SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

ചരിത്രത്തിൽ ഉറച്ച കാൽപ്പാടുകൾ

a

കഴിഞ്ഞ നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലെ ജനജീവിതം സാമൂഹികമായ സ്വാതന്ത്ര്യത്തിന്റെയോ സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അതിരൂക്ഷമായ ജാതിവ്യത്യാസമായിരുന്നു സാമൂഹിക ഘടനയുടെ മുഖ്യ സവിശേഷത. ഇതിനെതിരെ സധൈര്യം പോരാടിയ അതികായരിൽ പ്രമുഖനായിരുന്നു ഡോ. പല്പു. ആധുനിക കേരളത്തിന്റെ ശില്പികളിൽ അവിസ്മരണീയനായ അദ്ദേഹം ഒരു വ്യക്തി എന്നതിനെക്കാൾ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. സ്വാർത്ഥമായൊരു ഉദ്ദേശ്യവുമില്ലാതെ സമൂഹത്തിൽ നിന്ന് ദുരീകരിക്കേണ്ട അസമത്വങ്ങൾക്കെതിരെ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹത്തെ 'അനശ്വരനായ ഇന്ത്യൻ വിപ്ളവകാരികളിൽ ഒരാൾ" എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതും അതുകൊണ്ടാണ്.

ജീവിതത്തിൽ ആരും മോഹിക്കുന്ന സ്ഥാനമാനങ്ങളും സാമൂഹ്യ ഔന്നത്യവും പാണ്ഡിത്യവും ധനാഗമവും മഹാപുരുഷബന്ധവും എല്ലാമുണ്ടായിരുന്നിട്ടും അധഃസ്ഥിതരുടെ പടത്തലവനായി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാനും നയിക്കുവാനുമാണ് പല്പു ജീവിതം സമർപ്പിച്ചത്. ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും അപൂർവവും മഹത്തരവുമായ ആ നിയോഗത്തിലൂടെ കേരള നവോത്ഥാനത്തിന്റെ നൂതന പടവുകളാണ് അദ്ദേഹം വെട്ടിതെളിച്ചത്.

ഫീനിക്സിന്റെ

അതിജീവനം

ജാതി വിവേചനത്തിന്റെയും അശാസ്ത്രീയമായ സാമൂഹ്യ വ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽ ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു പല്പുവിന്റേത്. സാമൂഹ്യബോധവും സാമർത്ഥ്യവും മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിട്ടും മെഡിസിൻ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നിട്ടും അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചില്ല. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ നിഷേധത്തിന്റെ തീച്ചൂളയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.

ജാതീയമായും സാമൂഹ്യമായും സാമ്പത്തികമായും ഏറെ ക്ളേശങ്ങളും പ്രതിസന്ധികളുമുണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും യുക്തികൊണ്ടും ബുദ്ധികൊണ്ടും അതിജീവിച്ച പല്പു, ഡോ. പല്പുവായിട്ടാണ് തിരുവിതാംകൂറിൽ മടങ്ങിയെത്തിയത്. എന്നിട്ടും അയിത്തജാതിക്കാരനായി ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം കിട്ടിയില്ല. തുടർന്ന് കർണാടകത്തിലായി അദ്ദേഹത്തിന്റെ ഔദ്യോഗിക കർമ്മരംഗം.

ദൈവദാസനും

ഗുരുദൂതനും

1898- ൽ പ്ളേഗ് ബാധിച്ച് ശ്മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ മരണമടഞ്ഞവരുടെയും മരണാസന്നരുടെയും ഇടയിൽ ദൈവത്തിന്റെ ദാസനായും ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് സ്നേഹത്തിന്റെയും സേവനത്തിന്റെയും സങ്കീർത്തനങ്ങൾ തീർത്ത ഒരു സമ്പൂർണ മനുഷ്യനായിരുന്നു ഡോ. പല്പു. തെരുവോരങ്ങളിൽ ഭക്ഷണവും വസ്ത്രവുമില്ലാതെ വിളറിയും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരുടെയടുത്തെത്തി,​ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ ചരിത്രത്തിൽ മറ്റെവിടെയാണ് കാണാനാവുക?​ ജീവിതത്തിൽ ഒരിക്കലും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നടത്തിയിട്ടില്ലാത്ത അസാധാരണനായ ഒരത്ഭുത മനുഷ്യനായിരുന്നു പല്പു.

ഏതു രംഗത്തായാലും മനുഷ്യർക്കുള്ള അവകാശത്തെ ഒരുപറ്റം മനുഷ്യർ നിഷേധിക്കുന്നതിനു പിന്നിലുള്ള അയുക്തികതയെയും പ്രപഞ്ചത്തിന്റെ ഏകാത്മഭാവത്തെ തിരസ്കരിക്കുന്നതിലെ സത്യനിഷേധത്തെയും ചിന്തകൊണ്ടും വാക്കുകൊണ്ടും കർമ്മംകൊണ്ടും സംഘടനകൊണ്ടും ചോദ്യംചെയ്ത പല്പുവിന്റെ നിശ്ചയദാർഢ്യം അതുല്യമാണ്. അത്തരത്തിൽ മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഭാവസങ്കല്പങ്ങൾ ജീവിതത്തിൽ പകർത്തികൊണ്ടാണ് ആ കർമ്മധീരൻ അധസ്ഥിത സമൂഹത്തെ സമുദ്ധരിക്കുവാൻ മുന്നോട്ടുവന്നത്.

ചരിത്രപരമായ കാരണങ്ങളാൽ സംജാതമായ ജാതിജന്യമായ ഭൗതിക വ്യവസ്ഥിതികളെ തച്ചുടയ്ക്കാൻ അദ്ദേഹത്തോളം മറ്റു പലർക്കുമായില്ല. സാമൂഹ്യ ഉന്നമനത്തിനായി സ്വജീവിതം ധന്യമാക്കിയ ആദർശനിഷ്ഠനും സമുദായോദ്ധാരകനും മനുഷ്യസ്നേഹിയും ഭിഷഗ്വരനും ദാർശനികനും എഴുത്തുകാരനും വിപ്ളവകാരിയുമൊക്കെയായിരുന്നു ഡോ. പല്പു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ അമൂല്യദ്യുതി പരത്തി ശോഭിക്കുന്നുണ്ടെങ്കിലും അതിന്റെ മൂല്യവും കാന്തിയും വിലയിരുത്തുന്നതിലും നോക്കിക്കാണുന്നതിലും സ്വാംശീകരിക്കുന്നതിലും വേണ്ടത്ര ശുഷ്‌കാന്തി പിന്നീടു വന്ന പല പരിഷ്കർത്താക്കൾക്കും ഉണ്ടായില്ല. കേരളീയ സമൂഹത്തിൽ നിന്ന് ദുരീകരിക്കപ്പെട്ട പല അനീതികളും അസമത്വങ്ങളും ഭാവവും വേഷവും മാറി ഇന്ന് സമൂഹത്തിൽ വീണ്ടും ശക്തിപ്രാപിക്കാൻ അവസരമുണ്ടാക്കുന്നത് അതാണ്.

പതറാത്ത

ചുവടുകൾ

ഭാരതീയ ആദ്ധ്യാത്മികതയുടെ നിറസാന്നിദ്ധ്യമായിരുന്ന വിവേകാനന്ദ സ്വാമികളുടെ ഉപദേശങ്ങൾ ശ്രവിക്കുവാനും സ്നേഹം നുകരുവാനും ഭാഗ്യമുണ്ടായ ഡോ. പല്പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചന ചിന്തകളെയും സാമൂഹിക വീക്ഷണത്തെയും കർമ്മ മാർഗത്തെയും ഏകോപിപ്പിച്ചതും വികസിപ്പിച്ചതും ശ്രീനാരായണ ഗുരുദേവനായിരുന്നു. കുമാരനാശാനെയും ഡോ. പല്പുവിനെയും സാരഥികളാക്കിക്കൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാന വീഥിക്ക് വീതികൂട്ടിയത്. സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി പ്രശോഭിക്കുന്ന അരുവിപ്പുറത്തുനിന്ന് മുളച്ചുപൊന്തി,​ ഇന്ന് ലോകമൊട്ടാകെ ഒരു മഹാപ്രസ്ഥാനമായി പന്തലിച്ചുനിൽക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ വളർച്ചയ്ക്കു പിന്നിൽ ആളും അർത്ഥവുമായി നിലകൊണ്ട അദ്ദേഹത്തിന്റെ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു.

സാമൂഹ്യപ്രതിബദ്ധതയുടെ ഉജ്ജ്വലമായ മാതൃകയും നിസ്തുലമായ പ്രതീകവുമായിരുന്നു ഡോ. പി. പല്പു. അതുകൊണ്ടാണ് സമൂഹമനസിൽ ഇന്നും അദ്ദേഹം ശോഭിതനായി നിലകൊള്ളുന്നത്. ധർമ്മത്തെയും ദൈവത്തെയും സ്വന്തം നിർവചനങ്ങളിലൊതുക്കിയും,​ അതിനു ചേരുന്ന പ്രമാണങ്ങളും നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കിയും മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ അദ്ധ്വാനവും അവകാശവും ചൂഷണം ചെയ്തും അവരെ ആജ്ഞാനുവർത്തികളും സേവകന്മാരുമാക്കി സുഖജീവിതം നയിച്ചുപോന്ന സവർണ ന്യൂനപക്ഷത്തിന്റെ ഏകാധിപത്യത്തിനു മുന്നിൽ സധൈര്യം നിലകൊണ്ട ഡോ. പല്പുവിന് കേരള ചരിത്രത്തിലും സമൂഹത്തിലുമുള്ള സ്ഥാനവും മഹത്വവും പല ചരിത്ര പുരുഷന്മാർക്കും മീതെയാണ്.

പക്ഷേ,​ ഡോ. പല്പു ആരെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെല്ലാമെന്നും വേണ്ടവിധം അറിയാത്ത ഒരു തലമുറയാണ് ഇന്ന് വളർന്നുവരുന്നത്. ഡോ. പല്പുവിനെ സ്മരിക്കാതെയുള്ള കേരളത്തിന്റെ നവോത്ഥാനചരിത്രം അപൂർണവും വികലവുമാണെന്ന സത്യം അവർക്ക് അറിയുകയുമില്ല. ചരിത്രത്തിൽ ഉറച്ചുനിൽക്കുന്ന ആ കാല്പാടുകൾ ഒരുകാലത്തും മറഞ്ഞുപോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല. അദ്ദേഹത്തിന്റെ ഈ സ്മരണീയ ദിനത്തിലെങ്കിലും ആ കാല്പാടുകൾ കാണാനുള്ള മനസും കണ്ണും നമുക്കുണ്ടാവണം.

(ഡോ. പല്പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRPALPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION