SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

പാൽ കഷായവും 'ശകുനം മുടക്കികളും'

a

നിങ്ങൾ അത് സന്തോഷത്തോടെയാണോ സ്വീകരിച്ചത്?- വീട്ടിൽ അനർത്ഥങ്ങളുടെ ഘോഷയാത്രകൊണ്ട് പൊറുതിമുട്ടിയ കുടുംബം പരിഹാരത്തിനായി വിളിച്ചുവരുത്തിയ ജ്യോത്സൻ ഷോകെയ്സിൽ മാൻഡ്രേക്കിന്റെ തലയുടെ രൂപം കണ്ട് കവടി മടക്കിയശേഷം വീട്ടുകാരോട് ചോദിക്കുന്ന രംഗം 'ജൂനിയർ മാൻഡ്രേക്ക്" സിനിമയിലേതാണ്. വ്യസനവും ദുരിതവുമെല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് പുറമെ സന്തോഷം പ്രകടിപ്പിക്കുന്നവരെ കാണുമ്പോൾ അതിശയം തോന്നാം. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബഡ്ജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ

അവതരിപ്പിച്ചു തുടങ്ങുമ്പോഴുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പുഞ്ചിരിയും ശുഭപ്രതീക്ഷയുടെ വാക്കുകളും കേട്ട് അമ്പരന്നവരിൽ പ്രതിപക്ഷം മാത്രമല്ല,​ ഭരണപക്ഷവുമുണ്ട്!

കേരളത്തോട് മുഖം തിരിച്ചുപിടിച്ച കേന്ദ്ര ബഡ്ജറ്റ്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനും ഉരുൾപൊട്ടൽ ദുരന്തത്തിൽ താറുമാറായ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനും ചില്ലിക്കാശില്ല. ഫലത്തിൽ കേരളമെന്ന പേരു പോലുമില്ല. 'പണ്ടേ ദുർബല,​ ഒപ്പം ഗർഭിണിയും" എന്നു പറഞ്ഞതുപോലെ, കേരളത്തിന്റെ നടുവൊടിയാൻ മറ്റെന്തു വേണം? പണദൗർലഭ്യം നിമിത്തം പട്ടിക വിഭാഗത്തിന്റേത് ഉൾപ്പെടെ പല ക്ഷേമ, വികസന പദ്ധതികൾക്കും കഴിഞ്ഞവർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച തുകയിൽ പുതിയ ബഡ്ജറ്റിന് തൊട്ടുമുമ്പ് കാര്യമായ വെട്ടിക്കുറവ് വരുത്തിയപ്പോൾത്തന്നെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുടെ ചിത്രം ഏതാണ്ട് വ്യക്തമായിരുന്നു.

'നയാ പൈസയില്ലാ... കൈയിൽ നയാപൈസയില്ല..." എന്ന പാട്ട് പാടിയാവും മന്ത്രി ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കുകയെന്ന് സഭയ്ക്കു പുറത്തുള്ള ജനവും കരുതി! സംഭവിച്ചതോ? മന്ത്രിയുടെ തുടക്കം, കടുത്ത ധനഞെരുക്കത്തിന്റെ തീക്ഷ്ണഘട്ടത്തെ സംസ്ഥാനം അതിജീവിച്ചതിന്റെ 'സന്തോഷ വാർത്ത"യുമായി! ടിവി ചാനലുകളിൽ ഇത് ലൈവായി കണ്ട ക്ഷേമ പെൻഷൻകാരുടെയും സർക്കാർ ജീവനക്കാരുടെയും മനം കുളിർത്തു. 62 ലക്ഷം പേർ കൈപ്പറ്റുന്ന 1600 രൂപയുടെ ക്ഷേമ പെൻഷനിൽ 100 മുതൽ 200 രൂപ വരെ വർദ്ധന വരുത്തുമെന്നായിരുന്നല്ലോ പത്ര വാർത്തകൾ. ഒരു രൂപ പോലും കൂട്ടിയില്ല!

ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ 600 രൂപയിൽ നിന്ന് 1600 രൂപ വരെയായി ഉയർത്തിയ ക്ഷേമ പെൻഷൻ, 2500 രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഇടതു സർക്കാരും നേതാക്കളും പറഞ്ഞിരുന്നതാണ്. അതിന് ഇനി 900 രൂപ കൂടി കൂട്ടണം. ഈ സർക്കാരിന് വീണ്ടുമൊരു സമ്പൂർണ ബഡ്ജറ്റില്ല. അടുത്തവർഷം മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിൽ മൂന്നുമാസത്തെ ചെലവിനുള്ള വോട്ട് ഓൺ അക്കൗണ്ട് മാത്രം. ക്ഷേമ പെൻഷൻ ഇപ്പോൾ 100 രൂപ കൂട്ടണമെങ്കിൽ 1000 കോടി കൂടി വേണമെന്നു പറഞ്ഞ ധനമന്ത്രി, പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനും ഇനി എട്ടു മാസം ബാക്കി. അതിനു മുമ്പ് മന്ത്രിസഭയ്ക്ക് തുക കൂട്ടാം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും! സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള പരിഷ്കരണവുമില്ല. കുടിശ്ശിക കൊടുത്തു തീർക്കുമെന്ന പ്രഖ്യാപനത്തിൽ ഇരുവിഭാഗക്കാർക്കും അൽപ്പം ആശ്വസിക്കാം. പക്ഷേ, മന്ത്രി പ്രകടിപ്പിച്ച സന്തോഷം സാധാരണക്കാർക്ക് പകരാൻ കഴിഞ്ഞില്ല. ജീവിതഭാരം കൂടുകയും ചെയ്യും. ഭൂനികുതി 50 ശതമാനം കൂട്ടിയതും ഇരുപത്തി മൂന്നിനം കോടതി ഫീസുകൾ കൂട്ടിയതും അവർക്ക് കൂനിന്മേൽ കുരുവാകുമെന്നാണ് വിമർശനം.



'അങ്കവും കാണാം,​ താളിയും ഒടിക്കാം"- അടുത്ത എൽ.ഡി.എഫ് യോഗം 19നു ചേരുന്നത് പതിവുപോലെ എ.കെ.ജി സെന്ററിലല്ല; തലസ്ഥാനത്ത് പുതുക്കിപ്പണിത സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ വച്ചാണ്. പുതിയ മന്ദിരത്തിന്റെ കെട്ടും മട്ടും മുന്നണിയിലെ മറ്റ് ഘടകക്ഷി നേതാക്കളെ കാണിക്കാം. ചില വിഷയങ്ങളിൽ സി.പി.എമ്മുമായുള്ള 'സൗന്ദര്യപ്പിണക്കം" പറഞ്ഞു തീർക്കുകയുമാവാം. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമ്മാണശാല തുടങ്ങുന്ന കാര്യത്തിൽ സി.പി.ഐയുടെ കലിപ്പ് തീർന്നിട്ടില്ല. അവിടെ ജലചൂഷണം പറ്റില്ല. ഭൂമി തരംമാറ്റാനുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ സി.പി.ഐ ഭരിക്കുന്ന റവന്യു വകുപ്പിലെ ആർ.ഡി.ഒ തള്ളുകയും ചെയ്തു. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമെന്ന സി.പി.എം നേതാക്കളുടെ സൂചനകളിലും സി.പി.ഐ നീരസത്തിലാണ്. ആർ.ജെ.ഡി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുമുണ്ട് ഇക്കാര്യങ്ങളിൽ മുറുമുറുപ്പ്. എൽ.ഡി.എഫ് യോഗത്തിൽ എല്ലാം പറഞ്ഞ് 'കോംപ്ലിമെന്റ്സ് ആക്കാ"നാണ് നീക്കം.

അതിനിടെ, കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുന്നതിൽ സി.പി.എമ്മിലും കല്ലുകടി. വിഷയം എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തെന്ന് മുന്നണി കൺവീനർ ടി.പി രാമക‌ൃഷ്ണൻ. ചർച്ച ചെയ്തിട്ടില്ലെന്നും, ടോളിനോട് പൊതുവെ പാർട്ടിക്ക് യോജിപ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ്. കഥയറിയാതെ ആട്ടം കാണുന്നത് ഇതിലാര്? ദേശീയപാതകളിലെ ടോൾ പിരിവിനെതിരെ സമരം ചെയ്യുന്ന സി.പി.എമ്മുകാരാണ് കിഫ്ബി റോഡുകൾക്ക് ടോൾ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം. ഗോവിന്ദൻ മാഷിന്റെ സ്വരം കേട്ടാൽ കിഫ്ബി റോഡിൽ ടോൾ വരില്ലെന്നു തോന്നാം. പക്ഷേ പറയുന്നത് മാഷാണ്. ഇന്നു പറയുന്നത് തരംപോലെ നാളെ മാറ്റിപ്പറയാൻ മടിയില്ലാത്ത ഗോവിന്ദൻ മാഷിനെ എങ്ങനെ വിശ്വസിക്കുമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമില്ല!



മൂക്കു മുറിച്ച് ശകുനം മുടക്കികൾ! ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തുകൊല്ലം ഭരിച്ച ആം ആദ്മി പാർട്ടി തകർന്നടിഞ്ഞതിനും,​ 27 വർഷത്തിനു ശേഷം ബി.ജെ.പിയുടെ ഗംഭീര തിരിച്ചുവരവിനും ഒരു പ്രധാന ഹേതു ഇന്ത്യാ മുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസ് അവിടെ ഒറ്റയ്ക്ക് മത്സരിച്ചതാണെന്നാണ് വിമർശനം. അപ്പോൾ ഒരു മറുചോദ്യം. പതിനഞ്ചു കൊല്ലം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ്, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകൊണ്ട് 'സംപൂജ്യ"രെന്ന ഹാട്രിക് നേടി. ഡൽഹിയിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കിയത് ആം ആദ്മിയല്ലേ? ലോകത്തെ പെരുങ്കള്ളൻ അരവിന്ദ് കേജ്‌രിവാളാണെന്ന് രാഹുൽ ഗാന്ധി അവിടെ പ്രസംഗിച്ചില്ലേ? ലാളിത്യത്തിന്റെയും സംശുദ്ധിയുടെയും പര്യായമായിരുന്ന കേജ്‌രിവാളിനെപ്പോലും അഴിമതിയുടെയും ആർഭാടത്തിന്റെയും ചെളിക്കുണ്ടിൽ വീഴ്ത്താൻ ബി.ജെ.പിക്കായില്ലേ? വോട്ട് വിഹിതത്തിൽ ബി.ജെ.പിയും ആം ആദ്മിയും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു ശതമാനം. കോൺഗ്രസ് ഇത്തവണ കൂടുതൽ പിടിച്ചതും രണ്ടു ശതമാനം. തമ്മിലടിയ്ക്കിടെ, മണ്ണുംചാരി നിന്നവർ പെണ്ണും കൊണ്ട് പോയില്ലേ!

നുറുങ്ങ്:

അനധികൃത കുടിയേറ്റം ആരോപിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 104 ഇന്ത്യക്കാരെ കാൽച്ചങ്ങലയും കൈവിലങ്ങും അണിയിച്ച്,​ ഭക്ഷണം നൽകാതെ 40 മണിക്കൂർ ഊരുചുറ്റിച്ച് സൈനിക വിമാനത്തിൽ തിരിച്ചെത്തിച്ചതിനെ പാർലമെന്റിൽ ന്യായീകരിച്ച് കേന്ദ്ര സർക്കാർ.

@സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു!

(വിദുരരുടെ ഫോൺ: 99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRUDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION