SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

വന്യമൃഗ ശല്യം: മാസ്റ്റർ പ്ലാൻ കടലാസിൽ ഒതുങ്ങരുത്

a

വന്യജീവി ആക്രമണ ഭീഷണിയിൽ നിന്ന് കേരളം എന്ന് മുക്തമാകുമെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. പരിസ്ഥിതിയുടെ ഭാഗമാണ് മൃഗങ്ങളും. അതുകൊണ്ടാണ് നിയമവും കോടതിയുമെല്ലാം മൃഗങ്ങളെ കൊല്ലുന്ന നടപടികളെ പരമാവധി നിരുത്സാഹപ്പെടുത്തുന്നത്. എന്നുവച്ച് മനുഷ്യർക്ക് ജീവിക്കണ്ടേ എന്ന മറുചോദ്യവും പ്രസക്തമാണ്. മനുഷ്യർക്ക് മാത്രം ജീവിച്ചാൽ മതിയോ എന്ന് പരിസ്ഥിതി, മൃഗസ്നേഹികൾ ചോദിക്കും. എല്ലാം വേണം. അതിനെന്തു ചെയ്യാമെന്നതിന് പൊതുവായ ചർച്ച ആവശ്യമാണ്.

വയനാട്ടിൽ ആദിവാസി സ്ത്രീ രാധയെ കടുവ കൊലപ്പെടുത്തിയതോടെ വന്യമൃഗശല്യം വീണ്ടും വാർത്തയിൽ നിറയുകയാണ്. നരഭോജി കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. തത്കാലം ഭീതിയൊഴിഞ്ഞു. എന്നാലത് പ്രശ്നപരിഹാരമല്ല. വീണ്ടും ആക്രമണമുണ്ടാകാം. വയനാട്ടിൽ മാത്രമല്ല, വനാതിർത്തികളിൽ, അവയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇനിയുമെപ്പോഴും അതുണ്ടാകാം. വേണ്ടത് ശാശ്വത പരിഹാരമാണ്. ഇതിന് വിവിധ വകുപ്പുകളും സംഘടനകളും ചേർന്ന് ചർച്ച നടത്തണം. ഒറ്റയടിക്ക് പരിഹാരമുണ്ടാകില്ല. പടിപടിയായെങ്കിലും നടപ്പാക്കണമെങ്കിൽ ഇപ്പോഴേ തുടങ്ങണം. അതിനുള്ള ശ്രമം വനംവകുപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പിന് മുമ്പാണ്. മികച്ച മാസ്റ്റർപ്ലാൻ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങിയെങ്കിലും വയനാട്ടിൽ വന്യജീവി ആക്രമണമുണ്ടായി. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രവർത്തനം നിറുത്തിവച്ചു.

വീണ്ടും ചില പ്രവർത്തനങ്ങൾ ഈയിടെ തുടങ്ങിയിട്ടുണ്ട്. വനാതിർത്തികളിൽ തകർന്ന വേലികൾ പുന:സ്ഥാപിക്കുകയാണ് അവയിലൊന്ന്. ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം ഉൾപ്പെടെ വേണ്ടത്ര സജ്ജീകരണങ്ങളുണ്ടോ തുടങ്ങിയവയും പരിശോധിക്കും. ഇത്തരം കാര്യങ്ങളുടെ തുടർച്ച നടക്കാനിരിക്കെയാണ് വയനാട്ടിൽ വീണ്ടും കടുവ ആക്രമണമുണ്ടായത്.

മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിൽ മുകളിൽ പറഞ്ഞതുപോലുള്ള തടസങ്ങളെപ്പറ്റി പറഞ്ഞതുകൊണ്ടു കാര്യമില്ല. ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് വേണ്ടത്. അതിന് വനംവകുപ്പു തന്നെ മുൻകെെയെടുക്കണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതോ പ്രഖ്യാപനം നടത്തുന്നതോ അല്ല രീതി. മാസ്റ്റർ പ്ലാൻ കടലാസിൽ മാത്രം പോര. കേന്ദ്രനിയമത്തിലുള്ള തടസങ്ങൾ നീക്കാനും നടപടിയുണ്ടാകണം.

നമുക്കും

കിട്ടണം വോട്ട്

കടുവ, കാട്ടാന,​ പുലി എന്നിവയുടെ​ ശല്യം പോലെതന്നെ കാട്ടുപന്നി, കുരങ്ങ്, മയിൽ, തേനീച്ച ശല്യവുമുണ്ട്. തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസികളുടെ എണ്ണവും കുറവല്ല. എന്നാലിത് ആരുമത്ര ഗൗരവത്തിലെടുക്കാറില്ല. മയിൽ കൃഷി നശിപ്പിക്കുന്നത് മറ്റൊരു പ്രശ്നമാണ്. കൃഷി നശിപ്പിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെങ്കിലും അപര്യാപ്തമാണ്. ഇത് വർദ്ധിപ്പിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ഇത് അനുഭാവപൂർവം പരിഗണിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതേസമയം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം പത്തു ലക്ഷമായിത്തന്നെ തുടരുമെന്നാണ് വിവരം.

നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്താലേ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകൂ. ഇതിനാണ് വനം വകുപ്പ് ഭേദഗതി കൊണ്ടുവരാൻ ബില്ല് അവതരിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതോടെ പിൻവലിച്ചു. തിരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടു കുറഞ്ഞേക്കുമോ എന്ന ഭയമാണ് പിൻവലിച്ചതിനു പിന്നിൽ. വോട്ടാണല്ലൊ മുഖ്യം.

പ്രതിഷേധക്കാർ കരട് ബില്ലിലെ വ്യവസ്ഥകൾ വായിച്ചുപോലും നോക്കാതെയാണ് പ്രതിഷേധിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അറസ്റ്റിന് ഉൾപ്പെടെ കൂടുതൽ അധികാരം നൽകുന്നുവെന്നാണ് പ്രധാന ആക്ഷേപം. വനനിയമത്തക്കുറിച്ച് അറിയുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലുള്ളവർക്കായി അധികാരം പരിമിതപ്പെടുത്താനായിരുന്നു ബില്ലിലെ നിർദ്ദേശം. പക്ഷേ പലരും കാള പെറ്റുവെന്നു കേട്ടതോടെ കയറെടുത്തു. പ്രതിഷേധ ബഹളത്തിൽ ബില്ലിലെ നല്ല വ്യവസ്ഥകൾ വെളിച്ചം കണ്ടില്ല. കരട് ബില്ലിൽ ചർച്ച നടത്തി, പൊതുജനാഭിപ്രായം സ്വീകരിച്ചും പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുമാണ് നിയമസഭയിൽ ചർച്ചയ്ക്ക് വരിക. അവിടെ ജനപ്രതിനിധികൾക്കും നിർദ്ദേശങ്ങൾ വയ്ക്കാം. തുടർന്നേ ബില്ല് സഭയുടെ അംഗീകാരത്തിന് സമർപ്പിക്കുകയുള്ളൂ. ഇത്തരം നടപടിക്രമങ്ങളൊന്നും മനസിലാക്കാതെയാണ് പലരും പ്രതിഷേധിച്ചത്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിൽ മികച്ച പല നിർദ്ദേശങ്ങളും മുങ്ങിപ്പോയി. പഴഞ്ചൻ നിയമം ഇനിയെന്ന് മാറ്റുമെന്ന ചോദ്യത്തിന് തത്കാലമില്ലെന്നാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ മറുപടി.

പഞ്ചായത്തുകൾ ഉഴപ്പി;

പന്നിവേട്ട വഴിപാടായി

പന്നിയാക്രമണത്തിൽ തമിഴ്നാട് നടപടിയെടുക്കുന്നതിന് മുമ്പുതന്നെ കേരളം 2022ൽ അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങളിലെ മോധാവികൾക്ക് അധികാരം കൊടുത്തിരുന്നു. ഇതിലൂടെ ആറായിരത്തോളം പന്നികളെ കൊന്നു. ചില പഞ്ചായത്തുകൾ അതിൽ താത്പര്യമെടുത്തേയില്ല. പണമില്ലെന്ന് സർക്കാരിനെ പഴി പറഞ്ഞു തടിതപ്പി.

ഒരു പഞ്ചായത്തിൽ ദിവസവും പന്നിവേട്ട നടത്തേണ്ടിവരില്ലെന്ന് എല്ലാവർക്കുമറിയാം. വല്ലപ്പോഴും വേണ്ടിവരുന്നതിന് എത്ര ചെലവുവരുമെന്നതും പ്രസക്തമായ ചോദ്യമാണ്. വർഷത്തിൽ അരലക്ഷം രൂപയിലധികം വേണ്ടിവന്നേയ്ക്കാം. അത് തനത് ഫണ്ടിൽ നിന്നെടുക്കാനാകുമെന്നാണ് മന്ത്രി പറയുന്നത്. കൊല്ലാനും സംസ്കരിക്കാനുമായി പന്നിയൊന്നിന്ന് 2,500 രൂപ നൽകുന്നുണ്ട്. തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറയുന്നു.

പന്നിവേട്ടയുമായി ബന്ധപ്പെട്ട് ഈയിടെ ഹെെക്കോടതി നടത്തിയ പരാമർശവും പരിശോധിക്കേണ്ടതാണ്. പന്നികളെ കൊല്ലാനുള്ള ഉത്തരവിടാൻ വെെൽഡ് ലെെഫ് വാർഡന്റെ ചുമതല പഞ്ചായത്ത് പ്രസിഡന്റിന് നൽകിയിരിക്കുകയാണ്. എന്നാൽ അധികാരം ലഭിക്കുന്നവരുടെ യോഗ്യത പരിശോധിക്കണമെന്നാണ് കോടതി പറഞ്ഞത്. എന്നാലിത് വെറും ആശയക്കുഴപ്പമാണെന്നും അത് കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും സർക്കാർ പറയുന്നു.

ഭരണഘടനാപരമായി പഞ്ചായത്ത് മേധാവി പ്രസിഡന്റാണ്. എന്നാൽ ബന്ധപ്പെട്ട പ്രസിഡന്റിന്റെ പേര് വച്ച് നോട്ടിഫിക്കേഷൻ നടത്തണമെന്നും ഹെെക്കോടതി പറയുന്നുണ്ടത്രെ. പ്രസിഡന്റുമാർ മാറുന്നതിനാൽ ഇത് പ്രായോഗികമല്ലെന്ന് കോടതിയെ സർക്കാർ ബോദ്ധ്യപ്പെടുത്തുമെന്ന് മന്ത്രി പറയുന്നു. അതിനിടെ സൗജന്യമായി പന്നിവേട്ട നടത്താമെന്ന് പ്രഖ്യാപിച്ച മലപ്പുറത്തെ ഷൂട്ടർ സംഘത്തിന്റെ സേവനം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ല. പന്നിവേട്ടയിൽ കാര്യക്ഷമായി പ്രവർത്തിച്ച ഏതാനും പഞ്ചായത്തുകളുണ്ട്.

ഭേദഗതി പിൻവലിച്ച സാഹചര്യത്തിൽ നിലവിലെ നിയമം തുടരും. തുറന്ന സമീപനത്തോടെയാണ് ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ജനങ്ങൾക്കും സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുൾപ്പെടെ സമയം നൽകിയെങ്കിലും വന്യജീവി ആക്രമണത്തെ കുറിച്ച് പരാതി വന്നതല്ലാതെ ക്രിയാത്മക നിർദ്ദേശങ്ങളൊന്നുമുണ്ടായില്ല. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും കോട്ടമില്ലാത്ത മാസ്റ്റർ പ്ലാനാണ് വേണ്ടത്. അതിനുള്ള ചർച്ചകളും സമവായവുമാകട്ടെ സർക്കാരിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD PIG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION