
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതു മുതൽ വിദ്യാഭ്യാസ, ഗവേഷണ, തൊഴിൽ മേഖലകളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ പലതും നിലനിൽക്കുന്നുണ്ട്. അമേരിക്കയിൽ വിസ പരിഷ്കാരങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. ഇതനുസരിച്ച് സ്കിൽ അധിഷ്ഠിത വിസയ്ക്കായായിരിക്കും കൂടുതൽ ഊന്നൽ. നൈപ്യുണ്യ മികവുള്ളവർക്ക് അമേരിക്കയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് അർത്ഥം.
അമേരിക്കയിലുള്ള തൊഴിൽ ദാതാക്കൾക്ക് ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യാൻ സാധിക്കും. അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസാണ് (USCIS) പുതുക്കിയ നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നത്. എച്ച് 1 ബി വിസയ്ക്കുള്ള യോഗ്യതയിൽ സ്കില്ലിനു പ്രാധാന്യം ലഭിക്കും. എഫ് 1 വിസയിൽ നിന്ന് എച്ച് 1 ബി വിസയിലേക്കുള്ള മാറ്റം എളുപ്പത്തിലാക്കും. സ്റ്റുഡന്റ് വിസയിൽ നിന്ന് എച്ച് 1 ബി വിസയിലേക്കു മാറാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കും.
സാദ്ധ്യതയുള്ള
മേഖലകൾ
ഹെൽത്ത് കെയർ, പാരാമെഡിക്കൽ, എൻജിയറിംഗ്, ടെക്നോളജി മേഖലകളിൽ മികച്ച തൊഴിൽ ലഭിക്കാൻ പുതിയ പരിഷ്കാരം സഹായിക്കും. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് എന്നിവയ്ക്ക് സാദ്ധ്യതയേറും. STEM മേഖലയിൽ (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമറ്റിക്സ്) വിദഗ്ദ്ധരുടെ ക്ഷാമം അമേരിക്കയിലേറെയുണ്ട്. അക്കൗണ്ടിംഗ്, ഐ.ടി, ക്രിയേറ്റിവിറ്റി, മാനേജ്മന്റ്, എ.ഐ, സൈബർ സെക്യൂരിറ്റി എന്നിവയിലും അവസരങ്ങളുണ്ട്. ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. സ്കിൽ, ഗവേഷണമികവ് എന്നിവ വിലയിരുത്തിയായിരിക്കും എച്ച് 1 ബി വിസ അനുവദിക്കുക. എന്നാൽ തൊഴിലാളികളുടെയോ വിദ്യാർത്ഥികളുടെയോ അടുത്ത ബന്ധുക്കൾക്കുള്ള എഫ് 2 വിസയ്ക്ക് നിയന്ത്രണങ്ങളുണ്ടാകും.
ഗവേഷണ മേഖലയിൽ അമേരിക്കയിൽ മുൻഗണനാ ക്രമത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. കാർബണിന്റെ ബഹിർഗമനം കുറയ്ക്കാനുള്ള നെറ്റ് സീറോ തന്ത്രങ്ങൾക്ക് ട്രംപ് ഭരണകൂടം പിന്തുണ നൽകാനുള്ള സാദ്ധ്യത കുറവാണ്. ഇലക്ട്രിക്ക് വെഹിക്കിൾ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിൽ വിമുഖത കാണിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കും. ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. കൊവിഡ് കാലത്ത് ട്രംപ് ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്തിയിരുന്നു. അതുതന്നെയാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കാരണം.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കുന്നതോടൊപ്പം, സ്കോളർഷിപ്പ്, ഫെലോഷിപ്പ് എന്നിവയിലുണ്ടാകുന്ന കുറവ് വിദേശ പഠനത്തിന് അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. ആഗോള തലത്തിൽ കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടന്നു വരുമ്പോൾ, നെറ്റ് സീറോ കാർബൺ തന്ത്രങ്ങൾക്ക് ആവശ്യമായ പിന്തുണ അമേരിക്കയിൽ നിന്ന് ലഭിക്കാനിടയില്ല. ഐ.ടി മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ സാദ്ധ്യത കുറയാനും ഇടവരും.
അമേരിക്കയിൽ മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്ന 92 ശതമാനം പേരും മൂന്നു മാസത്തിനുള്ളിൽ തൊഴിൽ നേടുന്നതായി അടുത്തകാലത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിവർഷം 70,000- 80,000 ഡോളർ വേതനം ലഭിക്കും. ഇവരിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് മാനേജ്മന്റ്, ടെക്നോളജി, അക്കൗണ്ടൻസി, സയൻസ് അധിഷ്ഠിത കോഴ്സുകളാണ്. ബിരുദത്തിനു ശേഷമുള്ള ഒരു വർഷത്തെ ഗ്രാജുവേറ്റ് പ്രോഗ്രാമും ഇന്റേൺഷിപ്പും പൂർത്തിയാക്കിയാണ് ഇവർ തൊഴിൽ മേഖലയിലെത്തുന്നത്.
പാർട്ട് ടൈം
തൊഴിൽ
വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് എം.ബി.എ, എം.എസ് പ്രോഗ്രാമുകളാണ്. നിരവധി മേഖലകളിൽ എം.ബി.എ ഓഫർ ചെയ്യുന്നു. STEM കോഴ്സുകളിൽ ഉൾപ്പെടുത്തിയുള്ള എം.എസ് ബിസിനസ് അനലിറ്റിക്സ്, അക്കൗണ്ടൻസി ആൻഡ് അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, എൻജിനിയറിംഗ്, ജൈവ ശാസ്ത്ര കോഴ്സുകൾക്ക് അവസരങ്ങളേറെയാണ്. Python, R, Power BI, Tableau, CPA സർട്ടിഫിക്കേഷൻ മുതലായവയിൽ മികച്ച സ്കിൽ കൈവരിക്കാനുള്ള ആഡ് ഓൺ കോഴ്സുകളും പഠനത്തോടൊപ്പം പൂർത്തിയാക്കാം. പാർട്ട് ടൈം തൊഴിലിനും അസിസ്റ്റന്റ്ഷിപ്പിനുമുള്ള അവസരങ്ങളും ലഭിക്കും. അടുത്തിടെ പ്രസിദ്ധീകരിച്ച യു.എസ് ലേബർ റിപ്പോർട്ടിൽ ടെക്നോളജി മേഖലയിൽ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരുന്നു. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് അടങ്ങുന്ന STEM കോഴ്സുകൾ പഠിക്കാനാണ് വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്. പ്രസ്തുത മേഖലയിൽ അഭ്യസ്തവിദ്യരുടെ ക്ഷാമം അമേരിക്കയിൽ 60 ശതമാനത്തിലേറെയാണ്. അതിനാൽ ഉപരിപഠന, ഗവേഷണ മേഖലകളിൽ STEM കോഴ്സുകൾ പഠിക്കാൻ അവസരങ്ങളേറെയാണ്. അക്കാഡമിയ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതിക വിദ്യ, ഗവേഷണ മികവ്, ഭൗതിക സൗകര്യങ്ങൾ, പുത്തൻ കോഴ്സുകൾ, ഇന്നോവേഷൻ മുതലായവ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.
വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തിക സഹായം എങ്ങനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്കോളർപ്പുകളുണ്ട്. യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്കോളർഷിപ്പുകൾ, മെറിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്കോളർഷിപ്പുകൾ എന്നിവയുണ്ട്. ട്രംപിന്റെ പരിഷ്കാരങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, പോസ്റ്റ് സ്റ്റഡി വർക്ക് വിസ എന്നിവയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് ഏറെ ആശങ്കകൾ നില നിൽക്കുന്നു. സ്കൂൾ ഫീസ് ഇനത്തിൽ അമേരിക്കയിൽ കൂടുതൽ ചെലവു വരാനാണ് സാദ്ധ്യത. ഡോളറിന്റെ രൂപയുമായുള്ള വിനിമയ നിരക്കിലെ വർദ്ധനവ് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും.
(ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |