
അടുത്തകാലത്ത് ചില ഹിന്ദുക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ചുകൊണ്ട് കയറാമോ എന്നത്. ഇന്ത്യയിൽ, ഷർട്ട് ധരിച്ചു കയറാവുന്നതും, ധരിക്കാതെ കയറാവുന്നതുമായ ക്ഷേത്രങ്ങളുണ്ട്, ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിക്കുവാൻ പാടില്ലെന്നത് ചിലർ ആചാരമായും മറ്റു ചിലർ അനാചാരമായും കാണുന്നു.
മനസിന് ആർദ്രവും മഹനീയവുമായ വികാരമാണ് ഭക്തി. ഹിന്ദുമതത്തിലാകെയും ഭക്തിയിൽ അധിഷ്ഠിതമായ ഈശ്വര സങ്കല്പമാണ് നിലനിൽക്കുന്നത്. ഈശ്വരനെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ച് ഉപചാരങ്ങളോടുകൂടി പൂജ ചെയ്യുക എന്നതാണ് പ്രധാനമായും ക്ഷേത്രംകൊണ്ട് ഉദ്ദേശിക്കുന്നത്. സർവവ്യാപിയും അരൂപിയുമായ ഈശ്വരചൈതന്യത്തെ ഒരു പ്രതിമയിലേക്കോ കരിങ്കല്ലിലേക്കോ ആവാഹിച്ച്, ചില മൂലമന്ത്രങ്ങൾ സങ്കൽപ്പിച്ച്, അംഗപ്രത്യംഗ ഭാവന നിശ്ചയിച്ച്, നിഗ്രഹാനുഗ്രഹശക്തി വരുത്തി, ആചാരക്രമങ്ങൾ നിർണയിച്ച് ആചാര്യന്മാർ പ്രതിഷ്ഠിക്കുന്നതാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ ചൈതന്യമെന്നാണ് പൊതുവേയുള്ള സങ്കല്‌പം.
ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ ആരാധനാമൂർത്തികളാണ്. മനസിനെ ഏകാഗ്രമാക്കാനും, ശാന്തിയും സമാധാനവും നേടുവാനുമുള്ള പ്രതീകമായാണ്, പരബ്രഹ്മ ചൈതന്യത്തെ ഒരു വിഗ്രഹത്തിൽ സങ്കൽപ്പിച്ച് ഹിന്ദുമത വിശ്വാസികൾ ധ്യാനിക്കുന്നത്. ഭൗതിക വിഗ്രഹത്തെയല്ല, അതിൽ സങ്കൽപ്പിക്കുന്ന ദേവനെയോ ദേവിയെയോ ആണ് വിശ്വാസികൾ ആരാധിക്കുന്നത്. ചരിത്രാതീതകാലം മുതൽ മനുഷ്യൻ അദൃശ്യമായ ഒന്നിൽ അവന്റെ ആരാധന അർപ്പിച്ചു പോരുന്നു. ഈശ്വരപ്രസാദത്തിനും, തന്നിൽ മനുഷ്യത്വവും സാത്വികതയും വരുത്തുന്നതിനും, കാമക്രോധാദികളെ ഒഴിവാക്കുന്നതിനുമാണ് ഹിന്ദുക്കൾ അനുഷ്ഠാനങ്ങൾ ആചരിക്കുന്നത്.
ക്ഷേത്രങ്ങളിൽ സ്പന്ദിക്കുന്ന ഈശ്വര ചൈതന്യമുണ്ടെന്ന് സങ്കൽപ്പിക്കപ്പെടുന്നു. ഭക്തി എന്നാൽ ആദരസമ്മിശ്രമായ സ്നേഹമെന്നാണ് അർത്ഥമാക്കുന്നത്. ഭക്തി ഹൃദയത്തെ ഉദാത്തീകരിക്കുകയും ത്യാഗസമ്പന്നമാക്കുകയും ചെയ്യുന്നു. സങ്കുചിത സ്വാർത്ഥചിന്ത ത്യജിക്കുവാനുള്ള പ്രേരണ ഭക്തിയിൽ നിന്ന് ലഭിക്കുന്നു. ഭക്തി മനസിലെ മാലിന്യങ്ങൾ അകറ്റി, ഹൃദയവും മനസും നിഷ്കളങ്കമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതിനൊപ്പം മനസിന് ഏകാഗ്രത ലഭിക്കുവാനും സത്യധർമ്മാദികളെ പിന്തുടരുന്നതിന് ശക്തി പകരുകയും ചെയ്യുന്നു.
അശുദ്ധിയും
ശുദ്ധിയും
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ശരീരവും മനസും ശുദ്ധീകരിച്ചുകൊണ്ടും വേണം ക്ഷേത്രദർശനം നടത്തേണ്ടത്. ചില ഹിന്ദുമത ഗ്രന്ഥങ്ങളിൽ ക്ഷേത്ര പ്രവേശനത്തിനുള്ള ശുദ്ധാശുദ്ധാദികൾ പ്രതിപാദിക്കുന്നുണ്ട്. കുളിച്ച് ശുദ്ധവസ്ത്രം ധരിച്ചുവേണം ക്ഷേത്രദർശനം. എണ്ണ, തൈലം തുടങ്ങിയവ തേച്ചുള്ള കുളി പാടില്ല. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിക്കുകയാണ് ഉത്തമം. വസ്‌ത്രങ്ങൾ ശുദ്ധവും കഴുകി ഉണക്കിയതുമായിരിക്കണം. തലേന്നു ധരിച്ച വസ്‌ത്രത്തോടെ ക്ഷേത്രപ്രവേശനം പാടില്ല. ചെരുപ്പ് ധരിച്ചും കുടപിടിച്ചും തലേക്കെട്ട് കെട്ടിയും വിശറി പിടിച്ചും ക്ഷേത്രദർശനം പാടുള്ളതല്ല. ഷർട്ട് പകുതി ഊരിയും ക്ഷേത്രപ്രവേശനം പാടില്ല.
സ്‌ത്രീകൾ മുഖവും ശിരസും മറയാത്ത രീതിയിൽ വസ്‌ത്രം ധരിക്കേണ്ടതാണ്. സ്‌ത്രീകൾ ആർത്തവത്തിന് ഏഴുദിവസം അശുദ്ധിയായി കാണണം. ബന്ധുക്കൾ മരിച്ചാൽ പതിനാറ് ദിവസം കഴിഞ്ഞേ ക്ഷേത്രദർശനം പാടുള്ളൂ. പ്രസവം കഴിഞ്ഞാൽ അമ്മയും കുഞ്ഞും, കുഞ്ഞിന്റെ ചോറൂണിനോ, അതു കഴിഞ്ഞോ മാത്രമേ ക്ഷേത്രദർശനം നടത്താവൂ. പെറ്റപുല, മരിച്ചപുല എന്നിവ വ്യക്തികളെയും ബന്ധുക്കളെയും ബാധിക്കുന്ന അശുദ്ധികളാണ്. സ്‌ത്രീകൾ രജസ്വല ആയാലുള്ള അശുദ്ധി, മൃതദേഹത്തെ സ്പർശിച്ചാലുള്ള അശുദ്ധി ഇവയെല്ലാം ഒരു സ്‌നാനത്താൽ നീങ്ങും.
എടുത്തുപറയേണ്ട ഒരു വസ്തുത, ഹിന്ദുമത ഗ്രന്ഥങ്ങളിലോ ധർമ്മസംഹിതകളിലോ ഷർട്ട് ധരിച്ചുള്ള ക്ഷേത്രപ്രവേശനം പുരുഷന് പാടില്ല എന്ന് അനുശാസിക്കുന്നില്ല എന്നതാണ്. ഏതോ സങ്കുചിതചിന്തയുടെ പരിണത ഫലമാണ് പുരുഷന്മാർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്നുള്ളത്. ദൈവം സർവവ്യാപിയും സർവശക്തനും സർവജ്ഞനുമാണ്. ആ മഹാശക്തി ഒരിക്കലും ചില ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാം, മറ്റു ചില ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുകയില്ല. ഒരടിസ്ഥാനവുമില്ലാതെ മറ്റാരെങ്കിലും ചെയ്യുന്നതു കണ്ട്, അതിനെ പിന്തുടരുന്ന ബുദ്ധിഹീനമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് അനാചാരം എന്നു വിളിക്കുന്നത്. ആചാരങ്ങൾ ദുരാചാരങ്ങളോ അനാചാരങ്ങളോ ആകുമ്പോൾ അവ നിറുത്തലാക്കുന്നത് സംസ്കാരത്തിന്റെയും പുരോഗതിയുടെയും ലക്ഷണങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |