
കണ്ണൂരിൽ വനത്തിൽ വിറക് തേടി പോയ കണ്ണവം സ്വദേശിനി സിന്ധുവിനെ കാണതായിട്ട് ഒരു മാസം പിന്നിടുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നാട് കണ്ണീരോടെ കാത്തിരിക്കുകയാണ്. കണ്ണവം വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ കണ്ണവം കോളനിയിലെ ഉന്നതിയിൽ പൊരുന്നൻ വീട്ടിൽ എൻ. സിന്ധുവിനെയാണ് കാണാതായിട്ട് 30 ദിവസം പിന്നിടുന്നത്. ഇത്രയും ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തത് കുടുംബത്തെയും കണ്ണീരിലാഴ്ത്തുകയാണ്. മാനസിക ബുദ്ധിമുട്ടുകൾ കൂടി നേരിടുന്ന വ്യക്തിയായതിനാൽ സിന്ധുവിന് എന്തു സംഭവിച്ചെന്നറിയാതെ തകർന്നിരിക്കുകയാണ് കുടുംബം. കാണാതായ ദിവസം വിറക് ശേഖരിക്കാൻ അറക്കൽ ഭാഗത്ത് പോയ അവരെ കണ്ടവരുണ്ട്. ശേഖരിച്ച വിറകുകൾ കെട്ടിവെച്ചതും കണ്ടെത്തി. എന്നാൽ പിന്നീടെന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല.
ആദ്യഘട്ടത്തിൽ ഇരുന്നൂറോളം നാട്ടുകാർ സംഘടിച്ച് വനത്തിൽ തിരച്ചിൽ നടത്തിയിട്ടും യാതൊരു സൂചനയും ലഭിച്ചില്ല. സിന്ധു പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇളമാങ്കല്, കടവ്, കാണിയൂർ, വെങ്ങളം, മുണ്ടയോട്, പറമ്പുക്കാവ്, കോളിക്കൽ എന്നീ സ്ഥലങ്ങളിൽ പൊലീസും വനംവകുപ്പും അഗ്‌നിരക്ഷാ സേനയും തണ്ടർബോൾട്ടും തിരച്ചിൽ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഡ്രോൺ ക്യാമറ ഉപയോഗത്തിൽ പരിശീലനം നേടിയ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് വനമേഖലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സിന്ധു വിറക് ശേഖരിച്ചുവെച്ച അറക്കൽ എന്ന സ്ഥലത്തുനിന്ന് പൊലീസ് നായ മണം പിടിച്ച് ഇളമാങ്കൽ വഴി നാലുകിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവിലെത്തി നിന്നു. ഇതുവരെയായി ലഭിച്ച ഏക സൂചന ഇതു മാത്രമാണ്. വന്യമൃഗ സാന്നിദ്ധ്യമുള്ള കാടാണ് കണ്ണവം. അതേസമയം, സുരക്ഷിതമായി ഇരിയ്ക്കാനുള്ള താവളങ്ങളും കാടിനുള്ളിലുള്ളതിനാൽ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സംയുക്ത തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. അതേ സമയം, കാടിന് പുറത്തേക്ക് സിന്ധു പോയിരിക്കാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.വനമേഖലയിൽ ജനിച്ചു വളർന്നതിനാൽ കാടിനെ പറ്റി നല്ല ധാരണയുള്ള വ്യക്തി കൂടിയാണ്. വഴിതെറ്റിയതാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സമീപത്തെ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തേണ്ടതായിരുന്നു. ഇതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. തിരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി. മോഹനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലും തീരുമാനമുണ്ടായിരുന്നു. കണ്ടെത്താനുള്ള സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്ഥലം എം.എൽ.എ കെ.പി.മോഹനൻ പറഞ്ഞു.
കാണാതായത്
കഴിഞ്ഞ വർഷം 31ന്
പതിവ് പോലെ വനത്തിൽ വിറക് ശേഖരിക്കാൻ ഡിസംബർ 31നാണ് യുവതി പോയത്. തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസോ വനംവകുപ്പോ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നീട് പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി യോഗം ചേർന്ന് ഉൾവനത്തിൽ തിരച്ചിൽ നടത്തി. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. അഗ്നിരക്ഷാ സേന കുളങ്ങളിലും, വെള്ളം നിറഞ്ഞ ക്വാറികളിലുമടക്കം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണവം നഗർ, വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. കോഴിക്കോട് ജില്ലാ അതിർത്തിയായ നരിക്കോട്ടുമല, വാഴമല തുടങ്ങിയ പ്രദേശത്തും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. നിബിഡവന പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിലിനും ഏറെ പരിമിതികൾ ഉള്ളതായി നാട്ടുകാർ പറയുന്നു. റഡാർ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഇതുവരെ യാതൊരു തുമ്പും ലഭിച്ചില്ല. സിന്ധുവിനെ കണ്ടെത്താൻ തുടർന്നും സാധിച്ചില്ലെങ്കിൽ അന്വേഷണത്തിന് ആധുനികയന്ത്ര സംവിധാനങ്ങളോടു കൂടിയ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുമ്പും കാണാതായി
മുൻപും സിന്ധുവിനെ കാണാതായിട്ടുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ തിരിച്ച് വന്നിരുന്നുവെന്ന് അച്ഛൻ പെരുനാൻ കുമാരനും അമ്മ പ്രേമജയും പറഞ്ഞു.പൊതുവെ അധികം ആളുകളോട് സംസാരിക്കാത്ത, ഒറ്റയ്ക്ക് കാട്ടിൽ പോകുന്ന, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം കാട്ടിനുള്ളിൽ തന്നെ കഴിയുന്ന പ്രകൃതമാണ് സിന്ധുവിന്. വനത്തിൽ നിന്ന് തിരികെ വരാതായപ്പോഴും അങ്ങനെ കരുതിയിരുന്നു. പിന്നീട് ആശങ്കയായി. അതോടെയാണ് തിരച്ചിൽ തുടങ്ങിയത്. വനംവകുപ്പും, പൊലീസും, നാട്ടുകാരും വിവിധ സംഘങ്ങളായാണ് ഉൾക്കാടുകളിൽ വരെ ചെന്ന് പരിശോധിക്കുന്നത്. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ തുടരാനാണ് ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത യോഗത്തിലെ തീരുമാനം.കണ്ണവം വനത്തിന്റെ എതിർ ദിശയിലൂടെയും പരിശോധിക്കും. ഇതിന് പുറമേയാണ്, വനത്തിന് പുറത്തേക്കുള്ള പരിശോധനകൾ. മാനസിക വെല്ലുവിളിയുള്ള സിന്ധു കാട്ടിലേക്കല്ലാതെ ടൗണിലേക്കോ മറ്റോ ഒറ്റയ്ക്ക് പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എങ്കിലും വിവിധയിടങ്ങളിലെ സി.സി.ടി.വി ക്യാമറകൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
താമസിച്ചിരുന്നത് തനിച്ച് ഷെഡ്ഡിൽ
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു താത്ക്കാലിക ഷെഡ്ഡിൽ ആണ് സിന്ധു താമസിച്ചിരുന്നത്. യാതൊരു സുരക്ഷയുമില്ലാത്ത ഈ ഷെഡ് ചെറിതായൊന്ന് മഴ പെയ്താൽ പോലും തകർന്ന് വീഴുന്നതാണ്. വിവാഹിതയാണെങ്കിലും ഭർത്താവ് കൂടെയില്ല. അച്ഛൻ പി.കുമാരന്റെയും അമ്മ എൻ. പ്രേമജയുടെയും കൂടെയായിരുന്നു താമസം. പിന്നീട് തൊട്ടടുത്തുതന്നെ സ്വന്തമായി ചെറിയ കുടിലുണ്ടാക്കി അതിലേക്ക് താമസം മാറ്റി. പ്രേമജ തൊഴിലുറപ്പ് തൊഴിലാളിയാണ്. സിന്ധുവിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |