SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

വേനൽ എത്തും മുമ്പേ വെന്തുരുകി കേരളം

summer

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് അനുദിനം വർദ്ധിക്കുകയാണ്. കേരളത്തിൽ ചിലയിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 38.2 ഡിഗ്രി ) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 35നു 39 ഡിഗ്രിക്കും ഇടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൂന്നാർ ഉൾപ്പെടെയുള്ള മലയോര - ഇടനാട് മേഖലയിൽ രാവിലെ തണുപ്പ് കൂടിയിട്ടുണ്ട്.

സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കാഡ് വേഗത്തിലെന്നാണ് പഠന റിപ്പോർട്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. 1980 കളിൽ സമുദ്രോപരിതല ചൂട് 0.06 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് ഇപ്പോൾ 0.27 ഡിഗ്രി സെൽഷ്യസ് ആയി വർദ്ധിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ ഇതിന്റെ അളവ് വീണ്ടും വർദ്ധിക്കുമെന്നും ഗവേഷകർ പറയുന്നു.

ഭൂമിയിൽ ആഗോളതാപനത്തിന്റെ വേഗത നിർണയിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്രതാപനം വേഗത്തിലാണെങ്കിൽ കാലാവസ്ഥാ വ്യതിയാനവും വേഗത്തിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഭൂമിയിലെ ചൂട് വർഷംതോറും കൂടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് സമുദ്ര താപനിലയിലെ വർദ്ധനവെന്നാണ് വിലയിരുത്തൽ. ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ ചൂട് വർദ്ധിക്കുന്നത് പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ് ഉയരുന്നത് എന്നിവക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. ഇതിനാൽ കാലാവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനും ചൂടിന്റെ വേഗത കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുകയും മറ്റു അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം.

വെന്ത് വെണ്ണീരായി

പാലക്കാടും

കനത്ത വേനലിൽ ഓരോ ദിവസവും ചുട്ടുപഴുക്കുക പാലക്കാട്. കഴിഞ്ഞ മാസം അവസാന വാരത്തോടെ തന്നെ ജില്ലയിലെ താപനില 36 ലേക്ക് എത്തിയിരുന്നു. ഫെബ്രുവരിയിൽ അത് 39 ലേക്ക് ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം 45 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. 2024 ഏപ്രിലിൽ ആദ്യം മുതൽ പാലക്കാട്ടെ 11ഓളം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏപ്രിലിൽ എരുമയൂരിൽ ചൂട് 44.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം കാഞ്ഞിരപ്പുഴയിൽ താപനില 45.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ നൂറിലധികം സ്ഥലത്തു സ്ഥാപിച്ചിട്ടുളള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് ഐ.ഐ.എം.ഡി പരിഗണിക്കുന്നില്ലെങ്കിലും ദുരന്തനിവാരണ അതോറിട്ടി ഉൾപ്പെടെ, നടപടികൾക്ക് അത് അടിസ്ഥാനമാക്കുന്നുണ്ട്.

ജില്ലയിൽ പകൽ 11 കഴിഞ്ഞാൽ പുറത്തിറങ്ങാനാവത്ത ചൂടാണ്. വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരും ദിവസങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്.

വേനലിൽ അട്ടപ്പാടിക്ക് വേണം

ഒരുകോടി ഘനമീറ്റർ വെള്ളം

വേനലായാൽ അട്ടപ്പാടിയിലെ 194 ആദിവാസി ഊരുകളിൽ പകുതിയിലേറെയും ശുദ്ധജലത്തിന് ബുദ്ധിമുട്ടും. വെള്ളമുള്ള ഊരുകളിൽ കിട്ടുന്നത് പലപ്പോഴും ശുദ്ധീകരിച്ച വെള്ളമല്ല. ഭവാനി, ശിരുവാണി പുഴകളും ചെറിയ കാട്ടാറുകളും തോടുകളും ഉറവകളുമാണ് ആകെയുള്ള ആശ്രയം. കുടിയേറ്റ ഗ്രാമങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

കുഴൽക്കിണറുകളിൽ ലഭിക്കുന്ന വെള്ളത്തിന് രുചിമാറ്റമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫ്ളൂറൈഡ് പോലുള്ള ലവണങ്ങളുടെ അളവ് വെള്ളത്തിൽ കൂടുതലാണ്. ഇതോടെ കടുത്ത വേനലിൽ കുടിക്കാനും കുളിക്കാനും വെള്ളം തേടി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സ്ഥിതിയിലാണ് ഊരു നിവാസികൾ. അട്ടപ്പാടിയിൽ നിലവിലെ ജലവിനിയോഗം മാസം കുറഞ്ഞത് 80 ലക്ഷം ഘനമീറ്ററാണ് (8 എംഎം ക്യൂബ്). കൃഷിക്കു ജലസേചനത്തിനും ശുദ്ധജലാവശ്യങ്ങൾക്കും വേണ്ടി ഭവാനിപ്പുഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ കണക്കു മാത്രമാണിത്.

ശിരുവാണി പുഴയിലെയും മറ്റു സ്രോതസുകളിലെയും കണക്കു കൂടി ചേരുമ്പോൾ ഒരു കോടി ഘന മീറ്ററാകും. പുഴകളിൽ ജല ലഭ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ശിരുവാണിപ്പുഴയിൽ 2.87 ടി.എം.സി വെള്ളം സംഭരിക്കാവുന്ന നിർദിഷ്ട അട്ടപ്പാടി ജലസേചന പദ്ധതിയുടെ തടയണയും തൊഡ്കി, അരളിക്കോണം പദ്ധതികളും (0.57 ടിഎംസി) ഉടൻ സാദ്ധ്യമാക്കുകയാണു മാർഗം.

ജലവിതരണം

വഴിപാടുപോലെ

വേനൽ കടുക്കുമ്പോഴേക്കും അഗളിയിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. പ്രധാന ശുദ്ധജല വിതരണ പദ്ധതികളിൽ ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ നടന്നിരുന്ന ശുദ്ധജല വിതരണവും ഇപ്പോൾ വഴിപാടുപോലെയായി. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. 15 വർഷം മുമ്പ് അഹാഡ്സ് സ്ഥാപിച്ച അഗളി ശുദ്ധജല വിതരണ പദ്ധതിയിൽ തുമ്പപ്പാറയിലെ സ്രോതസിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള താത്കാലിക തടയണ ഉയരം കൂട്ടി സംഭരണശേഷി വർദ്ധിപ്പിച്ചാൽ അഗളിയിലെ കുടിവെള്ള ക്ഷാമം പരിഹിരക്കാൻ ഉപകരിക്കും.

അട്ടപ്പാടിയിലെ ശുദ്ധജലക്ഷാമത്തിന്റെ നേർക്കാഴ്ചയാണ് മേലെ മന്തി മലയിലേത്. ഊരിൽ 30 കുടുംബങ്ങളുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ഇവരുടെ ഏക ആശ്രയം. മോട്ടർ തകരാറായതിനെ തുടർന്ന് അതും മുടങ്ങിയ അവസ്ഥയിലാണ്. ഇതോടെ ഒരു കിലോമീറ്റർ ദൂരെയുള്ള പഴയ കുളത്തിൽ നിന്നാണു വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി കൊണ്ടുപോകണം. വെള്ളമില്ലാത്തതു ദൈനംദിന ജീവിതത്തെയും ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്.

വറ്റിവരണ്ട്

നിള

ഭാരതപ്പുഴ വറ്റിവരണ്ടതോടെ പുഴയോരമേഖല കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി ചെറുതും വലുതുമായി നിരവധി കുടിവെള്ള പദ്ധതികളുണ്ട് ഭാരതപ്പുഴയിൽ. വേനൽ കടുക്കുന്നതോടെ ഭതരപ്പുഴ നീർച്ചാലാകും. അങ്ങനെയെങ്കിൽ കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിക്കേണ്ടി അവസ്ഥവരും. അത് മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിക്കാൻ തയാറാവണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAT WAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION