
വേനൽ കടുത്തതോടെ കിണറുകളിലും കൃഷിയിടങ്ങളിലും ജലനിരപ്പ് താഴ്ന്നു. കനാൽ വെള്ളമാണ് പലയിടത്തും ഇനി ആശ്രയം. പ്രധാന കനാലുകളിലൂടെ ജലവിതരണം തുടങ്ങിയെങ്കിലും കർഷകർക്കും വീടുകൾക്കും പ്രയോജനം ലഭിക്കുന്നത് ഉപകനാലുകളിൽ കൂടെ വെള്ളം ഒഴുക്കിവിടുമ്പോഴാണ്. വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലെ വിളകൾക്ക് ഇത് ആശ്വാസമാകും. വറ്റിയ കിണറുകളിലേക്ക് പുതിയ ഉറവകളിലൂടെ തെളിനീരൊഴുകും. പക്ഷെ, ഉപകനാലുകൾ മിക്കയിടത്തും മണ്ണിടിഞ്ഞുനികന്നും കാടുമൂടിയും മാലിന്യം നിറഞ്ഞതുമായ അവസ്ഥയിലാണ്. പ്രധാന കനാലുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും ഇറിഗേഷൻ വകുപ്പ് നടത്തും. ആഴം കുറഞ്ഞ ഉപകനാലുകളെ അവഗണിക്കുകയാണ്. അതത് തദ്ദേശസ്ഥാപനങ്ങളാണ് ഉപകനാലുകൾ ശുചീകരിക്കേണ്ടത് എന്ന നിലപാടിലാണ് മൈനർ ഇറിഗേഷൻ വകുപ്പ്. ഫണ്ടില്ലെന്ന കാരണത്താൽ തദ്ദേശ സ്ഥാപനങ്ങൾ കനാൽ ശുചീകരിക്കാറില്ല. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുമായിരുന്നു. എന്നാൽ, കനാൽ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത് വിനയായി. മാലിന്യം നിറഞ്ഞതും കാടുമൂടിയതുമായ കനാൽ ഭാഗങ്ങളിൽ പകൽ കാട്ടുപന്നികൾ തമ്പടിച്ചിരിക്കുകയാണ്. മലയോര നാടായ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് താഴ്ന്നു. പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നീ പ്രധാന നദികളിലെ വെള്ളം ഉൾനാടൻ പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങളിൽ എത്താറില്ല. ഇതിനു പരിഹാരമായാണ് കല്ലട ഇറിഗേഷൻന്റെയും പമ്പാ ഇറിഗേഷൻന്റെയും കനാലുകളിലൂടെ വെള്ളം എത്തിക്കുന്നത്. കല്ലട, മണിയാർ ഡാമുകളിൽ നിന്നാണ് വെള്ളം തുറന്നുവിടുന്നത്. സാധാരണ ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമാണ് കനാലുകൾ തുറക്കുന്നത്. അതിനു മുൻപ് കാടും മണ്ണും നീക്കി വെള്ളത്തിന് സുഗമസഞ്ചാര പാത ഒരുക്കണം. അതാണ് ഇത്തവണ കാര്യമായി നടക്കാതെ പോയത്. ജില്ലയിലെ പകുതിയോളം തദ്ദേശ സ്ഥാപന പരിധിയിലെ ജനങ്ങൾ കനാൽ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്.
ഫണ്ടില്ലാത്തതിനാൽ മെയിൻ കനാലുകളിൽ ശുചീകരണവും പലയിടങ്ങളിലും നടന്നില്ല. ഉപകനാലുകളിലെ കാടുനീക്കലും മണ്ണ് ഇടിഞ്ഞുവീണത് നീക്കം ചെയ്യലും തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ വിളിച്ചാണ് ന
ത്തേണ്ടത്.
ജീവനില്ലാതെ
ജൽജീവൻ
ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൽജീവൻ പദ്ധതിൽ ജില്ലയിൽ പകുതി പോലും പിന്നിട്ടില്ല. ഇതുവരെ നടന്നത് മുപ്പത്തി മൂന്ന് ശതമാനം പണികൾ മാത്രമാണ്. ദീർഘകാല അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനാണ് ജൽജീവൻ പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതി പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമല്ല. പല കാരണങ്ങൾപറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്. ചിലയിടങ്ങളിൽ പണിയേറ്റെടുത്ത കരാറുകാർ ഉഴപ്പുകയാണെന്ന് അധികൃതർ പറയുന്നു. പൂർത്തിയായ മേഖലകളിൽ ജലവിതരണം തുടങ്ങിയിട്ടില്ല. അവിടങ്ങളിൽ പമ്പ് ഹൗസ് സ്ഥാപിക്കാനുണ്ട്. ഇതിന് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.
സ്ഥലം ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രശ്നം. വീട്ടുമുറ്റത്തുവരെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടും വെള്ളം എത്തിക്കാൻ കഴിയാത്തത് വലിയ വീഴ്ച തന്നെയാണ്. കിണറുകളും ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനുള്ള നടപടികൾ പലയിടത്തും തുടങ്ങിയിട്ടില്ല. പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സംഭരണികളുടെ നിർമ്മാണവും നടക്കണം. ജൽജീവൻ പദ്ധതിയിൽ ജില്ലയിൽ മൂന്നര ലക്ഷം അപേക്ഷകളാണുള്ളത്. നാലുവർഷം മുൻപ് ആരംഭിച്ചതാണ് പദ്ധതി. ഇക്കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. വാട്ടർ അതോറിറ്റിക്കാണ് നിർവഹണ ചുമതല.
കാടും പുഴകളും ശുദ്ധവായുവുമുള്ള ജില്ലയാണെങ്കിലും പകൽച്ചൂട് കൂടുതലാണ്. ജനുവരി അവസാന ആഴ്ച ആയതോടെ മുപ്പത്തിയഞ്ച് ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുന്ന മൂന്നു മാസം താപനില ഇനിയും ഉയരും. കഴിഞ്ഞ വർഷം മുപ്പത്തിയെട്ട് ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സൂര്യാഘാതമേറ്റ് കന്നുകാലികൾ ചത്ത സംഭവം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നീർച്ചാലുകൾ
നവീകരിക്കണം
നീർച്ചാലുകൾ നവീകരണമില്ലാതെ നശിക്കുന്നതാണ് ജില്ലയുടെ മറ്റൊരു ദുരവസ്ഥ. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നവീകരണം നടക്കുന്നുണ്ടെങ്കിലും വേഗത കൂട്ടേണ്ടതുണ്ട്. ജില്ലയിൽ നീർച്ചാൽ നവീകരണം മൂന്നാം ഘട്ടത്തിലേക്കു കടന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇനി ഞാൻ ഒഴുകട്ടെ എന്ന സന്ദേശവുമായാണ് ജനകീയ നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജില്ലയിലെ നീർച്ചാലുകൾ നവീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. നീർച്ചാൽ നടത്തം, ജനകീയ കൺവെൻഷൻ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ കൺവീനറായ സാങ്കേതിക സമിതികൾ യോഗം ചേർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നീർച്ചാൽ നവീകരിച്ച് സംരക്ഷണത്തിനായി കയർഭൂവസ്ത്രം വിരിക്കും.
നീരൊഴുക്ക് സുഗമമാക്കാനും കൂടുതൽ മേഖലകളിൽ കൃഷി സാദ്ധ്യമാക്കാനും മാലിന്യ നിക്ഷേപ സാഹചര്യങ്ങൾ ഇല്ലാതാക്കുക വഴി ജൈവ സമ്പത്ത് സംരക്ഷിക്കാനും നീർച്ചാൽ നവീകരണത്തിലൂടെ സാധിക്കും. ജില്ലയിൽ ഇതിനകം നൂറോളം നീർച്ചാലുകൾ നവീകരിക്കാൻ കഴിഞ്ഞു. മഴക്കാലമാകുമ്പോൾ നീർച്ചാലുകളിലൂടെ വെള്ളം ഒഴുകി ജല സ്രോതസുകൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ വരൾച്ചയുടെ കാഠിന്യം കുറയ്ക്കാം. ഇതിന് ജനോപകാര പ്രദവും സമയബന്ധിതവുമായി കർമ്മ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് പ്രധാന പങ്ക് വഹിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |