SignIn
Kerala Kaumudi Online
Thursday, 22 October 2026 2.29 PM IST

കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ശമ്പള വരുമാനക്കാരുടെ നികുതി ബാദ്ധ്യത

income-tax

ഇടത്തരം വരുമാനക്കാർക്ക് ബഡ്‌ജറ്റ് നിർദ്ദേശം 'ലക്ഷ്‌മീകടാക്ഷം" ഉണ്ടാക്കും എന്ന് കേന്ദ്ര ബഡ്ജറ്റിനു തലേന്ന് പ്രധാനമന്ത്രി നടത്തിയ മുൻകൂർ പ്രസ്‌താവന ശരിവയ്ക്കും വിധമാണ്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി ഒടുക്കേണ്ടതില്ല എന്ന ബഡ്ജറ്റ് നിർദ്ദേശം. ശമ്പള വരുമാനക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്‌ഷനായി 75,000 രൂപയുടെ പ്രത്യേക ഇളവു കൂടി ഉള്ളതിനാൽ അവർക്ക് 12,75,000 രൂപ വരെയുള്ള വാർഷിക വരുമാനം നികുതി ബാദ്ധ്യതയിൽ നിന്ന് പൂർണമായി ഒഴിവായിക്കിട്ടും.

12 ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുള്ളവർക്കായി പുതിയ നികുതി നിരക്കുകളും ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് നാലുലക്ഷം രൂപ വരെയുള്ള വരുമാന സ്ളാബിന് നികുതിയില്ല. നാലു ലക്ഷത്തിനു മീതെയുള്ള വരുമാനത്തിന്, ഓരോ നാലുലക്ഷം രൂപയിലെ സ്ലാബിനും ഏഴു നിരക്കുകളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് (പട്ടിക ഒന്ന് നോക്കുക).

നിലവിലുള്ള പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നികുതി ബാദ്ധ്യത നിർണയിക്കൽ സമ്പ്രദായം തുടരും എന്നാണ് മന്ത്രി സൂചന നൽകിയിരിക്കുന്നത്. പഴയ സ്‌കീമിൽ തുടരുന്നവർക്ക് 2025-ലെ ബഡ്‌ജറ്റിൽ പുതിയ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയ സ്‌കീമിലുള്ളവർക്കും, പുതിയ സ്‌കീമിലേക്ക് കടക്കുന്നവർക്കുമാണ് നികുതി ഇളവ്. മാത്രമല്ല, നികുതി നിർണയിക്കുന്നതും, നികുതി ഒടുക്കുന്നതും, റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിച്ചുകൊണ്ട് പുതിയ ആദായ നികുതി ബിൽ ഉടൻതന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന നിർദ്ദേശങ്ങൾ കണക്കിലെടുക്കുമ്പോൾ തികഞ്ഞ ആസൂത്രണവും തിട്ടപ്പെടുത്തലും നടത്തി മാത്രം പഴയ സ്‌കീമിൽ തുടരുന്നതാകും ഉചിതം. ഇതിനായി ആവശ്യമെങ്കിൽ, വിദഗ്ദ്ധോപദേശം തേടുകയും വേണം. ഒരു കാര്യം വ്യക്തമാണ്- ഗണ്യമായ തോതിൽ അംഗീകൃത പദ്ധതികളിലും, ഇനങ്ങളിലും നിക്ഷേപം നടത്തിയാലേ നികുതി ബാദ്ധ്യതയിൽ നിന്ന് ഒഴിവാകാനാകൂ എന്ന നിലയിലാണ് വ്യവസ്ഥകൾ രൂപപ്പെടുത്തിയിരിക്കുന്നത് എന്നതും പഴയ സ്‌കീമിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഓർക്കുക. ഇക്കൂട്ടരുടെ തീരുമാനം യുക്തിസഹമാകുന്നതിന് സഹായകമായി പഴയ സ്കീമിനു ബാധകമായ നികുതി നിരക്കുകളും പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്.

ഇളവും കിഴിവും

പുതിയ സ്കീമിൽ

നികുതി ബാദ്ധ്യത ഒഴിവാക്കുന്നതിനായി അല്ലെങ്കിൽ കുറച്ചുകൊണ്ടുവരുന്നതിനായി സമ്പാദ്യശീലം വളർത്തുക, ഭവന നിർമ്മാണത്തിനായി എടുത്ത വായ്‌പാ തുകയിലും പലിശത്തുകയിൽ ഇളവ് നൽകുക, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം തുകയിൽ ഇളവുകൾ നേടുക തുടങ്ങിയ ഇളവുകളും കിഴിവുകളും ഒഴിവാക്കിയുള്ള പുതിയ സ്‌കീമിലാണ് ഇപ്പോൾ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാകുക. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം പേർ പുതിയ സ്‌കീമിൽ എത്തുമെന്നതിൽ സംശയമില്ല.

പട്ടിക രണ്ടിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ നികുതി ബാദ്ധ്യത നേരത്തേ തിട്ടപ്പെടുത്തുന്നതിന് ഗുണപ്രദമാകുമെന്നു കരുതുന്നു. നികുതി ബാദ്ധ്യതയുള്ള വരുമാനം 12 ലക്ഷത്തിനു മീതെയെങ്കിൽ നിശ്ചിത നിരക്കുകൾ അനുസരിച്ച് നികുതി അടയ്ക്കേണ്ടതാണ്. അത് എത്രയെന്നു കണക്കാക്കി മാസം തോറും വരുമാനത്തിൽ നിന്ന് കുറയ്ക്കാനുള്ള നിർദ്ദേശം മേലധികാരികൾക്ക് സമർപ്പിക്കാനുമാകും. നാലു ലക്ഷത്തിനു മീതെയുള്ള വരുമാനത്തിന് നികുതി കണ്ടെത്തിയതിനുശേഷം, 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ബാദ്ധ്യത ഒഴിവാക്കിയെടുക്കുന്നത് ആദായ നികുതി നിയമം 87-ാം വകുപ്പു പ്രകാരമുള്ള റിബേറ്റ് ഉപയോഗപ്പെടുത്തിയാണ് എന്നത് പ്രത്യേകം ഓർക്കണം. ഇത് പട്ടികയിലെ കണക്കുകളിൽ നിന്ന് കൃത്യമായി മനസിലാക്കേണ്ടതാണ്. കാരണം, വരുമാന പരിധി 12 ലക്ഷം കവിയുമ്പോൾ ഇവ്വിധമുള്ള കിഴിവ് ലഭിക്കുകയില്ല. കൂടാതെ,​ പട്ടികയിലെ നിരക്കുകൾ പ്രകാരമുള്ള നികുതി ബാദ്ധ്യത കണക്കാക്കിക്കഴിയുമ്പോൾ, നാലു ശതമാനം സെസ് കൂടി ഉൾപ്പെടുത്തുകയും വേണം.

 പട്ടിക ഒന്ന്

പുതിയ സ്‌കീമിലെ പുതുക്കിയ നിരക്കുകൾ (2025 - 26 സാമ്പത്തിക വർഷം)

വരുമാനം - ആദായ നികുതി നിരക്കുകൾ

(രൂപ ) - ( %)

നാലുലക്ഷം വരെ - ഇല്ല

നാലുലക്ഷം മുതൽ എട്ടുലക്ഷം വരെ - 5 (റിബേറ്റ് അനുവദിക്കും)

എട്ടുലക്ഷം മുതൽ 12 ലക്ഷം വരെ - 10 (റിബേറ്റ് അനുവദിക്കും)

12 ലക്ഷം മുതൽ 16 ലക്ഷം വരെ - 15 (റിബേറ്റ് അനുവദിക്കില്ല)

16 ലക്ഷം മുതൽ 20 ലക്ഷം വരെ - 20 (റിബേറ്റ് അനുവദിക്കില്ല)

20 ലക്ഷം മുതൽ 24 ലക്ഷം വരെ - 25 (റിബേറ്റ് അനുവദിക്കില്ല)

24 ലക്ഷത്തിന് മീതെ - 30 (റിബേറ്റ് അനുവദിക്കില്ല)

(സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ഉൾപ്പെടെ 12,75,000 വരെ റിബേറ്റ് ലഭിക്കും)

.....................

ബി. പഴയ സ്‌കീമിലെ പുതുക്കിയ നിരക്കുകൾ (2025 - 26 സാമ്പത്തിക വർഷം)

വരുമാനം (രൂപ) - 60 വയസിന് താഴെ ഉള്ളവർ - 60 - 80 വയസുള്ളവർ - 80 വയസിന് മീതെ

2,50,000 രൂപ വരെ - ഇല്ല - ഇല്ല - ഇല്ല

2,50,001 - 3,00,000 - 5 % - ഇല്ല - ഇല്ല

3,00,001 - 5,00,000 - 5% - 5 % - ഇല്ല

5,00,001 - 10,00,000 - 20 % - 20 % - 20 %

10,00,001 മുതൽ - 30 % - 30 % - 30 %.

..........................

 പട്ടിക രണ്ട്

നികുതി ബാദ്ധ്യത കണക്കാക്കൽ (2025 - 26 സാമ്പത്തികവർഷം)

വരുമാനം (രൂപ) - നികുതി നിലവിൽ (രൂപ ) - നികുതി പുതുക്കിയ നിർദ്ദേശം (രൂപ) - പുതിയ സ്ളാബിൽ നേട്ടം (രൂപ) - 12 ലക്ഷം വരെയുള്ള റിബേറ്റ് ആനുകൂല്യം (രൂപ) - മൊത്തം നേട്ടം (രൂപ) - റിബേറ്റിലൂടെയുള്ള നികുതി ബാദ്ധ്യത (രൂപ)

8,00,000 - 30,000 - 20,000 - 10,000 - 20,000 - 30,000 - 0

12,00,000 - 80,000 - 60,000 - 20,000 - 60,000 - 80,000 - 0

16,00,000 - 1,70,000 - 1,20,000 - 50,000 - 0 - 50,000 - 1,20,000

20,00,000 - 2,90,000 - 2,00,000 - 90,000 - 0 - 90,000 - 2,00,000

24,00,000 - 4,10,000 - 3,00,000 - 1,10,000 - 0 - 1,10,000 - 3,00,000

കുറിപ്പ്: നികുതി തുകയിൽ നാലു ശതമാനം സെസ് കൂടി ഉൾപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INCOME TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION