
അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സമ്പദ് വ്യവസ്ഥ ഉണർത്താനുതകുന്ന നയങ്ങളും പദ്ധതികളും ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാര്യങ്ങൾ അത്ര നല്ലനിലയിലല്ലെന്നത് എല്ലാവരും അംഗീകരിക്കുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങൾ സാമ്പത്തിക ആസൂത്രകരെയും വിദഗ്ദ്ധരെയും ബിസിനസ് സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിലൊന്ന്, രാജ്യം മാന്ദ്യത്തിലേക്ക് വഴുതിവീണുവെന്നതാണ്. വളർച്ചാ മുരടിപ്പാണ് മറ്റൊരു പ്രധാന പ്രശ്നം.
നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടത് ഈവർഷം രാജ്യം 7.3 ശതമാനം വളർച്ച നേടുമെന്നാണ്. ഫലം നേർവിപരീതമായിരുന്നു. രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ച 5.4 ശതമാനം മാത്രമാണ്. പ്രതീക്ഷിത വളർച്ച ഏകദേശം ഏഴ് ശതമാനമായിരുന്നു. റിസർവ് ബാങ്ക് അടക്കമുള്ള ഏജൻസികൾ പ്രവചിച്ചിരുന്നതും ഏഴു ശതമാനം വളർച്ച തന്നെ. എന്നാൽ, കഴിഞ്ഞ ഏഴു പാദങ്ങളിൽ ഏറ്റവും കുറഞ്ഞ വളർച്ചയാണ് രണ്ടാം ത്രൈമാസത്തിൽ ഉണ്ടായത്. ആദ്യപാദത്തിലെ 6.7 ശതമാനവുമായും, കഴിഞ്ഞവർഷം ഇതേ കാലയളവിലെ എട്ട് ശതമാനവുമായും താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ ഇടിവാണ്. ഈ കാലയളവിലെ വ്യാവസായിക വളർച്ച കഴിഞ്ഞ വർഷത്തെ 14.3 ശതമാനത്തിൽ നിന്ന് 3.9 ശതമാനമായി മൂക്കുകുത്തി.
ഇപ്പോൾ നേരിടുന്ന മാന്ദ്യത്തിന് പല കാരണങ്ങളും ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങൾ ഒഴികെയുള്ളവയ്ക്ക് ആളുകൾ പണം ചെലവഴിക്കുന്നത് കുറഞ്ഞു. രാജ്യത്ത് പലിശനിരക്ക് ഉയർന്നു നിൽക്കുന്നു. കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം ചുരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കവും മൂലധന നിക്ഷേപത്തെ ബാധിക്കുന്നു. നഗര ഉപഭോഗത്തിൽ വന്ന ഇടിവ്, പ്രതികൂല കാലാവസ്ഥ, വർദ്ധിക്കുന്ന തൊഴിലില്ലായ്മ, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയവയെല്ലാം മാന്ദ്യത്തിന് കാരണമാകുന്നു.
ഉത്പാദന മേഖലകളിലെ വില്പനയും ആദായവും മന്ദഗതിയിലാണ്. രാജ്യത്തെ വ്യാപാരക്കമ്മി റെക്കാഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണ്.
നടപ്പുവർഷത്തെ ജി.ഡി.പി വളർച്ച 6.5 ശതമാനമായി ഇടിയുമെന്ന് സാമ്പത്തികവിദഗ്ദ്ധർ മാത്രമല്ല, റിസർവ് ബാങ്കും അന്താരാഷ്ട്ര നാണയ നിധിയുമടക്കം കഴിഞ്ഞദിവസം വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, നിരക്ക് യുദ്ധങ്ങൾ, ട്രംപിന്റെ അപ്രവചനീയമായ നയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 6.5 ശതമാനമെന്ന സാദ്ധ്യതയിലും ഇതേ എജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഡിമാൻഡ് സൃഷ്ടിക്കുന്നതിനായി ചെലവിടൽ നടത്തുക, അടിസ്ഥാനസൗകര്യ വികസനത്തിനായി പണം ചെലവിടുക, തൊഴിലവസരങ്ങൾ ഉയർത്തുക, ഇതിനായി തൊഴിലാളികളുടെ നൈപുണ്യവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിപാടികൾ ഏറ്റെടുക്കുക തുടങ്ങിയ പരിഹാര നടപടികളാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ഇത്തരം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നടപ്പുവർഷം 6.5 ശതമാനം വളർച്ച എന്നതുതന്നെ വലിയ വെല്ലുവിളിയാകുമെന്നാണ് അനുമാനം.
കേന്ദ്ര ധനമന്ത്രി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കലിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം, മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്കിന് അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികൾ ഉറപ്പാക്കണമെന്നതാണ്. ഇതിനു പുറമെ, സംസ്ഥാനത്തിന്റേതായ പ്രത്യേക പ്രശ്നങ്ങളും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും, വയനാട് പുനരധിവാസത്തിന് പ്രത്യേക സഹായവും കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നതും പ്രധാന ആവശ്യങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്.
24,000 കോടിയുടെ
പ്രത്യേക പാക്കേജ്
സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യു ചെലവിന്റെ 62 ശതമാനവും സ്വന്തം വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ജി.എസ്.ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്ക്കൽ തുടങ്ങിയവ മൂലം നേരിടുന്ന വലിയ ബുദ്ധിമുട്ടും പണക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാകും വിധത്തിലുള്ള പാക്കേജാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വയനാടിന്
2000 കോടി
വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബഡ്ജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാൻ കേന്ദ്രം ബാദ്ധ്യസ്ഥമാണ്. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്തബാധിതർക്കായി വീടുകളും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും അടക്കമുള്ള ടൗൺഷിപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
വിഴിഞ്ഞത്തിന്
വികസന ധനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളത്തിന്റെ പ്രതീക്ഷയാണ്. തുറമുഖത്തേക്കുള്ള റെയിൽപ്പാത, തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീഫുഡ് പാർക്ക്, ലോജിസ്റ്റിക് ആൻഡ് ഫിഷ് ലാൻഡിംഗ് സെന്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ പ്രയോജനം ലഭിക്കൂ. ഇതിന് സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണ്.
പി.പി.പി മാതൃകയിൽ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867കോടിയിൽ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാനമാണ്. ഇതിനായി ധനകാര്യമന്ത്രാലയം 817.80 കോടി രൂപ വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) അനുവദിച്ചിരുന്നു. എന്നാൽ കേരള സർക്കാർ നെറ്റ് പ്രെസന്റ് വാല്യു (എൻ.പി.വി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വി.ജി.എഫ് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.വി.ജി.എഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി എൻ.പി.വി മാതൃകയിൽ തിരിച്ചടയ്ക്കാൻ 10,000 മുതൽ 12,000 കോടി രൂപ വരെ വേണ്ടിവരും. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
വായ്പാ പരിധി
ഉയർത്തണം
അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ഈ വർദ്ധന ഉപാധിരഹിതമാക്കണം. ഊർജ്ജമേഖലയിലെ പരിഷ്കരണങ്ങൾക്കായി അനുവദിച്ച അരശതമാനം അധിക വായ്പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ എടുക്കുന്ന വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട് തിരുത്തുകയും വേണം.
ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം ചെലവ് വഹിക്കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാനായി കിഫ്ബി വായ്പ എടുത്തുനൽകിയ തുക സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറച്ചു. ഇത് പരിഹരിക്കാൻ ഈവർഷം 6,000 കോടി രൂപ അധികമായി വായ്പയെടുക്കാൻ അനുവദിക്കണം. മുലധനച്ചെലവ് ഉറപ്പാക്കാനായി കേന്ദ്രസർക്കാർ നൽകുന്ന കാപ്പെക്സ് വായ്പ അനുവദിക്കുന്നതിന് ബ്രാൻഡിംഗ് വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന രീതി പുന:പരിശോധിക്കണം.
പ്രവാസിക്ഷേമം
ഉറപ്പാക്കാൻ
പ്രവാസി കേരളീയരുടെയും മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന കേരള നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് 300 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തണം. മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളം തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് ബഡ്ജറ്റിൽ 3,940 കോടി രൂപ ലഭ്യമാക്കണം. കേന്ദ്ര സർക്കാരിന്റെ വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 15 വർഷം പൂർത്തിയാക്കിയവയ്ക്കു പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |