SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ക്രീമിലെയർ മാനദണ്ഡങ്ങളും വരുമാന പരിധിയും

a

രാജ്യത്തെ മദ്ധ്യവർഗങ്ങളുടെ താത്പര്യങ്ങൾക്ക് ഊന്നൽ നൽകുന്ന ശുപാർശകളാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റിൽ ഉള്ളതെന്ന് വ്യക്തമായിക്കഴിഞ്ഞു. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശുപാർശകളൊന്നും കാര്യമായി കാണുന്നില്ല. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും സമ്പന്നർ അതിസമ്പന്നരായി മാറി എന്നതിനപ്പുറം,​ സാധാരണക്കാർ ദുരിതക്കയത്തിൽത്തന്നെയാണ്. ആ വിഭാഗങ്ങളുടെ സാമൂഹ്യ,​ സാമ്പത്തിക,​ വിദ്യാഭ്യാസ പുരോഗതിക്കായുള്ള ശക്തമായ ഒരു നടപടിയും ഉണ്ടാവുന്നില്ല. ഈ സന്ദർഭത്തിലാണ് ഒ.ബി.സി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും ഏറെക്കാലമായി കാത്തിരിക്കുന്ന ക്രീമിലെയർ നിർണയത്തിനുള്ള വരുമാനപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.


മുന്നാക്ക സമുദായങ്ങൾക്ക് ഏർപ്പെടുത്തിയ പത്തുശതമാനം സവർണ സംവരണം ലഭിക്കുന്നതിന് തടസമായിരുന്ന ഹൗസ് പ്ലോട്ടുകളുടെ വിസ്തീർണം സംബന്ധിച്ച പ്രശ്നം വളരെ വേഗത്തിലാണ് സർക്കാർ പരിഹരിച്ചത്. ആ വിഷയം ഉന്നയിക്കാൻ എം.പിമാർ പാർലമെന്റിൽ മത്സരിക്കുകയായിരുന്നു. ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർ കൂടുതൽ ഉത്സാഹത്തിലുമായിരുന്നു. ക്രീമിലെയർ നിർണയത്തിനുള്ള വരുമാനപരിധി 1993-ലാണ് നിശ്ചയിച്ചത്. മാനദണ്ഡം അനുസരിച്ച് ഇതിനകം അത് പത്തുതവണ വർദ്ധിപ്പിക്കേണ്ടിയിരുന്നു. എന്നാൽ കേവലം നാലുതവണ മാത്രമാണ് വർദ്ധനവുണ്ടായത്. ഉദ്യോഗരുടെ ഡി.എ വർദ്ധനവിനും ശമ്പള പരിഷ്‌കരണത്തിനും എല്ലാവരും ഉത്സാഹിക്കുന്നുണ്ട്. ഒ.ബി.സിക്കാരുടെ കാര്യം മാത്രം എല്ലാവരും ഉപേക്ഷിച്ചു!

ക്രീമിലെയറിലെ

കുതന്ത്രം

ആ വിഭാഗങ്ങളുടെ തമ്മിൽത്തല്ലും കുതികാൽവെട്ടും ഒരു കാരണമാണ്. തിരഞ്ഞെടുപ്പുകൾ അടുത്തു വരുമ്പോൾ സമുദായ സ്‌നേഹവും താത്പര്യവും പ്രകടിപ്പിക്കുന്നവർ ഇനിയെങ്കിലും പിന്നാക്ക വിഭാഗങ്ങളുടെ,​ പരിമിതമായി ലഭിക്കുന്ന ഉദ്യോഗങ്ങൾക്കും വിദ്യാലയ പ്രവേശനങ്ങൾക്കും സഹായകമായ സമീപനം സ്വീകരിക്കണം. വൈകി ലഭിച്ച അവസരം അട്ടിമറിക്കുന്നതിനുള്ള ഒരു കുതന്ത്രം മാത്രമാണ് 'ക്രീമിലെയർ" സിദ്ധാന്തം. മണ്ഡൽ കമ്മിഷൻ ശുപാർശ ചെയ്ത 27 ശതമാനം സംവരണം അനുവദിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നടന്ന ഹർജി തീർപ്പാക്കിയപ്പോൾ സുപ്രീംകോടതിയാണ് പിന്നാക്ക വിഭാഗങ്ങളിൽ ക്രീമിലെയർ ഉണ്ടെന്നു കണ്ടെത്തിയത്. അതിനു തെളിവായി ഒരു അടിസ്ഥാന രേഖയും പരാമർശിച്ചിരുന്നില്ല.


പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചിലർ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ടെന്നും,​ അവർ യാതൊരുവിധ സാമൂഹ്യ പിന്നാക്കാവസ്ഥയും അനുഭവിക്കുന്നില്ലെന്നും,​അവരെ ഒഴിവാക്കി വേണം ഒ.ബി.സി വിഭാഗങ്ങൾക്ക് അവകാശങ്ങൾ അനുവദിക്കേണ്ടതെന്നുമാണ് വിധിച്ചത്. അങ്ങനെ ഒഴിവാക്കുന്നവരുടെ സാമൂഹ്യ മുന്നാക്കാവസ്ഥ നിശ്ചയിക്കുന്നത് അവർ ഉൾക്കൊള്ളുന്ന സമുദായത്തിലെ മറ്റുള്ളവരുമായല്ല,​ മറിച്ച് പൊതുവിഭാഗത്തിലെ സവർണ സമുദായങ്ങളിൽ ഉൾപ്പെടുന്നവർക്കൊപ്പം മത്സരിക്കുവാനും പ്രവർത്തിക്കുവാനും ശേഷിയുള്ളവരാണെന്ന് ഉറപ്പാക്കണം എന്നായിരുന്നു കോടതി നിർദ്ദേശം. സുപ്രീംകോടതി വിധിയിലെ പ്രസക്തഭാഗം ഇങ്ങനെയാണ്: ' The correct criterion for judging the forwardness of the forwards among the Backward classes is to measure their capacity not in terms of the capacity of others in their class, but in terms of the capacity of the members of the forward classes."

പ്രശ്നങ്ങൾക്ക്

പരിഹാരമുണ്ട്

സംവരണവും ക്രീമിലെയർ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പരിഹാരമാർഗങ്ങളും സംക്ഷിപ്തമായി വിശദമാക്കാം. സ്വാതന്ത്ര്യം നേടി 46 വർഷങ്ങൾക്കു ശേഷവും ഭരണഘടന നിലവിൽ വന്ന് 43 വർഷവും കഴിഞ്ഞ് 8- 9 -1993 സെപ്തംബർ എട്ടിനാണ് ഇന്ത്യയിലെ ഒ.ബി.സി വിഭാഗങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന സംവരണ വ്യവസ്ഥ നടപ്പായത്. വീണ്ടും 15 വർഷം കൂടി കഴിഞ്ഞ്,​ അതായത് സ്വാതന്ത്ര്യം നേടി 61 വർഷങ്ങൾക്കു ശേഷം 2008 മുതൽ മാത്രമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രവേശനത്തിൽ സംവരണ വ്യവസ്ഥ നിലവിൽ വരുന്നത്.


1980-ൽ മണ്ഡൽ കമ്മിഷൻ ശുപാർശ ചെയ്ത 27 ശതമാനം ഒ.ബി.സി സംവരണം പത്തുവർഷത്തിനുശേഷം ഒരു കോൺഗ്രസിതര സർക്കാരിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ വി.പി സിംഗ് ആണ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനുശേഷം രാജ്യ തലസ്ഥാനത്തുണ്ടായ അതിക്രമങ്ങളെയും പ്രക്ഷോഭങ്ങളെയും തുടർന്ന് സുപ്രീംകോടതി ഇടപെടുകയും,​ കോടതിയുടെ 16-11-92 ലെ വിധിയെ തുടർന്ന് സംവരണം അനുവദിക്കൽ അംഗീകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു. അപ്രകാരം സംവരണം അനുവദിക്കുമ്പോൾ ഒ.ബി.സി സമുദായങ്ങളിലെ 'ക്രീമിലയർ" വിഭാഗത്തെ ഒഴിവാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ക്രീമിലെയർ വിഭാഗത്തെ കണ്ടെത്തുന്നതിന് നിയോഗിച്ച ജസ്റ്റിസ്. ആർ.എൻ പ്രസാദ് ചെയർമാനായ ഉന്നതാധികാര കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് 8-9-93 മുതലാണ് ക്രീമിലയർ മാനദണ്ഡങ്ങൾ നിലവിൽ വന്നത്. ഭരണഘടനാ പദവിയിലുള്ളവർ, അഖിലേന്ത്യാ സർവീസിലെയും എ, ബി ഗ്രൂപ്പിലും/ ക്ലാസിലും നേരിട്ട് പ്രവേശിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ ഉടമകൾ, പ്രൊഫഷണൽ വിഭാഗത്തിൽ വരുമാനമുള്ളവർ തുടങ്ങിയവരെ ക്രീമിലെയർ ആയി കണ്ടെത്തിയിരുന്നു.


തുടർച്ചയായി മൂന്നുവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ സംവരണ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ വരുമാനം കണക്കുകൂട്ടുമ്പോൾ ശമ്പള വരുമാനമോ കാർഷിക വരുമാനമോ പരിഗണിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലിയിൽ പ്രവേശിക്കുന്ന പദവിയും കൃഷിഭൂമിയുടെ വിസ്തൃതിയുമാണ് പരിഗണിക്കേണ്ടത്. വരുമാനപരിധി നിർബന്ധമായും മൂന്നുവർഷത്തിലൊരിക്കലും,​ ആവശ്യമെന്നു കണ്ടാൽ രൂപയുടെ മൂല്യ വ്യതിയാനം അനുസരിച്ച് അതിനു മുമ്പും പരിഷ്‌കരിക്കണമെന്നും
8-9- 93ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 11 വർഷം കഴിഞ്ഞ് 9 -3- 2004 ൽ മാത്രമാണ് പരിധി രണ്ടര ലക്ഷമായി ഉയർത്തിയത്.


അനക്കമില്ലാതെ

ഏഴു വർഷം!

തുടർന്ന് നാലുവർഷം കഴിഞ്ഞ് 14-10-2008ൽ നാലരലക്ഷമായും,​ അഞ്ചുവർഷം കഴിഞ്ഞ് 27- 5-2013 ൽ ആറുലക്ഷമായും ഉയർത്തി. ഒടുവിൽ 13-9-2017 ൽ ഉയർത്തിയ എട്ടുലക്ഷം രൂപ എന്ന പരിധിയാണ് ഇപ്പോൾ നിലവിലുള്ളത്. ഏഴു വർഷം പിന്നിട്ടിട്ടും ഈ പരിധി പുതുക്കുന്നതു സംബന്ധിച്ച് ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. പിന്നാക്ക വിഭാഗങ്ങൾ അവർ അനുഭവിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ തന്നെ നിഷേധിക്കുന്നതിനെതിരായ പോരാട്ടം നടത്തുന്നതിനിടയിൽ പരിധി ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ് പട്ടിക വിഭാഗങ്ങളിലും ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു വരുന്നത്.


ഉയർന്ന ഉദ്യോഗങ്ങൾക്കും പ്രൊഫഷണൽ സാങ്കേതിക യോഗ്യത ആവശ്യമായ പദവികൾക്കും അർഹരായി വരുന്നവർ പലപ്പോഴും ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. അവർ ജോലിക്ക് അപേക്ഷിക്കുമ്പോൾ അർഹതയില്ലെന്നു പറഞ്ഞ് അവസരം നിഷേധിക്കും. അർഹതയുള്ളവർ അപേക്ഷിക്കുമ്പോൾ അവർക്ക് യോഗ്യതയില്ലെന്നു പറഞ്ഞ് അവിടെയും അവസരം നിഷേധിക്കും. ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം 1993 മുതൽ അനുവദിച്ചത് 25 വർഷത്തിനുശേഷം പരിശോധിച്ചപ്പോൾ ആ വിഭാഗത്തിനു ലഭിച്ച പ്രാതിനിദ്ധ്യം കേവലം 13 ശതമാനത്തിലും താഴെയാണെന്നാണ് പാർലമെന്റിന്റെ പിന്നാക്ക വിഭാഗ ക്ഷേമസമിതി മുമ്പാകെ 2019 ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

അവരെക്കൂടി

വഞ്ചിക്കണോ?​

പട്ടിക വിഭാഗങ്ങൾക്കു കൂടി ക്രീമിലെയർ മാനദണ്ഡം ഏർപ്പെടുത്തിയാൽ അവർക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രാതിനിദ്ധ്യം പോലും കുറയാനാണ് സാദ്ധ്യത. പട്ടിക വിഭാഗങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിട്ടു പോലും ആളെ കിട്ടുന്നില്ല എന്ന വാർത്ത സമീപ ദിവസങ്ങളിലാണ് മാദ്ധ്യമങ്ങളിൽ വന്നത്. ക്രീമിലെയർ വരുമാന പരിധി ഉയർത്താതിരിക്കുകയും,​ നിലവിലുള്ള മാനദണ്ഡങ്ങൾ തന്നെ ദുർവ്യാഖ്യാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ നിത്യേന കേൾക്കുന്നുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന സർക്കാർ സർവീസിലെ ഉദ്യോഗസ്ഥരുടെ പദവിയുമായി താരതമ്യം ചെയ്യാൻ കഴിയാതെ വരുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം,​ അവർ തങ്ങളുടെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എക്സിക്യുട്ടീവ് ഡയറക്ടർ തലത്തിലോ അതിനൊപ്പമോ ജോലി ചെയ്യുന്ന വ്യക്തികളാണെങ്കിൽ മാത്രമേ ക്രീമിലെയർ പരിധിയിൽ വരികയുള്ളൂ എന്ന് 2017-ൽ കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതാണ്. അക്കാര്യം പോലും റവന്യു ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല.

ക്രീമിലെയർ സങ്കല്പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണ്. എന്നിട്ടും അതിനു നിശ്ചയിച്ച മാനദണ്ഡങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതും വരുമാന പരിധി വർദ്ധിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുന്നില്ല. ഭരണാധികാരികളും പിന്നാക്ക സമുദായ സംഘടനകളും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരത്തിനു പരിശ്രമിക്കേണ്ടതാണ്. നമ്മുടെ പാർലമെന്റ് അംഗങ്ങൾ- വിശേഷിച്ച് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരെങ്കിലും ബഡ്ജറ്റ് സമ്മേളന ചർച്ചകളിൽ ഈ വിഷയം ഉയർത്തി ഒരു പരിഹാരത്തിന് ശ്രമിക്കണം.


(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ: 94472 75809)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMILEYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION