SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

കൂത്താട്ടുകുളത്തെ രാഷ്ട്രീയക്കൂത്ത്

a

സംസ്ഥാനത്ത് നിലവിലെ പ്രാദേശിക ഭരണസമിതികൾ അവസാന ലാപ്പിലാണ്. ഈ വർഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജനങ്ങളുമായി നേരിൽ സംവദിക്കേണ്ടവരാണ് പഞ്ചായത്ത്, നഗരസഭാ പ്രതിനിധികൾ. വാർഷിക പദ്ധതി പ്രഖ്യാപിച്ച് വികസനക്ഷേമ പ്രവർത്തനങ്ങൾ ഊ‌ർജിതമാക്കേണ്ട സമയമാണ്. എന്നാൽ അവിശ്വാസവും കൂറുമാറ്റവും കൈയാങ്കളിയുമടക്കം രാഷ്ട്രീയ തെരുക്കൂത്തുകളാണ് പലയിടത്തും നടക്കുന്നത്. ഇതിന്റെ മാരകവേർഷനാണ് കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നടന്നത്. കൂറുമാറ്റം സംശയിച്ച് കലാ രാജു എന്ന വനിതാ കൗൺസിലറെ നഗരമദ്ധ്യത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. സി.പി.എം. അംഗമായ കലയെ സ്വന്തം പാർട്ടിക്കാർ തന്നെയാണ് ബലം പ്രയോഗിച്ച് കടത്തിയത്. ദേഹോപദ്രവവും വസ്ത്രാക്ഷേപവും നടത്തി. പാർട്ടി ഓഫീസിൽ തടങ്കലിൽ വച്ചു. അവിശ്വാസത്തിൽ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സംശയത്തിലായിരുന്നു അറ്റകൈ പ്രയോഗം. നാടകങ്ങൾ ഇനിയും തുടരമെന്നാണ് സൂചന. രാഷ്ട്രീയ ധാർമ്മികതയുടെ വിഷയങ്ങളും അതോടനുബന്ധിച്ച് ചർച്ചചെയ്യുന്നുണ്ട്.

പരാക്രമം സ്ത്രീയോ‌ട്

''സ്ത്രീയെന്ന പരിഗണന പോലും നൽകാതെ എന്റെ സാരി വലിച്ചു കീറി വലിച്ചിഴയ്ക്കുകയായിരുന്നു സി.പി.എം. പ്രവർത്തകർ. തൂക്കിയെടുത്ത് അവരുടെ വണ്ടിയിലേക്ക് എറിഞ്ഞു. കാലുകൾ ഡോറിന്റെ ഇടയിൽ കുരുങ്ങി വേദനിച്ചപ്പോൾ, പാർട്ടി ഓഫീസിലെത്തിയിട്ട് വെട്ടിമുറിച്ച് തരാമെന്നാണ് വണ്ടിയിലുണ്ടായിരുന്ന പയ്യൻ പറഞ്ഞത്...''

റാഞ്ചലിന് ഇരയായ കലാ രാജു ആശുപത്രിയിൽ വച്ച് പറഞ്ഞ വാക്കുകളാണിത്. സ്ത്രീസുരക്ഷയേക്കുറിച്ച് അതിഘോരം പറയുന്ന പാർട്ടിയുടെ സഖാക്കളെക്കുറിച്ചാണ് ഈ ആരോപണം. അതിക്രമങ്ങൾ പലതും ക്യാമറകൾക്ക് മുന്നിൽ നടന്നതായിനാൽ ചെയ്തവർക്ക് ഒഴിഞ്ഞുമാറാനായില്ല. പ്രാദേശിക സി.പി.എം നേതാക്കളടക്കം അറസ്റ്റിലായി. തട്ടിക്കൊണ്ടുപോകലിനിടെയുണ്ടായ കൈയാങ്കളിയിൽ യു.ഡി.എഫ് നേതാക്കളും പ്രതികളായി.

കൂത്താട്ടുകളും നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിടനിരിക്കേയാണ് നായകീയ സംഭവങ്ങളുണ്ടായത്. സി.പി.എം അംഗമായ കലാ രാജു കൂറുമാറി വോട്ടുചെയ്യുമെന്ന ധാരണയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കലയും മറ്റൊരു സ്വതന്ത്ര അംഗവും യു.ഡി.എഫിനെ തുണച്ചാൽ എ..ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമാകുമായിരുന്നു. എന്നാൽ ബഹളത്തിനിടെ അവിശ്വാസ ചർച്ചകൾ അന്ന് അലസി.

പശ്ചാത്തലം

സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്തത് സംബന്ധിച്ച് കലാ രാജുവിന് ബാദ്ധ്യതകളുണ്ടായിരുന്നു. ഇത് പരിഹരിച്ചുകൊടുക്കാമെന്ന് വാക്കുനൽകി യു.ഡി.എഫ് അവരെ ചാക്കിട്ടതായാണ് ഇടതുപക്ഷത്തിന് ലഭിച്ച വിവരം. ഇത് അവിശ്വാസത്തിൽ കൂറുമാറാനുള്ള കുതിരക്കച്ചവടം ഇതിൽ നടന്നുവെന്നാണ് സി.പി.എമ്മിന്റെ ഉറച്ച വിശ്വാസം. അവിശ്വാസത്തിന് മുമ്പ് മൂന്നുനാലു ദിവസം കലാ രാജു നാട്ടിൽ നിന്ന് മാറിനിന്നതും സ്വന്തം പാർട്ടിക്കാർ സംശയത്തോടെയാണ് കണ്ടത്. ഇവർ യു.ഡി.എഫിന്റെ ത‌‌ടങ്കലിലായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ഇത് അസംബന്ധമാണെന്ന് കല പറയുന്നു. മാറി നിന്നു എന്നു പറയുന്നതിൽ ഒരു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റ് ദിവസങ്ങളിൽ മരണാവശ്യവുമായി ബന്ധപ്പെട്ട് ബന്ധുവീട്ടിലായിരുന്നു. ബാങ്ക് വായ്പാ ബാദ്ധ്യതകളേക്കുറിച്ച് സി.പി.എം. വേദികളിൽ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്നാൽ സഹായമുണ്ടായില്ല. വീട് വിറ്റ് കടം തീർത്തിരുന്നതായാണ് കല വിശദീകരിക്കുന്നത്. അതിനിടെ സി.പി.എം. ജില്ലാ നേതൃത്വം മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒരു വീഡിയോ പുറത്തു. തട്ടിക്കൊണ്ടു പോയെന്നു പറയുന്ന ദിവസം കലാ രാജുവിനെ എത്തിച്ച ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് എടുത്തതാണ് വിഡീയോ. യു.ഡി.എഫ് തനിക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കലാ രാജു ഇതിൽ പറയുന്നുണ്ട്. എന്നാൽ കത്തി മുനയിൽ നിന്ന് സഖാക്കൾ ഇത് പറയിപ്പിച്ചതാണെന്നതാണ് കലയുടെ വാദം. ഏതായാലും ഇരുപക്ഷത്തു നിന്നും അറസ്റ്റുകൾ തുടരുകയാണ്. കേസ് കോടതിയിലും എത്തിയിട്ടുണ്ട്.

ധാർമ്മിക ചർച്ചകൾ

കൂത്താട്ടുകുളം അവിശ്വാസ പ്രമേയപ്രശ്നം നിയമസഭയിലും ചർച്ചയായി. അടിയന്തരപ്രമേയ ചർച്ചയ്ക്ക് പ്രതിപക്ഷം ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. കൂറുമാറ്റം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ധാർമ്മികതയുണ്ടെങ്കിൽ രാജി വച്ചശേഷം മറുകണ്ടം ചാടുകയാണ് വേണ്ടിയിരുന്നതെന്നുമാണ് മുഖ്യമന്ത്രി അന്ന് സഭയിൽ പറഞ്ഞതിന്റെ രത്നച്ചുരുക്കം. എന്നാൽ ഇത്തരം ധാർമ്മികതയൊന്നും കൂടാതെ എൽ.ഡി.എഫുകാർ പലയിടത്തും ഭരണം പിടിച്ചതിന്റെ കണക്കുകൾ മാദ്ധ്യമങ്ങൾ കുത്തിപ്പൊക്കി. നിലവിൽ 21 തദ്ദേശസ്ഥാപനങ്ങളിലാണ് ഇത്തരം അവിയൽ ഭരണമുള്ളത്. മറ്റു പാർട്ടി ചിഹ്നങ്ങളിൽ ജയിച്ചവരെ ചട്ടുകമാക്കിയാണ് ഈ ഓപ്പറേഷനുകൾ നടത്തിയിട്ടുള്ളത്. ഇതിന് പിന്നിലും ഭീഷണിയും പ്രലോഭനങ്ങളും സാമ്പത്തിക ഇടപാടുകളും സംശയിക്കാവുന്നതാണ്. സമാനമായ സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ അമ്മയെ പണ്ട് സി.പി.എം പ്രവ‌ർത്തകർ മർദ്ദിച്ചതിന്റെ കഥയും പുറത്തുവന്നു. പത്തനംതിട്ട നഗരസഭയിൽ 2007ൽ ഉണ്ടായ അവിശ്വാസ വോട്ടെടുപ്പിനിടെയാണ് വീണയുടെ അമ്മ റോസമ്മ കുര്യാക്കോസിന് മർദ്ദനമേറ്റത്. വസ്ത്രം വലിച്ചുകീറിയെന്ന ആരോപണം അവിടേയും ഉണ്ടായിരുന്നു.

അധികാരം കിട്ടുമെന്നാകുമെങ്കിൽ ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്താൻ ഒരു കക്ഷിക്കും മടിയില്ലെന്നർത്ഥം.

കൂറുമാറ്റവും കുതിരക്കടവും നേരിടാൻ നിയമപരമായ വഴികളുണ്ടെന്നിരിക്കേ, അക്രമത്തിന്റെ പാത തേടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പു വ‌ർഷത്തിലെങ്കിലും വോട്ടർമാർ ക്ഷേമഭരണം ആഗ്രഹിക്കുന്നുണ്ട്, അത് അർഹിക്കുന്നുണ്ട്. തദ്ദേശ ജനപ്രതിനിധികൾ അത് വിസ്മരിച്ചാൽ സ്വന്തം കൊമ്പ് മുറിച്ചിടുന്നതിന് തുല്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION