SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 PM IST

കൈവിട്ട ആയുധം,​ വാ വിട്ട വാക്ക് 

soniya

ഒരു വനിതയ്‌ക്കേ മറ്റൊരു വനിതയുടെ വിഷമങ്ങൾ മനസിലാകൂ. അല്ലെങ്കിൽപ്പിന്നെ വെണ്ണപോലെ മനസലിവുള്ള പുരുഷന്മാരായിരിക്കണം. ദൗർഭാഗ്യവശാൽ പാർലമെന്റിൽ ഏതാനും കോൺഗ്രസുകാരല്ലാതെ അങ്ങനെ മറ്റാരുമില്ല. നയപ്രഖ്യാപന പ്രസംഗം നടത്തി തളർന്നുപോയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടപ്പോൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിജിക്ക് സങ്കടവും ദേഷ്യവും വന്നത് സ്വാഭാവികമാണ്. 'പാവത്തിന് സംസാരിക്കാൻപോലും കഴിയുമായിരുന്നില്ല" എന്നു സോണിയാജി പ്രതികരിച്ചത് സ്‌നേഹമുള്ള ആ വലിയ മനസിന്റെ വിശാലവീക്ഷണമാണ്. തൊട്ടുപിന്നാലെ മമ്മിജിക്ക് പിന്തുണനൽകി 'ഹോ, പ്രസംഗംകേട്ട് ആകെ ബോറടിച്ചു" എന്ന് രാഹുൽജിയും പ്രിയങ്കാജിയും പ്രതികരിച്ചു. ഇതിനിടെ, ആരോ രാഷ്ട്രപതിയെ 'പാവം സാധനം" എന്നു വിശേഷിപ്പിച്ചത്രേ. രാഹുൽജിയോ പ്രിയങ്കാജിയോ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് കോൺഗ്രസുകാർ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ ഈ സംഗതികളെ വിവാദമാക്കുകയാണ് പരിവാറുകാർ. സകല തോൽവികളിൽനിന്നും രക്ഷപ്പെടാനുള്ള കുതന്ത്രം. രാഷ്ട്രപതിയാണെങ്കിലും ഒരു പാവം ആദിവാസി വനിതയാണ് ദ്രൗപദി മുർമു. ആയമ്മയോട് ഇങ്ങനെയൊക്കെ ചെയ്യാമോ!. സഹിച്ചില്ല, സോണിയാമ്മ പൊട്ടിത്തെറിച്ചുപോയി. 'ഇന്ത്യയെ മനസിലാക്കണമെങ്കിൽ സെൻസുണ്ടാവണം, സെൻസിബിലിറ്റി ഉണ്ടാവണം, സെൻസിറ്റിവിറ്റി ഉണ്ടാവണം" എന്ന് 'ദി കിംഗ്" ആയി മമ്മൂക്ക പണ്ടേ പറഞ്ഞിട്ടുണ്ട്. കഷ്ടകാലത്തിന് ഇന്ത്യ ഭരിക്കുന്നവർക്ക് അതൊന്നുമില്ലാതെ പോയി. മോദിയും കൂട്ടരും പുരാണങ്ങളിൽനിന്ന് പഠിച്ച ഇന്ത്യയല്ല പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യയെന്ന് വിളിച്ചുപറയാൻ ചങ്കൂറ്റമുള്ള ഏക നേതാവാണ് സോണിയ ഗാന്ധിജി. പേരിന്റെ വാലറ്റത്ത് പാരമ്പര്യം ഉണ്ടെങ്കിലേ ഇതിനു കഴിയൂ. സത്യം പറഞ്ഞപ്പോൾ പലർക്കും ചങ്കിൽ കൊണ്ടതിന് സോണിയാമ്മയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ആരോ എഴുതിക്കൊടുത്തത് കഥയാണോ, കാര്യമാണോ എന്നറിയാതെ വായിച്ചുതള്ളുന്നതല്ല രാഷ്ട്രപതിയുടെ ജോലിയെന്ന് വ്യംഗ്യമായി പറഞ്ഞത് തെറ്റല്ല. കാര്യങ്ങൾ നന്നായി പഠിച്ച് വിശകലനം ചെയ്ത് സംസാരിക്കണമായിരുന്നു. കോൺഗ്രസ് ഭരിച്ചപ്പോഴൊക്കെ അങ്ങനെയായിരുന്നു.

പ്രതിഭകൾ നിറഞ്ഞ

കഴിഞ്ഞകാലം

ഇതിനു മുമ്പുള്ള വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ നയപ്രസംഗത്തിലൂടെ പാർലമെന്റിനെ വിറപ്പിച്ചിട്ടുണ്ട്. അതൊക്കെയൊരു കാലം. തികഞ്ഞ പണ്ഡിതയും പാചകവിദഗ്ദ്ധയുമായ ആ മഹതി രാജ്യത്തിന്റെ അഭിമാനവും ഹൈക്കമാൻഡിന്റെ ഐശ്വര്യവുമായിരുന്നു. വിദേശയാത്രകൾ കഴി‌ഞ്ഞുവരുമ്പോൾ ഹൈക്കമാൻഡിനായി പ്രത്യേക കരുതൽ ഉണ്ടായിരുന്നു.

പ്രതിഭ എന്ന അത്യപൂർവ പ്രതിഭയെ കണ്ടെത്തി രാഷ്ട്രപതി സ്ഥാനത്ത് അവരോധിച്ച് വനിതാശാക്തീകരണം യാഥാർത്ഥ്യമാക്കിയ സോണിയാജി ഇക്കാര്യത്തിൽ പ്രതികരിച്ചത് രാജ്യദ്രോഹമല്ല. ഏതുരാജ്യത്തെയും സ്വന്തം നാടുപോലെ കാണുന്നതായിരുന്നു പ്രതിഭാപാട്ടീലിന്റെ മഹത്വം. രാഷ്ട്രപതിയെന്ന നിലയിൽ മക്കളും കൊച്ചുമക്കളുമായി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കുറച്ചുദിവസം കൂടുതൽ തങ്ങുമായിരുന്നു. രാഷ്ട്രപതിയാണെന്ന തലക്കനമില്ലാതെ ഷോപ്പിംഗ് നടത്തി ആ രാജ്യങ്ങളിലെ ഭരണാധികാരികളെ ഞെട്ടിച്ചു. ഓരോ യാത്രയ്ക്കു ശേഷവും
വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ സോണിയാജിയെ കാണാൻ ഓടിയെത്തുമായിരുന്നു. ആ കൂടിക്കാഴ്ചകളിലാണ് ഇന്ത്യയുടെ വിദേശനയങ്ങൾക്ക് രൂപം നൽകിയിരുന്നതെന്ന് എത്രപേർക്കറിയാം. അതൊന്നും വിളിച്ചുകൂവിയിട്ടില്ല. ചർച്ചയ്ക്കിടയിൽ അടുക്കളയിലേക്കോടി സോണിയാജിക്ക് ഇഷ്ടമുള്ള റൊട്ടിയും മട്ടൻകറിയും വെജിറ്റബിൾ പുലാവും ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോണിയാജിയുടെ പൊട്ട്, കൈയിലെ ചരട്, ഖദർ സാരി, ഇറ്റാലിയൻ ഹെയർബാൻഡ് എന്നിവയുടെ ഒരോ ദിവസത്തെയും കളർകോമ്പിനേഷൻ തീരുമാനിക്കാനും പ്രതിഭാജി സമയം കണ്ടെത്തിയിരുന്നു. ഒരോ കാര്യവും പറഞ്ഞ് വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഷോപ്പിംഗ് നടത്തുന്നതാണ് പ്രതിഭാജിയുടെ പ്രധാനകലാപരിപാടിയെന്നും സോണിയാജിക്ക് ഇഷ്ടമുള്ള ഹെയർ ഡൈ, ഇറ്റാലിയൻ ചെരിപ്പ്, ബാഗ്, പെർഫ്യൂം തുടങ്ങിയവ വാങ്ങിയാണ് മടങ്ങുന്നതെന്നും എതിരാളികൾ പ്രചരിപ്പിച്ചെങ്കിലും ആരും വിശ്വസിച്ചില്ല.

പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വനിതകൾക്കും കൃഷിക്കാർക്കും വേണ്ടി സംസാരിക്കുമ്പോൾ രാഷ്ട്രപതി ഒരിക്കലും തളരില്ലെന്നാണ് രാഷ്ട്രപതി ഭവൻ ഇതിനോട് പ്രതികരിച്ചത്. ആദ്യമായാണ് ഇത്തരമൊരു പ്രതികരണം. ഹിന്ദി പോലുള്ള ഇന്ത്യൻ ഭാഷകളിലെ ശൈലിയും മറ്റും പരിചയമില്ലാത്തതുകൊണ്ട് സോണിയയ്ക്കും മക്കൾക്കും ഉണ്ടായ തെറ്റിദ്ധാരണയാണിതെന്ന് വിലയിരുത്തി രാഷ്ട്രപതി ഭവൻ വിവാദം അവസാനിപ്പിച്ചു.

ഇതിനെല്ലാമുള്ള കൃത്യമായ മറുപടികൾ ഏതെങ്കിലും വിദേശരാജ്യത്ത് വാർത്താസമ്മേളനം നടത്തി രാഹുൽജി നൽകുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. ശുദ്ധമായ ഇംഗ്ലീഷിൽ രാഹുൽജി പറയുന്നത് മനസിലാക്കാൻ വിദേശികൾക്കും വിദേശ ഇന്ത്യക്കാർക്കും മാത്രമേ കഴിയൂ. അതുകൊണ്ടാണ് ഇന്ത്യയിൽ പ്രതികരിക്കാത്തത്. പാർലമെന്റിലാണെങ്കിൽ വാർറൂം മേധാവി കെ.സി. വേണുഗോപാലിനെ കാര്യങ്ങൾ ഏൽപ്പിച്ച് വിശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ത്യവിട്ടാൽ നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ ആഞ്ഞടികൾ കേട്ട് ദുബായ് സ്റ്റേഡിയംവരെ കോരിത്തരിച്ചിട്ടുണ്ട്.

ആ പടക്കം

നനഞ്ഞുപോയി

മഹാകുംഭമേളയിലെ അപകടമൊക്കെ കുത്തിപ്പൊക്കി ബഡ്ജറ്റ് സമ്മേളനത്തിൽ വെടിക്കെട്ട് നടത്താനുള്ള പദ്ധതി പാളിയതിന്റെ സങ്കടത്തിലാണ് കോൺഗ്രസുകാർ. കരുതിവച്ച പടക്കം മൊത്തത്തിൽ നനഞ്ഞുപോയി. എന്തൊക്കെ പറഞ്ഞാലും കോൺഗ്രസുകാർ നല്ല മനുഷ്യരാണെന്ന് പരിവാറുകാർക്ക് അറിയാം. ഏതു കുരുക്കിൽനിന്നും ബി.ജെ.പിയെ രക്ഷിക്കുന്ന ഇവരെ ഭരണമുന്നണിയുടെ ഭാഗമാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.

ഡൂൺ സ്‌കൂളിലോ വിദേശത്തോ പഠിച്ച, കൊള്ളാവുന്ന ഒരാൾപോലും ബി.ജെ.പിയിലില്ലാത്തതിൽ നെഹ്‌റുജിയുടെ പിന്മുറക്കാർക്ക് വലിയ സങ്കടമുണ്ട്. ചായക്കാരൻ പ്രധാനമന്ത്രിയും ആദിവാസി വനിത രാഷ്ട്രപതിയും ആകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും ഫലമുണ്ടായില്ല. ചായക്കാരൻ മരണത്തിന്റെ വ്യാപാരിയാണെന്നും കാവൽക്കാരൻ കള്ളനാണെന്നും വിദേശരാജ്യങ്ങളിലടക്കം പോയി പ്രസംഗിച്ചെങ്കിലും നാട്ടുകാർക്ക് മനസിലായില്ല. ശുദ്ധമായ ഇംഗ്ലീഷ് അറിയാത്തതിന്റെ കുഴപ്പമാണ്. ഈ കുറവുകൾ പരിഹരിക്കാനാണ് ടോം വടക്കൻ അടക്കമുള്ള പ്രതിഭകളെ അവർ റാഞ്ചിയത്. കൂടുതൽ പ്രതിഭകൾ വരുമെന്ന പ്രതീക്ഷയിലാണ് പരിവാറുകാർ. ഇങ്ങനെ ഓരോരുത്തരെയായി കൊണ്ടുപോകുന്നതിൽ പല കോൺഗ്രസുകാർക്കും വലിയ പ്രതിഷേധമുണ്ട്. ഒരുമിച്ചു നിന്നാൽ എന്താണെന്നൊരു ആഗ്രഹം ചിലർക്ക് ഇല്ലാതില്ല. കോൺഗ്രസ്‌ മുക്ത ഭാരതമെന്നൊക്കെ പറയുന്നുണ്ടെങ്കിലും നിഷ്‌കളങ്കനും വിദ്യാസമ്പന്നനും സുന്ദരനുമായ രാഹുൽജിയെ പരിവാറുകാർ ഇഷ്ടപ്പെടുന്നുണ്ട്. മനേകയുടെയും സഞ്ജയ് ഗാന്ധിയുടെയും മോൻ വരുണിനെപ്പോലെയല്ല. അനിയൻ ഗാന്ധി ചാടിപ്പോയാൽ ആ കുറവ് നികത്താൻ ചേട്ടൻ ഗാന്ധിക്കു കഴിയും. ഇറ്റാലിയൻ ഗാന്ധിയാണെന്ന അപൂർവതയുമുണ്ട്.
ഇന്ത്യാമുന്നണിയിലെ കൂട്ടുകാരേക്കാൾ വിശ്വസ്തരാണ് പരിവാറുകാർ എന്ന് കേരളത്തിലെയടക്കം ചില നേതാക്കൾ ചിന്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION