SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

കണ്ണീരൊഴിയാത്ത കോൾപ്പാടം

a

സംസ്ഥാനത്തിന്റെ പ്രധാന നെല്ലറകളായ കോൾനിലങ്ങൾ നെല്ലുത്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. കാലാവസ്ഥയിലെ തകിടം മറിച്ചിലുകളും മലിനീകരണം കൊണ്ടുള്ള പ്രതിസന്ധികളും സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാകാത്ത അവസ്ഥയും കാരണം അടുത്തകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ് കോൾനിലങ്ങൾ. വേനൽച്ചൂട് കടുക്കുന്നതിനിടെ, വിളവെടുപ്പ് സമയമായിട്ടും കോൾ നിലങ്ങളിലേക്കുളള കൊയ്ത്തു മെതിയന്ത്രങ്ങൾ കട്ടപ്പുറത്താണെന്ന വേദനയാണ് കോൾ കർഷകർ പങ്കിടുന്നത്.

കൃഷിവകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുളള അമ്പതോളം യന്ത്രങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ പാടങ്ങളിൽ ഇറക്കാനാവാത്ത നിലയിലാണ്. ഇരുപതോളം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ഏതാണ്ട് കഴിഞ്ഞതായും പറയുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞു. ഏറ്റവും വലിയ കോളുകളിൽ ഒന്നായ പുല്ലഴി കോൾപ്പടവിലാണ് ഇനി കൊയ്ത്ത് നടക്കാനുളളത്. വേനൽച്ചൂടിനിടെ കൊയ്ത്ത് വൈകിയാൽ വിളഞ്ഞുപാകമായ നെല്ല് ചാഞ്ഞ് വീഴും. നെന്മണി കൊഴിഞ്ഞുപോകും. ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾകർഷകർക്ക് ഇരുട്ടടിയായതോടെ ഈയാണ്ടിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. പലയിടങ്ങളിലും കൊയ്ത്ത് വൈകുകയും ചെയ്തു. വേനൽച്ചൂട് ശക്തമാകുന്നതോടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി. കൃഷിയിറക്കുന്ന സമയത്ത് വിത്തും ഇത്തിളും കിട്ടാത്ത സാഹചര്യവുമുണ്ടായിരുന്നുവെന്ന് കർഷകർ പറയുന്നു. യൂറിയയും കിട്ടാനില്ലാത്ത നിലയായിരുന്നു. കഴിഞ്ഞവർഷം കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരത്തിനായി നെട്ടോട്ടത്തിലായിരുന്നു. വിത്തെങ്കിലും കിട്ടിയാൽ ആശ്വാസമാകുമെന്നായിരുന്നു കർഷകരുടെ ആവശ്യം.

മറുനാടൻ യന്ത്രങ്ങൾക്ക്

'പണക്കൊയ്ത്ത്'

തമിഴ്നാട്ടിൽ നിന്നുളള യന്ത്രങ്ങളാണ് ഏറെയും പാടങ്ങളിലെത്തുന്നത്. സർക്കാരിന്റെ യന്ത്രങ്ങളേക്കാൾ പണം കൂടുതൽ കൊടുത്താണ് ഈ യന്ത്രങ്ങൾ വഴി കൊയ്ത്ത് നടത്തുന്നത്. കോടികൾ ചെലവഴിച്ച് കൃഷിവകുപ്പ് വാങ്ങിയ സർക്കാർ കൊയ്ത്തുയന്ത്രങ്ങൾക്ക് മാസങ്ങൾക്ക് മുൻപേ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ മറുനാടൻ യന്ത്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഒരേ നിരക്കിൽ യന്ത്രങ്ങൾ എത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനായി പുല്ലഴി കോൾ കർഷകസംഘം ഉടനെ യോഗം വിളിക്കും. ജില്ലയിലെ പ്രധാന കോൾ മേഖലയാണിത്. കൃഷിപ്പണി ആരംഭിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ മഴ എല്ലാവർഷവും കർഷകർക്ക് ഇടിത്തീയാകാറുളളത്. യന്ത്രങ്ങളിൽ ഭൂരിഭാഗവും തകരാറിലായത് കാലപ്പഴക്കത്തിലാണ്. ഇനി നന്നാക്കിയാലും കൃത്യസമയത്ത് ലഭ്യമാവില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താനും ശ്രമമില്ല. തമിഴ്നാട്ടിൽ കൊയ്ത്തായതോടെ യന്ത്രങ്ങളുടെ നിരക്ക് കൂട്ടിയിട്ടുണ്ട്. യന്ത്രങ്ങൾക്ക് ഒരു മണിക്കൂറിന് നിരക്ക് 2500 മുതൽ 2900 രൂപ വരെയാണ്.

സർക്കാരിന്റെ കീഴിലുളള യന്ത്രങ്ങൾക്ക് 1500 മുതൽ 2000 രൂപ വരെയാണ്.

കൃഷിവകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ കൊയ്ത്ത്‌മെതി യന്ത്രങ്ങൾ പൂർണ്ണമായും കൃഷിക്കാർക്ക് ഉപയോഗിക്കാൻ അറ്റകുറ്റപ്പണികൾ നടത്തി പുറത്തിറക്കണമെന്നാണ് ജില്ലാ കോൾ കർഷക സംഘം. പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ ആവശ്യപ്പെടുന്നത്. ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾ കർഷകർക്ക് ഇരുട്ടടിയായതോടെ ഈയാണ്ടിൽ വിളവ് കുറയുമെന്ന ആശങ്കയിലായിരുന്നു കർഷകർ. ഈയാണ്ടിലെ കൃഷിപ്പണി ആരംഭിച്ച സമയത്താണ് അപ്രതീക്ഷിതമായ മഴ കർഷകർക്ക് ഇടിത്തീയായത്. പുല്ലിന്റെ ആധിക്യം മൂലം പല പടവുകളും നടീലാണ് ചെയ്തത്. വിത്ത്, വളം, ഇത്തിൾ എന്നിവയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നതിനിടെ പല പ്രതിസന്ധികളേയും മറികടന്നാണ് പടവുകളിൽ നടീൽ നടന്നത്. മഴയിൽ നെൽച്ചെടികൾ പൂർണമായും മുങ്ങിയ നിലയിലായിരുന്നു. ഞാറ്റടികൾ ചീഞ്ഞു. മോട്ടോറുകൾ നിരന്തരം പ്രവർത്തിച്ചിട്ടും പടവുകളിലെ വെള്ളം ഇറങ്ങിപോയിരുന്നില്ല. പുറം കനാലിൽ വെള്ളം വളരെ കൂടി നിൽക്കുന്ന സാഹചര്യമായതിനാലാണ് വെള്ളം കുറയാതിരുന്നത്.

വിത്തും ഇത്തിളും കിട്ടാത്ത സാഹചര്യമായിരുന്നുവെന്ന് കർഷകർ പറയുന്നു. യൂറിയയും കിട്ടാനുണ്ടായിരുന്നില്ല.


നഷ്ടപരിഹാരമില്ല,

വിലയുമില്ല

കഴിഞ്ഞവർഷം കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ല. ഈയാണ്ടിലും നഷ്ടപരിഹാരം കിട്ടുമെന്ന് കർഷകർക്ക് പ്രതീക്ഷയില്ല. കഷ്ടപ്പെട്ട് കൃഷിയിറക്കിയാലും നെല്ലിന്റെ വിലയിൽ യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. എത്രയുംവേഗം കൃഷി പൂർത്തീകരിച്ചാൽ മാത്രമാണ് കർഷകന് മിച്ചം ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷക്കാലത്ത് മുങ്ങിയത് 350 ഏക്കർ പാടമാണ്. മഴക്കാലത്ത് വെള്ളക്കെട്ടും മഴയൊഴിഞ്ഞാൽ ജലക്ഷാമവുമെല്ലാം പ്രശ്നങ്ങൾ തന്നെ. കാലം തെറ്റി പെയ്ത മഴയിൽ തൃശൂർ നഗരത്തിലെ കാനകളിലെ മലിനജലവും സെപ്ടിക് ടാങ്ക് മാലിന്യവും നിറഞ്ഞ് മണിനാടൻ കോൾപ്പാടം ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. അതിനു പിന്നാലെ കൂമ്പുചീയലും പുഴുക്കേടും വ്യാപകമായി. കതിരിലെ നീരൂറ്റികുടിക്കുന്ന തണ്ടുതുരപ്പൻ പ്രാണികളുടെ ശല്യവുമുണ്ടായി. ഒന്നാംഘട്ടത്തിൽ കീടനാശിനി പ്രയാേഗിച്ചിട്ടും ഫലം കണ്ടിരുന്നില്ല.

ഉയർന്ന സ്ഥലങ്ങളിൽനിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്നത് കോൾപ്പാടങ്ങളിലേക്കാണ്. അമ്ലാംശം വർദ്ധിക്കാൻ ഇത് കാരണമാകുന്നുണ്ട്. അമിതമായ രാസവള പ്രയോഗവും ദോഷമാകുന്നുണ്ട്. ദ്വിതീയ മൂലകമായ കാൽത്സ്യത്തിന്റെ അളവ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. 300 പി.പി.എം. വേണ്ടിടത്ത് അത്രയും ലഭിച്ചില്ല. മണ്ണുപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് പ്രായോഗിക കൃഷിരീതികളെ കുറിച്ച് പഠനക്ലാസ് നടത്തിയിരുന്നു.

തൃശൂർ ജില്ലയിലെ നൂറുകണക്കിന് ഏക്കർ കോൾപ്പാടത്ത് കുളവാഴയും ചണ്ടിയും കരവാലിയുമെല്ലാം കടുത്ത പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നുണ്ട്. നഗരത്തിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനും ഈ ജലസസ്യങ്ങൾ കാരണമാകുന്നുണ്ട്. അടിത്തട്ടിൽ ഇവയുടെ വേരുകൾ മതിലുകൾ പോലെ മണ്ണിൽ ചേർന്ന് ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. കരുവാലി എന്ന സസ്യം അടുത്തകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നെത്തിയതാണെന്നാണ് കരുതുന്നത്. പെട്ടെന്ന് കോൾപ്പാടങ്ങളിലെ കനാലുകളിൽ ഇത് വ്യാപിക്കുകയായിരുന്നു. അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനും അതിന് പരിഹാരം കാണാനും ശാസ്ത്രലോകത്തിന് കഴിയുന്നില്ലെന്നതും ചർച്ചയാകേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADDY SEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION