SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

എയ്‌റോ ഇന്ത്യ ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കം, കരുത്തിന്റെ ചിറകിൽ വ്യോമ ഭാരതം

aero

കേന്ദ്ര പ്രതിരോധ മന്ത്രാലയം രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന വ്യോമയാന പ്രദർശനവും വ്യോമാഭ്യാസവുമാണ് എയ്‌റോ ഇന്ത്യ. 1996- ൽ ആദ്യമായി സംഘടിപ്പിച്ച എയ്റോ ഇന്ത്യ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോസ്‌പേസ്, പ്രതിരോധ പ്രദർശനങ്ങളിലൊന്നായി വളരുകയും, ആഗോള പങ്കാളിത്തം ആകർഷിക്കുകയും ചെയ്യുന്നു. ബംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനം ആതിഥേയത്വം വഹിക്കുന്ന എയ്‌റോ ഇന്ത്യ, പ്രതിരോധം- വ്യോമയാന- എയ്‌റോസ്‌പേസ് മേഖലകളിൽ ഭാരതത്തിന്റെ അനുദിനം വികസിക്കുന്ന ശേഷിയും നൈപുണ്യവും വ്യക്തമാക്കുന്നു.

യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ ഇന്നു മുതൽ 14 വരെ നടക്കുന്നത് എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ആണ്. 'ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ" എന്ന വിശാലമായ പ്രമേയത്തിലൂടെ വിദേശ,​ ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുകയും,​ സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കാൻ ആഗോള മൂല്യശൃംഖലയിലെ പുതിയ വഴികൾ കണ്ടെത്തുന്നതിന് വേദിയൊരുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ വ്യോമാഭ്യാസ പ്രദർശനങ്ങൾ മേളയിലുണ്ടാവും. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകൾ അനാവരണം ചെയ്യുന്നതിനും ധാരണാപത്രങ്ങൾ ഒപ്പിടുന്നതിനുമുള്ള വേദിയാണ് ഈ വ്യോമ പ്രദർശനം.

ഇന്നു മുതൽ ആദ്യ മൂന്നു ദിവസം ബിസിനസ് ദിവസങ്ങളായിരിക്കും, 13, 14 തീയതികളിൽ പ്രദർശനം കാണാൻ പൊതുജനങ്ങളെ അനുവദിക്കും. എയ്‌റോസ്‌പേസ് മേഖലയിൽ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ ഡിസ്‌പ്ലേകളും സ്റ്റാറ്റിക് പ്രദർശനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധത്തിലും വ്യോമയാനത്തിലും നൂതന സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭാരതവും ആഗോള പ്രതിരോധ വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും സുഗമമാക്കുക, തദ്ദേശീയ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, പ്രതിരോധ നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഭാരതത്തിന്റെ പങ്ക് വർദ്ധിപ്പിക്കുക, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പ്രൊഫഷണലുകൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവരിക എന്നിവയാണ് എയ്‌റോ ഇന്ത്യയുടെ ദൗത്യങ്ങൾ.

സ്വാശ്രയ ഭാരതവും

എയ്റോ ഇന്ത്യയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2020 മേയിൽ കേന്ദ്രസർക്കാർ ആരംഭിച്ച ഒരു ദർശനാത്മക സംരംഭമാണ് ആത്മനിർഭർ ഭാരത് അഥവാ സ്വാശ്രയ ഭാരതം. പ്രതിരോധ ഉത്പാദനം ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സ്വാശ്രയത്വം വളർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ജനസംഖ്യാശാസ്‌ത്രം, ആവശ്യകത എന്നീ അഞ്ച് മേഖലകളിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

യുദ്ധവിമാനങ്ങളും ടാങ്കുകളും മുതൽ ഡ്രോണുകളും റഡാർ സംവിധാനങ്ങളും വരെയുള്ള പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കൽ, പ്രതിരോധ ഉത്പാദന- കയറ്റുമതി പ്രോത്സാഹന നയം, പ്രതിരോധ ഉത്പാദനത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനം ആയി വർദ്ധിപ്പിക്കുക, ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ ഉപകരണങ്ങളുടെ "നെഗറ്റീവ് ഇറക്കുമതി പട്ടിക" സൃഷ്ടിക്കുക എന്നിവയാണ് പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കിടയിൽ നവീകരണത്തിനും ഉത്പാദനത്തിനുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. നടപ്പു വർഷം മുതൽ പ്രതിവർഷ കയറ്റുമതി മൂല്യം അഞ്ച് ബില്യൺ ഡോളറിലെത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

പ്രദർശനത്തിലെ

അഭിമാനങ്ങൾ

വ്യോമയാന,​ പ്രതിരോധ,​ എയ്റോസ്പേസ് മേഖലകളിൽ ഇന്ത്യ വികസിപ്പിച്ച സാങ്കേതിക വിദ്യകളെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുന്നതിൽ എയ്‌റോ ഇന്ത്യ വലിയ പങ്കു വഹിക്കുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ്, റുസ്റ്റോം, നിഷാന്ത് പോലുള്ള യു.എ.വികൾ, തദ്ദേശീയ റഡാറും മിസൈൽ സംവിധാനങ്ങളും എന്നിവ പ്രദർശനത്തിലുണ്ടാവും. പ്രതിരോധ ആവാസവ്യവസ്ഥയിൽ നിക്ഷേപം ആകർഷിക്കുന്നതിനും, നൂതന സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, സ്വാശ്രയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ഈ പ്രദർശനം അവസരം നൽകുന്നു. ഉദാഹരണത്തിന്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്,​ ഭാരത് ഇലക്ട്രോണിക്സ് എന്നിവ പോലുള്ള ഭാരതീയ പ്രതിരോധ സ്ഥാപനങ്ങൾ അവരുടെ നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും എയ്‌റോ ഇന്ത്യയെ പ്രയോജനപ്പെടുത്തുന്നു.


എയ്‌റോ ഇന്ത്യ:

നേട്ടങ്ങൾ

ആത്മനിർഭർ ഭാരത് സംരംഭവുമായി എയ്‌റോ ഇന്ത്യയുടെ സംയോജനം കൊണ്ടുള്ള നേട്ടങ്ങൾ ഏറെയാണ്. വളർന്നുവരുന്ന പ്രതിരോധ ഉത്പാദന കേന്ദ്രമെന്ന നിലയിൽ അത് രാജ്യത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുക മാത്രമല്ല, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതുകൊണ്ട് വിലയേറിയ വിദേശനാണ്യം ലാഭിക്കാൻ സാധിക്കുകയും ചെയ്തു. സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി വർദ്ധിപ്പിച്ചു. പ്രതിരോധത്തിലും അനുബന്ധ വ്യവസായങ്ങളിലും നൈപുണ്യ വികസനവും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിച്ചു.

എയ്‌റോ ഇന്ത്യയും ആത്മനിർഭർ ഭാരത് സംരംഭവും പ്രതിരോധത്തിലും എയ്‌റോ സ്‌പേസിലും ആഗോള നേതാവാകാൻ ഭാരതത്തെ നയിക്കുന്ന പരസ്പരപൂരക ശക്തികളാണ്. രാജ്യത്തിന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും എയ്‌റോ ഇന്ത്യ വേദിയൊരുക്കുന്നു. പ്രതിരോധ ഉത്പാദനത്തിൽ സുസ്ഥിര വളർച്ച, നവീകരണം, സ്വാശ്രയത്വം എന്നിവയ്ക്ക് അടിത്തറയിടുന്നത് ആത്മനിർഭർ ഭാരതാണ്. സ്വയംപര്യാപ്തവും കയറ്റുമതി അധിഷ്ഠിതവുമായ ഒരു പ്രതിരോധ ശക്തികേന്ദ്രമായി മാറാനുള്ള ഭാരതത്തിത്തിന്റെ സ്വപ്നത്തിന് കരുത്തുറ്ര ചിറകുകൾ നൽകുന്നതാണ് എയ്റോ ഇന്ത്യ.

(പ്രതിരോധ- എയ്റോസ്പേസ് മേഖലയിലെ വിദഗ്ദ്ധനാണ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ ലേഖകൻ. 2011 മുതൽ എയ്റോ ഇന്ത്യയുടെ ഭാഗമാണ് ഇദ്ദേഹം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION