SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

ത്യാഗിവര്യൻ, ശ്രീമദ് സുഗുണാനന്ദ സ്വാമികൾ

as

ശ്രീനാരായണ ഗുരുദേവന്റെ പ്രശിഷ്യപരമ്പരയിൽ ഒരു കണ്ണിയായിത്തീർന്ന ശ്രീമദ് സുഗുണാനന്ദ സ്വാമികൾ അരനൂറ്റാണ്ടുകാലം ശിവഗിരിമഠം കേന്ദ്രീകരിച്ച് പ്രവർത്തിച്ച സന്യാസിവര്യനായിരുന്നു. ഗുരുദേവന്റെ നേർശിഷ്യരിൽ നേരത്തെ ഉണ്ടായിരുന്ന ദിവ്യശ്രീ സുഗുണാനന്ദഗിരി സ്വാമികളെ സ്മരിച്ചാണ് ബ്രഹ്മചാരി ഭാർഗവന് (സ്വാമികളുടെ പൂർവാശ്രമനാമം) ആ പേര് നല്‍കിയത്. 1976 ലെ ഗുരുദേവ ജയന്തിയ്ക്ക് ബ്രഹ്മാനന്ദസ്വാമിയിൽ നിന്ന് ബ്രഹ്മചര്യാദീക്ഷയും 1982 മെയ് മാസം ഏഴാം തീയതി ഗീതാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷയും സ്വീകരിച്ച് ബ്രഹ്മചാരി ഭാർഗവൻ സുഗുണാനന്ദ സ്വാമികളായി.

ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ മഹാപണ്ഡിതനായിരുന്ന പ്രൊഫ.എം.എച്ച്. ശാസ്ത്രിയുടെ ശിക്ഷണത്തിലായിരുന്നു ബ്രഹ്മവിദ്യാപഠനം. ബ്രഹ്മാനന്ദ സ്വാമികളായിരുന്നു ധർമ്മസംഘം അധ്യക്ഷൻ. ജനറൽ സെക്രട്ടറി പ്രകാശാനന്ദ സ്വാമികളും. ഇവരുടെ ശിക്ഷണത്തിൽ ഞങ്ങൾ പതിനാറുപേർ ബ്രഹ്മവിദ്യ അഭ്യസിക്കാൻ ഉണ്ടായിരുന്നുവെങ്കിലും അവസാനം ശേഷിച്ചത് എന്നോടൊപ്പം അസ്പർശാനന്ദ സ്വാമിയും ആർഹതാനന്ദ സ്വാമിയും സുഗുണാനന്ദ സ്വാമിയുമാണ്. മഹനീയരായ ആചാര്യന്മാരുടെ ശിക്ഷണത്തിൽ ശിവഗിരി മത മഹാപാഠശാലയിലെ അന്നത്തെ ബ്രഹ്മ്മചാരികളിൽ ഏറ്റവും മുതിർന്നയാളായിരുന്നു ബ്രഹ്മചാരി ഭാർഗവൻ. അദ്ദേഹം മിതഭാഷിയും അന്തർമുഖനുമായിരുന്നു.

ഗുരുദേവന്റെ നേർശിഷ്യന്മാരായ ആനന്ദതീർത്ഥർ സ്വാമികൾ, മാധവാനന്ദ സ്വാമികൾ, പൂർണാനന്ദ സ്വാമികൾ തുടങ്ങിയ മഹാഗുരുക്കളുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരായി ജീവിക്കുകയും ഭാർഗവൻ വൈദ്യർ, കൊളത്തൂർ ദിവാകരൻ, സി. ആർ. കേശവൻ വൈദ്യർ, ശാസ്ത്രി വൈദ്യർ തുടങ്ങിയ ഗൃഹസ്ഥ ശിഷ്യന്മാരുടെ മാർഗനിർദ്ദേശത്തോടു കൂടി ജീവിക്കുന്നതെല്ലാം ഈശ്വരാനുഗ്രഹപരമാണ്. സുഗുണാനന്ദ സ്വാമികൾക്ക് ഈ അനുഗ്രഹം ലഭിച്ചു. മനുഷ്യ ജീവിതത്തെ ധന്യമാക്കുന്നത് മൂന്ന് കാര്യങ്ങൾ നേടുമ്പോഴാണെന്ന് അദ്ധ്യാത്മശാസ്ത്രം വെളിപ്പെടുത്തുന്നു.

മനുഷ്യനായി ജനിക്കുക. ഈശ്വരസാക്ഷാത്കാരത്തിനുള്ള അദമ്യമായ ആഗ്രഹം ഉണ്ടാക്കുക, മഹാപുരുഷന്മാരായ ഗുരുക്കന്മാരോടൊപ്പം ജീവിക്കുക. ഇത് മൂന്നും ഒരു ജീവിതത്തെ അനശ്വരതയിലേക്കു നയിക്കുന്നു.

ഭാർഗവനെ സന്യാസത്തിലേക്കു നയിച്ചതിൽ ശാശ്വതീകാനന്ദ സ്വാമിയുടെ പ്രേരണാശക്തി വളരെ വലുതായിരുന്നു.

പലപ്പോഴും ശിവഗിരി വിട്ടുപോയ ബ്രഹ്മചാരി ഭാർഗവനെ പിടിച്ചുനിറുത്തിയത് ശാശ്വതീകാനന്ദ സ്വാമിയാണ്. സ്വാമിയുടെ ഉറ്റഅനുയായി ആയിട്ടാണ് സുഗുണാനന്ദസ്വാമി തുടർന്നു വന്നത്. ഗുരുദേവന്റെ സന്യാസ സങ്കല്‍പം അനുസരിച്ച് ആശ്രമത്തിലിരുന്ന് ആത്മോപദേശം നല്‍കുക എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ സന്യാസിമാർ പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി നിലകൊള്ളുവാൻ സുഗുണാനന്ദ സ്വാമികൾ ബദ്ധശ്രദ്ധനായിരുന്നു. സ്വാമികളുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ഇതായിരുന്നുവെന്ന് പറയാം.

1982ൽ നടന്ന ശിവഗിരി തീർത്ഥാടന കനകജൂബിലി ആഘോഷം, 1988 ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി വർഷം തുടങ്ങിയ പരിപാടികളിലൊക്കെ ശാശ്വതീകാനന്ദ സ്വാമികളുടെ ഉറ്റ അനുയായി ആയി നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ സുഗുണാനന്ദ സ്വാമികൾ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. ശിവഗിരി മഠത്തിനു വേണ്ടിയും ശ്രീനാരായണ പ്രസ്ഥാനത്തിനു വേണ്ടിയും അരനൂറ്റാണ്ടുകാലം പ്രവർത്തിച്ച സ്വാമികൾ 74-ാം വയസിലാണ് സമാധി പ്രാപിച്ചിരിക്കുന്നത്. അദ്ദേഹത്തിനുണ്ടായിരുന്ന ഗുരുഭക്തിയും സ്വതന്ത്രചിന്തയും സാമൂഹിക പ്രതിബദ്ധതയും ഏവർക്കും സാധനാപാഠമായിത്തീരുവാൻ പ്രാർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGUNANDHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION