SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

മറുനാടൻ ഇറച്ചിയിലും വേണം കണ്ണ്

meat

അതിർത്തി കടന്നെത്തുന്ന അറവുമാടുകളുടെ എണ്ണം കൂടിവരികയാണെന്നാണ് അനൗദ്യോഗിക കണക്ക്. ഇറച്ചിയുടെ ഉപഭോഗവും കൂടിവരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ടു തന്നെ അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാതെ കശാപ്പ് ചെയ്ത് ഇറച്ചി വിൽക്കുന്നതും വ്യാപകമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് പുലർച്ചെ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 4,120 കിലോഗ്രാം പോത്തിറച്ചിയാണ് പിടിച്ചത്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കാളയെ കൊന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകൾ കടന്നെത്തുന്ന അറവുമാടുകൾ പലയിടങ്ങളിലും അനധികൃത കശാപ്പുശാലകളിലെത്തുന്നുണ്ടെന്നാണ് വിവരം. വാഹനത്തിൽ കൊണ്ടുവരുന്നതിനിടയിൽ ചാവുന്ന കാലികളുടെ ഇറച്ചിയും വിൽക്കുന്നുണ്ട്.

രോഗമുള്ള

കാലികളെയും ഇറച്ചിയാക്കും

പുലർച്ചെ റെയ്ഡ് നടത്തിയാലേ അനധികൃത കശാപ്പ് പിടികൂടാനാകൂ. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം വേണം പരിശോധിക്കാൻ. എന്നാൽ, പലയിടങ്ങളിലും പരിശോധന നടക്കാത്തതിനാൽ കശാപ്പും വിൽപ്പനയും തടയുന്നുമില്ല. ഹോട്ടലുകാർക്കും കാറ്ററിംഗുകാർക്കുമായും വിലക്കുറവിൽ ഇത്തരത്തിൽ ഇറച്ചി നൽകുന്നുണ്ടെന്ന് പറയുന്നു. തൃശൂർ കോർപ്പറേഷനിലെ വെറ്ററിനറി ഡോക്ടർ വീണ കെ. അനിരുദ്ധൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.കെ. ജിബിൻ, സ്മിത പരമേശ്വരൻ, കെ.ജി. അനുരാഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുലർച്ചെ റെയ്ഡ് നടത്തിയത്.

അത്യാധുനിക

അറവുശാലകളില്ല

കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാലകൾ പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിക്കാൻ അഞ്ചു വർഷങ്ങൾക്ക് മുമ്പ് തീരുമാനമായെങ്കിലും ഒന്നും തുറന്നിട്ടില്ല. മൊത്തം നൂറ് കോടിയിലേറെ നിർമ്മാണച്ചെലവുണ്ട്. തൃശൂരിലും എറണാകുളത്തും ടെൻഡർ നടപടിയായി. തൃശൂർ കുരിയച്ചിറയിലെ കേന്ദ്രം 17 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. അതിർത്തി കടന്ന് പ്രതിവർഷം കേരളത്തിലെത്തുന്ന അറവുമാടുകൾ ഒരു കോടിയോളമുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനാൽ കൂടുതലും കാളയിറച്ചിയാണ് പോത്തിറച്ചിയെന്ന പേരിൽ വിൽക്കുന്നത്. പോത്തിറച്ചിക്കും ഡിമാൻഡേറി. കുറഞ്ഞ വിലയ്ക്ക് കാളയെ കിട്ടാനുമുണ്ട്.


അറവുശാലകൾ

ആധുനികമായാൽ

അറവുശാലകൾ ആധുനികമായാൽ ഈ മേഖലയിൽ പൂർണ്ണമായും യന്ത്രവത്ക്കരണം സാദ്ധ്യമാകും. എയർ കണ്ടീഷൻഡ് കശാപ്പുമുറികളും വിതരണകേന്ദ്രങ്ങളുമായി മാറും. ശാസ്ത്രീയമായി കശാപ്പ് ചെയ്ത് വൃത്തിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി മാംസം ലഭ്യമാകും. അറവുമാലിന്യങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുളള വഴിയും ഒരുങ്ങും. ഇറച്ചി ശാസ്ത്രീയമായി സംഭരിച്ചുവയ്ക്കാനും കഴിയും. മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കാം.
ജൈവഅവശിഷ്ടങ്ങൾ ബയോഗ്യാസാക്കാം
. അങ്ങനെ നിരവധി ഗുണങ്ങളുണ്ട്. കിഫ്ബിയുടെ ആധുനിക അറവുശാലകൾ കോർപറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തിലുമുണ്ട്. കോഴിക്കോട്, തൃശൂർ, കൊച്ചി കോർപറേഷനുകളിലും തിരുവല്ല, പുനലൂർ, പാലക്കാട്, പെരിന്തൽമണ്ണ, ആറ്റിങ്ങൽ, കായംകുളം നഗരസഭകളിലും കണ്ണൂർ ജില്ലാ പഞ്ചായത്തിലും കടയ്ക്കൽ പഞ്ചായത്തിലുമാണ് അറവുശാലകൾ വരുന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഇറച്ചി ഉത്പാദനത്തിൽ കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5.05 ശതമാനവുമായി എട്ടാമതാണ്. ബംഗാൾ 2.62 %, യു.പി 12.29, മഹാരാഷ്ട്ര 11.28, തെലങ്കാന 10.85 ആന്ധ്രപ്രദേശ് 10.42, തമിഴ്‌നാട് 7.49, ഹരിയാന 6.74 കേരളം 5.05 എന്നിങ്ങനെയാണ് കണക്ക്.

സുനാമി ഇറച്ചിയും

കഴിഞ്ഞ വർഷം ട്രെയിൻ മാർഗം തൃശൂരിലെത്തിച്ച് ഒല്ലൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയ സുനാമി ഇറച്ചി പിടിച്ചെടുത്തിരുന്നു. ഇത് അഴുകിയതാണെന്നും ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും കാക്കനാട് റീജി‌യണൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലും തെളിഞ്ഞു. ഈ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന കമ്മിഷണർക്ക് അയച്ചിരുന്നെങ്കിലും പിന്നീട് പരിശോധനകളും റെയ്ഡുകളുമൊന്നും കണ്ടില്ല.
കഴിഞ്ഞവർഷം ജൂൺ 21 നാണ് ഒല്ലൂരിലെ മാംസ വിൽപന കേന്ദ്രത്തിൽ കോർപ്പറേഷൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ റെയ്ഡിൽ 90 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച സുനാമി ഇറച്ചിയെന്ന സംശയത്താൽ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരുന്നു. വിൽപ്പന കേന്ദ്രത്തിന് രേഖകൾ ഇല്ലാത്തതിനാൽ സ്ഥാപനം പൂട്ടി. വ്യത്യസ്ത മൃഗങ്ങളുടെ പഴകിയ മാംസം കൂടിക്കലർന്ന രീതിയിലുള്ള സുനാമി ഇറച്ചിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. മധുരയിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തിക്കുന്ന ഇറച്ചി കുറഞ്ഞവിലയ്ക്ക് ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിൽക്കും. ഒല്ലൂരിലെ സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടർ തുറക്കാതെയായിരുന്നു പ്രവർത്തനം. സ്ഥാപനത്തിനെതിരെ കേസെടുത്തേക്കും. കാക്കനാട് റീജി‌യണൽ ലാബിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി എത്തിയ ഇറച്ചി പത്തുമണിക്കൂറോളം കിടന്നാണ് ഒല്ലൂരിലെത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നു.

ബേക്കറി ഉല്പന്നങ്ങളായ ഷവർമ, ചിക്കൻ റോ, പഫ്‌സ്, കട്‌ലെറ്റ് തുടങ്ങിയവ നിർമ്മിക്കാനായാണ് ഇത്തരം സുനാമി ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നത്. പറയുന്ന സമയത്ത് ഇറച്ചിയെത്തിക്കാൻ ഏജന്റുമാരും ഇടനിലക്കാരുമുണ്ട്. ശീതീകരണ സംവിധാനമില്ലാത്ത തെർമോക്കോൾ ബോക്‌സുകളിലാണ് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തിൽ രൂപപ്പെടുന്ന ഇകോളി, സാൽമോണെല്ല, സ്റ്റഫൈലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകൾ അപകടകാരികളാണ്. വൃക്കകളും തകരാറിനും കഠിനമായ വയറുവേദന, രക്തം കലർന്ന വയറിളക്കം, ഛർദ്ദി എന്നിവയ്ക്കും കാരണമാകും. അണുക്കൾ ശരീരത്തിൽ കടന്നാൽ ദിവസങ്ങൾക്കുള്ളിൽ പ്രകടമാകും. പലപ്പോഴും രക്തമോ കഫമോ കലർന്ന വയറിളക്കം, മലബന്ധം, അതിസാരം, പനി, പേശി വേദന എന്നിവയുണ്ടാകാം.മൂത്രമൊഴിക്കാൻ പ്രയാസം, തലകറക്കം, വിളർച്ച, ഇരുണ്ട നിറമുള്ള മൂത്രം, രക്തം കലർന്ന മലം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം ഒഴിവാക്കണം.

 പാചകത്തിനായി എത്തിക്കുന്ന ഇറച്ചി മറ്റും ഭക്ഷ്യവസ്തുക്കൾ നന്നായി കഴുകുക.

 20 സെക്കൻഡ് നേരമെങ്കിലും സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം.

 മാംസം നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക

തൊട്ടാൽ വഴുവഴുപ്പുള്ളതോ, ദുർഗന്ധമുള്ളതോ ആയ ഇറച്ചി വാങ്ങരുത്.

 റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഇറച്ചികൾ വാങ്ങുമ്പോൾ നല്ലതെന്ന് ഉറപ്പാക്കണം.

കോൾഡ്

സ്റ്റോറേജ്

കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോടെ കോൾഡ് സ്റ്റോറേജ് വഴിയാണ് സുനാമി ഇറച്ചി ഏറെയും വിറ്റഴിക്കുന്നത്. കോൾഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയില്ലാത്തതിനാൽ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല. വഴിയോരത്താണ് മാടുകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും. രോഗം ബാധിച്ച് ചത്ത മാടുകളുടെ ഇറച്ചിയാണോ വില്പക്കുന്നതെന്ന് പോലും അറിയാൻ കഴിയില്ല. പഴകിയ ഇറച്ചിയിൽ രക്തം ഒഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുമുണ്ടെന്ന് പറയുന്നു. എന്തായാലും സുനാമി ഇറച്ചി എത്തിക്കുന്നത് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന ശക്തമാക്കേണ്ടതുണ്ട്. അനധികൃത കശാപ്പുശാലകൾ അടച്ചു പൂട്ടിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION