SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

സർക്കാരിനെപ്പറ്റി 'കമാ'ന്നൊരക്ഷരം മിണ്ടാതെ

a

ഒരു കാലത്ത് വിഭാഗീയതയുടെ വിളനിലമായിരുന്ന എറണാകുളത്ത് സി.പി.എം ജില്ലാ സമ്മേളനം ഇക്കുറി ശാന്തമായി പൂർത്തിയായി. സി.എൻ.മോഹനൻ വീണ്ടും സെക്രട്ടറിയായി. പ്രതിനിധി ചർച്ചകളിൽ പാർട്ടിയുടെ പോരായ്മകൾ വിമർശിക്കപ്പെട്ടെങ്കിലും സർക്കാരിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ലെന്നത് ശ്രദ്ധേയമായി.

ഗ്രൂപ്പിസം നടമാടിയിരുന്ന കാലത്ത് സി.പി.എം ജില്ലാ സമ്മേളനങ്ങൾ സംഭവബഹുലമായിരുന്നു. പാർട്ടി പിടിക്കാനുള്ള നീക്കങ്ങളും വെട്ടിനിരത്തലും അവിടെ നിന്ന് തുടങ്ങുമായിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് വിഭാഗീയത കൊടുമ്പിരിക്കൊണ്ടു. എന്നാൽ പിണറായി മുഖ്യമന്ത്രിയായതോടെ സ്ഥിതി മാറി. പൊട്ടിത്തെറികൾ മുളയിലേ നുള്ളി. വിഭാഗീയതയുടെ അപ്പോസ്തലന്മാരിൽ പലരും വിടവാങ്ങി. ചിലർ വിശ്രമ ജീവിതത്തിലുമായി.

സൂക്ഷ്മദർശിനി

മുമ്പ് സ്ഥിരം പ്രശ്നബാധിത ജില്ലകളുണ്ടായിരുന്നു. അവിടങ്ങളിൽ ജില്ലാ സമ്മേളനത്തിന് പാർട്ടിയുടെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു. ഉന്നത നേതാക്കളേയും മന്ത്രിമാരേയും ഇതിനായി നിയോഗിച്ചിരുന്നു. മറ്റു ജില്ലകളിൽ തലപ്പത്തുനിന്ന് കർശന നിരീക്ഷണമുണ്ടാകാറില്ല. എന്നാൽ ഇത്തവണ മിക്ക ജില്ലകളിലേയും സമ്മേളനം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. സർക്കാരിനെതിരായ പ്രതിനിധികളുടെ വിമർശനങ്ങൾ അതിനാൽ തൊണ്ടയിൽ തടഞ്ഞുവെന്ന് വേണം കരുതാൻ. എറണാകുളത്തിനായി സ‌ർക്കാർ അനുവദിച്ച കോടികളുടെ വികസനക്ഷേമ പദ്ധതികളെ വാഴ്ത്തിപ്പാടുകമാത്രമാണ് സമ്മേളനത്തിൽ ഉണ്ടായത്. സർക്കാരിനെ വിമർശിച്ച് നിരീക്ഷകരുടെ മൈക്രോസ്കോപ്പിൽ പതിയാൻ ആരും ആഗ്രഹിച്ചിരിക്കില്ല.

ഏരിയകളിൽ ഉയർന്നത്

ക്ഷേമ പ്രവർത്തനങ്ങളും പ്രളയ, കൊവിഡ് കാലങ്ങളിലെ കരുതലുമായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ മുഖമുദ്ര. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ പൊലീസ് നയങ്ങളടക്കം വ്യാപകമായി വിമർശിക്കപ്പെട്ടു. കൊട്ടിഘോഷിച്ച നവകേരള സദസിന് നിറംമങ്ങി. പ്രതിഷേധങ്ങൾ അടിപിടിയിലും കേസിലുമെത്തി. സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായി നടന്ന ഏരിയാ സമ്മേളനങ്ങളിൽ പലയിടത്തും ഭരണത്തിനെതിരേ വിമർശനമുയർന്നു. ആഭ്യന്തര വകുപ്പും പൊലീസും ജനവിരുദ്ധമായെന്നായിരുന്നു പ്രധാനവിമ‌ർശനം. നവകേരള സദസ് സമ്പൂർണ പരാജയമെന്നും ആക്ഷേപമുണ്ടായി. മന്ത്രിമാർക്ക് ജനങ്ങളുമായി ബന്ധമില്ലെന്നും ഏരിയാ യോഗങ്ങളിൽ വിമർശനമുണ്ടായി. ഈ സാഹചര്യം കൂടി കണ്ടുകൊണ്ടാകണം ജില്ലാ സമ്മേളനങ്ങൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കിയത്. സ‌ർക്കാരിനെതിരായ വിമർശനങ്ങളും ഇതോടെ കെട്ടടങ്ങി. ബ്രൂവറി പോലുളള വിവാദങ്ങൾ ആരും സ്പർശിച്ചതുമില്ല.

ജില്ല വിടാത്ത ചർച്ച

എറണാകുളത്ത് സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളിൽ വരെ സംസ്ഥാനതല വിഷയങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്ന പതിവുണ്ടായിരുന്നു പണ്ട്. എന്നാൽ ഇത്തവണ ചർച്ചകൾ ജില്ലാ അതിർത്തിക്കുള്ളിൽ ഒതുക്കി. ജില്ലാ സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു കൂത്താട്ടുകുളം നഗരസഭയിലെ പ്രശ്നങ്ങൾ. അവിശ്വാസ വോട്ടെടുപ്പ് ദിവസം സ്വന്തം കൗൺസിലർ കല രാജുവിനെ പാർട്ടിക്കാർ തട്ടിക്കൊണ്ടുപോയി. കൈയേറ്റം ചെയ്തെന്നും വസ്ത്രാക്ഷേപം നടത്തിയെന്നും പരാതിയുണ്ടായി. കല രാജു കൂറുമാറി യു.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് സംശയിച്ചായിരുന്നു ആക്രമണം. തുടർന്ന് വലിയ സംഘർഷമുണ്ടായി. സി.പി.എമ്മിന്റെ പത്തിലധികം പ്രാദേശിക നേതാക്കൾ പ്രതികളായി. ജില്ലാ സമ്മേളനം ഈ പ്രശ്നത്തെ എങ്ങനെ സമീപിക്കുമെന്നതിൽ ആകാംക്ഷയുണ്ടായി. ആക്രമണം നേരിട്ടത് സ്വന്തം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച വനിതയാണല്ലോ... എന്നാൽ കല രാജുവിനെ തട്ടിക്കൊണ്ടു പോയ സഖാക്കളെ അഭിനന്ദിക്കുകയാണ് സമ്മേളനം ചെയ്തത്. കതിരക്കച്ചവടത്തിനുള്ള സാഹചര്യമാണ് അവർ തടഞ്ഞതെന്ന വിലയിരുത്തലുണ്ടായി. ഒറ്റുകാരോട് സമരസപ്പെടേണ്ടതില്ലെന്നും!

ജനം പ്രധാനം

പാർട്ടിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് സമ്മേളനത്തിൽ കൂടുതൽ ചർച്ചകൾ നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഊർജിത പ്രചാരണം നടത്തിയിട്ടും ചില മണ്ഡലങ്ങളിൽ ജയിക്കാത്തതിന് കാരണം ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനത്തിന്റെ പോരായ്മയാണ്. അതിനാൽ വൃദ്ധജന പരിപാലനത്തിലും മാലിന്യ സംസ്കരണത്തിലുമടക്കം സഖാക്കൾ സജീവമാകണമെന്ന് ആഹ്വാനമുണ്ടായി. കൊച്ചി നഗരമേഖലയിലെ ദൗർബല്യമാണ് ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന വിഷയം. അതിനാൽ ബി.ജെ.പിയുടെ കടന്നുകയറ്റമുണ്ടാകുന്നു. നഗരസഭകളിൽ ബി.ജെ.പി. അംഗബലം വർദ്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ജാഗ്രത വേണമെന്ന് സമ്മേളനം വിലയിരുത്തി. സി.ഐ.ടി.യുക്കാർ വൈകിട്ട് വീടണഞ്ഞാൽ തീരുന്നതാണ് നഗരത്തിലെ പാർട്ടി പ്രവർത്തനമെന്നു വരെ വിമർശനമുണ്ടായി. എന്നാൽ സർക്കാരിനെപ്പറ്റി കമന്നൊരക്ഷരം മിണ്ടിയില്ല.


മൂന്നാം മോദി സർക്കാരിന്റെ വെല്ലുവിളി നേരിടുന്നതിന് മൂന്നാം പിണറായി സർക്കാരിന് കളമൊരുക്കുകയാണെന്ന് വേണം കരുതാൻ. സമ്മേളനങ്ങളിലെ വിമർശനങ്ങൾ സർക്കാരിലേക്ക് എത്താതിരിക്കാൻ അതീവ ജാഗ്രതയാണ് നേതൃത്വം പുലർത്തുന്നത്. വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സി.എൻ. മോഹനൻ തുടർച്ചയായ രണ്ടാം തവണയും ജില്ലാ സെക്രട്ടറി പദത്തിലെത്തി. കമ്മിറ്റി തിരഞ്ഞെടുപ്പിലും കാര്യമായ എതിർപ്പുകൾ ഉയർന്നില്ല.
2026 ലെ തിരഞ്ഞെടുപ്പിലും ജനം തുണച്ചാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമോ? പാർട്ടിയുടെ പ്രായപരിധി മാനദണ്ഡങ്ങളടക്കം തടസമാകില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അനിവാര്യ സാഹചര്യമുണ്ടായാൽ എല്ലാ ഇളവും ലഭിക്കുമെന്നാണ് ഉത്തരം. എതിർക്കുന്ന നേതാക്കളെ അന്വേഷണ ഏജൻസികളെ വച്ച് 'വേട്ടയാടുന്ന'താണ് കേന്ദ്രനയം. ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ പല ഉന്നത നേതാക്കളും അകത്തു പോയി. ജയിലിലെ നരകയാതനകൾക്കിടെ കഷ്ടിച്ചാണ് ജാമ്യം കിട്ടിയത്. കേരളത്തിലും കേന്ദ്ര ഏജൻസികൾ കുനിഷ്ടുകളുണ്ടാക്കി. മുഖ്യമന്ത്രിയും മകളും റഡാറിലാണ്. അതിനാൽ അധികാരസ്ഥാനത്തു നിന്ന് മാറിനിൽക്കുന്നത് ഒട്ടും ആരോഗ്യകരമാകില്ല. അടുത്ത തവണയും ഭരണം പിടിക്കണം. അതിന് പാർട്ടിയിൽ ഏകസ്വരമുണ്ടാക്കണം. അതിനുള്ള മുന്നൊരുക്കമായി വേണം കർശന നിരീക്ഷണത്തോടെയുള്ള ജില്ലാ സമ്മേളനത്തെ വിലയിരുത്താൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION