
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടംപിടിക്കാതെ പോയ നായകനാണ് ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ കൊടുമൺ പിള്ള. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ധീരസമരം നയിച്ചിട്ടും ചരിത്രത്തിൽ ഇടംനേടാതെ പോയ ആയിരക്കണക്കിന് വീരഭടന്മാരിൽ ഒരാൾ! ആദ്യ സ്വാതന്ത്ര്യ സമരമെന്ന് ചരിത്രം രേഖപ്പെടുത്തുന്ന 1857-ലെ ശിപായി ലഹളയ്ക്കും മുമ്പായിരുന്നു, ആറ്റിങ്ങൽ കലാപം. 1721-ൽ അശ്വതി തിരുനാൾ ഉമയമ്മ റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി വില്യം ഗിഫോർഡും തമ്മിൽ ഏർപ്പെട്ട വ്യാപാര ഉടമ്പടിയുടെ ലംഘനമാണ് ആറ്റിങ്ങൽ കലാപത്തിന് വഴിതെളിച്ചത്.
അഞ്ചുതെങ്ങ് ആസ്ഥാനമായി കച്ചവടം നടത്താനുള്ള കരാറായിരുന്നു അത്. അന്നുതന്നെ, കരാറിനോട് സേനാനായകനായ കൊടുമൺപിള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മെല്ലെ മെല്ലെ വിദേശികൾ അഞ്ചുതെങ്ങു കോട്ട കേന്ദ്രമാക്കി സൈനിക താവളം രൂപീകരിച്ചു. നാട്ടുകാരിൽ നിന്ന് സാധനങ്ങൾ നിർബന്ധമായി വാങ്ങുകയും, വില നൽകാതിരിക്കുകയും പതിവായപ്പോൾ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. അതോടൊപ്പം കരാർ പ്രകാരം കൊട്ടാരത്തിന് കൊടുക്കാനുള്ള കപ്പം മുടങ്ങുകയും ചെയ്തു.
ബ്രിട്ടീഷ് സൈനികരുടെ ക്രൂരതയും നാട്ടുകാരുടെ ദൈന്യവും കണ്ട സേനാനായകനായ കൊടുമൺപിള്ള അവർക്കെതിരെ പോരാടാൻ തീരുമാനിച്ചു. അതിനായി അഞ്ചുതെങ്ങിലും ആറ്റിങ്ങലും നിരവധി കളരിത്തറകൾ പണിത് യുവാക്കൾക്ക് രഹസ്യമായി പരിശീലനം നൽകി. ജനങ്ങളുടെ പ്രതിഷേധവും കരാർ ലംഘനവുമായപ്പോൾ ബ്രിട്ടീഷുകാരോട് കൊട്ടാരവും ഇടഞ്ഞു. കൊട്ടാരത്തെ പ്രീതിപ്പെടുത്താൻ പഴയ കപ്പം കൊടുത്തുതീർത്ത് പുതിയ കരാർ എഴുതാമെന്ന് വില്യം ഗിഫോർഡും ഇഗ്നേഷ്യസ് മലീറിയോസും രാജകുടുംബത്തെ അറിയിച്ചു. പുതിയ കരാറിനായി പണവും പട്ടുവസ്‌ത്രങ്ങളും അടങ്ങുന്ന സമ്മാനപ്പൊതികളുമായി ബ്രിട്ടീഷ് സേനാമേധാവിയായ വാൾട്ടർ ബ്രൗണിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പുഴയിലൂടെ വള്ളത്തിൽ കൊട്ടാരത്തിലേക്കു വന്ന സംഘത്തെ പുഴക്കരയിൽ പതിയിരുന്ന കൊടുമൺപിള്ളയും സംഘവും ആക്രമിച്ചു.
നൂറ്റമ്പതോളം ബ്രിട്ടീഷ് സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. അന്നുമുതലാണ് ആറ്റിങ്ങൽ പുഴ കൊല്ലമ്പുഴ ആയത്. കൂടുതൽ കളരിത്തറകളും വീരയോദ്ധക്കളും ഉണ്ടായിരുന്ന സ്ഥലം പിന്നീട് വീരകേരളപുരമായി. പക്ഷേ, ആറ്റിങ്ങൽ കലാപത്തെയും കൊടുമൺ പിള്ളയേയും ചരിത്രം മറന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ലളിതകലാ അക്കാഡമി നടത്തിയ ചിത്രകലാ ക്യാമ്പിലാണ് കൊടുമൺ പിള്ളയുടെ ഒരു ചിത്രം നാട്ടുകാർ ആദ്യം കാണുന്നത്. ആറ്റിങ്ങൽ സ്വദേശിയായ ചിത്രകാരൻ സുജിത് ഭവാനന്ദനാണ് കൊടുമൺ പിള്ളയുടെ ആ ചിത്രം വരച്ചത്. സുജിത് ഭവാനന്ദൻ വരച്ച കൊടുമൺപിള്ളയുടെ ചിത്രം കേന്ദ്ര ലളിതകലാ അക്കാഡമി ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രദർശിപ്പിച്ചു. അതിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കിയ ഐ.സി.എച്ച്.ആർ ആ ചിത്രം ഏറ്റുവാങ്ങുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |