SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

വിദ്യാനന്ദ സ്വാമികൾ തെളിനീരുറവ പോലെ ഒരു സംന്യാസിവര്യൻ

swami-vidhyanadha

ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്ത ശിഷ്യപ്രശിഷ്യ പരമ്പരയിലെ മുതിർന്ന സംന്യാസിയായ വിദ്യാനന്ദ സ്വാമികൾ

സമാധിയെ പ്രാപിച്ചിരിക്കുന്നു. ഗുരുദേവന്റെ മഹാസങ്കല്പ പ്രകാരം സ്ഥാപിതമായ മതമഹാ പാഠശാലയിൽ ആദ്യ ബാച്ചിലെ ബ്രഹ്മചാരിയാകുവാൻ ഭാഗ്യം ലഭിച്ച സുകൃതിയാണ് വിദ്യാനന്ദ സ്വാമികൾ. ശിവഗിരി മഠത്തിന്റെയും ശാഖാ സ്ഥാപനങ്ങളുടെയും പുരോഗതിക്കുവേണ്ടി ത്യാഗനിർഭരമായി പ്രവർത്തിച്ചു. സ്വാമികളുടെ ജന്മദേശം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരായിരുന്നു. എ.കെ. നാണുവിന്റെയും സുമതിയുടെയും മകനായി 1949 ലായിരുന്നു സുഗതന്റെ ജനനം. ആനന്ദനും സുലോചനയുമായിരുന്നു സഹോദരങ്ങൾ. സരസകവി മുലൂർ പത്മനാഭപ്പണിക്കരുടെ കുടുംബവുമായി ബന്ധമുണ്ട്. ഈ സുഗതനാണ് സ്വാമി വിദ്യാനന്ദ എന്ന പേരിൽ സംന്യാസ ദീക്ഷ സ്വീകരിച്ച് ഗുരുദേവ ശിഷ്യ പരമ്പരയിൽ അംഗമായത്.

ഗുരുദേവന്റെ നേർശിഷ്യന്മാരായിരുന്ന ശങ്കരാനന്ദ സ്വാമികൾ, പൂർണാനന്ദ സ്വാമികൾ, കുമാരാനന്ദ സ്വാമികൾ, മാധവാനന്ദ സ്വാമികൾ എന്നിവരുടെ അനുഗ്രഹത്തോടെ അവരോടൊപ്പം ജീവിക്കുവാനും സുഗതന് ഭാഗ്യം ലഭിച്ചു. പഠനത്തിൽ മിടുക്കനായ സുഗതൻ ബ്രഹ്മവിദ്യാലയത്തിന്റെ നടത്തിപ്പിൽ ശ്രദ്ധാലുവായിരുന്ന മൂത്തേടത്തിന്റെ സ്നേഹ വാത്സല്യങ്ങൾക്കും പാത്രീഭൂതനായിരുന്നു . 1977-ൽ ബ്രഹ്മവിദ്യാലയത്തിലെ ആദ്യ കോഴ്സ് പൂർത്തിയാക്കി ബ്രഹ്മാനന്ദ സ്വാമികളിൽ നിന്ന് സുഗതൻ സംന്യാസദീക്ഷ സ്വീകരിച്ചു. അന്ന് സംന്യാസം സ്വീകരിച്ച മറ്റു ബ്രഹ്മചാരികൾ ശശിധരൻ (ശാശ്വതികാനന്ദ സ്വാമികൾ), സുധാകരൻ (സുധാനന്ദ സ്വാമി), പുരുഷോത്തമൻ (അമൃതാനന്ദ സ്വാമി) എന്നിവരായിരുന്നു. പിന്നീട് വിശുദ്ധാനന്ദ സ്വാമിയും ആ സംഘത്തിൽ ചേർന്നു.

ധർമ്മസംഘത്തിന്റെ ശാഖാ സ്ഥാപനങ്ങളായ മധുര ശാന്തലിംഗസ്വാമി മഠം, തൃശ്ശൂർ കുറിച്ചിക്കര ശ്രീനാരായണ സേവാ മന്ദിരം, അരുവിപ്പുറം മഠം, കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം, ചേർത്തല വിശ്വഗാജീ മഠം തുടങ്ങിയ സ്ഥാപനങ്ങളിൽ വിദ്യാനന്ദ സ്വാമികൾ ആശ്രമം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആരെയും പെട്ടെന്ന് പരിചയപ്പെടുവാനും അവരുടെയെല്ലാം സ്നേഹാദരങ്ങൾ പിടിച്ചുപറ്റുവാനും അനായാസേന അദ്ദേഹത്തിന് സാധിച്ചിരുന്നു. ഗുരുദേവ കൃതികൾ നല്ല സാധകം ചെയ്തിരുന്നതിനാൽ നല്ലവണ്ണം ആലാപനം ചെയ്യുവാനും ഓരോ ശാഖാ സ്ഥാപനത്തിലും ഒരു സംഘം പഠിതാക്കളെ വാർത്തെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഗുരുദേവകൃതികൾ പ്രചരിപ്പിക്കുന്നതിനും കൃതികളെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതിനും സ്വാമികൾക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു. ലോലഹൃദയനായ സ്വാമി ഏവരെയും പൂർണ മനസോടേെ വിശ്വസിച്ചിരുന്നു. അതുമൂലം സ്വാമി വളരെ എളുപ്പത്തിൽ പലരാലും വഞ്ചിക്കപ്പെട്ടിരുന്നു. പലപ്പോഴും വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് വഴിപ്പെടുകയും ചെയ്തിട്ടുണ്ട്. പലരുടെയും സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി സ്വാമി വായ്പയായും മറ്റും സഹായഹസ്തം നീട്ടി. പക്ഷേ അവരുടെ തിരിച്ചുള്ള പ്രതികരണം ആശാവഹമായിരുന്നില്ല. ഗുരുദേവ കൃതികൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമികൾ അദ്വൈത മ്യൂസിക് എന്ന സംഘടനയുണ്ടാക്കി. ആ സംഘടനയുമായി കേരളത്തിന്റെ പല ഭാഗത്തും സഞ്ചരിച്ച് ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണം നടത്തിയിട്ടുണ്ട്.

ഗുരുദേവ കൃതികളിലെ ജനനീ നവരത്നമഞ്ജരി , നിത്യനിതാന്ത ചൈതന്യമേ... എന്നിവ സ്വാമികളുടെ മാസ്റ്റർ പീസ് ആയിരുന്നു. സ്വാമികളിൽ നിന്ന് ഈ കീർത്തനങ്ങൾചൊല്ലിക്കേൾക്കുവാൻ ഭക്തജനങ്ങൾ കാത്തുനില്‍ക്കുമായിരുന്നു. ഗുരുദേവസന്ദേശ പ്രചാരണാർത്ഥം വീടുവീടാന്തരം സഞ്ചരിച്ച് പ്രാർത്ഥനകളും സത്സംഗങ്ങളും നടത്തിയിരുന്നു. സ്വാമികളുടെ സതീർത്ഥ്യനായിരുന്ന ശാശ്വതികാനന്ദ സ്വാമികൾ ശിവഗിരി മഠത്തിന്റെ ഭരണം നയിക്കുമ്പോൾ വിദ്യാനന്ദ സ്വാമികൾ സ്വാമിയോടൊപ്പം അടിയുറച്ചു നിന്ന് പ്രവർത്തിച്ചു.

ഗുരുദേവ സന്ദേശ പ്രചാരണാർത്ഥം കേരളത്തിലെമ്പാടും ഇന്ത്യയുടെ നാനാഭാഗങ്ങളിലും- പ്രത്യേകിച്ച്,​ മുംബയ്,​ കൊൽക്കത്ത,​ ഡൽഹി, ഇന്ത്യയ്ക്കു വെളിയിൽ ഗൾഫ് രാജ്യങ്ങളിലും ഒക്കെയായി സ്വാമി സഞ്ചരിച്ച് പ്രവർത്തിച്ചു. പലയിടങ്ങളിലെ ഗുരുമന്ദിരങ്ങളിൽ സ്വാമികൾ ഗുരുപ്രതിഷ്ഠകൾ നടത്തി. സ്വാമികളുടെ ജനകീയമുഖം ഭക്തന്മാരെയും അനുയായികളെയും സൃഷ്ടിച്ചു. കോട്ടയത്തിന് അടുത്തുള്ള വെണ്ണിമലയിൽ ഒരു ശ്രീനാരായണ മഠംസ്ഥാപിച്ചുവെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ അത് നിലനിറുത്തുവാൻ സ്വാമിക്ക് സാധിച്ചില്ല. സ്വാമികളുടെ ആത്മചൈതന്യം ഗുരുദേവനിൽ ലയിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI VIDHYANADHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION