരുക്കേറ്റതും ഇതേ കാലയളവിൽ തന്നെ.

നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിൽ സ്കൂട്ടറിടിച്ച് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരന്റെ മരണവും ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ പിലാത്തറ സ്വദേശി മരിച്ചതും പുതുവർഷപ്പിറവിയുടെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു. ചെങ്ങളായി വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി നേദ്യ എസ്. രാജേഷ് മരിച്ചതും ജനുവരിയിലെ ഞെട്ടിച്ച ദുരന്തങ്ങളിലൊന്നായിരുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. വാഹനാപകടങ്ങൾ കുറക്കുന്നതിനാവശ്യമായ വിശദപദ്ധതി തയ്യാറാക്കി വരികയാണെന്ന് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബി.സാജു പറഞ്ഞു. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ 2700 അപകടങ്ങളാണുണ്ടായത്. അതിൽ 212 മരണങ്ങളുണ്ടായി. 1500 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

നിരത്തുകളിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മോട്ടോർവാഹനവകുപ്പും പൊലീസും സംയുക്തമായി നടപടി സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറെ ആഴ്ചകളായി വാഹന പരിശോധനയും ജില്ലയിൽ നടക്കുന്നുണ്ട്. ഒപ്പം നിരത്തുകളിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ആളുകളിൽ ബോധവത്ക്കരണവും നടത്തിവരുന്നു. നടപടികൾ ശക്തമാക്കുമ്പോഴും റോഡ് നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു വിഭാഗം ആളുകളാണ് പലപ്പോഴും വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്തിടെ വാഹനാപകടങ്ങൾ കൂടി വരുന്നതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ബ്ളാക്ക് സ്പോട്ടുകൾ

തിരിച്ച് പരിശോധന

അതിതീവ്ര അപകടമേഖലകളെ ബ്ളാക്ക് സ്പോട്ടുകളാക്കി തിരിച്ച് റോഡ് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുകയാണ്. ഡിസംബർ 17ന് തുടങ്ങിയ പരിശോധനയിൽ ഇതിനകം 1500 ന് മുകളിൽ ത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിഴയിനത്തിൽ 20 ലക്ഷമാണ് നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. ജില്ലയിലെ ആകെയുള്ള 27 ബ്ളാക്ക് സ്പോട്ടുകളിൽ 24 ഇടത്തും പരിശോധന പൂർത്തിയാക്കി. മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ കണക്ക് പ്രകാരം 2019ൽ ജില്ലയിൽ അതിതീവ്ര 37 അപകട മേഖലകളാണ് ഉണ്ടായിരുന്നത്. അഞ്ചുവർഷത്തിനിപ്പുറം ഇത് 27 എണ്ണമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ബാക്കിയുള്ള 27 ബ്ളാക്ക് സ്പോട്ടുകളിലും പഴയ സ്ഥിതി തുടരുകയാണ്. റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ മാത്രം ഇത്തരത്തിൽ അഞ്ഞൂറോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, ഇൻഷുറൻസ് ഇല്ലാത്തത്,​ കൃത്യമല്ലാത്ത നമ്പർ പ്ലേറ്റ് / മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ എന്നിങ്ങനെ ഗുരുതര വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

പ്രധാന ബ്ലാക്ക് സ്പോട്ടുകൾ

ഗാന്ധി സർക്കിൾ(കാൾക്‌സ്), കൊയ്ലി ആശുപത്രി ബസ് കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കുളം ഗുരുമന്ദിരം, കണ്ണൂർ എസ്.എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം, പുതിയതെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾ ബൂത്ത് കവല, വളപട്ടണം പാലം, തലശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ന്യൂമാഹി പുന്നോൽ ബസ് കാത്തിരിപ്പ് കേന്ദ്രം, കുപ്പം പാലം, തളിപ്പറമ്പ് ഏഴാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, പുഷ്പഗിരി ബസ് കാത്തിരിപ്പ് കേന്ദ്രം, ബക്കളം ബിലാൽ ജുമാ മസ്ജിദ്, പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പെരുമ്പ ജുമാ മസ്ജിദ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം, പാപ്പിനിശേരി ചുങ്കം റെയിൽവേ മേൽപ്പാലം, മുട്ടിൽ റോഡ് കവല, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്ജിദ് പരിസരം, മാങ്ങാട് ജുമാ മസ്ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പ് കേന്ദ്രം, കൂത്തുപറമ്പ് മമ്പറം റോഡിലെ താഴെ കായലോട് റോഡ്, ഇരിട്ടി മേഖലയിലെ ജബ്ബാർ കടവ് പായം റോഡ് എന്നിവയാണ് ജില്ലയിലെ ബ്ലാക്ക് സ്പോട്ടുകൾ.

വീഴ്ചകൾക്ക് കർശന നടപടി

റോഡുകളിൽ വേഗത നിയന്ത്രിച്ചുകൊണ്ടുള്ള ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടാലും പലരും അത് ഗൗരവകരമായി കാണാതെ അമിതവേഗത്തിൽ പോകുന്നത് പതിവാണെന്ന് അധികൃതർ പറഞ്ഞു. ഭൂരിഭാഗം അപകടങ്ങളുടെയും പ്രധാന കാരണം അമിത വേഗതയാണ്. എതിർദിശയിൽ നിന്നും വാഹനം വരുന്നത് കണ്ടാലും പലരും അമിത വേഗത്തിലാണ് വാഹനം ഓടിക്കുന്നത്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, പഞ്ചായത്ത് റോഡ്,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിയമപരമായി പാലിക്കേണ്ട സ്പീഡ്ലിമിറ്റുണ്ട്. അത്തരത്തിലുള്ള നിയമങ്ങളും പലരും പാലിക്കുന്നില്ല. അതുപോലെ പലരും ശ്രദ്ധിക്കാത്ത ഒന്നാണ് റോഡിലെ വരകൾ. വരകൾ ശ്രദ്ധിക്കാതെ ഓവർടേക്ക് ചെയ്യുന്നത് പലരുടെയും ശീലമാണ്. മദ്യപിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടും വാഹനം ഓടിക്കുന്നതും അധികൃതർ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളിൾ അനധികൃത എക്സ്ട്രാ ഫിറ്റിംഗ്സുകൾ പുറമേ വിവിധ ലൈറ്റുകളും ഹോണുകളുമെല്ലാം ഘടിപ്പിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ആവശ്യമായ നിയമം ബോധവത്ക്കരണ പരിശീലത്തിന് കൊണ്ടുപോകുകയുമാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION