SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ഇന്ന് ഡോ. പി. പല്പുവിന്റെ 75-ാം വിയോഗ വാർഷിക ദിനം, ഇരുളിനെ ചികിത്സിച്ച പ്രകാശനാളം

palpu

നദികളുടെ സംഗമ സ്ഥാനമാണ് പ്രയാഗകൾ. ഗംഗയും യമുനയും അദൃശ്യരൂപത്തിൽ സരസ്വതിയും ചേരുന്നിടം നമുക്ക് ത്രിവേണീ സംഗമം. ചരിത്രത്തിലും ഇത്തരം സംഗമങ്ങൾ നടക്കാറുണ്ട്. അതിലൊന്നാണ് ശ്രീനാരായണഗുരു, ഡോ. പല്പു, കുമാരനാശാൻ സംഗമം. പ്രകൃതിയും ദൈവവും ഏറ്റവും മനോഹരമായി സൃഷ്ടിച്ച കേരളത്തെ ഭ്രാന്താലയമായും കൂരിരുളിന്റെ കാരാലയമായും നാണംകെടുത്തിയത് ചാതുർവർണ്യവും അതിന്റെ വിഷപ്പാൽ കുടിച്ചു വളർന്ന പ്രാകൃത ആചാരങ്ങളുമാണ്. അവ ഉന്മൂലനം ചെയ്യാൻ ശ്രീനാരായണഗുരു അവതരിച്ചപ്പോൾ ഇടംവലം നിന്ന് പോരാടാൻ ഡോ. പല്പുവും മഹാകവി കുമാരനാശാനുമുണ്ടായിരുന്നു. ചരിത്രത്തിലെ ഈ ത്രിവേണീ സംഗമം കേരളത്തെ പ്രകാശമാനമാക്കി. ഭ്രാന്താലയത്തെ ഇടിച്ചുപൊളിച്ച് അവിടെ മാനവസ്നേഹത്തിന്റെ ദേവാലയം നിർമ്മിച്ചു.

കുമാരനാശാൻ കവിതയിലൂടെ ജാതിപ്പിശാചിനെ തുരത്താൻ ശ്രമിച്ചപ്പോൾ,​ സംഘടനയിലൂടെ മാത്രമേ ആ രാവണൻ കോട്ട തകർക്കാൻ സാദ്ധ്യമാകൂ എന്ന പക്ഷമായിരുന്നു ഡോ. പല്പുവിന്. ജാതീയമായ നിരവധി അവഗണനകളും അധിക്ഷേപങ്ങളും സഹിച്ച അദ്ദേഹം അതിനു സാദ്ധ്യമായതെല്ലാം ആശയങ്ങളായും കർമ്മങ്ങളായും ആവിഷ്കരിച്ചു. അനീതിക്കും അധർമ്മത്തിനുമെതിരെ പിള്ളത്തടത്തിലെ ഗുഹയിലും അരുവിപ്പുറത്തെ നെയ്യാറിൻ കരയിലും തപസു ചെയ്യുമ്പോഴും മുക്തിമാർഗം ചിന്തിച്ച ഗുരുദേവൻ അതിനെല്ലാം സർവ പിന്തുണയും നൽകി. ഗുരുദേവന്റെയും ഡോ. പല്പുവിന്റെയും വാത്സല്യവും സഹായവും കിട്ടിയില്ലായിരുന്നെങ്കിൽ സ്നേഹഗായകന്റെ കവിതാഗോപുരത്തിന് ഇത്രയും ഉയരവും തലയെടുപ്പും ഉണ്ടാകുമായിരുന്നോ എന്നും സംശയിക്കാം. അത്തരം സംശയങ്ങളും അസ്ഥാനത്താണ്. കാരണം,​ ഇതെല്ലാം പ്രകൃതി കൂട്ടിയിണക്കുന്ന അപൂർവ സംഗമങ്ങളും നിയോഗങ്ങളുമാണ്.

ഒരു ഡോക്ടറെന്ന നിലയ്ക്ക് പ്രശസ്തിയുടെ ചവിട്ടുപടികൾ കയറിപ്പോകാൻ നിരവധി സാഹചര്യങ്ങൾ ഡോ. പല്പുവിനു മുന്നിലുണ്ടായിരുന്നു. വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടി ഡോ. പല്പു സന്തോഷത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഗവൺമെന്റ് സർവീസിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും പരിഹാസവും നിഷേധ കല്പനകളുമായിരുന്നു പകരം ലഭിച്ചത്. അത്തരം ആക്ഷേപഹാസ്യത്തമ്പുരാക്കന്മാരും കല്ലേപ്പിളർക്കുന്ന കല്പനകളും ഇന്നെവിടെ? പുരാരേഖകൾ പരതി നോക്കണം. ശ്രീനാരായണ ഗുരുവിന്റെ ദിവ്യാസ്ത്രം വിദ്യയായിരുന്നു. വിദ്യയുടെ ശരവർഷത്തിനു മുന്നിൽ കാലത്തെ പിറകോട്ടു പായിക്കുന്ന അയിത്തവും അനാചാരങ്ങളും ഭസ്മമാകുമെന്ന് ആ യുഗപുരുഷന് അറിയാമായിരുന്നു.

തനിക്കു നേരിടേണ്ടിവന്ന വേദനകളും യാതനകളും പിന്നീടുവരുന്ന തലമുറകളെ ബാധിക്കരുതെന്ന് ഡോ. പല്പുവിന് നിർബന്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രയത്നത്തിൽ ഏറ്റവുമധികം ഓർമ്മിക്കപ്പെടുന്നത് ആ നിശ്ചയദാർഢ്യമാണ്.

ബാംഗ്ളൂരിൽ പ്ളേഗ് പടർന്നപ്പോൾ പ്ളേഗ് നിവാരണത്തിനുള്ള സ്പെഷ്യൽ ഡെപ്യൂട്ടി ഓഫീസറായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാൽ മരണപത്രം നേരത്തേ ഒപ്പിട്ട് അധികാരികൾക്കു നൽകിയ പല്പു,​ മരണം നൃത്തംവയ്ക്കുന്ന പടക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിരപരാധികൾ. മറുവശത്ത് തീയണയാത്ത ശ്മശാനങ്ങൾ. എന്നും മനുഷ്യസ്നേഹത്തെ മുന്നിൽ നിറുത്തി പ്രവർത്തിച്ച അദ്ദേഹം സഹപ്രവർത്തകർക്ക് ഒരു അതിശയമായിരുന്നു.

പ്ളേഗ് പോലെ ഭീതിജനകമായ ഒരു സാംക്രമിക രോഗമാണ് അയിത്തവും അനാചാരങ്ങളുമെന്ന് ഡോ. പല്പു ചിന്തിച്ചിരുന്നു. അത് ഇഞ്ചിഞ്ചായി സമൂഹത്തെയും സംസ്കാരത്തെയും കാർന്നു തിന്നുന്നു. സംഘടനാശക്തിയാണ് അതിനുള്ള ഫലപ്രദമായ പ്രതിരോധവും സിദ്ധൗഷധവുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ അങ്ങനെ എസ്.എൻ.ഡി.പി യോഗമെന്ന പ്രസ്ഥാനം പിറവിയെടുത്തു. ഗുരുദേവനും ഡോ. പല്പുവും കുമാരനാശാനും ആ പ്രസ്ഥാനരഥത്തിന്റെ സാരഥികളായി മാറി.

ഭാരതം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭിഷഗ്വരൻ എന്ന് ഡോ. പല്പു വിശേഷിപ്പിക്കപ്പെട്ടു. യൂറോപ്പ് പര്യടനത്തിന് അധികാരികൾ ക്ഷണിച്ചു. ഇംഗ്ളണ്ടിലേക്കാണ് അദ്ദേഹം ആദ്യം പോയത്. പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി പഠനം നടത്തുകയും ചെയ്തു. അന്താരാഷ്ട്ര പ്രശസ്തിയുടെ കവാടം കടക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എങ്കിലും സഹജീവികളുടെ കണ്ണീരൊപ്പാനും അവരെ പോരാട്ടവീര്യമുള്ളവരാക്കാനുമാണ് അദ്ദേഹം യത്നിച്ചത്.

സത്‌കർമ്മനിരതനായ ഒരു മനുഷ്യസ്നേഹിക്ക് ഒരു പ്രസ്ഥാനമായി മാറാനും കഴിയുമെന്ന് ഡോ. പല്പു തെളിയിച്ചിട്ടുണ്ട്. ഭരണാധികാരികൾക്ക് അദ്ദേഹം നൽകിയ മെമ്മോറിയലുകളും നിവേദനങ്ങളും അതിന് ഉദാഹരണം. അത് കേരളത്തിന്റെ സാമൂഹ്യരംഗത്തു സൃഷ്ടിച്ച വിവാദങ്ങളും കൊടുങ്കാറ്റുകളും ചരിത്രത്തിന്റെ ഭാഗമാണ്.

ത്രിവേണീ സംഗമത്തിലെത്തുന്ന നദികളുടെ നിറമോ വ്യാപ്തിയോ ആരും താരതമ്യം ചെയ്യാറില്ല. കാരണം അത് പ്രകൃതിയുടെ നന്മയ്ക്കു വേണ്ടിയുള്ള ഒരു സംയോഗമോ നിയോഗമോ ആണ്. ഗുരുദേവനും ഡോ. പല്പുവും കുമാരനാശാനും ചേരുന്ന ആ ത്രിവേണീ സംഗമത്തിൽ സ്നാനംചെയ്തു കയറിയതാണ് കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളും തലമുറകളും. ആ സംഗമഭൂമിയിൽ ഡോ. പല്പു ഒരു ദിവ്യ പ്രകാശഗോപുരമായി ശോഭിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRPALPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION