
കേരളമെന്നു കേട്ടാൽ ഞരമ്പുകളിൽ ചോര തിളയ്ക്കണമെന്നാണ് മഹാകവി വള്ളത്തോൾ കവിതയിൽ പറഞ്ഞത്. പക്ഷേ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ മുങ്ങിത്തപ്പിയാലും കേരളമെന്നൊരു വാക്കില്ല! കേരളമെന്താ, ഇന്ത്യയുടെ ഭാഗമല്ലേ എന്നാണ് ഉയരുന്ന ചോദ്യം. കുടികിടപ്പുകാർക്കു പോലും കുടിവയ്ക്കാൻ രണ്ടുസെന്റ് ഭൂമിയെങ്കിലും ജന്മിമാർ പതിച്ചു നൽകാറുണ്ട്. ആ ദാക്ഷിണ്യം പോലും മോദി സർക്കാർ കാട്ടിയില്ലെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന ഈ കൊച്ചുസംസ്ഥാനം കാണാനാവാതെ കണ്ണ് മഞ്ഞളിച്ചു പോയവരിൽ തൊട്ടടുത്ത തമിഴ്നാട്ടിൽ നിന്നുള്ള നിർമ്മലാ സീതാരാമനും ഉൾപ്പെടുമെന്നതിലാണ് പലർക്കും വിസ്മയം. അതല്ല, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ ബാധിച്ച രാഷ്ട്രീയ തിമിരമാണ് കാരണമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുടെ ആക്ഷേപം. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിനും, ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷി ഭരിക്കുന്ന ആന്ധ്രാപ്രദേശിനും വാരിക്കോരി നൽകി കൈകൾ കുഴഞ്ഞതു കൊണ്ടാവാം, കേരളത്തോട് നിർമ്മല ഇരുകൈയും മലർത്തിക്കാട്ടിയതത്രെ!
ഇതിനിടെ മറ്റൊരു ചോദ്യവും ഉയരുന്നു. മോദി സർക്കാരിൽ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച തുടർച്ചയായ എട്ടാമത്തെ ബഡ്ജറ്റാണിത്. ഇതിൽ ഒരു ബഡ്ജറ്റിലെങ്കിലും കേരളത്തെ തഴുകുകയോ തലോടുകയോ പോലും ചെയ്തിട്ടുണ്ടോ? ഉത്തരം 'ഇല്ല" എന്നു തന്നെ! എയിംസിനു വേണ്ടി കേരളം മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായി. മോദി യുഗത്തിനു മുമ്പ് നീണ്ട പത്തുകൊല്ലം ഭരിച്ച മൻമോഹൻ സിംഗ് സർക്കാരിനും ഇതിൽ നിന്ന് കൈ കഴുകി മാറാനാവില്ല. വയനാട്ടിൽ നാനൂറിൽപ്പരം പേരുടെ ജീവനെടുക്കുകയും നൂറുകണക്കിന് വീടുകൾ തകർത്ത് നിരവധി പേരെ അനാഥരാക്കുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തം നേരിൽ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ദുരന്തഭൂമി ചുറ്റിനടന്നു കണ്ടു. അനാഥരാക്കപ്പെട്ട കുട്ടികളെ ആശ്ലേശിച്ച് അദ്ദേഹം പറഞ്ഞത്, വയനാടിന് എല്ലാ സഹായവും നൽകുമെന്നും, അതിന് പണം പ്രശ്നമല്ലെന്നുമാണ്.
കേന്ദ്രസഹായം ഇന്നു കിട്ടും, നാളെ കിട്ടും എന്ന് കാത്തിരുന്നു മടുത്തു. അവസാനം കേന്ദ്ര ബഡ്ജറ്റ് വന്നപ്പോൾ അതിലുമില്ല ചില്ലിക്കാശ്! എല്ലാം മുതലക്കണ്ണീരായിരുന്നത്രെ! വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ വൻ വരുമാന സ്രോതസാണ്. തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം ഉടൻ പൂർത്തിയാവും. കേരളത്തിലായിപ്പോയതു കൊണ്ടാവാം വിഴിഞ്ഞത്തെയും മറന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് പറയാറ്. കേരളം കരഞ്ഞു നിലവിളിച്ചിട്ടും പാലില്ല! കരയാതെ ഒപ്പം ചിരിച്ചിരുന്ന കുട്ടികൾക്ക് പാൽ, കേരളം വിശന്നു തളർന്ന് ഉറങ്ങിക്കൊള്ളുമത്രെ! ഒന്നുമല്ലെങ്കിലും കേരളം തൃശൂരിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പിയെ സമ്മാനിച്ചതിന്റെ നന്ദിയെങ്കിലും കാട്ടണ്ടേയെന്ന ഇടത്-വലത് നേതാക്കളുടെ ചോദ്യത്തിന് ഉത്തരമില്ല.
'വ്യത്യസ്തനാമൊരു ഗോവിന്ദൻ മാഷിനെ സത്യത്തിലാരും തിരിച്ചറിയുന്നില്ല!" കാറൽ മാർക്സ് യുഗത്തിനു ശേഷം സോഷ്യലിസ്റ്റ് സിദ്ധാന്തത്തിലും പ്രായോഗിക ബുദ്ധിയിലും ഇത്രയേറെ അവഗാഹമുള്ള മറ്റൊരാളെ കണ്ടിട്ടില്ല. ആ മഹത്യം തിരിച്ചറിയാൻ അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. പക്ഷേ എന്തു ചെയ്യാം, അദ്ദേഹത്തിന്റെ പ്രതിഭ കേരളത്തിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയി. മാഷ് വിദേശത്തെങ്ങാനും ജനിക്കേണ്ടിയിരുന്നു!
എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) അഥവാ നിർമ്മിത ബുദ്ധിയാണല്ലോ ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുന്നത്. കമ്പ്യൂട്ടർ വന്നപ്പോൾ അതിനെതിരെ സമരം ചെയ്തവരാണ് കേരളത്തിലെ സഖാക്കൾ. തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞായിരുന്നു സമരം. വയലിലെ ട്രാക്ടറിന്റെയും മെതി യന്ത്രത്തിന്റെയും ഉപയോഗം പോലും ചെറുത്തു. പക്ഷേ, കാലം ഉരുണ്ടു നീങ്ങിയപ്പോൾ അതെല്ലാം ജീവിതത്തിൽ ആവശ്യമായി മാറി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ വരെ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റുകാർ പിന്നീട് അധികാരത്തിലെത്തിയപ്പോൾ അതിന്റെ വക്താക്കളും സ്ഥാപകരുമായി. നേതാക്കളുടെ മക്കൾ അവിടെ
പഠിതാക്കളായി. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല ബുദ്ധി ഉദിക്കുന്നതും തെറ്റുകൾ തിരുത്തുന്നതും വൈകിയാണെന്ന പഴി വരെ കേട്ടു.
കമ്പ്യൂട്ടറിനെപ്പോലെ, നിരവധി തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന നിർമ്മിത ബുദ്ധിയെയും സഖാക്കൾ തുടക്കത്തിൽ എതിർക്കുമെന്ന് കരുതിയവർക്ക് തെറ്റി. നിർമ്മിത ബുദ്ധി ആത്യന്തികമായി ലോകത്തെ സോഷ്യലിറ്റ് വ്യവസ്ഥിതിയിലേക്ക് നയിക്കുമെന്നാണ് ഗോവിന്ദൻ മാഷിന്റെ വ്യാഖ്യാനം ലോകത്ത് ഒരു സോഷ്യലിസ്റ്റ് സൈദ്ധാന്തികന്റെയും തലയിൽ ഉദിക്കാത്ത കാര്യം. ഇപ്പോൾത്തന്നെ, പിണറായി സർക്കാർ ട്രാഫിക് നിയമലംഘനം തടയാൻ നാടിന്റെ മുക്കിലും മൂലയിലും സ്ഥാപിക്കുന്നത് എ.ഐ നിരീക്ഷണ ക്യാമറകളാണ്. താമസിയാതെ എ.ഐ ലോകമാകെ കീഴടക്കും. എന്തിനും ഏതിനും എ.ഐ. അതോടെ, ലോകത്തെ 60 ശതമാനം തൊഴിൽ സാദ്ധ്യതകൾ നഷ്ടപ്പെടും. തൊഴിലാളികൾ പട്ടിണിയിലാവും. അവരുടെ കൊടുക്കൽ വാങ്ങൽ ശേഷി നഷ്ടപ്പെടും. മുതലാളിമാർ കൂടുതൽ ഉത്പാദിപ്പിക്കുമെങ്കിലും വാങ്ങാൻ ആളില്ലാതെ കടകൾ അടച്ചു പൂട്ടേണ്ടി വരും. മുതലാളിമാരും കുത്തുപാളയെടുക്കും!
പണ്ട്, ഫ്രഞ്ചുവിപ്ളവം നടന്നത് കഴിക്കാൻ റൊട്ടി പോലുമില്ലാതെ ലക്ഷക്കണക്കിന് പാവങ്ങൾ തെരുവുകളിൽ മരിച്ചു വീഴുകയും രാജ, പ്രഭു കുടുംബങ്ങൾ ആർഭാടമായി ജീവിക്കുകയും ചെയ്തപ്പോഴായിരുന്നു. അതുപോലെ ഇവിടെയും പട്ടിണിപ്പാവങ്ങൾ മുതലാളിത്തത്തിനെതിരെ കലാപത്തിനിറങ്ങും, വിജയം തൊഴിലാളികൾക്ക്. അതോടെ പണക്കാരനും പാവപ്പെട്ടവനുമെന്ന വേർതിരിവ് ഇല്ലാതാവും. മാർക്സും ഏംഗൽസും സ്വപ്നംകണ്ട സമത്വ സുന്ദര ലോകം. മാഷിന്റേത് ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമെന്ന് പരിഹാസം. മാഷ് പണ്ടെങ്ങോ വായിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇപ്പോഴും സ്വപ്നംകണ്ട് നടക്കുകയാണത്രെ.
ഒരു മുൻകൂർ ജാമ്യവും മാഷ് എടുത്തിട്ടുണ്ട്. താൻ പറഞ്ഞ ലോകം ഉടനെ ഉണ്ടാവണമെന്നില്ല; ചിലപ്പോൾ നൂറോ ഇരുന്നൂറോ വർഷങ്ങൾ കഴിയും. മാഷിനും നമുക്കും അതു കാണാനുള്ള ഭാഗ്യമുണ്ടാവില്ല. പക്ഷെ, അന്നത്തെ തലമുറ മാഷിനെ രണ്ടാം കാറൽ മാർക്സായി കണ്ട് ആദരിക്കും. പറഞ്ഞു പറഞ്ഞ് മാഷിന്റെ എ.ഐ, 'അയ്യേ." അതോടെ പ്ളേറ്റ് മാറ്റി. എ.ഐ വന്നാൽ തൊഴിലില്ലായ്മ കൂടുമെന്നായി. എങ്കിലും മാഷ് സ്വപ്നംലോകം വിടുന്നില്ല. താൻ പറഞ്ഞത് മനസിലാകണമെങ്കിൽ എല്ലാവരും ഉടൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണം!
സിൽവർ ലൈൻ വന്നാൽ കൂറ്റനാടു നിന്ന് രാവിലെ അപ്പമുണ്ടാക്കി ട്രെയിനിൽ കയറി കൊച്ചിയിൽ കൊണ്ടു പോയി വിറ്റ ശേഷം ഒരു ചായയും കുടിച്ച് അതേ ട്രെയിനിൽ ഉച്ചയ്ക്ക് മടങ്ങാമെന്ന മാഷിന്റെ പഴയ സ്വപ്നം പോലെ ഇതിനെയും പലരും കളിയാക്കിയെന്നു വരാം. മൈൻഡ് ചെയ്യേണ്ട. താത്വികാചാര്യന്മാരെ ലോകം വൈകിയേ അംഗീകരിക്കൂ!
നുറുങ്ങ്:
കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാലേ കേന്ദ്രസഹായം കിട്ടൂവെന്ന് മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
○ അതിന് നമുക്ക് ഒരു നൂറു വർഷം പിറകോട്ട് സഞ്ചരിക്കാം; കുര്യനെയും കൂട്ടാം!
(വിദുരരുടെ ഫോൺ: 99461 9822)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |