
പകുതിവിലയ്ക്ക് ഇനി എന്തുതന്നെ തന്നാലും വാങ്ങില്ല ! മലയാളക്കരയാകെ അനന്തുകൃഷ്ണന്റെ പകുതിവില തട്ടിപ്പിൽ കുരുങ്ങി നൽക്കെ, ഈ ശപഥമെടുത്തവർ ഏറെപ്പേരുണ്ടാകുമെന്ന് ഉറപ്പ്. നല്ല തീരുമാനം. എന്നാൽ നാടാകെ ആടു തേക്ക് മാഞ്ചിയം തട്ടിപ്പു നടന്നപ്പോഴും നമ്മൾ ഇങ്ങനെ തീരുമാനമെടുത്തിരുന്നു. പുത്തൻ അടവുമായി തട്ടിപ്പുകാർ ഇറങ്ങിയപ്പോൾ ശപഥം ചെയ്തവർ പോലും കുഴിയിൽ വീണു. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടെന്ന ബോധം, എല്ലാമറിയാമെന്ന അഹങ്കാരം, പെട്ടെന്ന് ധനികനാകാനുള്ള മോഹം, കൈവശം വല്ല സമ്പാദ്യവുമുണ്ടെങ്കിൽ അത് എന്തിലെങ്കിലും നിക്ഷേപിച്ച് കുറഞ്ഞകാലംകൊണ്ട് പല മടങ്ങാക്കാനുള്ള മോഹം... ഇതാണ് ശരാശരി മലയാളിയെ തട്ടിപ്പുകൾക്ക് ഇരയാക്കുന്ന ഘടകങ്ങൾ.
ഇപ്പോൾ മറ്റൊന്നുകൂടിയുണ്ട്. ഏതെങ്കിലുമൊരു ജനപ്രതിനിധിയുമായോ പ്രമുഖനുമായോ ബന്ധമുണ്ടെന്ന് പറഞ്ഞാൽ മാത്രം മതി, കണ്ണുമടച്ച് വിശ്വസിക്കും. തുടരെ സാമ്പത്തികത്തട്ടിപ്പുകളിൽ കോടീശ്വരനും ജഡ്ജിയും മുതൽ അഷ്ടിക്കു വകയില്ലാത്തവൻ വരെ ഇരയാകുന്നതിനിടയാക്കിയത് പെട്ടെന്ന് കാശുണ്ടാക്കാനും സൗജന്യങ്ങൾ കൈപ്പിടിയിലാക്കാനുള്ള ഈ ആർത്തിയാണ്. പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും വാങ്ങാൻ ഓടിക്കൂടിയവരിൽ കോടീശ്വരന്മാർ വരെയുണ്ടെന്നതാണ് കൗതുകം.
നട്ടംതിരിഞ്ഞ്
ഒപ്പംകൂടിയവർ
'ഇനിയിപ്പോൾ എന്തു ചെയ്യും; ഓർത്തിട്ട് എത്തും പിടിയും കിട്ടുന്നില്ല." പകുതിവില തട്ടിപ്പുകേസ് പ്രതി അനന്തുകൃഷ്ണന്റെ എൻ.ജി.ഒ കോൺഫെഡറേഷനുമായി സഹകരിച്ചിരുന്ന സന്നദ്ധ സംഘടനകളുടെ സാരഥികൾക്കെല്ലാം ഇതേ പറായാനുള്ളൂ. ഒരോ പ്രദേശത്തും ഇത്തരം പത്തും ഇരുപതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലാണ് സ്കൂട്ടറിന്റെയടക്കം പണം അനന്തുവും കൂട്ടരും കൈക്കലാക്കിയത്. ഒരു സംഘം തന്നെ നൂറിലധികം പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. തട്ടിപ്പ് കേസിൽ അനന്തുകൃഷ്ണൻ അറസ്റ്റിലായതിനു പിന്നാലെ, നൽകിയ പണം തിരികെ ചോദിച്ച് ആളുകൾ സന്നദ്ധസംഘടനകളുടെ ഓഫീസിൽ കുത്തിയിരിക്കുകയാണ്.
അന്വേഷണം തുടരുന്നതിനിടെ ഉത്പന്നങ്ങൾ കിട്ടാത്തവരിൽ ചിലർക്ക് പണം തിരികെ നൽകിത്തുടങ്ങി. പണം സ്വരൂപിച്ച് അടച്ച ചില സംഘടനാ ഭാരവാഹികളും കേസുകളിൽ പ്രതികളാണ്. തട്ടിപ്പു കേസുകളിൽ നഷ്ടപ്പെടുന്ന പണം തിരികെ കിട്ടുന്ന സംഭവങ്ങൾ വിരളമാണെന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചെറിയ തുകകൾ നൽകിയവർ ആദ്യമെല്ലാം പരാതികളുമായി മുന്നിലുണ്ടാകും. നടപടികൾ നീണ്ടുപോകുന്നതോടെ ഇവരിൽ പലരും മനസു മടുത്ത് പിന്മാറുകയാണ് പതിവ്. ഇത് അറിയാവുന്നതിനാൽ കൈക്കലാക്കുന്ന പണംകൊണ്ട് സ്ഥലം വാങ്ങിയിടുകയും മറ്റും ചെയ്യുകയാണ് തട്ടിപ്പുകാരുടെ രീതി.
ആനന്ദകുമാറിന്റെ
മുഖംമൂടി
തിരുവനന്തപുരത്തെ സായി ഗ്രാമം ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുഖമായിരുന്നു പകുതിവില തട്ടിപ്പിന്റെ പോസ്റ്ററുകളിലും ബോർഡുകളിലും നിറഞ്ഞുനിന്നത്. സത്യസായി പ്രസ്ഥാനത്തിനോടുള്ള വിശ്വാസ്യതയും അവരുടെ സേവനപശ്ചാത്തലവും ഈ വമ്പൻ തട്ടിപ്പിന് മുഖംമൂടിയായി. സത്യസായി ട്രസ്റ്റിനും ആനന്ദകുമാറിനും തമ്മിൽ ഒരു ബന്ധവുമില്ലെന്ന വിശദീകരണം കൂടി വന്നതോടെ സാമൂഹ്യസേവനരംഗത്തെ ആരെ ഇനി വിശ്വസിക്കണമെന്ന ആശയക്കുഴപ്പത്തിലായി ജനങ്ങൾ. പകുതിവില തട്ടിപ്പിനായി രൂപംകൊണ്ട ഇരുന്നൂറിലേറെ സംഘടനകളുടെ അപ്പെക്സ് ബോഡിയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ തലപ്പത്ത് ആനന്ദകുമാറായിരുന്നു. ആനന്ദകുമാറിനോടുള്ള വിശ്വാസം കൊണ്ടാണ് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പോലും കോൺഫെഡറേഷന്റെ ഉപദേശക കുപ്പായമണിഞ്ഞത്.
കേരളമെമ്പാടും ആയിരക്കണക്കിന് വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന സായി ഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ കേരളം അംഗീകരിച്ചതാണ്. കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾ പോലും തങ്ങളുടെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടെ നടത്തിപ്പ് സായിഗ്രാമത്തെ ഏൽപ്പിക്കാൻ കാരണവും ഇതുതന്നെയായിരുന്നു. ട്രസ്റ്റിന്റെ ചെയർപേഴ്സൺ ഉൾപ്പടെയുള്ളവർ പ്രഗത്ഭരും പ്രശസ്തരുമാണ്. പക്ഷേ അനന്തുകൃഷ്ണന്റെ തട്ടിപ്പുതന്ത്രങ്ങളിൽപ്പെട്ടത് ആനന്ദകുമാറിന്റെയും സായിഗ്രാമിന്റെയും സൽപ്പേരിനു മീതെ തീരാക്കളങ്കമായി.
പൊട്ടിയിട്ടും
പെട്ടി നിറഞ്ഞു
വർഷങ്ങൾക്കു മുമ്പ് കൊച്ചിയിൽ പെട്ടെന്നൊരു ദിവസം ഒരു ചിട്ടിക്കമ്പനി ഉയർന്നുവന്നു. നിക്ഷേപത്തിന് വാഗ്ദാനം ചെയ്തത് ബാങ്കിനേക്കാൾ ഇരട്ടി പലിശ! നിക്ഷേപങ്ങൾ പെരുകാൻ അധികം സമയം വേണ്ടിവന്നില്ല. ഉടമയുടെ മാന്യമായ ഇടപെടലിൽ കസ്റ്റമേഴ്സ് എല്ലാം സന്തുഷ്ടർ. അധികം വൈകിയില്ല, ചിട്ടിക്കമ്പനി എട്ടുനിലയിൽ പൊട്ടി. ഉള്ള സമ്പാദ്യമെല്ലാം നിക്ഷേപിച്ചവർ പണത്തിന് നെട്ടോട്ടമായി. ഒരുരൂപ പോലും തിരികെ കിട്ടിയില്ല. പരാതിയിൽ പൊലീസ് കേസെടുത്തു. ചിട്ടിക്കമ്പനി ഉടമയാകട്ടെ, നിന്നനിൽപ്പിൽ മുങ്ങി. ഇയാൾ ബിനാമികളുടെ പേരിൽ കൊച്ചിയിലടക്കം സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഒടുവിൽ പൊലീസ് ആളെ പിടികൂടുകയും അകത്താക്കുകയും ചെയ്തു. കമ്പനി നഷ്ടത്തിലായെന്നു പറഞ്ഞ് ഇയാൾ ജാമ്യത്തിലിറങ്ങി തടിതപ്പി. വർഷങ്ങൾ പലതും കഴിഞ്ഞു. വാങ്ങിക്കൂട്ടിയ സ്ഥലമെല്ലാം വിറ്റ് സമ്പന്നായ ഇയാൾ മറ്റൊരു ചിട്ടിക്കമ്പനി തുടങ്ങി. പുതിയ പേരിൽ നല്ല പലിശ വാഗ്ദാനം ചെയ്തുള്ള പ്രചാരണം വീണ്ടും ഏറ്റു. പണ്ട് പണം നിക്ഷേപിച്ചവർ പോലും കാര്യങ്ങളൊന്നും അറിയാതെ വീണ്ടുമെത്തിയെന്നതാണ് വിരോധാഭാസം.
(ബോക്സ്)
ആർത്തിയും
യുക്തിയും
കുറുക്കുവഴിയിലൂടെ നേട്ടം ഒപ്പിക്കാമെന്ന പ്രലോഭനത്തിന്റെ ചൂണ്ടയിട്ടാൽ ഇട്ടാൽ കൊത്തുന്ന മലയാളികൾ ഏറെയാണ്. ഒരു കറക്കുകമ്പനി തുടങ്ങിയാൽ കോടികൾ സമ്പാദിക്കാമെന്ന മാതൃക കേരളത്തിൽ പണ്ടേ പരീക്ഷിച്ച് വിജയം തെളിയിച്ചിട്ടുള്ളതാണ്. തട്ടിപ്പിലൂടെ നേടുന്നതിന്റെ ഒരു പങ്ക്, മിടുക്കരായ വക്കീലന്മാർക്ക് മാറ്റി വയ്ക്കണം. കുറച്ചു വർഷം ജയിലിൽ കിടക്കാനും തയ്യാറാകണം. പലരും രക്ഷപ്പെടും. സമർത്ഥമായി എവിടേക്കോ മാറ്റിയ കാശെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യും. പോയ മാനം പുഷ്പം പോലെ തിരിച്ചെടുക്കും. ഇമ്മാതിരി ജന്മങ്ങൾ ധാരാളമുണ്ട്. എന്നിട്ടും ചിലർ പെട്ടുപോകുന്നു. പെട്ടവർ തന്നെ വീണ്ടും പെടുന്നു. സാമാന്യ യുക്തിയെ വിഴുങ്ങുന്ന ആർത്തി ചതിച്ചുകൊണ്ടേയിരിക്കുന്നു. കുഴപ്പം ഇവരുടെയല്ലേ?
ഡോ. സി.ജെ ജോൺ
മാനസികാര്യോഗ വിദഗ്ദ്ധൻ
• വീഴരുത് തട്ടിപ്പിൽ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
1. പദ്ധതിയെക്കുറിച്ച് വ്യക്തമായി പഠിക്കുക, വിദഗ്ദ്ധ അഭിപ്രായംതേടുക
2. ഒരു സ്ഥാപനവും നിശ്ചിത ശതമാനത്തിനപ്പുറം ഇളവ് നൽകില്ലെന്ന് തിരിച്ചറിയുക
3. നിയമപരമായ മാർഗങ്ങളിൽ മാത്രം നിക്ഷേപം നടത്തുക
5. ഓഫർ എന്തായാലും സ്ഥാപനങ്ങളുടെ വിശ്വാസ്യത പ്രധാനം
6. നിക്ഷേപത്തിന് ലാഭത്തിനൊപ്പം നഷ്ടസാദ്ധ്യതയുമുണ്ടെന്ന് മനസിലാക്കുക
7.യാഥാർത്ഥ്യ ബോധമില്ലാത്ത വരുമാനം നൽകുമെന്ന അവകാശവാദങ്ങൾ വിശ്വസിക്കാതിരിക്കുക
(അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |