SignIn
Kerala Kaumudi Online
Friday, 23 October 2026 11.16 AM IST

സൈബറിടം കീഴടക്കുന്ന കുറ്റകൃത്യങ്ങൾ

crime

പ്രായഭേദമന്യേ ഡിജിറ്റൽ ലോകത്ത് വ്യാപരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയാണ് തട്ടിപ്പുകാർക്കും വളരാൻ ഇടമൊരുക്കി നൽകിയത്. കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിക്കുമ്പോഴും അവയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. പുതിയ കാലത്ത് വെർച്വൽ ബന്ധങ്ങൾ വ്യാപകമാകുകയും പരസ്പരം പരിചയമില്ലാത്തവർ നേരിട്ട് കാണാതെയുള്ള ബന്ധങ്ങൾ സാധാരണമാവുകയും ചെയ്തു. കൊവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ സൈബർ കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. പ്രായവ്യത്യാസമുള്ളവരുമായുള്ള വെർച്വൽ ഇടപെടലുകൾ കുട്ടികളിൽ പല നിലയിലുള്ള മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾ, മുതിർന്നവർ, വീട്ടമ്മമാർ തുടങ്ങി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സൈബർ ഇടങ്ങളിൽ ഇപ്പോഴും വർദ്ധിച്ചു വരികയാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിൽ എന്നിവ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി കേസുകളും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂട്ടുപിടിച്ച് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കുന്ന സംഘങ്ങളും ഇന്ന് വ്യാപകമാണ്. പണം വച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ആസ്വാദനം കണ്ടെത്തുന്ന കുട്ടികൾ ധനസമ്പാദനത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൂടുതൽ

കേസുകൾ

2019 മുതലുള്ള സൈബ‌ർ കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഓരോ വർഷവും വർദ്ധനവുണ്ടായതായി കാണാം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3,581 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ കേസുകളുടെ എണ്ണം 3,295 ആയിരുന്നു, 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 773, 626, 426 എന്നിങ്ങനെയാണ്. 2019ൽ ആകെയുണ്ടായിരുന്നത് 307 കേസുകളാണ്. ഓരോ വർഷവും കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

കുറ്റകൃത്യങ്ങളുടെ

ശിക്ഷ വർദ്ധിപ്പിക്കണം

സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കാലാനുസൃതമായി വർദ്ധിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ശിക്ഷയെക്കുറിച്ചുള്ള ഭയമില്ലായ്മയാണ് വർഷം തോറും കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. മാന്യമായി ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്നതും ജീവിച്ചിരിക്കുന്ന പ്രശസ്ത വ്യക്തികൾ ഉൾപ്പെടെയുള്ളവർ മരിച്ചതായി പ്രചരിപ്പിക്കുന്നതും ഇന്ന് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ഇതുകൂടാതെ മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയുമുള്ള അപവാദ ഫോട്ടോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അന്തസും അഭിമാനവും സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

കാലാനുസൃതമായ പുരോഗതിയ്ക്കായി നാം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ നമ്മുടെ ശത്രുക്കളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാറില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം, കേസ് നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എന്നിവയും സൈബർ കേസുകളെ കൂടുതൽ സങ്കീർണമാക്കുന്നു.

രാജ്യം നമുക്ക് നൽകുന്ന അവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് ഓരോരുത്തരും വ്യക്തമായി അറിഞ്ഞിരിക്കണം. ഈ അവബോധം ഉണ്ടെങ്കിലേ സൈബർ ചൂഷണങ്ങളിൽ നിന്നും ശാക്തീകരണത്തിലേക്ക് കുതിക്കാൻ കഴിയൂ. തെറ്റ് ചെയ്യുന്നവരാണ് ശിക്ഷിക്കപ്പെടേണ്ടത്, ഇരകളല്ല. ഈ ധാരണ ചെറുപ്പത്തിലേ വളർത്തിയെടുക്കാനായാൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. ഇരകളെ ഒറ്റപ്പെടുത്തുകയല്ല, ചേർത്തുപിടിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.

ഭീഷണിയിൽ വീഴരുത്

മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിംഗിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽപ്പെടുന്നവയാണ്. സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉടലെടുക്കുന്ന ബന്ധങ്ങളിൽ പൊതുവെ വിള്ളലുണ്ടാകുമ്പോഴാണ് ഭീഷണി ആരംഭിക്കുന്നത്. ഇത്തരത്തിൽ ഉടലെടുക്കുന്ന ഭീഷണികളെക്കുറിച്ച് തുടക്കത്തിൽ തന്നെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ പറയണം. വിഷയം കൈകാര്യം ചെയ്യുന്നവർ ഇരയെ കുറ്റപ്പെടുത്താതെ ധൈര്യം പകർന്ന് കൊടുക്കണം.

സമൂഹമാദ്ധ്യമത്തിലൂടെ ആളുകൾ വ്യാജ അക്കൗണ്ടിലൂടെയെത്തി പോസ്റ്റു ചെയ്യുന്ന കമന്റുകൾക്കും കുറവില്ല. കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കമന്റുകളെ പിന്തുണയ്ക്കുന്നതും ഇത്തരക്കാർക്ക് വളരാൻ അനുകൂലമായ സാഹചര്യമൊരുക്കി നൽകുകയാണ്.

മൊബൈൽ ഫോൺ നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. അശ്രദ്ധമായ ഇന്റർനെറ്ര് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

പരാതി നൽകാൻ

മടിക്കരുത്

ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം പിഴയും ശിക്ഷ ലഭിക്കാം. തെളിവുകളായി സ്‌ക്രീൻ ഷോട്ട്, ശബ്ദ റെക്കാർഡ് സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, https://cyberdome.kerala.gov.in, https://cybercrime.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയോ പരാതി നൽകാം. 112 ആണ് സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION