SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം, അരികിലുണ്ട് അദ്ധ്യാപകർ

ksta

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചവരാണ് അദ്ധ്യാപക സമൂഹം. ജാതി കേന്ദ്രീകൃത ഭ്രാന്താലയത്തിൽ നിന്ന് കേരള മോഡലിലേക്കുള്ള പ്രയാണത്തിൽ ജനകീയ വിദ്യാഭ്യാസവും പുരോഗമന അദ്ധ്യാപക പ്രസ്ഥാനവും പ്രധാന പങ്കുവഹിച്ചു. മാനേജ്‌മെന്റ് ചൂഷണത്തിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനുമെതിരെ പോരാടി വളർന്ന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പിന്മുറക്കാരായ കെ.എസ്.ടി.എ (കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അംഗബലംകൊണ്ടും സംഘടനാശേഷികൊണ്ടും പ്രവർത്തനങ്ങളുടെ വൈവിദ്ധ്യം കൊണ്ടും സംസ്ഥാനത്ത് പകരംവയ്ക്കാനില്ലാത്ത സംഘടനയായി മാറിയിരിക്കുന്നു.

തികച്ചും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനങ്ങൾ കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക,​ നവകേരളത്തിനായി അണി ചേരുക എന്ന കാലികപ്രസക്തമായ മുദ്രാവാക്യവുമായി ജില്ലാതലം വരെ പൂർത്തിയാക്കി,​ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. കെ.എസ്.ടി.എയുടെ 34-ാംസംസ്ഥാന സമ്മേളനം ഇന്നു മുതൽ 16 വരെ കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ സഖാവ് ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ചേരുകയാണ്.


വികേന്ദ്രീകൃത വികസനത്തിലും വിതരണത്തിലും വിദ്യാഭ്യാസത്തിലും മാതൃകയായി മുന്നേറിയ ചരിത്രവും വർത്തമാനവുമാണ്‌ കേരളത്തിനുള്ളത്. ജനകീയ കേരള സൃഷ്ടിയിൽ നിസ്തുലമായ പങ്കുവഹിച്ച വിദ്യാഭ്യാസം നവകേരള സൃഷ്ടിയിലും നിർണായക പങ്കു വഹിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം ആധുനികവത്കരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടി രൂപയുടെ മുതൽമുടക്ക് നടത്തി അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തിയിരിക്കുന്നു. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണവും ആധുനികവത്കരണവും ഒരുമിച്ച് മുന്നേറുകയാണ്. ഭരണഘടനാ മൂല്യങ്ങളും സമത്വബോധവും ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസ സാദ്ധ്യതകളും ഉൾപ്പെടുത്തിയ പുതിയ പാഠപുസ്തകങ്ങൾ വേനലവധിക്കാലത്തു തന്നെ കുട്ടികളുടെ കയ്യിൽ എത്തി.

മുഖം മാറുന്ന

വിദ്യാലയങ്ങൾ

പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറികളും ആർട്ടിഫിഷൽ ഇന്റലിജൻസും റോബോട്ടിക്സും റിയാലിറ്റി അടക്കമുള്ള ആധുനിക ശാസ്ത്ര,​ സാങ്കേതിക വിദ്യാസാദ്ധ്യതകൾ പഠന പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രായോഗിക നടപടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുകയാണ്. ഉൾച്ചേർക്കൽ വിദ്യാഭ്യാസവും,​ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത വിദ്യാഭ്യാസവും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സവിശേഷതകളാണ്. നിതി ആയോഗിന്റെ സ്‌കൂൾ പെർഫോമൻസ് ഇൻഡക്സിൽ കേരളം തുടർച്ചയായി ഒന്നാമതാണ്. ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് കഴിഞ്ഞവർഷം യൂണിസെഫ് നടത്തിയ പഠനത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. ഈ വർഷം ഐ.ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്,​ യൂണിവേഴ്സിറ്റി അംഗീകാരം നേടി.


വിദ്യാഭ്യാസ മേഖലയിലെ ചാലകശക്തിയായ സംഘടന എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ അക്കാഡമിക മുന്നേറ്റ പരിപാടികളിലും കെ.എസ്.ടി.എ സജീവമായി ഇടപെടുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന സന്ദേശവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സർക്കാരിന്റെ ഗുണമേന്മാ പദ്ധതിയോട് കൈകോർത്ത് 'മികവ് 2024-25 അക്കാഡമിക മുന്നേറ്റ പരിപാടി" എന്ന പേരിൽ പത്തിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ഈ വർഷം സംഘടന നടപ്പിലാക്കി. മികവിന്റെ സാമൂഹ്യ വിലയിരുത്തലിന്റെ ഭാഗമായി പഠന തെളിവുകളുടെ അവതരണവും കുട്ടികളുടെ ഇംഗ്ലീഷ് അവതരണവും അദ്ധ്യാപകരുടെ നിരന്തര മൂല്യനിർണയം,​ പ്രായോഗിക അനുഭവങ്ങളും ഗണിത പ്രവർത്തനങ്ങളും പ്രദർശനവും എല്ലാം ഉൾക്കൊള്ളിച്ച് തൃശൂരിൽ കേരള സാഹിത്യ അക്കാഡമി ഹാളിൽ സംസ്ഥാന മികവുത്സവം സംഘടിപ്പിച്ചു.

ടീച്ചേഴ്സ് ബ്രിഗേഡ്

സന്നദ്ധസേന


സർവീസ് സംഘടനയുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് കെ.എസ്.ടി.എ ഒരു 'പൂർണ സംഘടന" എന്ന നിലയിൽ വളരുകയാണ്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുത്തും, സ്‌നേഹാരാമങ്ങൾ തീർത്തും, തണ്ണീർപ്പന്തലുകളും കിളികൾക്ക് തണ്ണീർകുടവും ഒരുക്കി കെ.എസ്.ടി.എ മാതൃകയായി. ഭവനരഹിതരില്ലാത്ത നാട് എന്ന സംസ്ഥാന സർക്കാരിന്റെ ദൗത്യത്തോടൊപ്പം ചേർന്ന് സംഘടന 'കുട്ടിക്കൊരു വീട്" പദ്ധതിയിലൂടെ 145 വീടുകൾ നിർമ്മിച്ചു നൽകി. വയനാട് ദുരന്തത്തെ അതിജീവിക്കാനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായും ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ സംഭാവന നൽകിയും സംഘടന തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റി. വയനാട് പുനരധിവാസത്തിനായി ഒരു ദിവസം കൊണ്ട് 1,57,45,856 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ചു നൽകി.


'അരികിലുണ്ട്,​ അദ്ധ്യാപകർ" എന്ന സന്ദേശവുമായി സമൂഹത്തിൽ ഇടപെടാൻ,​ ദുരന്തങ്ങളിലും ദുരിതങ്ങളിലും കൈത്താങ്ങാവാൻ,​ ഏത് അപകട അടിയന്തരഘട്ടങ്ങളിലും രാപ്പകൽ സേവനമനുഷ്ഠിക്കാൻ തയ്യാറായ 2000 അധ്യാപക വളണ്ടിയർമാരെ ഉൾപ്പെടുത്തിയ 'ടീച്ചേഴ്സ് ബ്രിഗേഡി"ന് സമ്മേളനത്തോടനുബന്ധിച്ച് സമാരംഭം കുറിക്കുകയാണ്. നിസ്വാർത്ഥ സേവന സന്നദ്ധതയുള്ള 'ടീച്ചേഴ്സ് ബ്രിഗേഡ്" പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഉണ്ടാകുന്ന അനാരോഗ്യപ്രവണതകളെ ശരിയായ ദിശയിൽ തിരിച്ചുവിടാനും ലഹരി വിമുക്ത ക്യാമ്പസ് സാദ്ധ്യമാക്കാനും ഇടപെടും.


സമര സംഘടന എന്ന നിലയിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെയും സ്വതന്ത്രമായി മറ്റു സംഘടനകളുമായും ചേർന്നും സന്ധിയില്ലാ സമരത്തിലാണ്. നവ ലിബറൽ നയങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്ത് 2017 ശേഷം 82,000- ത്തിലധികം പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസരംഗത്ത് ബദലുകൾ ഉയർത്തി കേരളം മുന്നേറുകയാണ്. നവകേരള ജനകീയ ബദലിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി തകർക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്രത്തിന്റെ

കുനിഷ്ടുകൾ

പി എം ശ്രീ പദ്ധതി നടപ്പിലാക്കിയില്ല എന്ന പേരിൽ സമഗ്ര ശിക്ഷാ കേരള പദ്ധതിക്കുള്ള 794.12 കോടി രൂപ തടഞ്ഞു വച്ചിരിക്കുന്നു. 2018-ൽ ആരംഭിച്ച സമഗ്ര ശിക്ഷാ പദ്ധതിയും,​ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2021-ൽ ആരംഭിച്ച പി.എം ശ്രീയും വ്യത്യസ്ത ധാരണാ പത്രങ്ങളിൽ ഉൾപ്പെട്ടതാണെന്നിരിക്കെ വിദ്യാഭ്യാസ മേഖലയ്ക്കായി അർഹമായ തുക നിഷേധിക്കുന്നത് നീതീകരിക്കാനാകില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നുഴഞ്ഞുകയറിയും വിദ്യാഭ്യാസത്തിനുള്ള പദ്ധതിവിഹിതം തടഞ്ഞുവച്ചും,​ കേരളം നേടിയ നേട്ടങ്ങളെ പുറകോട്ടടിപ്പിക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുകയാണ്.

കേന്ദ്ര ബ‌ഡ്ജറ്റിലും കേരളത്തെ പൂർണമായും അവഗണിച്ചിരിക്കുന്നു. അതേസമയം,​ വിദ്യാഭ്യാസത്തിന് 2391.13 കോടി രൂപ നീക്കിവെച്ച് അക്കാഡമിക് മികവിന് പ്രാമുഖ്യം നൽകി കേരള ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നു. കേന്ദ്രം നിരന്തരം തുടരുന്ന അവഗണനയ്ക്കെതിരെ അദ്ധ്യാപക സമൂഹത്തെ സമരസജ്ജരാക്കാനും നവകേരള സൃഷ്ടിക്കായി പ്രായോഗിക ഇടപെടലുകൾ നടത്താനുമുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം വേദിയാകും.


(കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION